Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ക്ലൈമാക്സും ആ സംഗീതവും

sushishyam

നിശബ്ദതയെ പോലും പേടിപ്പിക്കുന്ന സംഗീതമായി മാറിയ 'എസ്ര', മമ്മൂട്ടിയുടെ ഗ്ലാമറും ആക്‌ഷനും ഒന്നുചേര്‍ന്ന 'ദി ഗ്രേറ്റ് ഫാദറി'ലെ ഇടിവെട്ടു സംഗീതം, വികാരതീക്ഷ്ണമായ 'വില്ലനി'ലെ സംഗീതം...തുടങ്ങി താരമൂല്യം കൊണ്ടു പ്രമേയത്തിലെ ത്രസിപ്പിക്കല്‍ കൊണ്ടും മലയാളത്തില്‍ അടുത്തിടെ ശ്രദ്ധ നേടിയ കുറച്ചു ചിത്രങ്ങളുടെ സംഗീത സംവിധാനത്തിനു പിന്നില്‍ ഒരു പേരാണ്സു,സുഷിന്‍ ശ്യാം. സംഗീതജ്ഞനായ അച്ഛന്റെ പാതയിലൂടെ അവിടേക്കെത്തിയ സുഷിന്‍ ത്രസിപ്പിക്കുന്ന സംഗീതം കൊണ്ടും ഹൃദയഹാരിയായ ഈണങ്ങള്‍ കൊണ്ടും നാളേയ്ക്കുള്ള സംഗീത സംവിധായകനാണെന്നു പറഞ്ഞു കഴിഞ്ഞു. പുതിയതാകട്ടെ,  മലയാളിയുടെ ഹിറ്റ്ചാർട്ടിലേക്കു നീങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം വരത്തനും. പുതിയ സിനിമയുടെ സംഗീത വിശേഷങ്ങൾ പങ്കുവെക്കുകയാണ് സുഷിൻ 

പത്താമത്തെ സിനിമ!

സത്യം പറഞ്ഞാല്‍ എണ്ണി നോക്കിയിട്ടില്ല. പത്താമത്തെ സിനിമയാണെന്നാണു ഞാൻ കരുതുന്നത്. പക്ഷേ, പശ്ചാത്തല സംഗീതവും പാട്ടുകളും കൂടി ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'വരത്തൻ'‍. എങ്കിലും എസ്ര, കിസ്മത്ത് എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ മുഴുവനും ഞാന്‍ ആയിരുന്നില്ല ചെയ്തത്.  പാട്ടു മാത്രം ചെയ്യുന്നു അല്ലെങ്കില്‍ പശ്ചാത്തല സംഗീതം മാത്രം ചെയ്യുന്നു, രണ്ടും കൂടി ചെയ്യുന്നു എന്നതിലൊന്നും വലിയ കാര്യമില്ല. ഏത്ര സംഗീത സംവിധായകര്‍ പങ്കാളികളായാലും പാട്ടും പശ്ചാത്തല സംഗീതവും ഇഴചേര്‍ന്നു നില്‍ക്കണം എന്നേയുള്ളൂ. സിനിമയുടെ പ്രമേയത്തോടു നീതിപുലര്‍ത്തുന്നതാകണം സംഗീതം. ഞാന്‍ അങ്ങനെയാണു ചിന്തിക്കുന്നത്. എനിക്ക് അങ്ങനെ ചെയ്യുന്നത് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ല. 

 

വരത്തനിലേക്ക്!

അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഒരു ദിവസം അമലേട്ടന്‍ വിളിച്ചിട്ട് ഒന്നു കാണണം എന്നു പറയുകയായിരുന്നു. കീബോര്‍ഡ് പ്ലെയര്‍ ആയിട്ടാണ് എന്റെയും തുടക്കം. അങ്ങനെ കുറേ സിനിമകളുടെ ഓര്‍ക്കസ്ട്രയില്‍ ഞാന്‍ വര്‍ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ഇയ്യോബിന്റെ പുസ്തക'ത്തിന്റെ സംഗീതം നേഹ നായരും യാസ്‌കിന്‍ ഗാരി പെരേരയും ചേര്‍ന്നായിരുന്നു. അവരുടെ ടീമിലും ഞാന്‍ ഉണ്ടായിരുന്നു. അങ്ങനെ നോക്കി വച്ചതാകണം. ഇപ്പോള്‍ ഞാന്‍ സിനിമയിലെത്തിയപ്പോള്‍ വിളിച്ചതാകണം. 

സംഗീതത്തിന്റെ ഭാഗത്തു നിന്ന് എന്താണു വേണ്ടതെന്നു നല്ല വ്യക്തതയുണ്ടാകും അമല്‍ ചേട്ടന്. ഏത് ജോണറിലാണു വേണ്ടതെന്നു പോലും പറഞ്ഞു തന്നിട്ടുണ്ടാകും. അതിലൊരു കണ്‍ഫ്യൂഷനും ഉണ്ടാകില്ല. എന്തു ടൈപ്പ് പാട്ടുകളും സാഹചര്യങ്ങള്‍ എന്താണ്, പശ്ചാത്തല സംഗീതം ഏത് മൂഡിലാകണം തുടങ്ങിയതൊക്കെ ചര്‍ച്ച ചെയ്യുന്ന നേരമാണ് ഒരു സിനിമയിലെ സംഗീത സംവിധായകനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായത്. അവിടെ ഒരു കണ്‍ഫ്യൂഷനും ബാക്കിയാകാന്‍ പാടില്ല. അതൊരു യാത്ര പോലെയാണ്. അതങ്ങനെ പോകും.

ചിത്രത്തിലെ മൂന്നു പാട്ടുകളും ലവ് സോങ്‌സ് തന്നെയാണ്. പലതരം ജോണറില്‍ ട്രൈ ചെയ്തിട്ടുണ്ട്. ഓരോ പടവും ഒരു തരം പഠനമാണ്. ഇവിടെയും അങ്ങനെ തന്നെ. പക്ഷേ, കുറേ അധികം കാര്യങ്ങള്‍ പഠിക്കാനായി. ചിലപ്പോള്‍ ഞാന്‍ ചിന്തിച്ചു തീരുമാനിച്ചു വച്ചതിന്റെ നേരെ എതിരായിരിക്കും അമല്‍ ചേട്ടന്‍ ചിന്തിക്കുക. അപ്പോള്‍ ആലോചിച്ചു നോക്കുമ്പോള്‍ അതാകും ശരി എന്നു തോന്നും. അങ്ങനെ കുറേ കാര്യങ്ങള്‍ അനുഭവിച്ചു. 

അമല്‍ ചേട്ടനൊപ്പം ജോലി ചെയ്യുമ്പോള്‍ സത്യം പറഞ്ഞാല്‍ ടെന്‍ഷനായിരുന്നു. പുള്ളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന പേടിയായിരുന്നു. അതുകൊണ്ടു തന്നെ പാട്ട് ചെയ്യുന്നതിനിടയിലും പശ്ചാത്തല സംഗീതത്തിന്റെ കാര്യത്തിലും ചില സ്ഥലങ്ങളില്‍ ഒരുപാടു സമയമെടുത്താണു പൂര്‍ത്തിയാക്കിയത്. 

നസ്രിയ പാടിയപ്പോള്‍!

അതു തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഞാന്‍ നേരത്തെ പറഞ്ഞ പോലെ യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായ ചില കാര്യങ്ങളുണ്ടാകില്ലേ അങ്ങനെയുള്ളതാണ് ഇതും. നസ്രിയയെ ആദ്യമായിട്ടു കാണുന്നത് 'വരത്തനി'ലെ സെറ്റില്‍ ആണ്. അന്നേരം സെറ്റില്‍ പ്ലേ ചെയ്തിരുന്നത് 'പുതിയൊരു പാതയില്‍' എന്ന പാട്ടിന്റെ ഞാന്‍ പാടിയ വേര്‍ഷന്‍ ആയിരുന്നു. അത് പിന്നീട് നസ്രിയ മൂളുന്നത് കേട്ടു. അപ്പോള്‍ ഞാൻ ആലോചിച്ചു നസ്രിയ പാടിയാല്‍ എങ്ങനെയുണ്ടാകും . അമല്‍ ചേട്ടനോടു പറഞ്ഞപ്പോള്‍ പുള്ളിക്കും സമ്മതം. അങ്ങനെ ഒന്നു പരീക്ഷിച്ചു നോക്കിയതാണ്. കേട്ടപ്പോള്‍ നന്നായി തോന്നി. അങ്ങനെയാണ് അത് ഉള്‍പ്പെടുത്തിയത്.

ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍

ചെയ്താല്‍ അടിപൊളിയായിരിക്കും ആ പടത്തില്‍ ഞാന്‍ ചെയ്യുന്നതാകും ഏറ്റവും ചേരുക. എന്നിങ്ങനെയൊക്കെ തോന്നിയാല്‍ മാത്രമാണ് ഞാനൊരു ചിത്രം തിരഞ്ഞെടുക്കാറ്. സ്‌ക്രിപ്റ്റ് ഒക്കെ വായിച്ചു നോക്കി ഒരു ആകാംക്ഷ തോന്നുന്നുവെങ്കില്‍ മാത്രമേ ചെയ്യാറുള്ളൂ. കുറച്ച് സെലക്ടീവ് ആകാറുണ്ട് അന്നേരം. ചിലപ്പോള്‍ ആ ചിത്രത്തിനു നല്ലതു വേറൊരാളുടെ സംഗീതമാണെന്നൊക്കെ തോന്നിയാല്‍ ചെയ്യാറില്ല. നമുക്കു തന്നെ ഉള്ളിലൊരു തോന്നലുണ്ടാകുമല്ലോ. 

വരത്തനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

അച്ഛന്റെ പാതയില്‍...പിന്നെ ബാന്‍ഡിനൊപ്പം!

പപ്പ ഇപ്പോഴും സംഗീത രംഗത്തു സജീവമാണ്. എല്ലാവരുടേയും ജീവിതത്തിലൊരു ടേണിങ് പോയിന്റ് ഉണ്ടാകുമല്ലോ. പപ്പയുടെ കാര്യത്തിലും അങ്ങനെയുണ്ടായി. അദ്ദേഹത്തിന്റെ സുഹൃത്താണ് ശ്രീനിവാസന്‍ സര്‍. അങ്ങനെ ഒരു പ്രോജക്ടിന്റെ ഭാഗമായി ചെന്നൈയിലേക്കു വിളിച്ചിരുന്നു. പക്ഷേ തലശ്ശേരി സ്‌നേഹം കാരണം അദ്ദേഹം പോയില്ല. ഒരുപക്ഷേ അന്നേ ചെന്നൈയിലേക്കു പോയിരുന്നുവെങ്കില്‍ അവസരങ്ങളും സാധ്യതകളും ഏറുമായിരുന്നു. പപ്പ ചെയ്യാത്തത് ഞാന്‍ ചെയ്തുവെന്നേയുള്ളൂ. പഠിച്ചിട്ട് എന്തായാലും എങ്ങും എത്താന്‍ പോകുന്നില്ല. അപ്പോള്‍ പിന്നെ അറിയാവുന്നത് ചെയ്യാമെന്നു കരുതി. അങ്ങനെയാണു രണ്ടും കല്‍പ്പിച്ച ചെന്നൈയിലേക്കു പോകുന്നത്. ഇവിടം വേറൊരു ലോകമാണ്. 

പപ്പ ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്. വലിയ ആകാംക്ഷയാണ് എന്റെ ഓരോ പ്രോജക്ടിനെ കുറിച്ചൊക്കെ. അതുപോലെ യുട്യൂബിലും മറ്റും പാട്ടും ട്രെയിലറുമൊക്കെ വരുമ്പോള്‍ അതിനു താഴെ വരുന്ന കമന്റുകളൊക്കെ ഇരുന്നു വായിച്ചു പറഞ്ഞു തരുന്നത് പപ്പയാണ്. വലിയ ഇഷ്ടമാണ് അതൊക്കെ.

എനിക്കാണെങ്കില്‍ യാത്രകള്‍ ഭയങ്കര ഇഷ്ടമാണ്. സംഗീതവും ഷോകളുമൊക്കെയായി ഒരു ട്രാവല്‍ മ്യൂസിഷന്‍ ആകാന്‍ ഭയങ്കര ആഗ്രഹമുണ്ട്. ഇപ്പോള്‍ കയ്യില്‍ കിട്ടുന്ന പ്രോജക്ടുകളില്‍ പരമാവധി ചെയ്തു കുറച്ചു പൈസയൊക്കെ ഉണ്ടാക്കിയിട്ട് അങ്ങ് പോകണം എന്നാണെന്റെ ആഗ്രഹം. പണിയൊന്നും ഇല്ലാതെ വരുമ്പോള്‍ ബാന്‍ഡും ഷോകളും യാത്രകളുമായി ജീവിതം തിരിച്ചുവിടണം എന്നൊക്കെയാണു ചിന്തിച്ച് വച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്‍ഡ്‌സ്ട്രിയിലെ നിലനില്‍പ്പിനെ കുറിച്ചു ഭയമൊന്നുമില്ല.

ഞാനും കൂട്ടുകാരും ചേര്‍ന്നു തുടങ്ങിയ 'ഇന്ത്യന്‍ ഫോക്ക് മെറ്റല്‍ ബാന്‍ഡി'ന് തുടക്കത്തില്‍ തന്നെ റോളിങ് സ്‌റ്റോണിന്റെ ആറ് പുരസ്‌കാരങ്ങളാണു കിട്ടിയത്. കൊതിച്ചിരിക്കാന്‍ പോലും സമയം നല്‍കാതെയായിരുന്നു ആ പുരസ്‌കാരം വന്നത്. ഇപ്പോള്‍ ബാന്‍ഡിലെ ഓരോരുത്തരം അവരുടേതായ ജോലികളില്‍ തിരക്കിലാണ്. എന്നെങ്കിലും എല്ലാവരുമൊന്നും ഫ്രീ ആകുമ്പോള്‍ ഒന്നിച്ചിരുന്നു പുതിയ പാട്ടുകളൊക്കെ എഴുതണം എന്നാണു പ്ലാന്‍. ഇപ്പോഴും കഴിവതും ശ്രമിക്കാറുണ്ട്. 

ഭയമൊന്നുമില്ല.ട്രാവല്‍ ചെയ്യണം. പ്രോജക്ട് മാക്‌സിമം ചെയ്ത് പൈസയൊക്കെ ആയിട്ട്. പപ്പ ഇപ്പോഴും മ്യൂസിഷ്യൻ ആണ്.പുള്ളിക്ക് ചെയ്യാന്‍ പറ്റാത്തത് ഞാന്‍ ചെയ്തു. ആൾ ഭയങ്കര ഹാപ്പിയാണ്. എക്‌സൈറ്റഡ് ആണ്. കമന്റ്‌സൊക്കെ പപ്പയാണ് പറയുന്നത്

അടുത്ത ചിത്രങ്ങള്‍!

കുമ്പളങ്ങി നൈറ്റ്‌സിലാണ് അടുത്തതായി സംഗീതം ചെയ്യുന്നത്.