Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധർമജൻ ഞെട്ടിയ പാട്ട്...!

dharmajan-bolgatty

പിഷാരടി എഴുതിയ ഒരു മൂളിപ്പാട്ടു പോലും ധർമജൻ ബോൾഗാട്ടി സ്റ്റേജിൽ പാടിയിട്ടില്ല. സ്റ്റേജ് ഷോകൾക്കായി പോകുമ്പോൾ നല്ല പാട്ടുകാർ കൂടെയുള്ളതിനാൽ ധർമജൻ ആ ഭാഗത്തേക്ക് അധികം പോകാറുമില്ല. ഉള്ളതു പറഞ്ഞാൽ, നന്നായി പാടുന്നവരോടും ഡ്രൈവ് ചെയ്യുന്നവരോടും തനിക്ക് എന്നും അസൂയയാണെന്ന് ധർമജൻ പറയും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തകർപ്പൻ പാട്ടു പാടി ധർമജൻ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. നിത്യഹരിത നായകൻ എന്ന ചിത്രത്തിലെ 'മകരമാസ നാളിൽ' എന്നു തുടങ്ങുന്ന ഗാനമാണ് ധർമജൻ പാടിയിരിക്കുന്നത്. ആദ്യമായി സിനിമയിൽ പാടിയതിന്റെ അനുഭവവും അതിനോടു സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച പ്രതികരണവും ധർമജൻ മനോരമ ഓൺലൈനുമായി പങ്കു വച്ചു. 

അരമണിക്കൂറിൽ പാട്ട് റെഡി

രഞ്ജിൻ രാജാണ് ഈ പാട്ടിന്റെ സംഗീത സംവിധായകൻ. നിത്യഹരിത നായകൻ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും അദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത്. ഏതെങ്കിലും പുതിയ ഗായകർക്ക് അവസരം നൽകിക്കൂടെയെന്ന് ചോദിച്ചതാണ്. അവർ സമ്മതിച്ചില്ല. ഞാൻ തന്നെ പാടിയാൽ മതിയെന്നു പറഞ്ഞ് നിർബന്ധിച്ചു. ഒടുവിൽ വഴിയില്ലാതായപ്പോൾ ഞാൻ പറഞ്ഞു, രാത്രി മുഴുവൻ സ്റ്റുഡിയോ ബുക്ക് ചെയ്തിട്ടോളാൻ! പാട്ടു പാടി തീർക്കാൻ സമയം വേണമല്ലോ. ഞാൻ വേറൊരു സിനിമയുട ഡബിങ് കഴിഞ്ഞിട്ട് രാത്രി ഒൻപതര ആയപ്പോഴാണ് സ്റ്റുഡിയോയിൽ എത്തിയത്. നേരം വെളുക്കുന്ന വരെ ഇരിക്കേണ്ടി വരുമെന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞു. എനിക്കാണെങ്കിൽ പിറ്റെ ദിവസം ഷൂട്ടിങ്ങുമുണ്ട്. എല്ലാവരെയും ഞെട്ടിച്ച് ഞാൻ അരമണിക്കൂർ കൊണ്ട് പാടി തീർത്തു. ഞാൻ സ്വയം ഞെട്ടി എന്നുള്ളത് സത്യമാണ്. അത്രയും പെട്ടെന്ന് തീർക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു.  

ഗിമിക്കുകളില്ല!

ഞാൻ പാടിയ പാട്ട് സിനിമയുടെ തുടക്കത്തിലേതാണ്. കല്യാണവീട്ടിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. കല്യാണവീട്ടിലെ കറിക്കരിയലും സാമ്പാർ ഇളക്കലും പോലുള്ള ദൃശ്യങ്ങളാണ് സിനിമയിൽ വരിക. പാട്ടു കേട്ട എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഗിമിക്കുകളൊന്നും കാണിക്കാതെ നമ്മുടെ ശബ്ദത്തിൽ തന്നെയാണു പാട്ട്. അല്ലാതെ കമ്പ്യൂട്ടറിൽ ഇട്ട് മാറ്റാനൊന്നും പോയിട്ടില്ല. ഞാൻ പാടിയത് തന്നെ മതിയെന്ന അഭിപ്രായം പറഞ്ഞു. 

നീ വേറെ ലെവൽ ആയല്ലോ

പിഷാരടി എഴുതിയ ഒരു മൂളിപ്പാട്ടു പോലും ഞാൻ സ്റ്റേജിൽ പാടിയിട്ടില്ല. ഈ പാട്ട് പാടിക്കഴിഞ്ഞിട്ട് ഞാൻ അവന് അയച്ചുകൊടുത്തു. തുറന്നു നോക്കുന്നതിന് മുൻപേ ചോദിച്ചു, എന്താടാ ഇതെന്ന്. ഞാൻ പറഞ്ഞു, ഞാൻ പാടിയ പാട്ടാണെന്ന്. പിഷാരടിയ്ക്ക് ആകാംക്ഷയായി. 'നീ വലിയ ലെവലിൽ ആയല്ലോ' എന്നായിരുന്നു അമ്പരപ്പോടെ പിഷാരടി പറഞ്ഞത്. പിഷാരടിക്ക് പാട്ട് പാടാൻ അറിയില്ലെന്നേയുള്ളൂ. പാട്ടിനെപ്പറ്റി നല്ല അറിവാണ്. ഏത് പടത്തിലെ പാട്ടാണ്, ആരാണു സംഗീതം... എന്നിങ്ങനെയുള്ള വിവരങ്ങളൊക്കെ അറിയാം. എന്റെ ഭാര്യയാണെങ്കിൽ റേഡിയോയുടെ ആളാണ്. ഒരു വരിയോ, ബിജിഎമ്മോ കിട്ടിയാൽ ബാക്കി വിവരങ്ങൾ ഇങ്ങോട്ടു പറഞ്ഞു തരും. പാട്ടു കേട്ടിട്ടു ഗംഭീരൻ അഭിപ്രായപ്രകടനം ഒന്നും ഭാര്യ നടത്തിയില്ല. എങ്കിലും നന്നായി എന്നു പറഞ്ഞു. റിമി ടോമി, ജ്യോത്സ്ന എന്നിവരും നല്ല അഭിപ്രായമാണ് പറഞ്ഞത്.

ഇതൊരു തുടക്കം മാത്രം

കൂട്ടുകാരുടെ ഇടയിൽ പാടാറുണ്ട്. കൂടുതലും മെലഡികളാണ് പാടാറുള്ളത്. അടിച്ചുപൊളി പാട്ടുകൾ പാടാറില്ല. സിനിമയിൽ ഒരു പാട്ടും കൂടി വരുന്നുണ്ട്. 'സകലകലാശാല' എന്ന സിനിമയിലാണ് അത്. അതിന്റെ റെക്കോർഡിങ് കഴിഞ്ഞു. എഡിറ്റിങ് ജോലികൾ പുരോഗമിക്കുന്നു. അതൊരു കോമഡി പാട്ടാണ്. അതു നല്ല രസമുള്ള പാട്ടാണ്. ദൃശ്യങ്ങളും മികച്ചതാണ്. അതാണ് ഇനി പുറത്തു വരാനിരിക്കുന്ന പാട്ട്. 'പണ്ടാറ ഫാദർ മത്തായി', എന്നു തുടങ്ങുന്ന ഒരു ക്യാമ്പസ് ഗാനം. ക്യാമ്പസിന്റെ മൂഡ് ഉള്ള അടിപൊളി കോമഡി പാട്ടാണ് അത്. 

പാട്ടുകാരനല്ല, തമാശക്കാരൻ

എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമയിൽ പാടുക എന്നത്, സംഭവിക്കാൻ ഒരിക്കലും യാതൊരു സാധ്യതയുമില്ലാത്ത കാര്യമായിരുന്നു. പഠിക്കുന്ന കാലം മുതൽക്കെ ഞാൻ തമാശക്കാരനായിരുന്നു. പാട്ടൊന്നും പാടാറില്ല. എപ്പോഴും നല്ല പാട്ടുകാർ കൂടെയുണ്ടാവാറുണ്ട്. സ്റ്റേജ് ഷോകൾക്കായി പോകുമ്പോൾ പ്രത്യേകിച്ചും. അവരുടെ മുൻപിൽ പാട്ടൊന്നു മൂളാൻ പോലും തോന്നില്ല. കാരണം അവരൊക്കെ വലിയ പാട്ടുകാരല്ലേ! ഈ അവസരം വന്നതു തന്നെ ഞാനൊരു ആർടിസ്റ്റ് ആയതുകൊണ്ടാണ്. അല്ലെങ്കിൽ ഞാനൊരിക്കലും സിനിമയിൽ പാടുമായിരുന്നില്ല. എനിക്കാണെങ്കിൽ നന്നായി പാട്ടു പാടുന്നവരോടും ഡ്രൈവ് ചെയ്യുന്നവരോടും വലിയ അസൂയയാണ്.  

സ്റ്റേജിൽ ലൈവ് ആയി പാട്ടു പാടുമോ? 

സ്റ്റേജിൽ പാടുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, നന്നായില്ലെങ്കിൽ ആളുകൾ പറയും സിനിമയിലെ പാട്ട് മുഴുവൻ കമ്പ്യൂട്ടർ സൂത്രപ്പണികൾ ആണെന്ന്. കോളേജുകളിൽ ഉദ്ഘാടനത്തിനു പോകുമ്പോൾ പാടാനൊക്കെ പറയാറുണ്ട്. ഈ പാട്ട് ഓർക്കസ്ട്ര വച്ചൊക്കെ പാടി നോക്കണം. ഒന്നുറപ്പാണ്, സ്റ്റേജിൽ പാടുന്നുണ്ടെങ്കിൽ അത് ഒറിജിനൽ ആയേ പാടുള്ളൂ. ട്രാക്കിട്ട് പാടില്ല.