Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിക്കും മുൻപ് ഉമ്പായി കണ്ട സ്വപ്നം; സാക്ഷാത്കരിച്ച് ഈ മകൻ

sameer-caravan

സംഗീതം മത്തുപിടിപ്പിക്കുന്ന ചില നഗരരാത്രികളുണ്ട്. വിഷാദത്തിന്റെ, പ്രണയത്തിന്റെ, ഉന്മാദത്തിന്റെ രാത്രികൾ. നഗരജീവിതത്തിന്റെ തിരക്കുകൾ അൽപം ശാന്തമാകുന്ന  വൈകുന്നേരങ്ങളിൽ കൊച്ചിയുടെ ഹൃദയത്തിൽ സംഗീതലഹരിയുടെ നുരപൊങ്ങും. അവിടെ ഗസൽ മാന്ത്രികരുടെ ഈണങ്ങൾ പുനർജനിക്കും. പറഞ്ഞു വരുന്നത് 'കാരവൻ' സംഗീതം ഒഴുകുന്ന കൊച്ചി രാത്രികളെ കുറിച്ചാണ്. ഗസൽ മാന്ത്രികൻ ഉമ്പായിയുടെ ഓർമയ്ക്കായി ആരംഭിച്ച സംഗീത കൂട്ടായ്മയാണ് കാരവൻ. 

Umbayee

‌കേവലം ഒരു മ്യൂസിക് ബാന്റിലേക്കു കാരവനെ ചുരുക്കാനാകില്ല. പാടാനും പാട്ടുകേൾക്കാനും സഹൃദയരുടെ ഒരിടം. ഉമ്പായിയുടെ മകൻ സമീർ, പ്രശസ്ത സംഗീതസംവിധായകൻ ബേണി, ബേണിയുടെ മക്കളായ കീർത്തൻ ബേണി, ടാൻസൺ ബേണി, ഗായകനും സംഗീത സംവിധായകനുമായ മിഥുൻ ജയരാജ്, ജിത്തു ഉമ്മൻ തോമസ്, ഹെരാൾഡ് ആന്റണി, ഫഹദ് എന്നിവരാണ് ഈ സംഗീത കാരവനിലെ യാത്രക്കാർ. സുഫി സംഗീതത്തിന്റെ ശാന്തതയും, ഖവാലിയുടെ ആനന്ദവും ആ നഗരരാത്രികളിൽ നിറയും. 

കൊച്ചിയുടെ നഗരരാത്രികളെ പാടിയുറക്കിയിരുന്ന ഉമ്പായി ഒരിക്കൽ ഒരു സംഗീത സ്വപ്നം കണ്ടു. അതു സാക്ഷാത്കരിച്ചതു പ്രിയപുത്രൻ സമീറിലൂടെയാണ്. പിതാവിനെ പോലെ തന്നെ സംഗീതമാണു സമീറിന്റെ പ്രാണൻ. ഗിറ്റാറിലാണു പ്രിയം. ഉമ്പായിയുടെ പല സംഗീത സദസ്സിലും ഗിറ്റാറുമായി സമീറുമുണ്ടായിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ബേണി, ജിത്തു തോമസ്, ഹെറാൾഡ് എന്നിവർ അന്നും ഇന്നും ഈ സംഗീതയാത്രയിൽ പങ്കാളികളാണ്. 

Sameer

ആത്മാവുള്ള സംഗീതം തേടിയുള്ള യാത്ര. അതാണ് കാരവന്‍. പിതാവ് കണ്ട സ്വപ്നത്തെ പറ്റി സമീറിന്റെ വാക്കുകൾ ഇങ്ങനെ: 'രണ്ടുവർഷം മുൻപ് ഉമ്പായിക്കയ്ക്ക് (പിതാവ് ഉമ്പായിയെ സമീർ വിളിക്കുന്ന പേര്) ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. അപ്പോൾ ഏറ്റെടുത്ത പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആ സമയത്ത് ഉമ്പായിക്കയുടെ പ്രോഗ്രാമുകൾ മിഥുനെയും ഗായത്രിയെയുമൊക്കെ ഉൾപ്പെടുത്തിയാണു നടത്തിയിരുന്നത്. അപ്പോൾ ഇതൊരു സംഗീത കൂട്ടായ്മയായി മുന്നോട്ടു കൊണ്ടുപോകണമെന്ന ചിന്ത വന്നു. പക്ഷേ, മറ്റുപല തിരക്കുകൾ കാരണം അന്ന് അതിനു സാധിച്ചില്ല. പിതാവ് അസുഖ ബാധിതനാകുന്നതിനു കുറച്ചു മുൻപ് ഇതേപറ്റി വീണ്ടും ചിന്തിച്ചിരുന്നു. ബേണി ഇഗ്നേഷ്യസിലെ ബേണിച്ചേട്ടനോട് ഇങ്ങനെ ഒരു ആശയത്തെ പറ്റി പറയുകയും ചെയ്തു. എല്ലാതരത്തിലുള്ള സംഗീത പ്രേമികളെയും സ്വാധീനിക്കാൻ കഴിയുന്നതായിരിക്കണം ഈ സംഗീത കൂട്ടായ്മ എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. ഐ ജി വിജയൻ സർ ഉമ്പായിക്കയുടെ അടുത്ത സുഹൃത്താണ്. മരിച്ചപ്പോൾ കാണാൻ അദ്ദേഹം വന്നിരുന്നു. എന്നെ മാറ്റി നിർത്തി അദ്ദേഹം പറഞ്ഞു സമീർ ഈ സംഭവം കൈവിടരുത്. എന്തായാലും മുന്നോട്ടു കൊണ്ടു പോകണം. ഉമ്പായിക്കായുടെ ഇഷ്ടപ്രകാരം നിലനിർത്തണം.'

ഗസലുകളിലൂടെയും ഖവാലികളിലൂടെയും സൂഫിസംഗീതത്തൂടെയുമാണ് ഈ കാരവന്റെ യാത്ര. ഗുലാം അലിയുടെയും ജഗ്ജിദ് സിങ്ങിന്റെയും ഉമ്പായിയുടെയുമെല്ലാം ഗസലുകൾ 'കാരവൻ' രാത്രികളിൽ നിറയും. എല്ലാം നിമിത്തങ്ങളാണെന്നു വിശ്വസിക്കുകയാണ് സമീർ. തികച്ചും യാദൃശ്ചികമായാണ് ഇതിലെ ഗായകരെല്ലാം എത്തുന്നത്. മിഥുൻ വരുന്നത് ഉമ്പായിയുടെ ഒരു പ്രോഗ്രാമിൽ പാടാൻ വന്നതിലൂടെയാണ്. അതിൽ ഏറ്റവും അതിശയം ഫഹദ് എന്ന ഗായകന്റെ വരവാണ്. സംഗീത മോഹവുമായി യുകെയിൽ നിന്നും സമീറിനെ തേടി വന്നു ഫഹദ്. മുഹമ്മദ് റഫിയുടെ പാട്ടുകൾ അതിമനോഹരമായി പാടുന്ന ഈ കോഴിക്കോട്ടുകാരൻ യുകെയിൽ എത്തിയതും സംഗീതത്തിനു വേണ്ടി മാത്രം. ഒരിക്കൽ തികച്ചും യാദൃശ്ചികമായി ഫഹദ് സമീറിനോടും ഒരു ബാന്റ് തുടങ്ങുന്നതു സംബന്ധിച്ചു സംസാരിച്ചു. അപ്പോഴേക്കും കാരവന്റെ ഒരുക്കങ്ങൾ സമീർ ഏതാണ്ട് പൂർത്തീകരിച്ചിരുന്നു. അത് ഫഹദിനോടു സമീർ പറയുകയും ചെയ്തു. എങ്കിൽ ഞാൻ കൂടി നിങ്ങൾക്കൊപ്പം വരട്ടെ എന്നായിരുന്നു ഫഹദിന്റെ മറുചോദ്യം. അങ്ങനെയാണ് ഫഹദ് കാരവനിൽ കയറിയത്. 

കീർത്തനും ടാൻസനും മിഥുനും ഫഹദുമാണ് ഗായകർ. ഗായത്രിയും സിത്താരയും അതിഥി ഗായകരായി എത്തും. ഉമ്പായിയുടെ കൂടെയുണ്ടായിരുന്ന എല്ലാവരും ഓർക്കസ്ട്രയിലുമുണ്ട്. ഈ സംഗീത കുടുംബം ഒരിക്കലും പിരിഞ്ഞു പോകരുതെന്ന് ഉമ്പായി ആഗ്രഹിച്ചിരുന്നതായും സമീർ പറഞ്ഞു. ആ സ്വപ്നസാക്ഷാത്കാരമാണ് കാരവൻ.