sections
MORE

ജീവിതത്തിനു കാതോർക്കുമ്പോൾ; നമുക്കറിയാത്ത ബോംബെ ജയശ്രീ

Bombay-Jayashri (2)
SHARE

ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുൻപാണ് ഞാൻ ബോംബെ ജയശ്രീയെ ആദ്യമായി കാണുന്നത്. മദ്രാസിലെ നാരദഗാനസഭയിൽ വൈകിട്ട് നാല് മണിക്ക് സ്‌കൂൾ കുട്ടി ആയ ഞാൻ കച്ചേരി നടത്തി. അതിനു ശേഷമുള്ള പ്രധാന കച്ചേരിക്കു വന്നെത്തിയ ബോംബെ ജയശ്രീയ്ക്ക് എന്നെ സംഘാടകർ പരിചയപ്പെടുത്തി. കൊച്ചിയിൽ നിന്നും വന്നുവോ എന്ന് ചോദിച്ചു കൊണ്ടു നിറഞ്ഞ ചിരിയോടെ അവർ എന്നോട് സംസാരിച്ചു. വർഷങ്ങൾക്കിപ്പുറം ബോംബെ ജയശ്രീയുടെ സംഗീതം വളരുകയും ഓസ്കർ നോമിനേഷൻ തുടങ്ങിയ ഒരുപാട് അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. അന്നത്തെ സ്കൂൾകുട്ടി ആയിരുന്ന ഞാൻ ഇന്നും സംഗീതം പഠിക്കുന്നു , എന്റെ ചെറിയ വഴികളിലൂടെ എനിക്കൊപ്പം സഞ്ചരിക്കാൻ സംഗീതം എന്നുമുണ്ട്. കൊച്ചിയിൽ നടന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിനായി  ബോംബെ ജയശ്രീയോട് സംസാരിക്കണം എന്നാവശ്യപ്പെട്ടപ്പോൾ ഞാൻ ആവേശപൂർവം സമ്മതിച്ചു. എന്റേതായ, എന്റേതു മാത്രമായ സംഗീത വഴിയിലൂടെ ഒരു തിരക്കുമില്ലാതെ ഞാൻ യാത്ര ചെയ്യുമ്പോൾ ഇടയ്ക്കിങ്ങനെ സന്തോഷങ്ങൾ വന്നു ചേരുന്നു. എൽ. സുബ്രമണ്യത്തോടും ബോംബെ ജയശ്രീയോടും ടി.എം. കൃഷ്ണയോടുമൊക്കെ സംസാരിച്ചപ്പോൾ എനിക്കു കിട്ടിയ ഊർജവും സന്തോഷവും വിവരിയ്ക്കാനാകുന്നില്ല.

സംവാദത്തിന്റെ തലവാചകം 'Listening to Life ' എന്ന് നിർദേശിച്ചതു പ്രശ്‌സത സംവിധായകൻ ഷാജി എൻ.കരുൺ ആണ്. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ അദ്ദേഹം ആയിരുന്നു. ബോംബെ ജയശ്രീയുടെ ചില തീമാറ്റിക് കച്ചേരികൾക്ക് ഈ പേര് കൊടുത്തിരിക്കുന്നത് ഞാൻ മുൻപ് ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ ഇമെയിൽ വിലാസവും ഇതു തന്നെ. എനിക്ക് കൗതുകവും ചിന്തനീയവും ആയിരുന്നു ഈ തലക്കെട്ട്. ഞങ്ങളുടെ സംഭാഷണം ആരംഭിക്കുന്നതിനു മുൻപ് നിരവധി ആളുകൾ തങ്ങളുടെ ആരാധ്യ ഗായികയെ കണ്ടു വണങ്ങുന്നതിന് ഞാൻ സാക്ഷിയായി. പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കറിന്റെ ദിവസം ആരംഭിക്കുന്നത് ബോംബെ ജയശ്രീയുടെ സംഗീതം കേട്ടുകൊണ്ടാണ്. സാഹിത്യ മേഖലയിലെ നിരവധി ബഹുമാന്യർക്കൊപ്പം എത്രയോ സാധാരണക്കാരും തങ്ങളുടെ ജീവിതത്തിലെ ബോംബെ ജയശ്രീ സംഗീതത്തെ കുറിച്ച് ആവർത്തിച്ചു കൊണ്ടേയിരുന്നു. പത്തു മാസം വയറ്റിൽ കിടന്നു ജയശ്രി മാഡത്തിന്റെ 'വാത്സല്യം' താരാട്ടുപാട്ടുകൾ കേട്ട തന്റെ കുഞ്ഞിന് ഒന്നര വയസ്സിലും ഉറങ്ങാൻ അതെ പാട്ടുകൾ വേണം എന്നൊരച്ഛൻ പറയുന്നു. സാധാരണക്കാരൻ എന്നും പ്രശസ്തൻ എന്നും വിവേചനമില്ലാത്ത ആ സംഗീതം , ആയിരകണക്കിനു മനുഷ്യരുടെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഇതുതന്നെയാകണം 'Listening to Life ' എന്ന് ആദരവോടെ മനസ്സിൽ ആലോചിച്ചു കൊണ്ട് ഞാൻ അഭിമുഖത്തിലേയ്ക്ക് കടന്നു. 

 

ജീവിതത്തിനു കാതോർക്കുമ്പോൾ ബോംബെ മുതൽ ഓസ്കർ വരെ നീളുന്ന ആ യാത്രയെ കുറിച്ച് ഓർക്കുന്നുവോ?

ബോംബെയിലെ വീട്ടിൽ മുഴുവൻ സമയവും സംഗീതമായിരുന്നു. എല്ലാത്തരം പാട്ടുകളും നമുക്കു കേൾക്കണമെന്നു അമ്മയെപ്പോഴും പറഞ്ഞു. ആകാശവാണിയിൽ കേട്ട ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ സാധകം ചെയ്യുമ്പോൾ പാടി നോക്കുവാൻ അമ്മ നിർദേശിച്ചു. നിരവധി സംഗീത മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ അമ്മ ശ്രദ്ധിച്ചു. പരസ്യ ചിത്രങ്ങൾക്കായി പാടി തുടങ്ങിയത് ഡിഗ്രി പഠന കാലത്താണ്. ഒരൊറ്റ വരിയിൽ ഒരു ഉൽപ്പന്നത്തെ പ്രകീർത്തിക്കുന്ന നിരവധി 'ജിംഗിളുകൾ ' അന്ന് പാടി. ബോൺവിറ്റയുടെയും സൺഫ്ളവറിന്റെയും ഒക്കെ  ശബ്ദമായി. 

അന്നത്തെ റെക്കോഡിങ് അനുഭവം പിന്നീട് എങ്ങനെ സഹായിച്ചു?

മൈക്കിന്റെ മുൻപിൽ തികച്ചും പ്രൊഫഷണൽ ആയി എങ്ങനെ മാറണം എന്ന വല്യ പാഠം. ഒരൊറ്റ വരി മാത്രമുള്ള ഗാനശകലത്തിനും എങ്ങനെ ഭാവം നൽകണം തുടങ്ങി ഒരുപാടുകാര്യങ്ങൾ  മനസിലാക്കാൻ സാധിച്ചു. 

Bombay-Jayashri-2

കർണാടക സംഗീത കച്ചേരികൾക്കു മികച്ച സൗണ്ട് സിസ്റ്റം എന്നതു കൈവരിയ്ക്കാൻ നമുക്കായിട്ടില്ല. അതേ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

നമ്മുടെ കലാകാരന്മാരിൽ തന്നെ ഭൂരിപക്ഷം പേർക്കും ഇതേ കുറിച്ച് അവബോധം ഉണ്ടോ എന്നതു സംശയം ആണ്. സംഘാടകർക്കും കലാകാരന്മാർക്കും എല്ലാം ഇതേ കുറിച്ച് ജാഗ്രത വേണ്ടതാണ്. കച്ചേരി തുടങ്ങുമ്പോൾ മോശം സൗണ്ട് എന്നത് നിരാശപ്പെടുത്താറുണ്ട്. അതുടൻ തന്നെ മനസ്സിൽ നിന്നും മാഞ്ഞും പോകും. പിന്നീട് സംഗീതം മാത്രം ആണല്ലോ.

