sections
MORE

റാപ്പറോ, മലയാളത്തിലോ? നെറ്റി ചുളിക്കേണ്ട!

HIGHLIGHTS
  • ഫെബിൻ ജോസഫ് ഇപ്പോൾ അറിയപ്പെടുന്നത് ഫെജോ എന്നാണ്
  • ഹിപ് ഹോപ് സംസ്കാരം കേരളത്തിലേക്ക്
Fejo-new
SHARE

റാപ്പറോ, മലയാളത്തിലോ? എന്നൊക്കെ ചോദിച്ച് സംശയിച്ചു നിന്നവരുടെ ഇടയിലേക്ക് "എന്റെ പേര് ഫെജോ, ഞാൻ മല്ലു റാപ്പർ കേട്ടോ," എന്നു പറഞ്ഞ് ഇടിച്ചുകേറിച്ചെന്ന കൊച്ചിക്കാരൻ പയ്യൻ സംഗീതലോകത്ത് സ്വന്തം പേര് എഴുതിച്ചേർത്തിരിക്കുകയാണ്. 'ഞാനിപ്പോ തുരുമ്പെടുത്തിരിക്കുന്ന കൂട്ടിലിട്ട തത്ത' എന്നു പാടിയ ഫെജോ, പ്രളയത്തിനു ശേഷം അതിജീവനത്തിനായി പാടിയത് ഇങ്ങനെയാണ്, "ഒന്നേന്ന് ഒരുമിച്ചു തുടങ്ങാം." കൈമുതലായി കുറച്ചു സംഗീതവും അതിലേറെ സ്വപ്നങ്ങളും മാത്രമായിരുന്നു ഫെജോയ്ക്കുണ്ടായിരുന്നത്. അങ്ങനെയൊരിടത്തു നിന്ന് ഫെജോ ഒന്നേന്ന് തുടങ്ങി. കൂട്ടായത് സുഹൃത്തുക്കൾ. ഇവരുടെ കൂട്ടായ്മയിൽ പിറന്ന വീഡിയോകൾക്ക് കാഴ്ചക്കാരുണ്ടായി. പതിയെ പതിയെ ഫെബിൻ ജോസഫ് എന്ന പയ്യൻ മലയാളം റാപ്പർ ഫെജോയായി.

2009 മുതൽ പാട്ടുകളുമായി ഫെജോ സജീവമാണ്. എന്നാൽ സംഗീത സംവിധായകനായ സുഷിൻ ശ്യാം ശ്രദ്ധിക്കുന്നതോടെയാണ് ഫെജോയ്ക്ക് മലയാള സിനിമയിലേക്ക് വഴി തുറക്കുന്നത്. മറഡോണയിലെ 'അപരാധ പങ്ക, തോളേറ്റും ചങ്കാ' എന്ന ഗാനം ശ്രദ്ധേയമായി. അവിടെ നിന്നും രണം എന്ന സിനിമയിലേക്ക്. പാട്ടിലെ വ്യത്യസ്തമായ ശൈലിയെക്കുറിച്ചും തന്റെ സ്വതന്ത്രസംഗീതയാത്രയെക്കുറിച്ചും ഫെജോ മനോരമ ഓൺലൈനിനോടു മനസു തുറന്നു. 

ആരാണ് ഫെജോ?

വൈറ്റില സ്വദേശിയായ ഫെബിൻ ജോസഫ് ഇപ്പോൾ അറിയപ്പെടുന്നത് ഫെജോ എന്നാണ്. സ്വന്തം പേരിന്റെ ആദ്യാക്ഷരവും അച്ഛന്റെ പേരിലെ ആദ്യക്ഷരവും ചേർത്തു സ്വന്തമായി കണ്ടെത്തിയ പേരാണ് ഫെജോ. മല്ലു റാപ്പർ ഫെജോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്. ഫെജോയുടെ റാപ്പിലെ വരികളിൽ തെളിയുന്നത് ഇന്നത്തെ യുവതയുടെ പച്ചയായ ജീവിതമാണ്. അതിനാൽ, ഫെജോയുടെ പാട്ടുകൾ അവരെ രസിപ്പിക്കുന്നു; അവർക്കു പ്രചോദനം നൽകുന്നു. ഓരോ പാട്ടുകൾ പുറത്തിറങ്ങുമ്പോഴും അവർ പറയുന്നു, നിങ്ങ മുത്താണ് ബ്രോ, കട്ട സപ്പോർട്ട്! ഈ പിന്തുണയാണ് ഫെജോയെ മലയാള സിനിമാസംഗീതലോകത്തെത്തിച്ചത്.   

ഒരു കമ്പ്യൂട്ടറും മൈക്കും, പാട്ടു റെഡി

മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത റാപ് ശൈലിയിൽ പാട്ടു ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയിട്ട് അധികമായില്ല, ഫെജോ പറഞ്ഞു തുടങ്ങി. 2009 മുതൽ പാട്ടുകൾ ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് പാട്ടുകൾ കേൾക്കാറുണ്ട്. അതുപോലൊരു ഹിപ്ഹോപ് സംസ്കാരം നമുക്കെന്തുകൊണ്ട് ഇല്ല എന്നൊക്കെ ആലോചിക്കുമായിരുന്നു. അതിൽ നിന്നാണ് മലയാളം റാപ്പിലേക്ക് കടക്കുന്നത്. ചെറുപ്പം മുതലേ എഴുതാറുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങൾ റാപ് ശൈലിയിൽ പാട്ടിലൂടെ പറയാനാണ് ഞാൻ ശ്രമിക്കുന്നത്. വീട്ടിലെ ചെറിയൊരു കമ്പ്യൂട്ടറും മൈക്കും സംവിധാനവുമൊക്കെ വച്ചാണ് പാട്ടൊരുക്കുന്നത്.  

ബോളിവുഡിലെ റഫ്താർ

ബോളിവുഡിലെ പ്രശസ്തനായ റാപ്പർ റഫ്താറിനൊപ്പം ഒറു വിഡിയോ ചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിരുന്നു. വിഡിയോയിൽ ഞാൻ മലയാളം റാപ്പറായി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് നടൻ വരുൺ ധവാനും ആ വിഡിയോയിൽ അഭിനയിച്ചിരുന്നു. അവർക്കൊപ്പം പാടി അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ തന്നെ മറക്കാനാവാത്ത അനുഭവമായിരുന്നു. മലയാളം റാപ്പിനെ മലയാളികളെക്കാൾ കൂടുതൽ കേരളത്തിനു പുറത്തുള്ളവരാണ് അംഗീകരിക്കുന്നത്. 

ചങ്കാണ് കൂട്ടുകാർ

സുഹൃത്തുക്കളും പിന്തുണയും സഹകരണവും ആവോളം ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. വീട്ടിൽ തന്നെയാണ് വിഡിയോയുടെ പ്രൊഡക്ഷൻ. ചെറിയൊരു മൈക്ക് ഉപയോഗിച്ചാണ് പാട്ടു റെക്കോർഡ് ചെയ്യുന്നത്. ഇതൊക്കെ കണ്ട് എന്നെ സഹായിക്കാനെത്തുന്നത് എന്റെ കൂട്ടുകാരാണ്. ആദ്യമൊക്കെ ലിറിക് വിഡിയോസ് ആണ് ചെയ്തിരുന്നത്. ഇപ്പോൾ ബീറ്റ് ചെയ്യാനും മിക്സ് ചെയ്യാനും എന്റെയൊരു സുഹൃത്ത് കൂടെയുണ്ട്. വേറൊരു സുഹൃത്ത് മൊബൈലിൽ വിഡിയോ ഷൂട്ടു ചെയ്തു തരും. മറ്റൊരാൾ എഡിറ്റ് ചെയ്യും. ഇതിനൊടുള്ള എന്റെ ഇഷ്ടം മനസിലാക്കി അവർ എന്റെ കൂടെയുണ്ട്. 

വളയാത്ത മലയാളം

മലയാളം ഭാഷയിൽ റാപ് ചെയ്യുന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഇംഗ്ലീഷോ തമിഴോ ഹിന്ദിയോ പോലെ എളുപ്പത്തിൽ വളച്ചൊടിച്ച് എടുക്കാവുന്ന ഭാഷയല്ല നമ്മുടെ മലയാളം. റാപ്പിന്റെ ചടുലത മലയാളത്തിലേക്ക് പകർത്തുന്നത് എളുപ്പമല്ല. പ്രാസവും കൃത്യമായി വരണം. മലയാളത്തിൽ പ്രാസമൊപ്പിച്ചു വാക്കുകൾ കണ്ടെത്തുന്നത് ശ്രമകരമായ പണിയാണ്. നമുക്കു പറയാനുള്ള വിഷയത്തിൽ നിന്നു മാറിപ്പോകാതെ വാക്കുകൾ പ്രാസമൊപ്പിച്ച് കണ്ടെത്തണമല്ലോ! നമ്മുടെ വായനയും അനുഭവങ്ങളും എല്ലാം പലപ്പോഴും തുണയ്ക്കെത്തും. 

സ്വപ്നങ്ങൾ, പ്രതീക്ഷകൾ

എന്താണ് റാപ്പെന്ന് നമ്മുടെ വാണിജ്യസിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തണമെന്നു ഞാൻ ആഗ്രഹിക്കുന്നു. സിനിമാപ്പാട്ടുകൾ വാരികളൊരുക്കാൻ പലരും ക്ഷണിക്കുന്നുണ്ട്. സിനിമ എപ്പോഴും എന്റെ സ്വപ്നമായിരുന്നു. സംവിധായകനോ തിരക്കഥാകൃത്തോ ഒക്കെ ആകണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അതിലേക്കുള്ള ആദ്യ ചുവടുവയ്പായി ആണ് ഞാൻ എന്റെ സംഗീതത്തെ കാണുന്നത്. കൂടാതെ സ്വതന്ത്രസംഗീതരംഗവും വളർച്ചയുടെ പാതയിലാണ്. ഇപ്പോൾ ഞങ്ങൾ നിർമിക്കുന്ന വിഡിയോകളുടെ ദൃശ്യഭംഗി മറ്റു സംരംഭങ്ങളെ വച്ചു നോക്കുമ്പോൾ ശരാശരിയിലാണ് നിൽക്കുന്നത്. എന്നാൽ വിഡിയോകളുടെ ഉള്ളടക്കം പ്രേക്ഷകർക്കു ഇഷ്ടമാകുന്നുണ്ട്. കൂടുതൽ പിന്തുണ ലഭിക്കുകയാണെങ്കിൽ ഇനിയും മെച്ചപ്പെട്ട വിഡിയോകൾ നിർമിക്കാൻ കഴിയും. അതിനുള്ള ശ്രമത്തിലാണ് ഞങ്ങൾ. അതു വിജയിക്കുമെന്നാണ് പ്രതീക്ഷ. കാരണം എന്നെങ്കിലും തോറ്റിട്ടുള്ളവരാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്, ഫെജോ പുഞ്ചിരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA