ADVERTISEMENT

അടിപൊളി പാട്ടാണെങ്കിലും മെലഡിയാണെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പട്ടിക എടുത്തുനോക്കിയാൽ അതിലുറപ്പായും കാണുന്ന ഒരു പേരാണ് ഷാൻ റഹ്മാൻ. യുട്യൂബിൽ ഒരു മില്യണിലധികം പേർ കണ്ടു കഴിഞ്ഞ 'നയൻ' എന്ന ചിത്രത്തിലെ 'അകലെ' എന്ന ഗാനമാണ് ഷാൻ റഹ്മാന്റെ ഏറ്റവും പുതിയ ഹിറ്റ്. ഒരു സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണെങ്കിലും പാട്ടിലൂടെ ഒരു 'ഫീൽ ഗുഡ്' അനുഭവം ഈ പാട്ടു പകരുന്നു. ആദ്യം വേണ്ടെന്നു വച്ച പാട്ടാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തു ഹിറ്റാക്കിയതെന്നു പറയുകയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. സ്വതസിദ്ധമായ നർമം ചേർത്ത് ആ കഥ മനോരമ ഓൺലൈനിലൂടെ പ്രേക്ഷകരോട് അദ്ദേഹം പങ്കു വയ്ക്കുന്നു. 

ആ പാട്ടിനു പിന്നിൽ

'അകലെ' എന്ന പാട്ടാണ് ഈ സിനിമയ്ക്കു വേണ്ടി ഞാൻ ആദ്യം ചെയ്തത്. ട്യൂൺ കമ്പോസ് ചെയ്ത് ഞാൻ ചിത്രത്തിന്റെ സംവിധായകൻ ജനൂസ് മുഹമ്മദിനും പൃഥ്വിരാജിനും അയച്ചു കൊടുത്തു. പാട്ടു കേട്ടു രണ്ടു പേരും പറഞ്ഞു, പാട്ട് ഉഗ്രനായിട്ടുണ്ട്. പക്ഷേ, വേറെ ഒരു ഓപ്ഷൻ കൂടി നോക്കാമെന്ന്. വീണ്ടും ഒരു ഓപ്ഷൻ ചോദിച്ചപ്പോൾ ഞാൻ കരുതി ഒരെണ്ണമാക്കണ്ട, രണ്ടെണ്ണം കൊടുക്കാം. അങ്ങനെ ഞാൻ രണ്ട് ഈണങ്ങൾ തയ്യാറാക്കി. രണ്ടും അയച്ചു കൊടുത്തു. അതിനുശേഷം രാജു എന്നെ വിളിച്ചു പറഞ്ഞു, "ഇതിപ്പോൾ പുലിവാലായി. രണ്ടു പാട്ടും അടിപൊളിയാണ്. രണ്ടും ഇഷ്ടമായി.  ഇതിൽ ഏതു ഷൂട്ടു ചെയ്യും? അതാണിപ്പോൾ കൺഫ്യൂഷൻ!" ഈ പ്രതികരണം കേട്ടപ്പോൾ എനിക്കു സമാധാനം ആയി. അവർക്കാണല്ലോ ആശയക്കുഴപ്പം, എന്റെ പണി തീർന്നല്ലോ! 

സംവിധായകനും നായകനും ഞാൻ കൊടുത്ത ഈണങ്ങളിൽ ഏതു തിരഞ്ഞെടുക്കും എന്ന കാത്തിരിപ്പിലായിരുന്നു ഞാൻ. പിന്നെയാണ് ട്വിസ്റ്റ്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ജനൂസിന്റെ കോൾ വന്നു. ഞാൻ ആദ്യം കൊടുത്ത ട്യൂൺ ആണ് സിനിമയിൽ ഉപയോഗിക്കുന്നതെന്ന്. ഓരോ പാട്ടിനും ഓരോ നിയോഗം ഉണ്ടെന്നു പറയുന്നത് ഇതാണ്. അങ്ങനെ, ആദ്യം വേണ്ടെന്നു വച്ച ആ ഗാനം തന്നെ നയൻ എന്ന സിനിമയുടെ ഈണമായി, ഷാൻ ആ പാട്ടിനു പിന്നിലെ കഥ പറഞ്ഞു. 

ചിത്രത്തിൽ ഒരു പാട്ടു കൂടിയുണ്ട്

സയൻസ് ഫിക്ഷൻ എന്നു പറയുമ്പോൾ പാട്ടിന് അധികം പ്രാധാന്യം ഇല്ലാത്ത ഒരു വിഭാഗമാണ്. പടത്തിൽ ആകെ രണ്ടു പാട്ടേ ഉള്ളൂ. അകലെ എന്ന പാട്ട് സിനിമയിലെ ഒരു ഫ്ലാഷ്ബാക്ക് രംഗത്തു വരുന്ന പാട്ടാണ്. ചിത്രത്തിൽ ഒരു പാട്ടു കൂടിയുണ്ട്. അതു സിനിമയുടെ അവസാനം വരുന്ന ഒന്നാണ്. ഇപ്പോൾ ആ പാട്ടു പുറത്തുവിട്ടാൽ അതിലെ ഒരുപാടു ദൃശ്യങ്ങളും പുറത്താകും. അതുകൊണ്ട് ആ ഗാനം സിനിമ റിലീസു ചെയ്തതിനുശേഷമാകും പുറത്തു വരിക. പശ്ചാത്തലത്തിൽ അധികം സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ എടുത്ത ഒരു പാട്ടാണ് അത്. ഒരു സ്പൂക്കി ഫീൽ ഉള്ള പാട്ട്. പാട്ടു പാടിയിരിക്കുന്നത് ആൻ എയ്മിയാണ്. 

ഷാൻ റഹ്മാൻ മാജിക്

ആരാധകർ 'ഷാൻ റഹ്മാൻ മാജിക്' എന്നൊക്കെ പറയുമ്പോൾ വലിയ സന്തോഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അതിനെ കാണുന്നത് 'ഷാൻ റഹ്മാൻ മ്യൂസിക്' ആയിട്ടാണ്. ഒരു തിരക്കഥ കേട്ട്, അതിലെ കഥാപാത്രങ്ങളെ ആലോചിച്ച് അവർക്കു വേണ്ടി ഈണമൊരുക്കാൻ എന്റെ സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ ദൈവമായിട്ട് കൊണ്ടുതരുന്നതാണ് ഈ പറയുന്ന മാജിക്. 

പാട്ടിലെ കൂട്ട്

അൽഫോൻസ്, ദീപക് ദേവ്, വിനീത് ശ്രീനിവാസൻ അങ്ങനെ എല്ലാ സുഹൃത്തുക്കളുമായും ബന്ധം നിലനിറുത്തുന്നത് ഫോൺ വഴിയാണ്. പലരും കൊച്ചിയിൽ ഇല്ല. വിനീതൊക്കെ ചെന്നൈയിൽ ആണ്. വിനീതിന് കൊച്ചിയിൽ വരാനുള്ള കാരണങ്ങൾ വളരെ കുറവാണ്. അതുപോലെ എനിക്ക് ചെന്നൈയിൽ പോകാനുള്ള കാരണങ്ങളും. പക്ഷേ, കാണുമ്പോഴൊക്കെ എവിടെ വച്ചു നിറുത്തിയോ അവിടെ നിന്നു വീണ്ടും തുടങ്ങും. 'അളിയാ...' എന്നുള്ള വിളി മതി. അതിലെല്ലാം സെറ്റ് ആണ്. ഈ കൂട്ടത്തിൽ ഒരാൾ കൂടിയുണ്ട്. നോബിൾ തോമസ്. പലവട്ടം കാത്തു നിന്നു ഞാൻ എന്ന പാട്ടിന്റെ സെറ്റ് ഡിസൈൻ ചെയ്തത് നോബിൾ ആയിരുന്നു. അന്നു മുതലുള്ള സൗഹൃദമാണ്. തമ്മിൽ ഇടയ്ക്കിടെ കണ്ടില്ലെങ്കിലും ഈ സൗഹൃദങ്ങളൊക്കെയും കരുത്തോടെ അവിടെ തന്നെയുണ്ട്, ഷാൻ പറഞ്ഞു നിറുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com