sections
MORE

ഹിറ്റുകൾ നൽകിയിട്ടും ഒഴിവാക്കപ്പെട്ട ബാലകൃഷ്ണൻ

S-Balakrishnan
SHARE

മലയാളി എന്നും ഓർമയിൽ സൂക്ഷിക്കുന്ന നല്ലഗാനങ്ങൾ സമ്മാനിച്ചാണ് സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ യാത്രയാകുന്നത്. ഒരുകാലഘട്ടത്തിനു ശേഷം എസ്. ബാലകൃഷ്ണനെ തേടി എന്തുകൊണ്ട് പാട്ടുകൾ എത്തിയില്ല എന്നതിനു വ്യക്തമായ ഉത്തരം സിനിമാ ലോകത്ത് ആർക്കും പറയാനുണ്ടാകില്ല. അവസരം ചോദിച്ച് ഇടിച്ചുകയറാൻ അറിയാതിരുന്ന സാധുമനുഷ്യൻ. റാംജിറാവ് സ്‌പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി- എസ്. ബാലകൃഷ്‌ണൻ എന്ന സംഗീത സംവിധായകൻ ഒരുക്കിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. പിന്നെയെന്തു സംഭവിച്ചു ? 2009ൽ മലയാളവ മനോരമ പ്രസിദ്ധീകരിച്ച എസ്. ബാലകൃഷ്ണന്റെ അഭിമുഖം

അപ്പുക്കുട്ടനും തോമസുകുട്ടിയും ഗോവിന്ദൻകുട്ടിയും മഹാദേവനും പഴയ കുസൃതിയും കുന്നായ്‌മകളുമായി വർഷങ്ങൾക്കുശേഷം വീണ്ടും ഹരിഹർ നഗർ കോളനിയിൽ കുടിപാർക്കാനെത്തുമ്പോൾ അവരുടെ നൊമ്പരങ്ങൾക്ക് ഈണമിട്ട സംഗീതസംവിധായകൻ ചെന്നൈയിലെ വീട്ടിലിരുന്നു കണ്ണീരുപ്പുകലർന്ന സ്വരത്തിൽ പാടും ‘ഏകാന്ത ചന്ദ്രികേ, തേടുന്നതെന്തിനോ...’ 

പല്ലവിയിൽ ഒതുങ്ങിപ്പോയ ഒരു ഗാനം: എസ്. ബാലകൃഷ്‌ണൻ എന്ന സംഗീതസംവിധായകന്റെ ജീവിതത്തിനു ചേരുന്ന വിശേഷണം ഇതാണ്. 1989ൽ സിദ്ദിഖ് ലാലിന്റെ റാംജിറാവ് സ്‌പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. ഇൻ ഹരിഹർ നഗർ (1990), ഗോഡ്‌ഫാദർ (1991), വിയറ്റ്‌നാം കോളനി (1993) എന്നീ ചിത്രങ്ങൾക്കുവേണ്ടി ബാലകൃഷ്‌ണൻ ഒരുക്കിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. കിലുക്കാംപെട്ടി, ഗൃഹപ്രവേശം, ഇഷ്‌ടമാണു നൂറുവട്ടം തുടങ്ങിയ ഏതാനും ചിത്രങ്ങളിൽക്കൂടി അദ്ദേഹം പ്രവർത്തിച്ചു. എന്നിട്ടും പിന്നീട് മലയാള സിനിമ അദ്ദേഹത്തെ മറന്നു. എട്ടു വർഷമായി ഒരവസരവും കിട്ടാതെ അദ്ദേഹം സ്വന്തം ലോകത്ത് ഒതുങ്ങുകയാണ്. 

ചോദ്യം: ഈണമിട്ട പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്! എന്നിട്ടും അവസരങ്ങൾ കിട്ടാതെ വീട്ടിലിരിക്കേണ്ടിവരിക... സത്യത്തിൽ എന്താണു സംഭവിച്ചത്? 

ഉത്തരം: എനിക്കറിയില്ല. ആരും വിളിച്ചില്ല. വിളിക്കുന്നുമില്ല. ആരുടെയും പിറകെ പോകാനും ക്യാൻവാസ് ചെയ്യാനും എനിക്കറിയില്ല. അതായിരിക്കാം കുഴപ്പം.

ചോദ്യം: മനഃപൂർവം ഒറ്റപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ?

ഉത്തരം: അറിയില്ല. ഇടയ്‌ക്കു ചില പ്രോജക്‌ടുകൾ വന്നതാണ്. പക്ഷേ, ഒന്നും നടന്നില്ല. ഇപ്പോൾ സിദ്ദിഖ് ഷമീറിന്റെ പുതിയ സിനിമയുടെ ചർച്ച നടക്കുന്നു. 

ചോദ്യം: സിദ്ദിഖ് - ലാലിന്റെ സ്‌ഥിരം സംഗീതസംവിധായകനായിരുന്നല്ലോ. ഇരുവരും സ്വതന്ത്രമായി ഇപ്പോൾ സിനിമയെടുക്കുന്നുണ്ട്? 

ഉത്തരം: ഹരിഹർ നഗറിന്റെ രണ്ടാംഭാഗത്തിൽ ആദ്യഭാഗത്തിലെ ചില ഗാനങ്ങൾ റീമിക്‌സ് ചെയ്യുന്നുണ്ടെന്നു പറയാൻ ലാൽ വിളിച്ചിരുന്നു. അടുത്ത പടത്തിൽ അവസരം തരാമെന്നു പറയുകയും ചെയ്‌തു. 

ചോദ്യം: ഏറ്റവും ഒടുവിൽ ചെയ്‌ത സിനിമ? 

ഉത്തരം: ആകാശത്തിലെ പറവകൾ. 2001ൽ ആയിരുന്നു അത്. 

ചോദ്യം: പക്ഷേ, മറ്റൊരു സംഗീതസംവിധായകന്റെകൂടി ക്രെഡിറ്റിലായിരുന്നല്ലോ ആ ചിത്രത്തിലെ പാട്ടുകൾ. നിങ്ങൾ ഒരുമിച്ചു ചെയ്‌തതാണോ? 

ഉത്തരം: അല്ല. ഞാൻ തനിയെയാണു നാലു പാട്ടുകളും ചെയ്‌തത്. പക്ഷേ, കസെറ്റിറങ്ങിയപ്പോൾ വേറെ ഒരു പാട്ടുകൂടി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. മറ്റൊരാളുടെ പേരുകൂടി ക്രെഡിറ്റിൽ കണ്ടു. 

ചോദ്യം:  ഒന്നും ചെയ്യാതെ ജീവിതം ബോറടിച്ചു തുടങ്ങിയോ? 

ഉത്തരം: ഒന്നും ചെയ്യാതെയിരിക്കുകയല്ല. കുറെ കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്നുണ്ട്. രണ്ടു സ്‌കൂളുകളിൽ പോയി പഠിപ്പിക്കുന്നു. കുറെ കുട്ടികൾ വീട്ടിൽ വന്നും പഠിക്കുന്നു. ഫ്ലൂട്ടും റെക്കോർഡറുമാണു പഠിപ്പിക്കുന്നത്. പിന്നെ പാശ്‌ചാത്യ സംഗീത മേളകൾക്കും പോകാറുണ്ട്. 

ചോദ്യം: സിനിമയുടെ താരപ്രഭയിൽനിന്നു പെട്ടെന്നു മാറിനിൽക്കേണ്ടിവന്നപ്പോൾ പൊരുത്തപ്പെടാൻ പ്രയാസം തോന്നിയില്ലേ?

ഉത്തരം: അങ്ങനെ താരപ്രഭയിലൊന്നുമായിരുന്നില്ല. ഒതുങ്ങി ജീവിക്കുന്ന പ്രകൃതമായിരുന്നു പണ്ടും. അക്കൗണ്ടന്റായി ജോലിയുണ്ടായിരുന്നു. ആർഭാടങ്ങളൊട്ടുമില്ലാത്ത ജീവിതമാണ് അന്നും ഇന്നും. 

ചോദ്യം: തമിഴിലൊക്കെ പുതിയ സംഗീതസംവിധായകർ ഏറെ വരുന്നുണ്ടല്ലോ ഇപ്പോൾ. ചെന്നൈയിൽ സ്‌ഥിരതാമസമാക്കിയിട്ടും തമിഴ് സിനിമയിൽ അവസരത്തിനു ശ്രമിച്ചില്ലേ? 