ലാൽഗുഡി ജയരാമൻ എന്ന സംഗീത ചക്രവർത്തി ആണ് താങ്കളുടെ ഗുരു. ബോംബെ ജയശ്രീയെ ഗുരു കണ്ടെത്തിയോ അതോ ഗുരുവിനെ ബോംബെ ജയശ്രി കണ്ടെത്തിയോ?

ബോംബെയിൽ വരുന്ന എല്ലാ കലാകാരൻമാരുടെയും സംഗീത പരിപാടികളിൽ പങ്കെടുക്കുവാൻ 'അമ്മ നിഷ്കർഷത പുലർത്തിയിരുന്നു. അതിനു ശേഷം അമ്മ അവരോടെല്ലാം പോയി സംസാരിക്കുകയും ഞാൻ സംഗീത വിദ്യാർത്ഥി എന്ന് പരിചയപ്പെടുത്തുകയും ചെയ്‌തു പോന്നു. ഒരു സംഗീത മത്സരത്തിൽ വിജയി ആയപ്പോൾ എനിയ്ക്ക് സമ്മാനം നൽകിയത് വിശിഷ്ടാതിഥിയായി വന്ന ശ്രീ ലാൽഗുഡി ജയരാമൻ ആയിരുന്നു. മദ്രാസിലേക്കു കുട്ടിയെ അയക്കൂ, ഞാൻ പഠിപ്പിക്കാം എന്ന് അമ്മയോട് അദ്ദേഹം പറയുകയുണ്ടായി. അങ്ങനെ എൺപതുകളുടെ തുടക്കത്തിൽ ഞാൻ മദ്രാസിലെത്തി അദ്ദേഹത്തിന്റെ ശിഷ്യ ആയി. 

എന്തായിരുന്നു ഗുരു ലാൽഗുഡി? ലാൽഗുഡി ബാണിയെ കുറിച്ച് പറയുമോ? സംഗീതത്തോടൊപ്പം ജീവിതത്തെ കുറിച്ച് അദ്ദേഹം എന്ത് അഭ്യസിപ്പിച്ചു?

Bombay-Jayashri2

ലാൽഗുഡി ജയരാമൻ ലോകത്തിലെ തന്നെ മികച്ച വയലിൻ വാദകരിൽ ഒരാളായിരുന്നു. നൂറു കണക്കിനു കൃതികൾ സ്വന്തമായി കംപോസ് ചെയ്ത സംഗീതജ്ഞനും. അദ്ദേഹത്തിന്റെയടുക്കൽ പഠിക്കാൻ ആരംഭിച്ചപ്പോൾ സംഭവിച്ചത് ' റിലേർണിംഗ് ' ആണ്. അത് വരെയും പഠിച്ച സംഗീതത്തെ വീണ്ടും അഭ്യസിച്ചു എന്ന് വേണം പറയുവാൻ. എല്ലാവരിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കുവാനുണ്ട് എന്നതാണ് ഗുരുവിന്റെ അഭിപ്രായം. വളരെ ജൂനിയർ ആയ കുട്ടികളുടെയൊക്കെ കച്ചേരി കേൾക്കുവാൻ അദ്ദേഹം പറഞ്ഞയക്കും. തിരികെ വരുമ്പോൾ അന്വേഷിയ്ക്കും, ആ കച്ചേരിയിൽ നിന്നും എന്തെല്ലാം മനസിലാക്കി , ആ ഗായകരുടെയൊക്കെ പോസിറ്റീവ് ഘടകങ്ങൾ എന്താണ്. എല്ലാ വിധത്തിലും സംഗീതത്തെ അറിയാൻ അദ്ദേഹം കൂടെയുണ്ടായി. ജീവിതത്തെ കുറിച്ചും നിരവധി കാര്യങ്ങൾ പഠന സമയങ്ങളിൽ അദ്ദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ആ ജീവിത പാഠങ്ങൾ തന്നെയാണു മുന്നോട്ട് നയിക്കുന്നത്.

ഗുരു ലാൽഗുഡി ഇന്ന് നമുക്കൊപ്പം ഇല്ല. അദ്ദേഹം ഇപ്പോഴും കൂടെയുണ്ടെന്നു കരുതുന്നുണ്ടോ? ജീവിതത്തിലെ നിർണായക തീരുമാനങ്ങളിൽ വേദികളിൽ ഇപ്പോഴും ഒരു അദൃശ്യ സാന്നിധ്യം അനുഭവപ്പെടാറുണ്ടോ?

എന്റെ ഗുരു ഇന്ന് ഭൗതികമായി കൂടെയില്ല. പഠിച്ച പാഠങ്ങളും വാത്സല്യവും മാർഗദർശനങ്ങളും എന്നും കൂടെയുണ്ട്. പാടി തുടങ്ങുമ്പോൾ, പാട്ടിന്റെ മാത്രം ലോകത്തേയ്ക്ക് ചുരുങ്ങുമ്പോൾ ആ സാമീപ്യം ശക്തമായി അനുഭവിക്കാറുണ്ട്. 2004 ൽ ഞാൻ ലാൽഗുഡി ജയരാമൻ സാറിന്റെ വീട്ടിൽ പോയിരുന്നു.  ടീവിയിൽ വെസ്റ്റേൺ മ്യുസിക് കേട്ടു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അതിശയിച്ചു പോയി . എന്റെ പക്വത കുറവ് കൊണ്ടാകാം , അദ്ദേഹത്തെ പോലുള്ളവർ ട്രെഡീഷണലിസ്റ്റുകൾ ആണെന്നും അവർക്ക്  ഇതര സംഗീത വിഭാഗങ്ങളോടു താൽപര്യം ഉണ്ടാകില്ലെന്നും അക്കാലത്ത് ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്. 

രേണുകയുടെ ഞെട്ടൽ അതിലുമേറെ മുൻപ് ഞാനും അനുഭവിച്ചിട്ടുണ്ട്. മദ്രാസിൽ എത്തിയിട്ട് അധികമായിട്ടില്ല. ഗുരുവിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം ടീവിയിൽ മൈക്കല്‍ ജാക്സന്റെ പാട്ട് കുടുംബ സമേതം കേട്ടു രസിച്ചിരിക്കുകയാണ്.  അമ്പരപ്പ് വിട്ടു മാറും മുന്നേയുള്ള തോന്നൽ അദ്ദേഹത്തെ ശല്യപ്പെടുത്തണ്ട എന്നായിരുന്നു. അപ്പോൾ അദ്ദേഹം എന്നെ കൈ കാട്ടി വിളിക്കുകയാണുണ്ടായത്. ഇവിടെ ഇരുന്നു കേൾക്കൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു . എന്നിട്ടു പറഞ്ഞു ' ഈ മനുഷ്യൻ തന്നെ സംഗീതം ആയി മാറുന്നതു കാണൂ'. അതായിരുന്നു എന്റെ ഗുരു , എല്ലാ സംഗീത വിഭാഗങ്ങളോടും അതിരറ്റ താൽപര്യവും ബഹുമാനവും എന്നും പുലർത്തി. ക്ലാസിക്കൽ എന്നോ പോപ്പ് എന്നോ ഫോക്ക് എന്നോ സംഗീതത്തെ വേർതിരിച്ചു കാണേണ്ടതില്ല എന്ന തിരിച്ചറിവ് എനിയ്ക്കുണ്ടാകുന്നത് അന്ന് മുതൽക്കാണ്. 

നിരവധി ലോക പ്രശസ്ത സംഗീതജ്ഞരോടൊപ്പം ചേർന്ന് ഫ്യൂഷൻ കച്ചേരികളും സിംഫണിയും മറ്റും അവതരിപ്പിച്ചിട്ടുണ്ട്.  അതിനായുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയായിരുന്നു? 

