ADVERTISEMENT

ഒറ്റക്കാര്യം മതി ചിലര്‍ നമ്മുടെ ഓർമകളിൽ നിറഞ്ഞു നിൽക്കാൻ. അങ്ങനെ ഒറ്റസിനിമയിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടുകയാണ് ഇഫ്തി എന്ന സംഗീത സംവിധായകൻ;  ജൂൺ എന്ന ചിത്രത്തിലൂടെ. സിനിമ പോലെ തന്നെ ഓരോ പാട്ടും നമ്മുടെ ഹൃദയത്തെ തൊട്ടു. ചിത്രത്തിലെ 'മിന്നി മിന്നി' എന്ന ഗാനം നമ്മെ കൂട്ടിക്കൊണ്ടു പോയത് പോയ കാലത്തിന്റെ മധുരസ്മരണകളിലേക്കായിരുന്നു. കൗമാരം കടന്നെത്തിയവർ അന്നത്തെ നനുത്ത ഓർമകളിലേക്കു സഞ്ചരിച്ചത് ഈ കണ്ണൂരുകാരൻ ഒരുക്കിയ മനോഹര സംഗീതത്തിലായിരുന്നു. ജൂൺ എന്ന സിനിമയുടെ വിശേഷങ്ങൾ പൂർണമാകണമെങ്കിൽ ഇഫ്തിയെ നമ്മൾ പരിചയപ്പെടേണ്ടത് അത്യാവശ്യമാണ്. ജൂണിന്റെ സംഗീത വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് ഇഫ്തി. 

കന്നിച്ചിത്രവും കുറേ പ്രതീക്ഷകളും

ഞാൻ ആദ്യമായി ചെയ്യുന്ന സിനിമയാണ് ജൂൺ. ഇതിനു മുൻപ് അങ്ങനെ ഫുൾ മൂവിയായി ചെയ്തിട്ടില്ല. ഡികമ്പനി എന്നൊരു ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് മാത്രമാണു മുൻപ് ചെയ്തത്. മുൻപ് ആൽബങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും സിനിമ ചെയ്യുന്നതിന്റെ എക്സ്പീരിയൻസ് വേറെ തന്നെയാണല്ലോ. അതുകൊണ്ടുതന്നെ ഒരു തുടക്കക്കാരന്റെ നേരിയ ആശങ്കകളൊക്കെയുണ്ടായിരുന്നു. പിന്നെ, മിന്നിമിന്നി എന്ന ഗാനം ഇറങ്ങിയപ്പോൾ ആശ്വാസം തോന്നി. അതിനു നല്ല പ്രതികരണമായിരുന്നു ആദ്യം മുതൽ ലഭിച്ചിരുന്നത്. സിനിമ തിയറ്ററിലെത്തിയപ്പോഴും എല്ലാവരും സംഗീതത്തെപ്പറ്റി നല്ല അഭിപ്രായമാണു പറഞ്ഞത്. അതില്‍ അതിയായ സന്തോഷം തോന്നിയിരുന്നു. മൂന്നു വിഡിയോ ഗാനങ്ങൾ ഇറങ്ങി. മൂന്നിനും നല്ല അഭിപ്രായം തന്നെയാണു ലഭിച്ചത്.

സംവിധായകനുമായുളള പരിചയം, വേറിട്ട അനുഭവം

ചിത്രത്തിന്റെ സംവിധായകൻ അഹമ്മദ് കബീറുമായി ഏഴെട്ടു വർഷമായിട്ടു പരിചയമുണ്ട്. ഒന്നുരണ്ട് ഷോർട്ട് ഫിലിംസ് അഹമ്മദ് കബീറുമൊത്ത് ചെയ്തിട്ടുണ്ടായിരുന്നു. 2012 ൽ ഞാൻ പാച്ച് വർക്ക് എന്നൊരു ആൽബം ചെയ്തിരുന്നു. അതൊരു ഇന്റർനാഷനൽ പ്രോജക്ട് ആയിരുന്നു. 9 രാജ്യങ്ങളിൽ നിന്നുള്ള 24 ആർട്ടിസ്റ്റിനെ വച്ച് ചെറിയൊരു ആൽബം. അതിന്റെ ഒരു സോങ് ചെയ്യാൻവേണ്ടിയാണ് ഞാനും അഹമ്മദും പരിചയപ്പെടുന്നത്. ആ മ്യൂസിക് വീഡിയോ എന്തുകൊണ്ടോ നടന്നില്ല. പക്ഷേ ഞങ്ങൾ ഫ്രണ്ട്സായി. അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു സിങ്കുണ്ട്. അതുകൊണ്ട് കംഫർട്ടബിൾ ആയിരുന്നു. ഈ സിനിമയ്ക്കു വേണ്ടി ടീം ബിൽഡ് ചെയ്യുമ്പോൾ ഞാൻ അതിന്റെ ഭാഗമായതാണ്. ക്യാമറ, മ്യൂസിക് എല്ലാം തീരുമാനിച്ചതിനു ശേഷമാണ് പ്രൊഡ്യൂസറെ സമീപിച്ചത്. ഞാൻ നേരത്തെ ഗാനങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും സിറ്റ്വേഷൻ അനുസരിച്ച് സോങ് ചെയ്യുന്നത് ആദ്യമായാണ്. അത് പുതിയൊരു എക്സ്പീരിയൻസായിരുന്നു. എന്താ വേണ്ടതെന്നതിനെക്കുറിച്ച് ഡയറക്ടർക്ക് ഐഡിയ ഉണ്ടായിരുന്നു. അതുകൊണ്ടു കാര്യങ്ങൾ എളുപ്പമായി. 

എഴുന്നേൽക്കുന്നത് മ്യൂസിക് മോഹവുമായി

പതിനാറാം വയസ്സിലാണ് എന്റെ ആദ്യ മ്യൂസിക്ക് ആൽബം റിലീസാവുന്നത്. എനിക്ക് ഒരു ഡെസ്റ്റിനേഷൻ ഉണ്ടായിരുന്നില്ല. മ്യൂസിക് ചെയ്യണം എന്ന ഒറ്റ ആഗ്രഹവുമായാണ് രാവിലെ എഴുന്നേൽക്കുന്നതു പോലും. അതു സിനിമയിൽ തന്നെ വേണമെന്നുണ്ടായിരുന്നില്ല. മ്യൂസിക് ചെയ്താൽ മതി. അതിനായിരുന്നു പ്രയോറിറ്റി. ഇതിപ്പോൾ സുഹൃത്തുക്കളെല്ലാമായി ഒരു ഗ്രൂപ്പുണ്ടായി അങ്ങനെ സിനിമയിൽ എത്തി എന്നേയുള്ളൂ. എന്നെങ്കിലും ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ചാൻസിനുവേണ്ടി നടന്നിട്ടില്ല. അന്നയും റസൂലുമൊക്കെ പ്രൊഡ്യൂസ് ചെയ്ത വിനോദ് വിജയനുമായി നേരത്തെ പരിചയമുണ്ട്. അങ്ങനെയാണ് ഡി കമ്പനിയിലേക്ക് അവസരം ലഭിക്കുന്നത്. മൂന്ന് കഥയുള്ള പടമായിരുന്നു അതിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ടൈറ്റിൽ സോങ്ങിനുവേണ്ടി എന്നെ വിളിച്ചു. 

സോഫ്റ്റ് വെയർ കമ്പനിയും സംഗീതവും

ഞാൻ മൾട്ടിമീഡിയ ആണ് പഠിച്ചത്. കൊച്ചിയിൽ ഒരു സോഫ്റ്റ്‍വെയർ കമ്പനി ഉണ്ടായിരുന്നു. ഇപ്പോഴത് ബെംഗളൂരുവിലേക്കു ഷിഫ്റ്റ് ചെയ്തു. രണ്ടു മാസമായി സോഫ്റ്റ്‍വെയർ ലൈനിലാണു വർക്ക്. സുഹൃത്തുക്കൾക്കൊപ്പം ചെറിയൊരു സ്റ്റാർട്ടപ്പ് സംരംഭമാണ്. അതായിരുന്നു കൂടുതൽ ഫോക്കസ്. മ്യൂസിക്കിൽ ഇങ്ങനെ ഒരു അവസരം വന്നപ്പോൾ ചെയ്തു. പിന്നെ എപ്പോഴെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇതുപോലെ സിങ്കായിട്ടുള്ളവർക്കൊപ്പം മാത്രമേ ചെയ്യുകയുള്ളൂ. സിനിമ ചെയ്യുന്നുണ്ടെങ്കിൽ ഇങ്ങനെയൊരു പ്ലാറ്റ്ഫോമിൽ ചെയ്താൽ മതിയെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. അതുസാധിച്ചു.

സംഗീതം നല്‍കുന്ന സംതൃപ്തി

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല. ആ കാലത്ത് നാട്ടിൽ ഇൻസ്റ്റിറ്റ്യൂട്ടുകളൊക്കെ കുറവായിരുന്നു. രണ്ടുമാസം ഹാർമോണിയം പഠിച്ചിട്ടുണ്ട്, കർണ്ണാടിക്. ഇവിടെ തന്നെയുള്ള രാജേഷ് തൃക്കരിപ്പൂർ ആണ് ഗുരു. ആ സമയത്ത് ഞാൻ പിയാനോയൊക്കെ വായിച്ചിരുന്നു. ഇതു കണ്ട അദ്ദേഹം നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാൻ എന്നോടു പറഞ്ഞു. പക്ഷേ അതൊന്നും നടന്നില്ല. പിന്നെ ജോലിയും കാര്യങ്ങളുമൊക്കെയായി അങ്ങനെ പോയി. പാട്ടുകൾ ചെയ്യുമായിരുന്നു. ഒരു സ്പാർക്ക് ഉള്ളിലുണ്ടായിരുന്നു. ബാക്കിയെല്ലാം സ്വന്തമായി പഠിച്ചതാണ്. രാജേഷ് സാറിന്റെ ഗൈഡൻസും ഉണ്ടായിരുന്നു. ഒരു അടിസ്ഥാനം അദ്ദേഹത്തിൽ നിന്നാണ് കിട്ടിയത്. അതല്ലാതെ ഫോര്‍മൽ എജ്യുക്കേഷൻ മ്യൂസിക്കിൽ ഇല്ല. പക്ഷേ, നമ്മൾ എന്തു ജോലി ചെയ്താലും സംതൃപ്തി തരുന്ന ഒരു കാര്യം ഉണ്ടാവുമല്ലോ എനിക്ക് ഏറ്റവും കൂടുതൽ സംത‍ൃപ്തി കിട്ടിയിട്ടുള്ളത് മ്യൂസിക്കിൽനിന്നു തന്നെയാണ്. സോഫ്റ്റ് വെയർ രംഗം മറ്റൊരു വഴിയിൽ ഉണ്ട്. അതങ്ങനെ മുന്നോട്ടുപോകും. ഒപ്പം ജൂണ്‍ പോലെയുള്ള നല്ല അവസരങ്ങൾ ലഭിച്ചാൽ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com