ഉത്തരം: ഇൻ ഹരിഹർ നഗർ തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്‌തപ്പോൾ അതിനുവേണ്ടി പുതിയ പാട്ടുകൾ ചെയ്‌തിരുന്നു. തമിഴിൽ അഭിരാമി എന്നൊരു ചിത്രത്തിനും സംഗീതം നൽകി. പക്ഷേ, പിന്നെ അവസരമൊന്നും കിട്ടിയില്ല. 

ചോദ്യം: എ.ആർ. റഹ്‌മാനോടൊപ്പം ജോലി ചെയ്‌തിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. 

ഉത്തരം: ഉവ്വ്. റഹ്‌മാന്റെ പഴയ ചില ഗാനങ്ങൾക്കു ഫ്ലൂട്ട് വായിച്ചിട്ടുണ്ട്. അതിനു മുൻപു റഹ്‌മാൻ എന്നോടൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. റാംജിറാവ് സ്‌പീക്കിങ്ങിൽ എസ്.പി. ബാലസുബ്രഹ്‌മണ്യം പാടിയ കളിക്കളം ഇതു പടക്കളം എന്ന ഗാനത്തിനു കീബോർഡ് വായിച്ചതു റഹ്‌മാനാണ്. അധികം ഓർക്കസ്‌ട്രയില്ലാതെ കീ ബോർഡ് മാത്രം വച്ചാണ് ആ പാട്ട് ചെയ്‌തത്. റഹ്‌മാന്റെ സിദ്ധി ആ പാട്ടിൽ പ്രകടമാണ്. കന്നഡയിലെ രാജനാഗേന്ദ്രയോടൊപ്പവും ജോലി ചെയ്‌തിട്ടുണ്ട്. 

ചോദ്യം: സംഗീത താൽപ്പര്യമുണ്ടായിട്ടും ബിരുദത്തിനു സാമ്പത്തികശാസ്‌ത്രം പഠിക്കുകയും അക്കൗണ്ടന്റായി ജോലിനോക്കുകയും ചെയ്‌തല്ലോ. 

ഉത്തരം: സംഗീതത്തോടു താൽപ്പര്യം എന്നുമുണ്ടായിരുന്നു. കർണാടക സംഗീതത്തെക്കാൾ പാശ്‌ചാത്യ - ശാസ്‌ത്രീയ സംഗീതമാണ് അഭ്യസിച്ചത്. ഫ്ലൂട്ടിലായിരുന്നു പ്രിയം. എം.എസ്. വിശ്വനാഥന്റെയും ഇളയരാജയുടെയും പാട്ടുകേട്ടു കൊതിച്ചാണു ചലച്ചിത്ര രംഗത്തേക്കു വരുന്നത്. ഗുണസിങ്ങും ജേക്കബ് ജോണുമായിരുന്നു ഗുരുനാഥന്മാർ. 

ചോദ്യം: എങ്ങനെയാണു സിദ്ദിഖ് ലാൽമാരെ പരിചയപ്പെട്ടത്? 

ഉത്തരം: സംവിധായകൻ ഫാസിലിനോടൊപ്പം മഞ്ഞിൽ വിരിഞ്ഞപൂക്കൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ സിനിമകളുടെ റീറെക്കോർഡിങ്ങിൽ പ്രവർത്തിച്ചിരുന്നു. അന്നു സിദ്ദിഖും ലാലും ഫാസിലിനോടൊപ്പമുണ്ട്. ഫാസിലാണു റാംജിറാവ് സ്‌പീക്കിങ്ങിലേക്ക് എന്നെ നിർദേശിച്ചത്. 

ചോദ്യം: ഈണമിട്ടശേഷം പാട്ടെഴുതിക്കുന്ന രീതിയായിരുന്നു കൂടുതലും അല്ലേ? 

ഉത്തരം: അതെ. എഴുതിയശേഷം ഈണമിട്ട ഒരു പാട്ടേ ഉള്ളൂ. ഗൃഹപ്രവേശം എന്ന ചിത്രത്തിലെ പനിനീർമണമുള്ള കാറ്റ് എന്ന ഗാനം. ഒഎൻവി എഴുതിയ പാട്ടായിരുന്നു അത്. 

