Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ റോളിൽ രാജലക്ഷ്മി

rajalakshmi-2 രാജലക്ഷ്മി. ചിത്രം: സെയ്ദ് ഷിയാസ് മിർസ

സ്വന്തം ശബ്ദം രാഗവും ഭാവവും താളവും മാത്രമായിരുന്നു ഗായിക രാജലക്ഷ്മിക്ക്. എന്നാൽ  ഇങ്ങനെ ഒരു കാര്യം സ്വപ്നത്തിൽ പ്രതീക്ഷിച്ചിരുന്നില്ല . ആലാപനമല്ലാതെ സ്വന്തം ശബ്ദം കൊണ്ടു ചിലത് ചെയ്യാനുണ്ടെന്നു തിരിച്ചറിയുന്നതും ഇതാദ്യം. 

ഒരു ദിവസം വെറുതെ വോയ്സ് ടെസ്റ്റ്. ഏതാനു മണിക്കൂറുകൾക്കുള്ളിൽ കഥാപാത്രത്തിനു ശബ്ദം നൽകുക. എല്ലാം വളരെ പെട്ടന്നായിരുന്നു. ഗായികയിൽ നിന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായതിന്റെ ത്രില്ലിലാണു രാജലക്ഷ്മി. കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'മാംഗല്യം തന്തുനാനേ'യിൽ ഗായികയിൽ നിന്നു മാറി കഥാപാത്രത്തിനു ശബ്ദം നൽകി. ആ അനുഭവം പങ്കുവയ്ക്കുകയാണു രാജലക്ഷ്മി.

അയ്യോ, സൗമ്യ അതെനിക്കു കഴിയുമോ?

'മാംഗല്യം തന്തുനാനേ' യിലെ പാട്ടിന്റെ റെക്കോർഡിങ് എല്ലാം കഴിഞ്ഞ് സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ സമയത്താണു സംവിധായിക സൗമ്യ സദാനന്ദൻ എന്നോടു തിരുവനന്തപുരത്തെ വിസ്മയ സ്റ്റുഡിയോയിലേക്കു വോയ്സ് ടെസ്റ്റിനു വരാൻ പറഞ്ഞത്.  ഞാൻ ഇതിനുമുൻപൊന്നും ഇങ്ങനെ ചെയ്തിട്ടേയില്ല. ഒരു ഐഡിയയും ഇല്ലാതിരുന്ന ഒന്നാണ് ഡബ്ബിങ്.  എന്നെ വിളിച്ചപ്പോൾ ഞാൻ സൗമ്യയോടു ചോദിച്ചു അയ്യോ സൗമ്യേ ഞാനോ എനിക്കതു ചെയ്യാനൊന്നു പറ്റുമെന്നു തോന്നുന്നില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഒരുശ്രമം നടത്തി.  എന്നാൽ സൗമ്യ പറഞ്ഞു രാജി കുഴപ്പമില്ല. കുറേപേരുടെ വോയ്സ് ടെസ്റ്റ് നമ്മൾ ചെയ്യുന്നുണ്ട്. അതിൽ രാജിയുടെ ശബ്ദം കൂടി നോക്കുന്നെന്നേയുള്ളൂ. പേടിക്കേണ്ട കാര്യം ഒന്നും ഇല്ല. തുടർന്ന് ഞാൻ സയനോരയെ വിളിച്ചു കാര്യം പറഞ്ഞു. നീ എന്തായാലും പോയി നോക്കൂ എന്നു സയയും പറഞ്ഞു. അങ്ങനെയാണു വോയ്സ് ടെസ്റ്റിനു പോയത്. പാടുന്ന പോലെ  അല്ലല്ലോ ഡബ്ബിങ്. കുറച്ചു സമയം വേണമല്ലോ. അങ്ങനെ ഡയലോഗ് പറഞ്ഞ് വോയ്സ് ടെസ്റ്റും കഴിഞ്ഞു തിരികെ വീട്ടിലേക്കു പോന്നു. പിന്നെ ഞാൻ അക്കാര്യം വിട്ടു. 

എറണാകുളത്തേക്കു വരാമോ?

വോയ്സ് ടെസ്റ്റിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞ് സൗമ്യ എന്നെ വിളിച്ചു. എറണാകുളത്തേക്കു വരാമോ എന്ന് ചോദിച്ചു. അപ്പോഴും എന്തിനാണ് എറണാകുളത്തേക്കു വിളിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല. ഞാൻ ചോദിച്ചു എന്തിനാണ് സൗമ്യ ഞാൻ എറണാകുളത്തേക്കു വരുന്നത്. അന്നു നമ്മൾ നോക്കിയതിൽ കഥാപാത്രത്തിനു ഏറ്റവും അനുയോജ്യമായതെന്നു തോന്നുന്ന ശബ്ദം രാജിയുടേതാണ്. അതുകൊണ്ട് നമുക്ക് അതിന്റെ ബാക്കി കൂടി ചെയ്യണമെന്ന് സൗമ്യ പറഞ്ഞു. അതുകേട്ടപ്പോൾ സത്യത്തിൽ ഞാ‍ൻ അമ്പരന്നു.  അയ്യോ ഈശ്വരാ ഞാൻ ചെയ്താൽ എത്രകണ്ടു ശരിയാകും ഇത്. പിന്നെ കരുതി ഇങ്ങനെ വരുന്ന അവസരങ്ങൾ നമ്മൾ തട്ടിക്കളയരുത്. അങ്ങനെ എറണാകുളം പോയി മുഴുവൻ ചെയ്തു. 

ഒരു മുന്നൊരുക്കവും ഉണ്ടായിരുന്നില്ല

ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് ഡബ്ബിങ്ങിനായി പോയത്. കുഞ്ചാക്കോ ബോബനും നിമിഷയും അലൻസിയറും എല്ലാം എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുനോക്കാൻ സറ്റുഡിയോയിൽ വച്ച് സൗമ്യ പറഞ്ഞു. എനിക്ക് ഭയങ്കര അതിശയമായിരുന്നു. അഭിനയിച്ച് കുറച്ചു ദിവസം കഴിഞ്ഞ് പിന്നീട് ഡബ്ബ് ചെയ്യാനും കഴിയുന്നതെങ്ങനെയെന്നു ഞാൻ അത്ഭുതപ്പെടുകയായിരുന്നു. അങ്ങനെ സൗമ്യ പറഞ്ഞതു പ്രകാരം അവർ ചെയ്യുന്നതു കണ്ടു. അപ്പോൾ തന്നെ ഡബ്ബ് ചെയ്യുകയായിരുന്നു. 

പാട്ട് പുസ്തകവുമായി സ്റ്റുഡിയോയിലേക്ക്

മറ്റുള്ളവരെല്ലാം ഡബ്ബ് ചെയ്യുന്നതു കണ്ട ശേഷം ശരി നമുക്ക് നോക്കാമെന്നു അവർ പറഞ്ഞു. അപ്പോഴാണു രസകരമായ ഒരു സംഭവം ഉണ്ടായത്. എന്നോടു സ്റ്റുഡിയോയിലേക്കു കയറാൻ പറഞ്ഞപ്പോൾ ഞാൻ എന്റെ പാട്ടുപുസ്തകവുമായാണു കയറിയത്. അവരെല്ലാവരും ചിരിച്ചു. നമുക്ക് റെക്കോഡിങ്ങ് സ്റ്റുഡിയോ എന്നു പറഞ്ഞാൽ പാട്ടുപുസ്തകവുമായി കയറിയാണല്ലോ ശീലം. അപ്പോൾ തന്നെ എനിക്ക് ഇതിൽ ഒരു മുൻപരിചയവുമില്ലെന്നു അവിടെയുള്ളവർക്കു മനസ്സിലായി 

ഗായകര്‍ക്കു പറഞ്ഞ ജോലിയല്ല ഡബ്ബിങ്

ശരിക്കും പറഞ്ഞാൽ ഗായകർക്കു പറഞ്ഞ ജോലിയല്ല ഡബ്ബിങ് എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. നമ്മുടെ സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി ശബ്ദമെടുക്കുമ്പോൾ അതു നമ്മുടെ പാട്ടിനെ ബാധിക്കും. കാരണം കൂടുതൽ സ്ട്രെയിൻ ചെയ്യേണ്ടി വരുമല്ലോ. പാട്ടും ഡബ്ബിങ്ങും കൂടി ഒരുമിച്ചു പോകാൻ അൽപം ബുദ്ധിമുട്ടാണ്. ഈ  കഥാപാത്രം വളരെ സൗമ്യമായി പോകുന്നതാണ്. എന്റെ കംഫേർട്ട് സോണിൽ നിന്നു ചെയ്യാവുന്ന ഒന്ന്. അതുകൊണ്ട് കൂടിയാണു ശബ്ദം നൽകിയത്. 

തികച്ചും വ്യത്യസ്തമായ അനുഭവം

സിനിമയിൽ ലിയോണ എന്ന നടിക്കാണ് ഞാൻ ശബ്ദം നൽകിയത്. പാട്ടുപാടുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണല്ലോ ഒരു കഥാപാത്രത്തിനു ശബ്ദം നൽകുക. സൗമ്യയും ആ സിനിമയുടെ തിരക്കഥാകൃത്ത് ടോണിയും വളരെ ഡീറ്റെയിൽഡ് ആയി തന്നെ എങ്ങനെ ചെയ്യണമെന്നു പറഞ്ഞു തന്നു. ഡബ്ബിങ് കഴിഞ്ഞതിനുശേഷം സിനിമയിൽ കുറച്ചധികം സ്ഥലങ്ങളിലുള്ള ഒരു കഥാപാത്രമാണെന്നാണ് എനിക്കു മനസ്സിലായത്. ഏഴ് സീനുകളോളം ഉണ്ട്. 

ചെയതതിനു ശേഷം അവരതിൽ സംതൃപ്തരാണെന്നു പറഞ്ഞു. എന്നാൽ അപ്പോഴും എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. വേറെ ആരെങ്കിലും ചെയ്യുമെന്നായിരുന്നു അന്നും ഞാൻ കരുതിയത്. ട്രെയിലർ കണ്ടപ്പോഴാണ് അത് എന്റെ ശബ്ദം തന്നെയാണെന്നു ഞാൻ തിരിച്ചറിഞ്ഞത്. ഇപ്പോൾ സിനിമ കാണാൻ വല്ലാത്ത ആകാംക്ഷയിലാണ് ഞാൻ. ഇപ്പോൾ ഇനിയും ഇതുപോലുള്ള കഥാപാത്രം വന്നാൽ ചെയ്തു നോക്കാം എന്ന ആത്മവിശ്വാസവും വന്നു.