Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയന്റെ പ്രണയ സ്വപ്നങ്ങളുടെ സുദീപശബ്ദം

sudeepsinger

പാലകളിൽ കാമം പൂക്കുന്ന ധനുമാസരാവിൽ അന്ത്യാളൻ കാവിൽ നിലാവു പരക്കുകയാണ്. കൈതപ്പൂവിന്റെ മാദകസുഗന്ധമുള്ള  കിഴക്കൻകാറ്റ് കരിമ്പനയിൽ താളമിട്ടു. ആ ലഹരിയില്‍ പ്രണയിനിയെ സ്വപ്നം കാണുകയാണ് അയാൾ. അമ്പ്രാട്ടിയെ പറ്റി ഒടിയന്റെ സ്വപ്നത്തിന് ആകാശവലുപ്പമുണ്ട്. ഏതോ മായിക ലോകത്തേക്കെന്ന പോലെ മനസ്സിനെ കൊണ്ടു പോവുകയാണ് പ്രണയം തുളുമ്പുന്ന ആ വരികൾ.

കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം...

കൊണ്ടോവാം കൊണ്ടോവാം അന്ത്യാളൻ കാവിൽ കൊണ്ടോവാം....

മാണിക്യന്റെയും പ്രഭയുടെയും പ്രണയം റഫീഖ് അഹമ്മദ് വരികളിൽ കോറിയിട്ടപ്പോൾ അതിനു ജീവൻ നൽകിയത് മറ്റാരുമല്ല – എം. ജയചന്ദ്രൻ. നിലാവു പരക്കുന്ന, പാലപ്പൂ മണമൊഴുകുന്ന രാത്രിയുടെ നിഗൂഢതയിലേക്കു ആസ്വാദക ഹൃദയങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത് സുദീപ് കുമാറിന്റെ പ്രണയം തുളുമ്പുന്ന ശബ്ദവും. 

ഒടിയന്റെ പ്രണയ മോഹങ്ങളുടെ ശബ്ദമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു ഗായകൻ സുദീപ് കുമാർ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തിയ ഗാനം പാടിയതിന്റെ അനുഭവം പങ്കുവെക്കുകയാണു സുദീപ്. 

ജയൻ ചേട്ടൻ വിളിച്ചു, ഞാൻ പാടി

‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം ഞാൻ പാടാനുള്ള പ്രധാന കാരണം ഇതിന്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ തന്നെയാണ്. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞത് ഇപ്രകാരമാണ്. ‘‘ഞാൻ ഒരു വലിയ സിനിമ ചെയ്യാൻ പോകുന്നുണ്ട്. അത് എന്റെ ജീവിതത്തിലെ മികച്ച സിനിമകളിൽ ഒന്നായിരിക്കും. അതിൽ ഒരു പാട്ട് സുദീപിനുള്ളതാണ്. എന്നെ പോലെ തന്നെ സുദീപിന്റെ കരിയറിലും ഈ ഗാനം വളരെ പ്രധാനപ്പെട്ട ഒന്നാകും. ഇത് എന്റെ മനസ്സിലെ കണക്കുകൂട്ടലാണ്. അങ്ങനെയാണ് ഈ സിനിമയെ പറ്റി എനിക്കു തോന്നുന്നത്.’’ – കരിയറിൽ തന്നെ വലിയ മാറ്റം കൊണ്ടുവരാൻ സാധ്യതയുള്ള പാട്ടാണ് ഇതെന്നു ജയേട്ടൻ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. 

ശ്രേയാ ഘോഷാൽ അന്ന് പാടിയില്ല

ഒടിയന്റെ റെക്കോർഡിങ്ങിൽ ആദ്യത്തെ പാട്ടാണ് ‘കൊണ്ടോരാം കൊണ്ടോരാം’. ചെന്നൈയിൽ സ്റ്റീഫൻ ദേവസ്സിയുടെ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. പാടിക്കഴിഞ്ഞപ്പോൾ എന്നോടു പറഞ്ഞത് ഇക്കാര്യം ഇപ്പോൾ ആരോടും പറയേണ്ട എന്നാണ്. കാരണം നിലവിൽ പ്രശസ്തരായവർ തന്നെ ഈ സിനിമയുടെ എല്ലാ രംഗങ്ങളിലും വേണമെന്ന നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ പാടിയത് സിനിമയിൽ ഉൾപ്പെടുത്തുമോ എന്നതു സംബന്ധിച്ചു വലിയ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭാര്യക്കൊഴികെ മറ്റാർക്കും ഈ സിനിമയിൽ ഞാൻ പാടിയ വിവരം അറിയില്ലായിരുന്നു. ഞാൻ ഈ പാട്ടു പാടുമ്പോൾ ശ്രേയാജി പാടിയിട്ടില്ല. പിന്നീടാണ് അവർ പാടിയത്. മുംബൈയിലായിരുന്നു അതിന്റെ റെക്കോർ‍ഡിങ്. 

പലരും പറഞ്ഞു, ഞാൻ അറിഞ്ഞു

പാട്ടുകൾ പാടിക്കഴിയുമ്പോൾ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ അപ്പോൾ തന്നെ തുറന്നു പറയുന്ന വ്യക്തിയാണ് ജയേട്ടൻ. ഈ ഗാനം റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം വളരെ ഹാപ്പിയായിരുന്നു. നന്നായി പാടിയിട്ടുണ്ടെന്ന് എന്നോടു പറഞ്ഞു. പക്ഷേ, അപ്പോഴും ഞാനായിരിക്കും ഈ ഗാനം സിനിമയിൽ പാടുക എന്നത് എനിക്ക് ഉറപ്പില്ലായിരുന്നു. പിന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം തിരുവനന്തപുരത്ത് ഒരു പ്രോഗ്രാമിന്റെ ഷൂട്ട് നടക്കുമ്പോൾ  ലാലേട്ടനെ കണ്ടു. അദ്ദേഹം കെട്ടിപ്പിടിച്ചു പറഞ്ഞു. ‘‘മോനേ നന്നായി പാടിയിട്ടുണ്ട്. ഈ പാട്ട് ഇങ്ങനെ തന്നെ പാടേണ്ട പാട്ടാണ്.’’ അപ്പോൾ തന്നെ ഞാൻ ജയചന്ദ്രൻ ചേട്ടനെ വിളിച്ചു പറഞ്ഞു. ലാലേട്ടൻ വളരെ താല്പര്യത്തോടെയാണു പാട്ടിനെ പറ്റി സംസാരിച്ചത്. ശ്രീകുമാറേട്ടനും ആന്റണി പെരുമ്പാവൂരിനുമെല്ലാം പാടിയത് ഇഷ്ടമായിട്ടുണ്ടെന്നായിരുന്നു അപ്പോൾ ജയൻ ചേട്ടന്റെ മറുപടി. 

odiyan-teaser

അതിനുശേഷം ലാലേട്ടന്റെയും എന്റെയും ഒരു കോമൺ സുഹൃത്ത് നന്ദകുമാർ എന്ന ഒരു ഹോമിയോ ഡോക്ടറുണ്ട്. എന്റെ വളരെ അടുത്ത സുഹൃത്താണ്.  ഞാൻ ഒരു ദിവസം പാലക്കാട് നന്ദകുമാർ ഡോക്ടറുടെ അടുത്ത് ചെന്ന സമയത്ത് ഒടിയനിലെ പാട്ട് അടിപൊളിയായിട്ടുണ്ട്. ലാലേട്ടൻ അതിനെക്കുറിച്ച് ഭയങ്കര ത്രിൽഡ് ആയി സംസാരിച്ചതായും ഹെഡ് ഫോൺ വച്ചു കേൾപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഈ പാട്ട് വരുന്നത് എന്റെ ശബ്ദത്തിൽ തന്നെയാണെന്ന് എനിക്ക് ബോധ്യപ്പെട്ടത്.

പിന്നീട് പാട്ടിലെ ഓരോ ഭാഗങ്ങളെക്കുറിച്ചും ലാലേട്ടൻ പലരോടും പറഞ്ഞു. പാട്ടിലെ ചില പോർഷൻസൊക്കെ സുദീപ് പാടിയത് മനോഹരമായിട്ടുണ്ടെന്നു വളരെ താല്പര്യപൂർവം അദ്ദേഹം പറഞ്ഞതായി ഞാനറിഞ്ഞു. അങ്ങനെയാണ് ഈ പാട്ട് എന്റേതായി ഇറങ്ങിയെന്ന ബോധ്യം വന്നത്. എന്നിട്ടും ഞാൻ കുറേ ദിവസം ആരോടും പറഞ്ഞില്ല. കാരണം എന്തായാലും ഷൂട്ടിങ് ഒക്കെ കഴിയട്ടെ,  ഒരു ഫൈനൽ സ്റ്റേജ് ആയിട്ട് പറയാം എന്ന് കരുതി കുറെനാൾ മനസ്സിൽ സൂക്ഷിച്ചു. എന്റെ വളരെ അടുത്ത സുഹൃത്തുക്കളോട് പോലും വളരെക്കാലത്തിനു ശേഷം ആണ് പറഞ്ഞത്. 

മനസ്സിൽ അന്നേ കുറിച്ചു, ഷുവർ ഹിറ്റ്

ഈ പാട്ടു പാടുമ്പോൾ തന്നെ എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നിയിരുന്നു. കാരണം ഈ പാട്ടിന്റെ ഈണം അത്രയും മനോഹരമായാണു ജയേട്ടൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാടിക്കഴിഞ്ഞപ്പോൾ ഈ പാട്ട് ഷുവർ ഹിറ്റാകുമെന്നു തോന്നി. ലൈവ് ഷോകൾ ചെയ്യുന്ന ആളായതു കൊണ്ടു ചില പാട്ടുകൾ കേൾക്കുമ്പോൾ നമുക്ക് ആ പാട്ട് ജനങ്ങൾക്ക് ഇഷ്ടമാകുമോ ഇല്ലയോ എന്നു മനസ്സിലാകും. ഈ പാട്ടിന്റെ ഈണം കേട്ടപ്പോൾ തന്നെ ഈ പാട്ട് ആളുകൾ പാടിനടക്കുമെന്ന് എനിക്കു തോന്നി.

ജയേട്ടൻ ഒരുപാട്ട് ചിട്ടപ്പെടുത്തുമ്പോൾ അതിന് അദ്ദേഹം ഒരു ലെവൽ കാണും. അതിനു മുകളിൽ പാടിയാൽ മാത്രമേ അദ്ദേഹത്തിന് ഇഷ്ടമാകു. ഈ പാട്ട് അദ്ദേഹം ആദ്യം പാടിയതു കേട്ടപ്പോൾ തന്നെ എനിക്കു ടെൻഷനായി. അത്രയും മനോഹരമായാണ് ജയേട്ടൻ അതു പാടി കേൾപ്പിച്ചത്. അതിനു മുകളിൽ ഞാൻ പാടിയാല്‍ മാത്രമേ അദ്ദേഹത്തിന് ഇഷ്ടമാകൂ എന്ന് എനിക്കു വ്യക്തമായി അറിയാം. മാത്രമല്ല, ഫീമെയില്‍ പോർഷൻ പാടുന്നത് ശ്രേയ ഘോഷാല്‍ ആണെന്നതു മറ്റൊരു റിസ്ക് ഫാക്ടർ ആയിരുന്നു.

Odiyan-Song

ശ്രേയാജിയുടെത് തികച്ചും വ്യത്യസ്തമായ ശൈലിയാണല്ലോ. ഫീമെയിൽ പോർഷനിലുള്ള ഭാഗങ്ങളെല്ലാം എന്തെല്ലാം സംഗതികൾ നൽകിയാണ് അവർ പാടുക എന്ന് ആലോചിച്ചാണ് ഞാൻ ഈ ഗാനത്തിന്റെ മെയിൽ പോർഷൻസ് പാടിയത്. സത്യത്തിൽ അവരുടെ ആലാപന ശൈലി ആലോചിച്ചപ്പോൾ എനിക്കുള്ളിൽ ആദ്യം ഒരു പേടിയാണു തോന്നിയത്. റെക്കോർഡിങ്ങിനു രണ്ടു ദിവസം മുൻപ് മറ്റു പ്രോഗ്രാമുകൾക്കൊന്നും പോകരുതെന്ന് ജയേട്ടന്റെ നിർദ്ദേശമുണ്ടായിരുന്നു. നന്നായി പ്രാക്ടീസ് ചെയ്തു വോയ്സ് നല്ല ക്ലീനാക്കി വേണം പാടാനെന്നും അദ്ദേഹം പറഞ്ഞു. ഞാനതുകൊണ്ട് എല്ലായ്പ്പോഴും ഈ പാട്ടു തന്നെ കേട്ടുകൊണ്ടിരുന്നു. മനോഹരമായ വരികളാണല്ലോ റഫീക്കേട്ടന്റെത്. ഓരോ വാക്കും ആസ്വദിച്ചു പാടാവുന്ന രീതിയിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആസ്വദിച്ചാണ് ഈ ഗാനം പാടിയത്. ഈ വരികളുടെ ‘ഷുഗർ കോപ്പി’ വേണമെന്നായിരുന്നു ജയേട്ടന്റെ ആവശ്യം. വരികൾ പോലെതന്നെ അത്രയും മനോഹരമായിരിക്കണം ആലാപനവും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നെ കൊണ്ടു ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ ചെയ്തു. പാട്ടുകേട്ട് അഭിപ്രായം പറയേണ്ടതു ആസ്വാദകരാണല്ലോ. നല്ലതു കേൾക്കുമ്പോൾ സന്തോഷം മാത്രം. 

ഹിറ്റുകൾ പിറന്നത് ശ്രേയയോടൊപ്പം

ശ്രേയ ഘോഷാലിനൊപ്പം മലയാളത്തിൽ ആദ്യമായി യുഗ്മഗാനം പാടാനുള്ള ഭാഗ്യം എനിക്കുണ്ടായി. അതാണ് ബനാറസിലെ ‘മധുരം ഗായതി മീരാ’ എന്ന ഗാനം. പിന്നീട് ചട്ടക്കാരിയിലെ ‘നിലാവേ നിലാവേ’. മധുരം ഗായതി സെമിക്ലാസിക്കലും, ‘നിലാവേ, നിലാവേ സോഫ്റ്റ് സോങ്ങും ആണ്. ഇതിനു രണ്ടിനുമിടയിൽ നിൽക്കുന്നതാണ് ഒടിയനിലെ ഈ ഗാനം. ഇത് റൊമാന്റിക് ആണ്, എന്നാൽ കുറച്ച് പവർഫുൾ ആണ്. ബോൾഡ് ആയി പാടണം എന്നാൽ ഒരുപാട് റഫ് ആകാനും പാടില്ല. അങ്ങനെ കുറേ ഇൻസ്ട്രക്‌ഷൻസുണ്ടായിരുന്നു പാടുമ്പോൾ. നാടോടിതാളത്തിൽ ഒരു മനോഹര പ്രണയഗാനം. പലരും ചോദിച്ചു. പാട്ടിന്റെ വരികളും സംഗീതവും തികച്ചും വ്യത്യസ്തമായ രീതിയിലാണല്ലോ. അതിനു കാരണം ഈ ഗാനത്തിന്റെ ദൃശ്യം അത് ആവശ്യപ്പെടുന്നു എന്നതാണ്. 

അന്ന് കണ്ണുനിറഞ്ഞു, ഇന്ന് കാത്തിരുന്നു

ലാലേട്ടനെ പോലെ ഒരു സൂപ്പർ ഹീറോ സ്ക്രീനിൽ വരുന്ന പാട്ടാണെന്നു പറയുമ്പോൾ തന്നെ നമുക്കുള്ള ബാധ്യത വളരെ വലുതാണ്. ലാലേട്ടൻ എന്റെ ശബ്ദത്തില്‍ പാടി അഭിനയിക്കുക എന്നത് എനിക്കു ലഭിച്ച ഭാഗ്യമാണ്. എന്റെ ആദ്യ ചിത്രം ‘ഊമപ്പെണ്ണിനു ഉരിയാടപ്പയ്യ’നായിരുന്നു. അതിൽ നായകൻ ജയസൂര്യ ഊമയാണ്. അതുകൊണ്ടു തന്നെ ആ ഗാനം പാടി അഭിനയിച്ചതല്ല. പിന്നീട് ശിക്കാറിലെ ‘എന്തെടി എന്തെടി’ എന്ന പാട്ട് എന്റെ ശബ്ദത്തിൽ ലാലേട്ടൻ പാടി അഭിനയിച്ചപ്പോൾ തിയറ്ററിൽ ഇരുന്ന് എന്റെ കണ്ണുനിറഞ്ഞു പോയി. പക്ഷേ, ഒടിയനിലേതു പോലെ ഇത്രയും കാത്തിരുന്ന ഒരു പാട്ട് എന്റെ കരിയറിൽ ഉണ്ടായിട്ടില്ല. കാരണം, ഈ പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞിട്ട് ഒരു വർഷത്തിലും മേലെയായി. ലാലേട്ടന്റെ ചുണ്ടിലൂടെ ഈ പാട്ടുകേൾക്കാൻ ഞാനും കാത്തിരിക്കുകയാണ്. 

കാത്തിരിക്കൂ, ആ ദൃശ്യവിസ്മയം കാണാൻ

ഇതിലെ ദൃശ്യങ്ങൾ സസ്പെൻസാണ്. പാട്ട് തുടങ്ങുന്നതിനു മുമ്പ്  ലാലേട്ടൻ പറയുന്നൊരു ഡയലോഗുണ്ട്. എന്റമ്പ്രാട്ടി എന്നോടൊരു ആഗ്രഹം ചോദിച്ചു അത് ഞാൻ സാധിച്ചു കൊടുക്കാൻ തീരുമാനിച്ചു എന്ന്. ആ ആഗ്രഹം എന്താണെന്നും  തമ്പ്രാട്ടിയുടെ ആഗ്രഹങ്ങളിലൂടെ അവർ ആഗ്രഹിച്ച  ഒരു ഫാന്റസിയിലൂടെ ഒടിയൻ മാണിക്യന്റെയും പ്രഭയുടെയും പ്രയാണമാണ് ഈ ഗാനം. അതൊരു സ്വപ്ന ലോകമാണ്. പാടുന്നതിനു മുൻപ് ആ സീൻ എന്നോടു വിവരിച്ചിരുന്നു. അതു മനസ്സിൽ കണ്ടുകൊണ്ടാണു പാടിയത്. പലരും എന്നോടു ചോദിച്ചു എന്തു വിഷ്വലാണു വരാൻ പോകുന്നതെന്ന്. അതൊരു സസ്പെൻസായി തന്നെ ഇരിക്കട്ടെ. ആദ്യവരി തുടങ്ങുന്നതിനു മുമ്പുള്ള  ഇൻട്രോഡക്‌ഷൻ ബീജിയത്തിൽ എന്തൊക്കെ ദൃശ്യങ്ങളാണു വരുന്നത്,  അനുപല്ലവി കഴിഞ്ഞുള്ള ബീജിയത്തിൽ എന്തൊക്കെയാണ് വരുന്നത് എന്നൊക്കെ എന്നോട് വിശദമായി പറഞ്ഞിരുന്നു. ഏത് മോഹൻലാൽ ആരാധകനെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ആ ദൃശ്യങ്ങൾ ആദ്യ ദിവസം തന്നെ തിയറ്ററിൽ കാണാന്‍. ആ ഒരു ത്രില്ലിലാണ് ഞാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.