പല 'genres'ൽപെടുന്ന സംഗീതം ആണല്ലോ ഇത്തരം സിംഫണികളിലൊക്കെ സംഭവിക്കുന്നത്. അതിനായി ഉണ്ടാവുന്ന കമ്പോസിഷൻസ് കൃത്യമായി പഠിക്കുകയും നിരവധി തവണ റിഹേഴ്സൽ നടത്തുകയും ചെയ്യാറുണ്ട്. മറ്റു സംഗീതജ്ഞരുടെ സംഗീതത്തെ കുറിച്ചു പരിപൂർണമായ അറിവില്ലെങ്കിലും, അവ പരിപൂർണമായി ആസ്വദിയ്ക്കാൻ ഒരു പ്രയാസവുമില്ല. പ്രാക്ടീസിങ് തന്നെയാണ് മുഖ്യം. 

ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഓസ്കർ നോമിനേഷൻ ലഭിച്ചത്. മൈക്കേൽ ഡാനയുടെ കൂടെയുള്ള കമ്പോസിങ് അനുഭവം പങ്ക് വെക്കുമോ?

സിനിമയിലെ ഒരേ ഒരു പാട്ടിൽ മാത്രം ആണ് ഞാൻ പങ്കാളിയായത്. 'Pais Lullaby' എന്ന പാട്ട് എഴുതുകയും പാടുകയും ചെയ്തു. സംഗീതം സിനിമയിൽ മുഴുവനായും നിർവ്വഹിച്ചത് മൈക്കേൽ ഡാന ആണ്.  സിനിമയിലെ നായകൻ അമ്മയെ ഓർക്കുമ്പോൾ കടന്നു വരുന്ന താരാട്ട് പാട്ട്. ഇന്ത്യയിൽ രാത്രി ആകുമ്പോൾ ഞാനും ഡാനയും ഗാനത്തിനായി ജോലി ചെയ്തപ്പോൾ ന്യൂയോർക്കിൽ നിന്നും മറ്റു സംഗീതജ്ഞർ ഞങ്ങൾക്കൊപ്പം കൂടി. രണ്ട് രാജ്യങ്ങളിലിരുന്ന് രണ്ട് സമയങ്ങളിൽ ഞങ്ങൾ ഒരുമിച്ചു. 

ഓസ്കർ വേദി വരെ ചെന്നെത്തുവാൻ പോകുന്ന ഗാനം എന്ന് പ്രതീക്ഷിച്ചിരുന്നോ?

ഒരിയ്ക്കലുമില്ല. അക്കാഡമി നോമിനേഷൻ അപ്രതീക്ഷിതം ആയിരുന്നു. പുരസ്‌കാരങ്ങൾ ഒന്നും ആഗ്രഹിച്ചിട്ടില്ല. 

 

bombay-jayashri

എന്താണു സമ്പ്രദായം? സമ്പ്രദായ ശുദ്ധി എന്നതിനെ എങ്ങനെ നോക്കി കാണുന്നു ?

കാലാന്തരത്തോടൊപ്പം സമ്പ്രദായവും മാറുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇന്ന് കന്റംപററി എന്നു വിളിക്കുന്നതു നാളെയാകുമ്പോൾ അന്നത്തെ സമ്പ്രദായം എന്ന് അറിയപ്പെടും. മുൻപോ ആറ് മണിക്കൂർ ഒക്കെ ആയിരുന്നു കച്ചേരി സമ്പ്രദായം. കാലം മാറിയപ്പോൾ അത് മാറി. മൈക്ക് ഇല്ലാതെ കച്ചേരികൾ നടന്ന കാലത്ത് അതുസമ്പ്രദായം. എന്റെ ഗുരു സാധകം ചെയ്തിരുന്നതു നെൽപാടങ്ങളുടെ മുൻപിൽ ഇരുന്നായിരുന്നു. എന്റെ കാലം ആയപ്പോൾ സാധകം അകത്തളങ്ങളിൽ മാത്രമായി ഒതുങ്ങി. നേരത്തെ പറഞ്ഞതു പോലെ സംഗീതത്തെ ക്ലാസിക്കൽ എന്നോ പോപ്പുലർ മ്യൂസിക് എന്നോ വേർതിരിച്ചു കാണുവാൻ എനിയ്ക്കാവുന്നില്ല അത് കൊണ്ടുതന്നെ ഇന്ന സംഗീതം ആണ് ശുദ്ധം എന്ന് കരുതുന്നില്ല. 

