Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനിപ്പിച്ച ആദ്യ സിനിമ: കൈലാസ് മേനോൻ

മലയാളികൾ ഒന്നടങ്കം ഏറ്റു പാടിയ ‘ജീവാംശമായി’ എന്ന ഗാനം കൈലാസ് മേനോൻ എന്ന സംഗീത സംവിധായകനെ സംബന്ധിച്ച് ജീവനെക്കാൾ വിലപ്പെട്ടതാണ്. സംഗീത സംവിധാനരംഗത്തു പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ടായിരുന്നിട്ടും ആദ്യ സിനിമയും ആദ്യ ഗാനവും പുറത്തിറങ്ങാൻ കൈലാസിന് ഒരുപാടു കാത്തിരിക്കേണ്ടി വന്നു. നീണ്ട കാത്തിരിപ്പിനു ശേഷം പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രവും അതിലെ ഗാനങ്ങളും മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ കൈലാസ് മേനോനു ലഭിച്ചത് പുതിയ ഉൗർജമായിരുന്നു. 

സിനിമയില്‍ കൈലാസ് മേനോന്‍ നവാഗതനാണെങ്കിലും സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒരുപാടു വര്‍ഷത്തെ പഴക്കമുണ്ട്. അരികിലെത്തിയിട്ടും പലവട്ടം ഓടിപ്പോയ സിനിമ എന്നെങ്കിലുമൊരിക്കല്‍ അരികിലെത്തുമെന്ന കൈലാസിന്റെ വിശ്വാസത്തിന്റെ പൂർത്തീകരണമാണ് തീവണ്ടിയും അതിലെ ഗാനങ്ങളും. 

ജീവാംശമായി പിറന്നത് ?

സിനിമയുടെ സംവിധായകന്‍ ഫെല്ലിനി വളരെ കൂള്‍ ആയ ആളാണ്. ഈണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തുറന്നു പറയും. അതേസമയം, ചെയ്ത ഈണത്തില്‍ ഞാന്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെങ്കില്‍ അതിനൊപ്പം പൊയ്ക്കോ എന്നും പറയും. ജീവാംശമായി എന്ന പാട്ടിന്റെ ഈണം കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിനും സിനിമയിലെ മറ്റെല്ലാവർക്കും ഏറെ ഇഷ്ടമായി. മലയാളിത്തമുള്ള ഈണമാണെന്നു പറഞ്ഞു. എനിക്കു തോന്നുന്നു ഇത്തരത്തിലൊരു പാട്ട് വലിയ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലെത്തുന്നതെന്ന്. മറ്റൊരു പാട്ടു കൂടി ഞങ്ങൾ‌ ഇതേ സന്ദർഭത്തിനായി ചെയ്തിരുന്നു. എന്നാൽ എല്ലാവർക്കും ഇഷ്ടമായത് ഇൗ ഇൗണമാണ്. പാടുന്ന സമയത്തു തന്നെ ശ്രേയ ഘോഷാൽ ഇൗ പാട്ട് ഉറപ്പായും ഹിറ്റാവുമെന്നു പറഞ്ഞിരുന്നു. പക്ഷേ അപ്പോഴും ആരും ഇത്രയും വിചാരിച്ചില്ല. 

സുഹൃത്തും ഗിത്താറിസ്റ്റുമായ സുമേഷ് പരമേശ്വര്‍ ഈണമിട്ട കിസ്മത് എന്ന ചിത്രത്തിലെ, നിളമണല്‍ത്തരികള്‍ എന്ന പാട്ട് പാടിയ കെ.എസ്. ഹരിശങ്കറിന്റെ ആലാപനം ഒരുപാട് ഇഷ്ടമായിരുന്നു. എന്നെപ്പോലെ വര്‍ഷങ്ങളായി സംഗീത രംഗത്തുള്ളയാളാണ്. അധികം പാട്ടുകള്‍ പാടിയിട്ടില്ലെങ്കിലും പാടിയവ കേട്ടാലറിയാം ഹരിശങ്കറിന്റെ പ്രാഗത്ഭ്യം എത്രമാത്രമാണെന്ന്. നല്ല ആത്മവിശ്വാസത്തോടെയാണ് സങ്കീര്‍ണമായ പാട്ടുകളൊക്കെ അയാള്‍ ഫെയ്‌സ്ബുക്കിലും മറ്റും പാടുന്നത്. ശ്രേയയ്ക്കൊപ്പം പാടാൻ ഹരിയെ തിരഞ്ഞെടുത്തത് വളരെ ശരിയായ തീരുമാനമാണെന്ന് പാട്ട് കേട്ടു കഴിഞ്ഞപ്പോള്‍ തോന്നി. 

പുറത്തിറങ്ങാഞ്ഞ ആദ്യ സിനിമയും പാട്ടും ?

