Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദ് പറഞ്ഞു; ഈ പയ്യൻ കൊള്ളാമല്ലോ!

yadhu-fahadh

മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഫോറിന്റെ മത്സരവേദിയിൽ നിന്നു ഇറങ്ങുമ്പോൾ സംഗീതസംവിധായകൻ ഷാൻ റഹ്മാൻ യദു എസ്. മാരാർ എന്ന യുവഗായകന് ഒരു വാക്കു കൊടുത്തു. അടുത്ത സിനിമയിൽ യദുവിന് ഒരു പാട്ടു നൽകുമെന്ന്! ഷാൻ ആ വാക്കു പാലിച്ചു. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' എന്ന സിനിമയിൽ യദു പാടി. ഓമൽതാമര കണ്ണല്ലേ... എന്നു തുടങ്ങുന്ന ഗാനം യദുവിന്റെ ശബ്ദത്തിൽ സിനിമാപ്രേമികൾ ആഘോഷമാക്കി. പാട്ട് ഹിറ്റ്! ആദ്യഗാനം തന്നെ ഹിറ്റ് ആയതിന്റെ ഹാങ്ങോവർ ഇല്ലാതെ ചേർപ്പിലെ 'പഞ്ചാരി' വീട്ടിലുണ്ട് ആരാധകരുടെ പ്രിയപ്പെട്ട മാരേട്ടൻ! 

ക്ഷേത്രവാദ്യകലകൾക്ക് കേളി കേട്ട പെരുവനത്ത് നിന്നായതിനാൽ മേളകമ്പക്കാർക്കും യദു സുപരിചിതൻ! യദുവിന്റെ പാട്ടു കേൾക്കുമ്പോൾ അവർ പറയും, 'ഇത് മ്മ്ടെ യദൂന്റെ പാട്ടാണ്'. അച്ഛൻ സതീഷ് മാരാർക്കൊപ്പം ഇപ്പോഴും ഉത്സവപ്പറമ്പുകളിൽ ചെണ്ടയുമായി മേളത്തിനു പോകുന്നുണ്ട് ഈ കലാകാരൻ. പണ്ടത്തേതിൽ നിന്നു ഇപ്പോൾ ഒരു വ്യത്യാസം മാത്രം. ഉത്സവപ്പറമ്പിലെ ചെണ്ടക്കാരനെ കാണുമ്പോൾ ചിലരെങ്കിലും തിരിച്ചറിയും. സെൽഫി എടുക്കും. 'ഞാൻ പ്രകാശനി'ലെ പാട്ടു ഹിറ്റായതോടെ സെൽഫി എടുക്കാനെത്തുന്നവരുടെ എണ്ണം അൽപം കൂടിയിട്ടുണ്ടെന്ന് മാത്രം.  'എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു' എന്നാണു ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചു ചോദിച്ചാൽ യദു പറയുക. 

ആ പാട്ട് സിനിമയിൽ ഉണ്ടായിരുന്നില്ല

"സൂപ്പർ ഫോറിന്റെ വേദിയിൽ ഷാൻ സർ 'ഞാൻ പ്രകാശൻ' എന്ന സിനിമയെക്കുറിച്ചു സൂചിപ്പിച്ചിരുന്നെങ്കിലും അതിൽ പാടാൻ പറ്റുമെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. സത്യൻ സാറിനും മറ്റു അണിയറപ്രവർത്തകർക്കും ഇഷ്ടപ്പെടുകയാണെങ്കിൽ പാട്ട് ഉൾപ്പെടുത്താമെന്നായിരുന്നു ഷാൻ സർ പറഞ്ഞത്. കാക്കനാട് സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. ഇതിന്റെ ചർച്ചകൾ നടക്കുന്ന സമയത്ത് ഇങ്ങനെയൊരു പാട്ടിനെക്കുറിച്ച് അവർ തീരുമാനിച്ചിരുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ എനിക്കു വേണ്ടി ഉണ്ടാക്കിയ പാട്ട് എന്നു പറയാം. അതെല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം! സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് നായകനാകുന്ന സിനിമയിൽ പാട്ടു പാടി തുടങ്ങാൻ കഴിയുന്നതു വലിയൊരു ഭാഗ്യമാണ്. അതെനിക്ക് നൽകിയത് ഷാൻ സാറാണ്. പാട്ട് ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ട്," യദു പാട്ടിന്റെ സന്തോഷം പങ്കു വച്ചു. 

ഈ പാട്ട് ഇവൻ പാടിയാൽ മതി

ഞാൻ ട്രാക്കു പാടിയത് ഷാൻ സർ സംവിധായകൻ സത്യൻ അന്തിക്കാട് സാറിന് അയച്ചു കൊടുത്തു. അതു കേട്ടു കഴിഞ്ഞു സത്യൻ സർ തന്നെയാണു പറഞ്ഞത്, ഈ പാട്ടു ഇവൻ തന്നെ പാടിയാൽ മതി എന്ന്. എനിക്കു ലഭിച്ച എറ്റവും വലിയ കമന്റ് ഇതു തന്നെയാണ്. ഞാൻ ആദ്യമായാണ് പ്ലേബാക്ക് പാടുന്നത്. അത് ഒരു സംവിധായകന് ഇഷ്ടപ്പെടുക എന്നതു തന്നെയാണ് വലിയ കാര്യം. യദു തന്നെ പാടിക്കോട്ടെ എന്ന സത്യൻ സാറിന്റെ തീരുമാനമാണ് എന്നെ സംബന്ധിച്ചിടത്തോളം നിർണായകം. 

yadhusathyan

ലഭിക്കുന്നത് മികച്ച പ്രതികരണം

സൂപ്പർ ഫോർ വിധികർത്താക്കളും പാട്ടു കേട്ടിട്ടു നല്ല അഭിപ്രായമാണു പറഞ്ഞത്. സിനിമയിലെ സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ പാടിയെന്ന് അവർ പറഞ്ഞു. ടോൺ മാറ്റി പാടിയതു പ്രത്യേകം എടുത്തു പറയുകയും ചെയ്തിരുന്നു. പൊതുവെ മികച്ച അഭിപ്രായമാണു പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. സത്യൻ അന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഒരു ചിത്രം എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ്. ആ ചിത്രത്തിലെ പാട്ടു പാടാൻ കഴിഞ്ഞത് എനിക്കും ഗുണകരമായി. 

ഈ പയ്യൻ കൊള്ളാമല്ലോ!

പാട്ടിനെ കുറിച്ചു കേട്ട കമന്റുകളിൽ രസകരമായത് ഫഹദ് ഫാസിലിന്റേതായിരുന്നു. നേരിട്ട് അദ്ദേഹം എന്നോടു പറഞ്ഞതല്ല. ഷാൻ സർ പറഞ്ഞു കേട്ടതാണ്. ഈ ഗാനം ചിത്രീകരിക്കാനായി ലൊക്കേഷനിൽ ഈ പാട്ടു കേൾപ്പിക്കുകയാണ്. പാട്ടു കേട്ട് ഫഹദ് ഫാസിൽ ചോദിച്ചു, 'ഏതാ ഈ പാട്ടു പാടിയ പയ്യൻ? ഈ പയ്യൻ കൊള്ളാമല്ലോ' എന്ന്. പിന്നീട് ഷാൻ സാറിനെ വിളിച്ചു ഫഹദ് ഈ പാട്ടിനെക്കുറിച്ചു ചോദിക്കുകയും നന്നായി പാടിയിട്ടുണ്ടെന്നു പറയുകയും ചെയ്തു. ഷാൻ സാറാണ് ഈ കഥ എന്നോടു പറഞ്ഞത്. 

yadhu shan

മേളമാണ് എന്റെ പാരമ്പര്യ കല

ശാസ്ത്രീയ സംഗീതമാണു പഠിച്ചിട്ടുള്ളത്. ശ്രീജ ടീച്ചറാണ് എന്റെ ആദ്യ ഗുരു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു സംഗീതത്തിൽ പി.ജി എടുത്തു. മങ്ങാട് നടേശൻ മാഷ്, എം.എസ് പരമേശ്വരൻ മാഷ് എന്നിവരുടെ ശിക്ഷണത്തിൽ സംഗീതത്തിൽ ഉപരിപഠനം നടത്തുന്നു. കച്ചേരിയൊക്കെ ചെയ്യാറുണ്ട്.  ഇതിനിടക്ക് എപ്പോഴോ ആണ് സിനിമയിൽ പാടണമെന്നു ആഗ്രഹം തോന്നുന്നത്. അത് ഇത്ര പെട്ടെന്ന് നടക്കുമെന്നു കരുതിയതല്ല. മേളമാണ് എന്റെ പാരമ്പര്യ കല. ചെണ്ട, തായമ്പക, തിമില, പഞ്ചവാദ്യം, ഇടയ്ക്ക ഇവയെല്ലാം എന്റെ രക്തത്തിൽ അലിഞ്ഞവയാണ് എന്നു വേണമെങ്കിൽ പറയാം. ക്ഷേത്രവാദ്യങ്ങളുമായി ബന്ധപ്പെട്ട ഒരു കുടുംബമാണ് എന്റേത്. വർഷങ്ങളായി അച്ഛനൊപ്പം മേളത്തിനു പോകുന്നു. ഇപ്പോഴും അതിൽ മാറ്റമൊന്നുമില്ല.