ചോദ്യം: വിയറ്റ്‌നാം കോളനിയിലെ പാതിരാവായി നേരം എന്ന ഗാനത്തിന് ആദ്യമിട്ട ഈണം മറ്റൊന്നായിരുന്നു എന്നു കേട്ടിട്ടുണ്ട്. 

ഉത്തരം: അതെ. പുലർച്ചെ അപ്രതീക്ഷിതമായി വീണുകിട്ടിയൊരീണമായിരുന്നു അത്. ആദ്യമിട്ട ഈണം പിന്നീട് മറ്റൊരു പാട്ടിൽ ഉപയോഗിച്ചു. ഇഷ്‌ടമാണു നൂറുവട്ടത്തിലെ കണ്ണോരം കാണാമുത്തേ എന്ന പാട്ടിൽ. 

ചോദ്യം: സ്വന്തം ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്? 

ഉത്തരം: ഗൃഹപ്രവേശത്തിലെ ആവണിപ്പാടം, വിയറ്റ്‌നാം കോളനിയിലെ പാതിരാവായി നേരം എന്നീ പാട്ടുകളോടു പ്രത്യേക ഇഷ്‌ടമുണ്ട്. 

പാലക്കാട് സ്വദേശിയായ എം.എ. ശങ്കരയ്യരുടെ പുത്രനാണെങ്കിലും ബാലകൃഷ്‌ണൻ പഠിച്ചതും വളർന്നതും കോയമ്പത്തൂരിലായിരുന്നു. അറുപതുകാരനായ ഇദ്ദേഹത്തിനു രണ്ടു മക്കൾ: വിമൽശങ്കറും ശ്രീവൽസനും. ഭാര്യ രാജലക്ഷ്‌മി വീണ അധ്യാപികയായിരുന്നു. വിമൽശങ്കറിനു പാട്ടിലും ശ്രീവൽസനു മൃദംഗത്തിലും വൈഭവമുണ്ട്. 

മലയാള ചലച്ചിത്രലോകം തിരിച്ചറിയാതെപോയ പരിഭവത്തിന്റെ ഈണം ഉള്ളിലുണ്ടെങ്കിലും പരാതികളില്ലാതെ ചെന്നൈയിൽ തിരുവന്മാണിയൂരിലുളള വീട്ടിൽ ബാലകൃഷ്‌ണൻ സ്വസ്‌ഥം. ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിൻ കിനാക്കളായിരുന്നോ തന്റേതെന്നു തനിക്കുതന്നെ തിരിച്ചറിയാനാവുന്നില്ലെന്ന് അദ്ദേഹം വേദന കലർന്ന ചിരിയോടെ പറയുന്നു. 

ടോപ് ടെൻ 

എസ്. ബാലകൃഷ്‌ണൻ സംഗീതം കൊടുത്ത ഹിറ്റ് ഗാനങ്ങളിൽ ചിലത്. 

1. പാതിരാവായി നേരം (വിയറ്റ്‌നാം കോളനി) 

2. പവനരച്ചെഴുതെന്നു കോലങ്ങളെന്നും (വിയറ്റ്‌നാം കോളനി) 

3. നീർപ്പളുങ്കുകൾ (ഗോഡ്‌ഫാദർ) 

4. ഒരായിരം കിനാക്കളാൽ (റാംജിറാവ് സ്‌പീക്കിങ്) 

5. പൂക്കാലം വന്നു പൂക്കാലം (ഗോഡ്‌ഫാദർ) 

6. മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ (ഗോഡ്‌ഫാദർ) 

7. ഏകാന്ത ചന്ദ്രികേ (ഇൻ ഹരിഹർ നഗർ) 

8. ഉന്നം മറന്നു തെന്നിപ്പറന്ന (ഇൻ ഹരിഹർ നഗർ) 

9. ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളേ (വിയറ്റ്‌നാം കോളനി) 

10. കണ്ണീർക്കായലിലേതോ (റാംജിറാവ് സ്‌പീക്കിങ്). 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA