sections
MORE

‘അവരെ നൽകി ദൈവം എന്നെ കൊതിപ്പിക്കേണ്ടിയിരുന്നില്ല’, സങ്കടകടല്‍ താണ്ടി ജോൺസന്റെ റാണി

HIGHLIGHTS
  • ഒരായുസ്സിൽ എനിക്ക് കിട്ടാവുന്ന സ്നേഹം മുഴുവൻ അവൻ നല്‍കി
  • അവർ രണ്ടുപേരും പോയിക്കഴിഞ്ഞതിനു ശേഷം നാലു വർഷം അവളുണ്ടായിരുന്നു
Rani-johnson
SHARE

ഒരായുസ്സിൽ മറക്കാത്ത ഈണങ്ങൾ സംഗീത പ്രേമികൾക്കു സമ്മാനിച്ചാണ് ജോൺസൺ എന്ന സംഗീതജ്ഞൻ കടന്നു പോയത്. സംഗീതം പോലെയായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും. ഭാര്യയും രണ്ടു മക്കളും. ജോൺസണു പിന്നാലെ മക്കളും പോയതോടെ തനിച്ചായി പോയി ഭാര്യ റാണി. ജീവന്റെ ഭാഗമായിരുന്ന മൂന്നു പേർ അടര്‍ന്നു പോയപ്പോൾ റാണി എന്ന ഭാര്യയ്ക്കും അമ്മയ്ക്കും അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അനുഭവങ്ങളുടെ തീച്ചൂള താണ്ടിയ റാണി ജോൺസൺ അതിജീവനത്തിന്റെ കഥ പറയുകയാണ്. പ്രിയപ്പെട്ടവരുടെ ഓർമയിൽ

ജോൺസൺ നഷ്ടക്കണക്കിലെ ആദ്യ ഏട്

മനുഷ്യനിൽ ആശ്രയം വെക്കുന്നതിനേക്കാൾ നല്ലത് ദൈവത്തിൽ ആശ്രയം വെക്കുന്നതാണെന്ന ബൈബിൾ വചനത്തിൽ ഞാൻ വിശ്വസിക്കുന്നു. മോനോ മോളോ ചേട്ടനോ ആരുമില്ലാതെ എനിക്കു ജീവിക്കാൻ പറ്റുമായിരുന്നില്ല. മനുഷ്യനെക്കാൾ ദൈവത്തിൽ വിശ്വസിക്കുന്നതിനാലാണ് ഇന്നെനിക്കു ജീവിച്ചിരിക്കാൻ സാധിക്കുന്നത്. മോളു മരിച്ച് 41 ദിവസം കഴിയും വരെ ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. രാവിലെ പള്ളിയിൽ പോയി വന്നാൽ റൂമിനകത്തു കയറിയിരിക്കും. അമ്മച്ചി ഭക്ഷണം റൂമിലേക്കു കൊണ്ടു വന്നു തരും അതു കഴിക്കും. വീണ്ടും അവിടെ തന്നെ കിടക്കും. ആരോടും സംസാരിക്കാനോ ഇടപഴകാനോ തോന്നിയിരുന്നില്ല. പിന്നീട് കുറച്ചു നാൾ ധ്യാനത്തിനു പോയിരുന്നു. അതുകഴിഞ്ഞപ്പോഴാണ് മനസ്സിന് അൽപം ധൈര്യം ലഭിച്ചത്. ജീവിച്ചു തീർക്കണമല്ലോ നമ്മൾ ഇനിയും. ആയുസ്സുള്ള കാലം ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ ദൈവത്തിൽ വിശ്വസിച്ചാണ് ഞാൻ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. എന്തുണ്ടെങ്കിലും തുറന്നു പറയും. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിലും ചേട്ടന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിലും അതു തുറന്നു പറയും. മക്കളുടെ കാര്യത്തിലും അങ്ങനെത്തന്നെ. നുണ പറയുന്ന സ്വഭാവം ഒട്ടും ഉണ്ടായിരുന്നില്ല. എല്ലാം എന്നോടു പറഞ്ഞാണ് ചെയ്യുന്നത്. പാട്ടൊക്കെറെക്കോർഡിങ് കഴിഞ്ഞു വന്നാൽ പാട്ടുകൾ ഇങ്ങനെ കേട്ടുകൊണ്ടിരിക്കും. കാറിൽ ഇരുന്നു തന്നെയായിരിക്കും കേൾക്കുന്നത്. നേരം വെളുക്കുന്നതു വരെ ആ ഇരിപ്പു തുടരും. ചിലപ്പോഴൊക്കെ എന്നെയും വിളിച്ചിരുത്തി കേൾപ്പിക്കും.

ആ ദിവസം എന്നോടും മോനോടും കൂടി പറഞ്ഞു. പിറ്റേന്നു ഷൂട്ടിനിടാനായി ഒരു ജുബ്ബ വോങ്ങി കൊണ്ടുവരാൻ . ഞങ്ങൾ പോയി നോക്കിയപ്പോൾ അവിടെ എംബ്രോയഡറി ചെയ്ത ജുബ്ബയൊന്നും ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ ചേട്ടനെ വിളിച്ചു പറഞ്ഞു. ചേട്ടാ ഇവിടെ പ്ലെയിൻ ജുബ്ബയേയുള്ളു, വർക്ക് ചെയ്തതില്ല. എന്നാൽ വേണ്ട എന്നു പറഞ്ഞു. കാരണം പ്ലെയിൻ ചേട്ടനിഷ്ടമായിരുന്നില്ല. ഉച്ചയാകുമ്പോൾ മോന് ഓഫീസിൽ പോകണമായിരുന്നു. അപ്പോൾ ചേട്ടൻ പറഞ്ഞു. ഞാൻ ബസ് സ്റ്റോപ്പിൽ ആക്കാം. സാധാരണ ചേട്ടൻ അങ്ങനെയൊന്നും പറയാറില്ല. അവൻ പറഞ്ഞു. ഡാഡി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കിടന്നോട്ടെ. ഞാൻ പൊയ്ക്കോളാം. അപ്പോൾ ഞാൻ മോനോടു പറഞ്ഞു. ഡാഡി നിന്നെ ബസ്‌ സ്റ്റോപ്പിലാക്കാനായി വണ്ടിയുമെടുത്തു പുറത്തിട്ടിരിക്കുകയാണ്. നീ പോയില്ലെങ്കിൽ ഡാഡിക്ക് വിഷമമാകും. അങ്ങനെ മോനെ കൊണ്ടുപോയാക്കി വന്നപ്പോൾ ചേട്ടൻ പറഞ്ഞു. എനിക്കു നന്നായി തലവേദനിക്കുന്നുണ്ട്. ഒന്നു കിടക്കട്ടെ. ഞാൻ അപ്പോൾ ടൈഗർ ബാമൊക്കെ പുരട്ടി കൊടുത്തു. അതു പറഞ്ഞു ചേട്ടന്‍ കിടന്നു. ഉടനെ ഞാൻ മോളെ വിളിച്ചു പറഞ്ഞു. എടി മോളെ, ഡാഡിക്ക് നല്ല തലവേദനയാണ്. അപ്പോൾ അവൾ പറഞ്ഞു. മമ്മി എങ്കിൽ ഞാൻ ഒരു ആംബുലന്‍സ് വരാം പറയാം. ആശുപത്രിയിൽ പൊയ്ക്കോ. ആംബുലൻസ് ഒന്നും വേണ്ട. അതൊക്കെ കേൾക്കുമ്പോഴേ പേടിയാണ്. ഇതൊരു തലവേദനയല്ലേ. കുറച്ചു നേരം കഴിഞ്ഞപ്പോൾ പറഞ്ഞു. തലവേദന കൂടി വരുന്നുണ്ട്. ശ്വാസം കിട്ടാതാകുന്നതു പോലെ തോന്നുന്നു. എന്നാൽ കുറച്ചു വെള്ളം തിളപ്പിച്ചു കൊണ്ടുവരാമെന്നു പറഞ്ഞു. അപ്പോൾ ചേട്ടൻ പറഞ്ഞു. വേണ്ട. നീ ഇപ്പോൾ എന്റെ അടുത്തിരിക്ക്. ഉടനെ ഞാൻ മോളെ വിളിച്ചു വീണ്ടും പറഞ്ഞു. ഡാഡിക്ക് ശ്വാസം കിട്ടാത്തതുപോലെയുണ്ടെന്നു പറയുന്നു. നീ വേഗം ആംബുലൻസ് വരാൻ പറ. ആംബുലൻസൊക്കെ വന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞു

ഒരായുസ്സിൽ കിട്ടാവുന്ന സ്നേഹം അവൻ നൽകി

ബൈക്ക് റൈസിങ്ങിൽ വലിയ താത്പര്യമായിരുന്നു അവന്. ഞാനെപ്പോഴും കൂടെ വേണമായിരുന്നു. ഭയങ്കര സ്നേഹമായിരുന്നു അവന്. ഒരായുസ്സിൽ എനിക്ക് കിട്ടാവുന്ന സ്നേഹം മുഴുവൻ അവൻ നല്‍കി. എംഎസ്‌സിക്കു ചേർന്നപ്പോൾ തന്നെ അവൻ പറയുമായിരുന്നു. എനിക്കിതിലൊന്നും താത്പര്യമില്ല. സർട്ടിഫിക്കറ്റ് കൊണ്ടു വന്ന് ഞാൻ അമ്മച്ചിക്ക് തരും. എന്നിട്ടു ബൈക്ക് റൈസിങ്ങിനു പോകും. ജോലി എന്നൊക്കെ പറയുമ്പോൾ ആരുടെയെങ്കിലും കീഴിൽ നിന്നു ചെയ്യേണ്ടേ. എനിക്കതൊന്നും വയ്യ. ബൈക്ക് റൈസിങ് ആകുമ്പോൾ പ്രശ്നമില്ലല്ലോ. അങ്ങനെ ബൈക്കിനു പോകുമ്പോൾ ഒരു സ്ത്രീ വട്ടം ചാടിയതാണ്. അവരെ രക്ഷിക്കാൻ വേണ്ടി അവൻ ബൈക്ക് വെട്ടിച്ചു. അങ്ങനെയാണ് ആക്സിഡന്റ് ഉണ്ടാകുന്നത്. അന്നു പോകുമ്പോൾ അവൻ പറഞ്ഞിരുന്നു. ഇന്നു ഞാൻ ചാവി എടുക്കുന്നില്ല പത്തു മണിയാകുമ്പോഴേക്കു വരാം. പക്ഷേ, പത്തുമണിയാകുമ്പോഴേക്കും അവന്റെ ഓഫീസിൽ നിന്നൊരു ഫോൺകോൾ വന്നു. റെന്നിനൊരു ആക്സിഡന്റ് പറ്റിയെന്നു പറഞ്ഞു. ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അങ്ങനെ എല്ലാവരും പെട്ടന്നാണു പോയത്. 

അമ്മയ്ക്കു സർപ്രൈസുമായി എത്തിയിരുന്ന ഷാന്‍ 

അവർ രണ്ടുപേരും പോയിക്കഴിഞ്ഞതിനു ശേഷം നാലു വർഷം അവളുണ്ടായിരുന്നു എന്റെ കൂടെ. മൈസൂരിലായിരുന്നു ജോലി. അവൾക്കു പിന്നീട് ചെന്നൈയിലേക്കു ട്രാൻസ്ഫർ ആയി. അമ്മ ഇങ്ങോട്ടു വാ എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു. ഏതായാലും എല്ലാം മതിയാക്കി നാട്ടിലേക്കു പോന്നല്ലോ. മോളും ഇനി ഇങ്ങോട്ടു പോര്. നാട്ടിലേക്ക്. നമുക്കിവിടെ നിൽക്കാം. ഫെബ്രുവരി ആറിനാണ് അവൾ മരിക്കുന്നത്. ആ വർഷം ഏപ്രിലിൽ അവൾക്ക് എറണാകുളത്തേക്ക് ട്രാൻസ്ഫർ വന്നു. അമ്മയുടെ സ്വരമെന്താണ് ഇങ്ങനെയിരിക്കുന്നത്. അച്ചുവും അച്ഛനും നൽകിയ സ്നേഹം നൽകാൻ അമ്മയ്ക്ക് ഞാനില്ലേ. എന്നൊക്കെ എന്നെ വിളിക്കുമ്പോൾ അവൾ പറയും. എല്ലാ ആഴ്ചയും ചെന്നൈയിൽ നിന്നും വന്നിരുന്നു. എന്റെ ബർത്ത്ഡേയൊക്കെ അവളായിരിക്കും ആദ്യം ഓർക്കുക. അവളാണ് രാവിലെ വന്നു വിളിച്ചുണർത്തുക. അതൊന്നും ഈ ജൻമം മറക്കാനാകില്ലല്ലോ. അവളുടെതും കാർഡിയാക് അറസ്റ്റ് തന്നെയാണെന്നാണു ഡോക്ടർ പറഞ്ഞത്

രണ്ടു മക്കളെ നൽകി കൊതിപ്പിക്കേണ്ടിയിരുന്നില്ല

ദൈവ വിശ്വാസിയാണ് ഞാൻ. ഒരിക്കലും ദൈവത്തോടു ദേഷ്യം തോന്നിയിട്ടില്ല. വിധി ഇങ്ങനെയായി. പക്ഷേ, സങ്കടം തോന്നും. അവരെ പോലെ രണ്ടു മക്കളെ നൽകി ദൈവം എന്നെ കൊതിപ്പിക്കേണ്ടിയിരുന്നില്ല. പിന്നെ ദൈവം എന്നെ കൈവിട്ടിട്ടില്ല എന്ന് എപ്പോഴും തോന്നാറുണ്ട്. മോനെ പറ്റിയോ മോളെ പറ്റിയോ എനിക്കു വിഷമിക്കേണ്ട ഒരു ഓർമയും ഇല്ല. എല്ലാം നല്ല ഓർമകളാണ്. ലോകത്തിൽ ഏറ്റവും ഇഷ്ടം അമ്മയോടായിരുന്നു എന്ന് മോന്റെ സുഹൃത്തുക്കൾ പറഞ്ഞു കേട്ടപ്പോൾ സഹിച്ചിരുന്നില്ല. ഇവരൊക്കെ എന്നെ തനിച്ചാക്കി പെട്ടന്നു പോകുമെന്നു കരുതിയിരുന്നില്ല. ദൈവം ഉള്ളതു കൊണ്ടാണ് ആ മൂന്നു ഫോട്ടോകൾക്കു കൂടെ എന്റെ ഫോട്ടോയും വരാതെ പോയത്. അല്ലെങ്കിൽ വല്ല മെന്റൽ ഹോസ്പിറ്റലിലും ആകുമായിരുന്നു. ദൈവം ഉള്ളതുകൊണ്ടാണ് എല്ലാം ഉൾക്കൊള്ളാനുള്ള ശക്തി എനിക്കു ലഭിച്ചതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA