Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയേയും പ്രേക്ഷകരേയും ത്രസിപ്പിച്ച് രണം സംഗീതം!

jakes-new

ഓരോരോ ഈണങ്ങൾ മനസ്സില്‍ വിരിയുന്നതെങ്ങനെ എന്നതു പോലെ മനോഹരമായൊരു കഥയായിരിക്കും ഓരോ സംഗീത സംവിധായകനും ആ വഴിയിലേക്കുള്ള വരവിനെക്കുറിച്ചും പറയാനുള്ളത്. സ്‌കൂള്‍മേശയില്‍ കൊട്ടിപ്പാടിത്തുടങ്ങി പിന്നീട് വാള്‍ട്ട് ഡിസ്‌നിയിലൂടെ മലയാളത്തിലേക്കെത്തിയ ജേക്‌സ് ബിജോയ് പറയുന്നതും അങ്ങനെയൊരു കഥയാണ്. പൃഥ്വിരാജ് നായകനാകുന്ന രണത്തിലെ ത്രസിപ്പിക്കുന്ന സംഗീതം തിയറ്ററുകളില്‍ നിറയുമ്പോള്‍ ജേക്‌സ് ബിജോയ് സംസാരിക്കുന്നു. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ക്വീന്‍ എന്നീ ചിത്രങ്ങളില്‍ ജേക്‌സിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

രണത്തിലെ സംഗീതം

പുറത്തൊക്കെയുള്ള ചിത്രങ്ങളില്‍ ഫിലിം സ്‌കോറിങ് വളരെ വിശാലമായ ഓര്‍ക്കസ്ട്രയൊക്കെ വച്ച്, വലിയ രീതിയിലാണ് ചെയ്യാറ്. ആ ചിത്രങ്ങളിലെ സംഗീതം സിനിമ പോലെ തന്നെ ചിലപ്പോഴൊക്കെ ശ്രദ്ധിക്കപ്പെടുന്നത്, പ്രത്യേകിച്ച് പശ്ചാത്തല സംഗീതമൊക്കെ ശ്രദ്ധിക്കപ്പെടുന്നത് അങ്ങനെ റെക്കോഡിങ് ചെയ്യുന്നത് കൊണ്ടാണ്. എനിക്കു വലിയ ആഗ്രഹമായിരുന്നു ഒരു സിനിമയിലെങ്കിലും അങ്ങനെ വേണം എന്നത്. രണം എന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. മാത്രമല്ല, അത് അമേരിക്കയിലാണു ഷൂട്ട് ചെയ്തതും. സാഹചര്യങ്ങള്‍ എല്ലാം ഒത്തുവന്നപ്പോള്‍, ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളിലെ സംഗീതം ഹംഗേറിയന്‍ സിംഫണി ഓര്‍ക്കസ്‌ട്രയെ കൊണ്ടു വായിപ്പിച്ച് റെക്കോർഡ് ചെയ്തു. ബുഡാപെസ്റ്റിലെ വേദിയില്‍ വച്ചായിരുന്നു വായിപ്പിച്ചത്. ചിത്രത്തിനു വേറൊരു തലത്തിലുള്ള നിറം നല്‍കി ആ സംഗീതം. നായകനായി അഭിനയിക്കുന്ന പൃഥ്വിരാജിനും സംവിധായകന്‍ നിര്‍മലിനും ആ സംഭവം വലിയ ഇഷ്ടമായി. ഞാനും വലിയ സന്തോഷത്തിലാണ്.

ഞാന്‍ സംഗീതം നല്‍കിയ മണ്‍സൂണ്‍ മാംഗോസ് എന്ന  ചിത്രത്തിന്റെ അസോസിയേറ്റ് ആണ് രണത്തിന്റെ സംവിധായകനായ നിര്‍മല്‍. മണ്‍സൂണ്‍ മാംഗോസിന്റെ സമയത്തുതന്നെ ഇതേപ്പറ്റി സംസാരിച്ചിരുന്നു. പിന്നീടു നിര്‍മലിനെ കണ്ടപ്പോള്‍ ഞാന്‍ ‘ധ്രുവങ്ങള്‍ 16’ എന്ന സിനിമ ചെയ്തു നില്‍ക്കുന്ന സമയമായിരുന്നു. ആ ടീമിനെ ഞാന്‍ നിര്‍മലിനു പരിചയപ്പെടുത്തി. ക്യാമറാമാന്‍ ഒഴികെ ഡി16 ടെക്‌നിക്കല്‍ ടീം രണത്തിന്റെ ഭാഗമായി. അതുകൊണ്ടുതന്നെ വളരെ കംഫര്‍ട്ടബിള്‍ ആയ ഒരു ടീം വര്‍ക്ക് ആയിരുന്നു രണത്തിന്. അതുകൊണ്ടാകണം ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കുമൊക്കെ ഇത്രയധികം മികച്ച പ്രതികരണം കിട്ടിയതെന്നു തോന്നുന്നു. മ്യൂസിക്കലി എനിക്കൊരുപാടു കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞു. ട്രെയിലറില്‍ സൗണ്ട് ഇഫക്ട് പോലും മ്യൂസിക് ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിച്ചാണു ചെയ്തത്. ഫൈറ്റ് ബീറ്റ് ഒക്കെ മ്യൂസിക്കലി ആണ്. അവിടെ സൗണ്ട് ഇഫക്ട് അല്ല. അത്രയും പ്രയത്‌നം നടത്തിയതിന്റെ ഫലം പ്രേക്ഷകരുടെ പ്രതികരണത്തില്‍നിന്ന് അറിയാനായി. നിര്‍മലും രാജു ഏട്ടനും (പൃഥ്വിരാജ്) തന്ന പിന്തുണയും വലുതായിരുന്നു. 

സംഗീതത്തിലേക്ക്!

ഈരാറ്റുപേട്ട അരീപ്രയിലാണ് വീട്. വലിയ സംഗീത പാരമ്പര്യമൊന്നുമില്ലെങ്കിലും അമ്മ അത്യാവശ്യം പാടുമായിരുന്നു. അപ്പയ്ക്കും പാട്ട് ഒത്തിരി ഇഷ്ടം. ഞാനും അത്യാവശ്യം പാടും. അപ്പയാണ് സംഗീതം പഠിപ്പിക്കാന്‍ ചേര്‍ത്തത്. എനിക്കു വലിയ താല്‍പര്യമില്ലായിരുന്നു. ഏഴെട്ടു വര്‍ഷത്തോളം കര്‍ണാട്ടിക് സംഗീതം പഠിച്ചു. അന്നു പഠിച്ചതിന്റെ ഗുണം ഇന്നെനിക്കു മനസ്സിലാകുന്നുണ്ട്. എത്ര ടെക്‌നോളജി വളര്‍ന്നാലും എത്ര ടാലന്റ്ഡ് ആണെങ്കിലും കുറച്ചു കാലമെങ്കിലും സംഗീതം പഠിക്കുന്നത് ഉപകാരപ്പെടും. ചെറുപ്പത്തിലേ തന്നെ ഈ കമ്പോസിങ് ഒരു ഹരമായിരുന്നു. നാട്ടിലെ ലയണ്‍സ് ക്ലബ് പരിപാടികളിലൊക്കെ പാടുന്നതും ചെറിയ കോംപോസിഷനുകള്‍ അവതരിപ്പിക്കുന്നതും പതിവായിരുന്നു. ആ ഹോബി ശരിക്കും സീരിയസ് ആയത് തമിഴ്‌നാട്ടിലെ ഏര്‍ക്കാടുള്ള ഒരു ബോർഡിങ് സ്‌കൂളിലെ പഠനത്തോടെയാണ്. അവിടത്തെ പള്ളിയിൽ ഞാന്‍ സ്ഥിരമായി പാടുകയും പാട്ടുകള്‍ കംപോസ് ചെയ്ത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. വെസ്റ്റേണ്‍ സംഗീതത്തോടുള്ള ഇഷ്ടം തുടങ്ങുന്നത് അങ്ങനെയാണ്.

എൻജിനീയറാകണ്ട, പാട്ടു മതി

മ്യൂസിക് കംപോസിങ് ഹയര്‍ എജ്യൂക്കേഷന്‍ പഠിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ അപ്പയ്ക്കും അമ്മയ്ക്കും ഞാന്‍ ഒരു പ്രഫഷനല്‍ ഡിഗ്രി ചെയ്യണം എന്നായിരുന്നു. അതുകൊണ്ടാണ് രാജഗിരിയില്‍നിന്ന് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് പഠിക്കുന്നത്. മ്യൂസിക് ടെക്‌നോളജിയുമായി അല്‍പമെങ്കിലും ബന്ധമുള്ളത് ഇലക്ട്രോണിക്‌സിന് ആണല്ലോ. എൻജിനീയറിങ് കഴിഞ്ഞതോടെ ടിസിഎസില്‍ ജോലി കിട്ടി. പക്ഷേ ഹയര്‍ സ്റ്റഡീസിന് മ്യൂസിക് ടെക്‌നോളജിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് ജോലിക്കു പോകുന്നില്ല, എനിക്കിതു പറ്റില്ല. സംഗീതവുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിച്ചു ജോലി വാങ്ങാം എന്ന് അപ്പയോടു പറഞ്ഞു നോക്കി. ഒട്ടും എതിര്‍പ്പു പറയാതെ അദ്ദേഹം സമ്മതിച്ചു. കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലേക്ക് മ്യൂസിക് ടെക്‌നോളജി പഠിക്കാന്‍ പോകുന്നത് അങ്ങനെയാണ്. 

കൂട്ടുകാരാണു സിനിമയിലേക്കും...

എൻജിനീയറിങിനു പഠിക്കുമ്പോഴും പണി ചുമ്മാ ട്യൂണുകള്‍ സെറ്റ് ചെയ്ത് അവതരിപ്പിക്കുന്നതായിരുന്നു. അങ്ങനെ അവിടെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയൊക്കെയായി. അവിടെ പഠിക്കുമ്പോള്‍ കിട്ടിയ സുഹൃത്തുക്കള്‍ വലിയ പ്രചോദനമായിരുന്നു- രജിനും ജിലുവും ജയിനും. മലയാളി എന്ന ആല്‍ബം എത്തുന്നത് അങ്ങനെയാണ്. സ്‌കൂളിലും കോളജിലും വച്ച് ചെയ്ത കുറേ ട്യൂണുകളുടെ സമാഹാരമായിരുന്നു അത്. ഞാന്‍ തന്നെ വരികളും എഴുതി. പിന്നീട് ഈ സുഹൃത്തുക്കള്, പറഞ്ഞിട്ടാണ് ഞാന്‍ മനോരമ മ്യൂസിക്കിലെ ശിവറാം സാറിനെ കാണുന്നത്. പാട്ടിന്റെ ഈണം കേട്ടപ്പോള്‍ സാറിന് ഇഷ്ടമായി. സ്വന്തം കുട്ടി എന്ന പോലെ ചേര്‍ത്തുപിടിച്ച അദ്ദേഹമാണ് എന്റെ ഗോഡ്ഫാദര്‍ എന്നു പറയാം. അവിടത്തെ ജെനിന്‍ ചേട്ടന്‍, ഗോപി ചേട്ടന്‍ എന്നിവരോടും വലിയ കടപ്പാടുണ്ട്. സ്റ്റാൻഫഡിലേക്കു പഠിക്കാന്‍ പോകുന്നതിലും ശിവറാം സാറിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. 

മലയാളി പുറത്തിറങ്ങിയതിനു ശേഷം സിനിമയിലേക്ക് അവസരം കിട്ടിയെങ്കിലും എനിക്കു ടെന്‍ഷനായിരുന്നു. ഫിലിം സ്‌കോറിങ് ചെറിയ കാര്യമല്ലല്ലോ. ആകെ അല്‍ഫോണ്‍സ് ചേട്ടനോടൊപ്പം പ്രവര്‍ത്തിച്ച പരിചയമേയുള്ളൂ. തല്‍ക്കാലം കിട്ടിയ അവസരം ഉപയോഗിക്കാം, പിന്നീടു പഠിക്കാം എന്ന രീതിയും നടക്കില്ല. ഫിലിം സ്‌കോറിങ്ങിലേക്ക് ഇറങ്ങിയാല്‍ പിന്നെ മടക്കമുണ്ടാകരുത്. കാരണം പിന്നീടൊരു എന്‍ട്രി സാധ്യമാകാന്‍ വളരെ കുറച്ചു ചാന്‍സേയുള്ളൂ. അതുകൊണ്ട്, വരുമ്പോള്‍ പഠനമൊക്കെ കഴിഞ്ഞു മതി എന്നു തീരുമാനിച്ചതു കൊണ്ട് അതൊക്കെ വേണ്ടെന്നു വച്ചു. 

പിന്നീട് മറ്റൊരു സുഹൃത്ത് അര്‍ജുന്‍ വഴിയാണ് വിനീത് ശ്രീനിവാസനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ‘മിന്നലഴകേ’ എന്ന പാട്ടു പാടിയത്. വിനീതിലൂടെയാണ് ഇന്ദ്രേട്ടനേ (ഇന്ദ്രജിത്ത്) പരിചയപ്പെടുന്നത്. പിന്നീട് രാജു ഏട്ടനേയും (പൃഥ്വിരാജ്) പരിചയപ്പെട്ടു. ഇന്ദ്രേട്ടനാണ് മലയാളി ലോഞ്ച് ചെയ്യുന്നത്. അദ്ദേഹം നായകനായ സിനിമയിലൂടെയാണ് എന്റെ തുടക്കം. ഇന്നോളം ആ രണ്ട് സഹോദരങ്ങളും എനിക്കു തന്ന പിന്തുണ വളരെ വലുതാണ്. പത്തു വര്‍ഷമായി ആ പാട്ട് എത്തിയിട്ട്. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം രാജു ചേട്ടന്‍ അഭിനയിച്ച രണത്തില്‍ ഞാന്‍ സംഗീത സംവിധായകനായി. അതും കുറേക്കാലമായി ആഗ്രഹിച്ച രീതിയിലൂടെ റെക്കോഡിങ് നടത്തിക്കൊണ്ട്. അതാണ് എന്റെ കഥ. മലയാളിയിലെ മിന്നലഴകേ എന്ന പാട്ടിന്റെ അവസാനം ഒരു സ്റ്റാര്‍ വേണമായിരുന്നു. പൃഥ്വിരാജിനോടു ചോദിച്ചപ്പോള്‍ ‘ഓ, അതിനെന്താ’ എന്നു പറഞ്ഞ് അദ്ദേഹം സമ്മതിച്ചു. അന്നു തുടങ്ങിയ ബന്ധമാണ് അവരുമായി. 

ഡിസ്‌നിയിലെ ജോലി, ആദ്യ സിനിമ

സ്റ്റാൻഫഡില്‍ പഠിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, ഞാന്‍ ഒന്നുമല്ല, എത്രമാത്രം ചെറുതാണെന്ന്. ഇവിടെയൊരു ആല്‍ബം ഹിറ്റ് ആയിട്ടാണ് അങ്ങോട്ടു പോയത്. അവിടെ ചെന്നതോടെ ആ ഹിറ്റിന്റെ ഹരമെല്ലാം ഇറങ്ങിപ്പോയി. പക്ഷേ കോഴ്‌സ് രസകരമായിരുന്നു. പക്കാ സംഗീതവും ടെക്‌നോളജിയും ഇഴചേര്‍ന്ന് നില്‍ക്കുന്നൊരു വലിയ അനുഭവം. അമേരിക്ക എനിക്കൊരുപാട് ഇഷ്ടമായി. സംഗീതം പഠിപ്പിക്കുന്ന രീതിയും കംപോസിങ്ങും റെക്കോഡിങും എല്ലാം ഗംഭീരമാണ്. ആ കള്‍ച്ചറിന് അനുസരിച്ചു മുന്നോട്ടു പോകാനേ പിന്നെ തോന്നൂ. അവിടെ വച്ച് വാള്‍ട്ട് ഡിസ്‌നിയിലെ ജോലി ശരിയായി. ഗെയിം ഡിവിഷനിലെ ഓഡിയോ സെക്‌ഷനിലെ ജോലി വളരെ കംഫര്‍ട്ടബിളായിരുന്നു. പക്ഷേ മനസ്സിലെപ്പോഴും സിനിമ തന്നെയായിരുന്നു. അവിടുത്തെ സംഗീത സംസ്‌കാരവും ഇവിടത്തെ സിനിമയും കൂടി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. അതുപോലെ ഭയങ്കര കണ്‍ഫ്യൂഷനും. ജോലി ഉപേക്ഷിച്ചു വരണോ അതോ സിനിമ വേണ്ടെന്നു വയ്ക്കണോ എന്ന്. സിനിമ എന്ന കാന്‍വാസ് കൊതിപ്പിച്ചൊരു പരുവമാക്കിയതോടെ ഡിസ്‌നിയിലെ ജോലി വിട്ടു. എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്നാണ് അന്ന് എന്റെ അവിടുത്തെ ഹെഡ് പറഞ്ഞത്. പക്ഷേ ഇനി ചെന്നാല്‍ എടുക്കുമോ എന്തോ. 

ഡിസ്‌നിയിലാണ് ജോലിയെങ്കിലും നാട്ടിലെ ബന്ധങ്ങള്‍ ഒട്ടുമേ അയഞ്ഞിരുന്നില്ല. ഓഫിസ് ജോലി ചെയ്തു കഴിഞ്ഞ് നാട്ടില്‍നിന്നു കൂട്ടുകാര്‍ അയച്ചു തരുന്ന ഷോര്‍ട് ഫിലിമിനും പരസ്യങ്ങള്‍ക്കുമൊക്കെ കംപോസ് ചെയ്യാന്‍ ഇരിക്കുമ്പോൾ എനിക്കുണ്ടായിരുന്ന ആവേശം തന്നെയായിരുന്നു ജോലി വിടാനുള്ള പ്രധാന കാരണമായത്. 2013 ലായിരുന്നു ഡിസ്‌നി വിട്ടത്. തൊട്ടടുത്ത വര്‍ഷം ഏ‍യ്ഞ്ചല്‍സ് എന്ന ചിത്രം ചെയ്തു. ഇതാണ് എന്റെ കഥ.

ഞെട്ടിച്ചു കളഞ്ഞ ധ്രുവങ്ങള്‍

ശ്രീജിത് സാരംഗ്, സുജിത് എന്നീ സുഹൃത്തുക്കളൊക്കെ അന്ന് ഷോര്‍ട്ഫിലിം ചെയ്യുന്നുണ്ടായിരുന്നു. ആ ഷോര്‍ട് ഫിലിം ബന്ധമാണ് പിന്നീട് ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയ്ക്കു സംഗീതം ചെയ്യാനുള്ള അവസരം തന്നത്. ശ്രീജിത് സാരംഗ് ആണ് ആ ചിത്രം എഡിറ്റ് ചെയ്തത്. കാര്‍ത്തിക് നരേന്‍ എന്ന ചെറിയ പയ്യന്റെ ചിത്രം. ശ്രീജിത്താണ് എന്നോടു കാര്‍ത്തിക്കിന്റെ കാര്യം പറയുന്നത്. ഒരു ചെറിയ പയ്യനാ... പക്ഷേ തിരക്കഥ അസാധ്യമാണ്. നീയും കേട്ടു നോക്ക് എന്ന്. അങ്ങനെയാണ് കാര്‍ത്തിക്കിനെ പരിചയപ്പെടുന്നത്. ബ്രില്യന്റ് ആയ സംവിധായകന്റെ ബ്രില്യന്റ് സിനിമ. സംഗീതത്തില്‍ എന്താണു വേണ്ടത് എന്നതിനെക്കുറിച്ച് കാര്‍ത്തിക്കിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് എനിക്കു ജോലിയും എളുപ്പമായിരുന്നു. എന്റെ കരിയറിലെ തന്നെ ഹൈലൈറ്റ് ആയി.

മലയാളികളുടെ ഇഷ്ടം!

ഞാന്‍ നേരത്തേ പറഞ്ഞല്ലോ, ഒരിക്കല്‍ നമ്മള്‍ സിനിമയിലേക്കു വന്നാല്‍ എന്നന്നേക്കുമുള്ള വരവായിരിക്കണം, ഇടയ്ക്കു തിരിച്ചു പോയി പഠിച്ചിട്ട് തിരികെ വരാം എന്നത് നടപ്പിലാകില്ല. ആ വരവു പോലെ തന്നെ പ്രയാസകരമാണ് മലയാളികളുടെ മനസ്സിലേക്കു സംഗീതവുമായി കയറിച്ചെല്ലുക എന്നതും. 

എന്റെ ഓരോ ചിത്രവും ഒന്നില്‍ നിന്നു വ്യത്യസ്തമായിരിക്കും. ഒരേ രീതിയിലുള്ള സംഗീതം എനിക്കു തന്നെ ബോറാണ്. എനിക്കു തന്നെ പുതുമ തോന്നുന്ന, എക്‌സൈറ്റ് ചെയ്യുന്ന സംഗീതമേ ഞാന്‍ പുറത്തേക്കു നല്‍കാറുള്ളൂ. ഇപ്പോള്‍ ഞാന്‍ ചെയ്ത മണ്‍സൂണ്‍ മാംഗോസിലേയും തമിഴ് ചിത്രം തക്കാ തക്കായിലേയും ഗാനങ്ങള്‍ ഇറങ്ങിയ സമയത്ത് അത്രയ്ക്കു വലിയ ഹിറ്റ് അല്ലായിരുന്നു. കുറേ കാലത്തിനു ശേഷമാണ് ആ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടത്. നല്ല പാട്ടുകള്‍ എന്നായാലും ശ്രദ്ധിക്കപ്പെടും. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നത് എന്താണെന്ന മുന്‍ധാരണയോടെ പാട്ടുകള്‍ ചെയ്യാറില്ല. തീര്‍ത്തും പുതിയൊരെണ്ണം, അതില്‍ നല്ല സംഗീതമുണ്ടാകണം എന്നു മാത്രമേ ചിന്തിക്കാറുള്ളൂ. പിന്നെ ത്രില്ലര്‍ സിനിമകളോടു വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ മാസ് സംഗീതത്തോടും ഓര്‍ക്കസ്ട്രകളോടും ഹരമാണ്. എന്റെ പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും കടന്നു വരുന്ന പാശ്ചാത്യ സംഗീത സ്വാധീനം, ആ സംഗീത ശാഖയോടുള്ള ഇഷ്ടം കൊണ്ടാണ്.

കാര്യം ഇതൊക്കെയാണെങ്കിലും രാഗത്തില്‍ അധിഷ്ഠിതമായ നല്ല മെലഡികളോടാണ് എന്നും മലയാളികള്‍ക്ക് ഇഷ്ടം. പണ്ടത്തേക്കാള്‍ ഇന്ന് ആളുകള്‍ പശ്ചാത്തല സംഗീതവും ഓര്‍ക്കസ്ട്രയും റെക്കോഡിങ് ക്വാളിറ്റിയും ശ്രദ്ധിക്കുന്നുണ്ട്. ജോണ്‍സണ്‍ മാസ്റ്ററെ പോലെയുള്ളവര്‍ കാലങ്ങള്‍ക്കു മുന്‍പേ അത്തരം മാസ്മരികമായ സംഗീതം സിനിമയില്‍, നല്ല ഓര്‍ക്കസ്ട്രയോടെ, നല്ല റെക്കോഡിങ്ങോടെ അവതരിപ്പിച്ചതാണ്. അതൊക്കെ ക്ലാസിക് ആയിരുന്നു. പക്ഷേ അന്നത്തേക്കാള്‍ പാട്ടുകളെയും പശ്ചാത്തല സംഗീതത്തെയും ഇഴകീറി പരിശോധിച്ച് ആസ്വദിക്കുന്നത് ഇന്നാണ്. 

ഞാന്‍ മിക്കപ്പോഴും കേള്‍ക്കുന്നൊരു വാചകമാണ്, മനുഷ്യനു കേള്‍ക്കാന്‍ കൊള്ളാവുന്ന പാട്ടൊന്നും ഇന്ന് ഇല്ല എന്ന്. അതുകൊണ്ട് എനിക്കു വ്യക്തിപരമായി സന്തോഷം നല്‍കുന്ന പാട്ടുകളും തീര്‍ത്തും പുതുമയുള്ള നല്ല മെലഡികളും ചെയ്യാനാണ് ആഗ്രഹം. അതോടൊപ്പം മാസ് ത്രില്ലര്‍ സംഗീതവും. എങ്കിലും ഒന്നുറപ്പാണ്, മനുഷ്യമനസ്സില്‍ എന്നും നിലനില്‍ക്കുക നല്ല മെലഡികള്‍ മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.