 

 മുൻ തലമുറയിലെ നിരവധി കലാകാരന്മാരോട് ഞാൻ സംസാരിച്ചപ്പോൾ അറിയാനിടയായതാണ് അവർ അനുഭവിച്ച ക്ലേശങ്ങൾ. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ജീവിതത്തിലുടനീളം അനുഭവിച്ചവർ ആണ്. അതുകൊണ്ടു തന്നെ സ്വന്തം മക്കളെ കരിയർ ആയി കല തിരഞ്ഞെടുക്കേണ്ടതില്ല എന്ന് ശഠിച്ചവർ ആണ്. ഇന്ന് 25 വയസ്സിനു താഴെയുള്ള സംഗീതജ്ഞർ അവരുടെ കരിയർ കർണാടക സംഗീതം എന്ന് തീർച്ചപ്പെടുത്തുന്നു. . ഈ മാറ്റത്തെ എങ്ങനെ നോക്കി കാണുന്നു?

സ്വാഗതാർഹം ആയ മാറ്റം അല്ലെ? ക്ലാസിക്കൽ സംഗീതം തൊഴിലായി സ്വീകരിക്കാൻ ഇന്നത്തെ ചെറുപ്പക്കാർ കാണിക്കുന്ന ആർജവത്തോടു വളരെയധികം മതിപ്പുണ്ട്. നമുക്കു മുൻപുണ്ടായിരുന്ന സംഗീതജ്ഞരുടെ തലമുറയിലെ ഭൂരിപക്ഷം പേരും കലയ്ക്കു മാത്രമായി ജീവിച്ചപ്പോൾ നിരവധി ക്ലേശങ്ങൾ ജീവിതത്തിലുടനീളം ഉണ്ടായി. അതുകൊണ്ടാകണം അവർ മക്കളുടെ കാര്യത്തിൽ ഉന്നത വിദ്യാഭ്യാസവും അനുബന്ധ ജോലിയും എന്നു ശഠിച്ചത്. ഇന്നത്തെ കുട്ടികൾ കുറച്ചു കൂടി ബാലൻസ്ഡ് ആയതു കൊണ്ടുതന്നെ കരിയർ ആയി സംഗീതത്തെ കൈകാര്യം ചെയ്യാൻ അവർക്കു സാധിക്കുന്നു.

 

ബോംബെ ജയശ്രീയുടെ സംഗീത ജീവിതത്തെ പിന്തുടരുന്ന എനിയ്ക്ക് സമൂഹത്തിനായി സംഗീതത്തിലൂടെ താങ്കൾ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് അറിയാം. ഓട്ടിസ്റ്റിക്ക് ആയ കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.  ഓട്ടിസം വന്ന കുട്ടികൾക്കായി പ്രവർത്തിക്കണം എന്ന് തീരുമാനത്തിനു പിന്നിലുള്ള സാഹചര്യം എന്തായിരുന്നു ?

വർഷങ്ങൾ പലതായി, അന്നൊരിക്കൽ ഒരു കച്ചേരിയ്ക്ക് ശേഷം പതിവ് പോലെ ചുറ്റും കാണികൾ കൂടി. എല്ലാവരും തന്നെ പ്രശംസകൾ ചൊരിഞ്ഞപ്പോൾ പ്രകാശ് എന്ന പേരുള്ള ഒരു കുട്ടി വന്നു പറഞ്ഞു മാഡം അത് തെറ്റിച്ചു. ഞാൻ അമ്പരന്നു, ആ കുട്ടി വീണ്ടും വീണ്ടും പറഞ്ഞു അത് തെറ്റിപ്പോയല്ലോ. ആദ്യം വിചിത്രം  ആയി തോന്നി. ഈ കുട്ടി എന്തായിരിക്കും ഉദ്ദേശിച്ചിരിക്കുക. എന്തിനാവും ഇങ്ങനെ അറുത്തു മുറിച്ചൊരു ഭാഷ? ഞാൻ കുറച്ചു അസ്വസ്ഥയായി. കുട്ടിയുടെ അമ്മ എന്നോട് മാപ്പു പറഞ്ഞിട്ട് അവനെ കൂട്ടി കൊണ്ടു പോവുകയും ചെയ്തു. പിറ്റേന്ന് ഒരു വിരുന്നു സൽക്കാരത്തിന് വീണ്ടും അവനെ കണ്ടു. എനിക്ക് അവരെ ഒഴിവാക്കണം എന്നാണ് ആദ്യം തോന്നിയത്. അഥവാ എനിക്ക് വീണ്ടും എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു. അപ്പോൾ അവന്റെ അമ്മ വന്നു പറഞ്ഞു, മാഡം ക്ഷമിക്കണം. അവൻ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിയ്ക്ക് അറിയില്ല. അവൻ ഓട്ടിസ്റ്റിക് ആണ്. അവൻ ദിവസം മുഴുവൻ കേൾക്കുന്നത് മാഡത്തിന്റെ പാട്ടുകൾ ആണ്. അവനു ഭക്ഷണം കഴിയ്ക്കാൻ ഇന്ന സിഡി വേണം എന്ന് തുടങ്ങി ഉറങ്ങും വരെ ഇന്ന പാട്ട് എന്ന് വാശിയാണ്. ഞാൻ അന്നാദ്യം ആണ് ഓട്ടിസം എന്ന് കേൾക്കുന്നത്. അതിനുശേഷം ഞാൻ പല രാത്രികളിലും ഇത് തന്നെ ആലോചിച്ചു കൊണ്ടിരുന്നു. കച്ചേരിയുടെ ഓഡിയോ വീണ്ടും കേട്ടപ്പോൾ പ്രകാശ് പറഞ്ഞ കൃതിയിൽ ഒരു ചെറിയ പിശക് ഞാൻ തിരിച്ചറിഞ്ഞു. ഒന്ന് കൂടി തിരിച്ചറിഞ്ഞു ഞാൻ! എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും എന്റെ ഏറ്റവും വല്യ അഭ്യൂദയകാംക്ഷിയും പ്രകാശ് ആണ്. ഓട്ടിസം എന്ന അവസ്ഥയിൽ ഉള്ള കുട്ടികളെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ അന്ന് മുതൽ ശ്രമിച്ചു. എനിക്ക് ആകെ ചെയ്യാനാവുന്നത് എന്റെ സംഗീതത്തിലൂടെയാണ്. അവർക്കായി ഞാൻ പാടി തുടങ്ങി. അവരെ കാണുവാൻ വരുന്ന ജയശ്രീ ആന്റി മാത്രം ആണ് ഞാനെന്നും. ചിലപ്പോൾ അവർ പറയുന്ന പടി ഞാൻ പാടുകയും ചെയ്യാറുണ്ട്( സദസ്യരിലുണ്ടായിരുന്ന ഭിന്നശേഷിക്കാരൻ ആയ ഒരു കുട്ടി ചെറുതായി അപ്പോൾ എന്തോ അസ്വസ്ഥത കാണിച്ചു. ആ കുട്ടിയുടെ അച്ഛനും അമ്മയും വേഗം അവിടെനിന്നും പുറത്തേക്കു പോയി, അവർ എന്തിനു പുറത്തു പോയി എന്ന് ബോംബെ ജയശ്രീ എന്ന ഓട്ടിസ്റ്റി കുഞ്ഞുങ്ങളുടെ കൂട്ടുകാരി അപ്പോൾ മൈക്കിലൂടെ ചോദിക്കുകയും ഉണ്ടായി സംഗീതത്തിനപ്പുറം ഉള്ള മനുഷ്യ സ്നേഹിയായ സംഗീതജ്ഞയെ എന്ന് ഞാൻ മനസിൽ നമസ്കരിച്ചു.)മഞ്ചക്കുടി എന്ന ഗ്രാമ പ്രദേശത്തുള്ള കുട്ടികൾക്കായും ഞാൻ പതിവായി പാടാറുണ്ട്. അവർക്കും ഞാൻ 'പാട്ട് ആന്റി' മാത്രം ആണ്.

സംഗീത യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു. ജീവിതത്തിന് കാതോർക്കുമ്പോൾ സന്തുഷ്ട ആണോ?

തീർച്ചയായും സന്തോഷവതി ആണ്. സംഗീതം തന്നെ ആനന്ദങ്ങൾ, അനുഗ്രഹങ്ങൾ– സന്തോഷം മാത്രമേയുള്ളൂ. മുന്നിലോട്ടുള്ള ജീവിതത്തിനും സംഗീതം തന്നെ ആനന്ദം, ആശ്രയം, അഭയം.

'ഞങ്ങളുടെ വർത്തമാനത്തിനുശേഷം എന്റെ പുതിയ കർണാടിക് പ്രോഗ്രസീവ് റോക്ക് ആൽബത്തിലെ ആദ്യ ഗാനത്തിന്റെ (മാരവൈരി) റിലീസിങ് ശ്രീമതി ബോംബെ ജയശ്രീ നിർവഹിക്കുകയുണ്ടായി, അവരവരുടെ മേഖലകളിൽ ലോകത്തിന്റെ നെറുകയിലെത്തിയ മഹാവ്യക്തികൾക്കൊക്കെയും ഒരു സമാനതയുണ്ട്. വളർന്നു വരുന്നവർക്ക് നൽകുന്ന പിന്തുണ. അവരുടെ ഒരു വാക്കിൽ. ഒരൊറ്റ പ്രവൃത്തിയിൽ നിന്നും പ്രചോദനം ലഭിക്കുന്ന അടുത്ത തലമുറക്കാർ അതു മറക്കുകയുമില്ല. സെമി ക്ലാസിക്കൽ ശ്രേണിയിൽ പെട്ട ചലച്ചിത്ര ഗാനങ്ങൾ പാടിയപ്പോൾ എന്നോട് നിരവധി പേർ പറഞ്ഞിട്ടുണ്ട് ബോംബെ ജയശ്രീയുമായുള്ള ശബ്ദ സാദൃശ്യം ഒരേ ഉത്തരം ഞാൻ അപ്പോളൊക്കെയും ആവർത്തിച്ചു. ബോംബെ ജയശ്രീ എന്റെ മാനസ ഗുരു തന്നെയാണ്. അവരുടെ സംഗീത ശുദ്ധിയ്ക്കൊപ്പം തന്നെയാണ് ഹൃദയ ശുദ്ധിയും എന്നതിൽ ഈ സംഭാഷണത്തിന് സാക്ഷികൾ ആയവർക്ക് ഒരു സംശയവും കാണില്ല. വൈകിട്ട് ബോംബെ ജയശ്രീയുടെ കച്ചേരി അവസാനിച്ചത് ഗുരു ലാൽഗുഡി ജയരാമന്റെ ദേശ് തില്ലാനയോട് കൂടിയാണ് ശബ്ദ പരിശോധന. കച്ചേരി വിലയിരുത്തലുകൾ, തുടങ്ങിയ എല്ലാ ചോദ്യത്തിനും ബോംബെ ജയശ്രീ തന്നെ ഉത്തരങ്ങൾ അവർ പാടുമ്പോൾ എനിക്ക് കൃത്യമായി മനസിലാക്കുവാനായി'.

ആ ദിനം അവസാനിക്കുമ്പോൾ ഫിലിപ്പ് ബാൽ എന്ന േലാകപ്രശസ്ത സയൻസ് എഴുത്തുകാരന്റെ ഒരു ഉദ്ധരണി എന്റെ മനസിേലയ്ക്ക് വന്നു. The Music Instinct എന്ന പുസ്തകത്തിേലതാണ് ഈ വരികൾ - Music seems to reach to the very core of what it means to be human

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA