Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു മേനോൻ പാടിയ ത്രില്ലിൽ നാദിർഷാ

aanakallan

പേരിൽത്തന്നെ അൽപം പുതുമയുമായി എത്തുകയാണ് ബിജു മേനോൻ ചിത്രം 'ആനക്കള്ളൻ'. ചിത്രത്തിലൂടെ വീണ്ടും സംഗീത സംവിധായകന്റെ കുപ്പായമിടുകയാണു പ്രിയതാരം നാദിർഷ. ചിത്രത്തിലെ ഒരുഗാനം ആലപിച്ചിരിക്കുന്നത് ബിജു മേനോൻ തന്നെയാണ്. നാദിർഷയുടെ സംഗീതവും ബിജു മേനോന്റെ ആലാപനവും കൂടിയായപ്പോൾ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബിജുമേനോനെക്കൊണ്ടു പാടിച്ചതിന്റെ ത്രില്ലിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണു നാദിർഷാ.

ആനക്കള്ളനിലെ പാട്ടുകൾ

ആനക്കള്ളനിൽ മൂന്നുഗാനങ്ങളാണ് ഉള്ളത്. ബിജു മേനോൻ പാടിയ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇനിയുള്ളത് ജയചന്ദ്രനും ചിത്ര ചേച്ചിയും കൂടി പാടിയതാണ്. അത് എഴുതിയിരിക്കുന്നത് രാജീവ് ആലുങ്കലാണ്. മധു ബാലകൃഷ്ണനും അഫ്സലും ചേർന്നു പാടിയ പാട്ടാണ് ഇനി വരാനുള്ളത്. അതെഴുതിയതു ഹരിനാരായണനാണ്. ഒരു റൊമാന്റിക് ഗാനവും ഒരു പ്രണയഗാനവും കൂടിയുണ്ട്. ആ പാട്ടുകളും  പ്രതീക്ഷയുള്ളതാണ്. കേൾവിസുഖം നൽകുന്നതാവും ഈ സിനിമയിലെ ഗാനങ്ങളെന്ന് എനിക്കുറപ്പാണ്. കാരണം ആദ്യത്തെ പ്രാവശ്യം കേൾക്കുമ്പോൾ തന്നെ മനസ്സിൽ പതിയുന്ന പാട്ടുകളാണ് ഇവ.

അന്നേ ബിജു പാടുമെന്ന് അറിയാം

ഒരുവിധം തരക്കേടില്ലാതെ പാടുന്ന ആർട്ടിസ്റ്റുകളിൽ ഒരാളാണു ബിജു. പണ്ട് സുരേഷ് ഗോപി ഷോയ്ക്ക് ഗൾഫിൽ പോയപ്പോള്‍ ബിജു സ്റ്റേജിൽ പാടി. അന്നുതന്നെ ബിജു ഏകദേശം നന്നായി പാടുമെന്ന് അറിയാമായിരുന്നു.  ഈ പാട്ടിന്റെ കംപോസിങ് കഴിഞ്ഞപ്പോൾ  ഗാനത്തിന്റെ പാറ്റേൺ അനുസരിച്ച് ബിജു മേനോൻ പാടിയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായം വന്നു. നമ്മൾ ചിലപ്പോൾ ഒരു പ്രഫഷനൽ സിങ്ങറെ കൊണ്ടു പാടിച്ചാൽ ഈ ഫീല്‍ കിട്ടണമെന്നില്ല. കാരണം ഇതിന്റെ സിറ്റ്വേഷനും ലിറിക്സും അങ്ങനെയുള്ളതാണ്. സിനിമയുടെ സിറ്റ്വേഷനുമായി ബന്ധപ്പെട്ടതാണ് ഈ ഗാനം. അതു നമ്മളെല്ലാവരും ചേർന്ന് ബിജുവിനോടു പറഞ്ഞു. പാടി നോക്കാമെന്നു ബിജുവും സമ്മതിച്ചു. ശരിയായാൽ ഉപയോഗിക്കാമെന്നു കരുതി വെറുതെ പാടി നോക്കി. വലിയ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ ഞങ്ങളെ ഞെട്ടിച്ചുകൊണ്ടു ബിജു നന്നായി പാടി. 

പാട്ട് കാണുന്നതു ചങ്കൂറ്റമുള്ള പ്രേക്ഷകർ

പോസിറ്റീവ് റിവ്യൂസ് ആണ് ആനക്കള്ളനിലെ ഗാനത്തിനു ലഭിക്കുന്നത്. കുറെ കമന്റുകൾ വന്നിട്ടുണ്ട്. ഒന്നോ രണ്ടോ എണ്ണം മാത്രമാണു മോശമായിട്ടുള്ളത്. ബാക്കി എല്ലാം പോസിറ്റീവ് ആണ്. ജനങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ അവർ അതു തുറന്നു പറയും. നമ്മളെ ഇഷ്ടപ്പെടുന്നു എന്നുകരുതി അവർ പാട്ടു മോശമാണെങ്കിൽ മോശമാണെന്നു പറയാതിരിക്കില്ല. കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് എഴുതാൻ ചങ്കൂറ്റമുള്ളവരാണു പ്രേക്ഷകർ. അങ്ങനെ നോക്കുമ്പോൾ ഇതിനകത്തുള്ള കമന്റുകളെല്ലാം വളരെ പോസിറ്റീവായി തോന്നുന്നുണ്ട് എനിക്ക്. 

ഇഷ്ടം സിനിമാ സംവിധാനത്തോട്

പാട്ടും സംഗീതവും എല്ലാമുണ്ടെങ്കിലും സിനിമാ സംവിധാനമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. സിനിമാ സംവിധാനം ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു ഞാൻ. നല്ല സിനിമകൾ ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്. പിന്നെ മ്യൂസിക് ഡയറക്‌ഷനാണെങ്കിലും ചെയ്യുന്ന പണിയോടു പരമാവധി ആത്മാർഥത പുലർത്താൻ ശ്രമിക്കും. പാട്ടുകൾ ഹിറ്റാകണമെന്ന അതിയായ ആഗ്രഹത്തോടെയാണു ചെയ്യുക.

പാട്ടുകൾ സാധാരണക്കാർ പാടണം

ഇപ്പോഴും ഗാനമേളയ്ക്ക് സ്റ്റേജിൽ പാടുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ഏതുതരം പാട്ടുകളാണു പ്രേക്ഷകർക്ക് ഇഷ്ടമാവുകയെന്ന് ഏറെക്കുറെ ബോധ്യമുണ്ട്. അവർക്ക് ഇഷ്ടമാകും വിധം പാട്ടുകൾ ചിട്ടപ്പെടുത്താനാണ് ഞാൻ ശ്രമിക്കാറുള്ളത്. നമ്മൾ ചെയ്യുന്ന ഗാനങ്ങൾ സാധാരണക്കാർ ഏറ്റുപാടുന്ന വിധമുള്ളതായിരിക്കണം. ക്ലാസിക്കൽ പഠിച്ചുവന്നശേഷം മാത്രം പാടാന്‍ സാധിക്കുന്നതാവരുത്, സാധാരണക്കാരന് ഓട്ടോറിക്ഷയിൽ പോകുമ്പോഴും പാടാൻകഴിയുന്നതായിരിക്കണം അത്

വരാനിരിക്കുന്നത് 'ഒരു യമണ്ടൻ പ്രേമകഥ'

ദുൽഖർ നായകനാകുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യിൽ ഞാനാണു സംഗീത സംവിധാനം. നാലുഗാനങ്ങളാണ് ആ ചിത്രത്തിലുള്ളത്. നാലു ഗാനങ്ങളും പ്രത്യേകയുള്ളതാണ്.