സ്റ്റാറിങ് പൗർണമി എല്ലാവർക്കും ഒരുപാടു പ്രതീക്ഷയുള്ള സിനിമയായിരുന്നു. ഇറങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ ട്രാവൽ മൂവി ആയിരുന്നേനെ അത്. അതിലെ പാട്ടുകൾ ഹിറ്റാവാൻ സാധ്യതയുള്ളവയായിരുന്നു. അത് ഇറങ്ങാതെ വന്നപ്പോൾ വലിയ വിഷമമായിരുന്നു. പിന്നീട് കുറച്ചു കാലം ഞങ്ങളുടെ സുഹൃദ്‌വലയത്തിലുള്ള ആരും ആ പാട്ടുകൾ കേൾക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. അത്രയ്ക്കു വിഷമമായിരുന്നു. അക്കാലത്താണ് ഫെല്ലിനിയെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പരസ്യത്തിനു സംഗീതം നൽകി. അതിനു ശേഷം തീവണ്ടി എന്ന സിനിമ എത്തി. സ്റ്റാറിങ് പൗർണമിയിലെ പാട്ടുകൾ ഇനി ഏതെങ്കിലുമൊക്കെ സാഹചര്യമോ സിനിമയോ ലഭിച്ചാൽ അതിൽ ഉപയോഗിക്കുന്നതാണ്. അതു കൊണ്ടാണ് ആ പാട്ടുകൾ പുറത്തു വിടാത്തതും. 

സംഗീതവഴിയിലേക്ക് എത്തുന്നത് ?

സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മ്യൂസിക്കൽ ആൽബം ചെയ്യുന്നത്. മാതാപിതാക്കളെ വിശ്വാസത്തിലെടുക്കാൻ സാധിച്ചു. ആദ്യ ആൽബം ഇറങ്ങിയതോടെ ഇവനെക്കൊണ്ട് എന്തും പറ്റും എന്ന് അവർക്കും വിശ്വാസമായി. പിന്നീടു സംഗീതം പഠിക്കാൻ ചെന്നൈയ്ക്കു പോയി. പണ്ടേയുള്ള ആഗ്രഹമാണ് നമ്മുടെ പാട്ട് ഇറങ്ങണം, ആളുകൾ ഇഷ്ടപ്പെടണം എന്നൊക്കെയുള്ളത്. കൂടെ വന്നവരും പിന്നീട് എത്തിയവരുമൊക്കെ പാട്ട് ചെയ്തു ഹിറ്റായി. പക്ഷേ എനിക്ക് ശരിയായ ഒരു പ്രോജക്ട് ഒത്തു വന്നില്ല. നിരാശനാകാതെ ഞാൻ കാത്തിരുന്നു. ആ കാത്തിരിപ്പിന്റെ ഫലമാണ് തീവണ്ടി. 

കാത്തിരിപ്പ് നിരാശ സമ്മാനിച്ചില്ലേ ?

പരസ്യചിത്രങ്ങൾ ചെയ്തിരുന്ന കാലത്ത് സിനിമ ഉടനെ സംഭവിക്കും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ ഇങ്ങനെ കടന്നു പോയി. പത്തു വർഷം കഴിഞ്ഞപ്പോൾ എനിക്കു തന്നെ സംശയം തോന്നി. ഇനിയിപ്പൊ സിനിമയൊന്നും ഉണ്ടാവില്ലായിരിക്കും. ഇതൊക്കെത്തന്നെയായിരിക്കും കരിയർ എന്നു തോന്നിയിരുന്നു. എങ്കിലും ചെയ്തിരുന്ന ജോലിയിൽ അലസത കാണിച്ചില്ല. ഒരേ ജോലി തന്നെ ചെയ്യുമ്പോൾ മടുപ്പു തോന്നാം. പക്ഷേ അതു സംഗീതത്തെ ബാധിക്കാതെ നോക്കി. വിഷമമുണ്ടായിരുന്നു. എന്നെക്കാൾ കൂടുതൽ സങ്കടം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു. അവർക്ക് ആത്മവിശ്വാസം കൊടുത്തതും ഞാനാണ്. 

വീട്ടുകാരുടെ പ്രതികരണം ?

ഭാര്യ അന്നപൂര്‍ണ അഡ്വക്കേറ്റ് ആണ്. നിരവധി ചാനല്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴും ഇടയ്ക്കിടെയെത്താറുണ്ട്. അച്ഛന്‍ ഡോ.രാമചന്ദ്ര മേനോന്‍ ശാസ്ത്രജ്ഞനാണ്. അമ്മ ഗിരിജാ ദേവി കെഎസ്ഇബി ചീഫ് എൻജിനീയര്‍ ആയിരുന്നു. ‌എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം സഞ്ചരിച്ച അവരെല്ലാം ഒരുപാട് സന്തോഷത്തിലാണ്.