sections
MORE

കന്നുകാലി കർഷകന്റെ മനസ്സിൽ പിറന്ന സുന്ദരിയേ വാ; നമ്മൾ മറക്കാത്ത ‘വിനു’വിന്റെ മേൽവിലാസം

Sundariye-va
SHARE

ഏതു വേദിയിലും എപ്പോൾ വേണമെങ്കിലും പാടാൻ ഒരു ഗായകൻ മനസിനുള്ളിൽ കാത്തുവച്ചിരിക്കുന്ന ഒരു പാട്ടുണ്ടാകും. അയാളുടെ സ്വന്തം പാട്ട്. മനസിനുള്ളിൽ എപ്പോഴും പാടിനടക്കുന്ന പാട്ട്. ഒരുപക്ഷേ അത് ആദ്യം പാടിയ ഗാനമാകാം, ഗായകനായി സ്വയം അടയാളപ്പെട്ട ഈണമാകും, പാടാന്‍ പ്രേരിപ്പിച്ച പാട്ടാകും, ഒരുപാട് ആരാധിക്കുന്ന ഒരാൾ പാടിയതോ സൃഷ്ടിച്ചതോ ആകാം. അല്ലെങ്കിൽ തനിക്കേറ്റവും പ്രിയപ്പെട്ടൊരാളുടെ പ്രിയഗാനമാകാം...ആ പാട്ടു പാടാതെ വേദിവിട്ടാൽ അപൂർണമായ എന്തോ ഒന്നായി ആ നിമിഷങ്ങൾ പ്രേക്ഷകന് അനുഭവപ്പെടാം...പാട്ടുകാർക്കും. ഫ്രാങ്കോയ്ക്കുമുണ്ട് അങ്ങനെയൊരു പാട്ട്....സുന്ദരിയേ വാ...

മലയാളത്തെ അന്നും ഇന്നും ഒരുപോലെ ഹരംപിടിപ്പിക്കുന്ന മറ്റൊരു ആൽബം ഗാനം ഇല്ലെന്നു തന്നെ പറയാം...വീട്ടിലേക്കു കത്തുമായി എത്തുന്ന പോസ്റ്റ് വുമണോടു തോന്നിയ പ്രണയം പാടിയ സുന്ദരിയേ വാ...അന്നും ഇന്നും ഹരമാണ് നമുക്ക്....പാട്ടിലെ നായിക നായകന്റെ വീട്ടിൽ വന്നു വിളിക്കാൻ നേരം തൊട്ടുണർത്തുന്ന കുഞ്ഞു മണിയും അവളുടെ ആ ചിരിയും പോലും ഓർമയുണ്ട്...കൂടെ മറക്കാതെ നിൽക്കുന്നുണ്ട് ആ മേൽവിലാസവും. വിനു, കാർത്തിക, ചൂലൂർ പി.ഒ.

സിനിമയ്ക്കപ്പുറമുള്ള സംഗീതത്തോട് ഇന്നത്തെയത്രയും പോലും പ്രിയമില്ലാതിരുന്ന കാലത്താണ് സുന്ദരിയേ വാ ഒരു വടക്കൻ കാറ്റിന്റെ സുഖം പകർന്ന് കേരളമൊന്നാകെ വീശിയടിച്ചത്. സംഗീത പരിപാടികളുടെ ഉത്സവമായിരുന്ന കാലത്ത് സുന്ദരിയേ വാ ആയിരുന്നു താരം. ഫ്രാങ്കോ എന്ന ഗായകന്റെ സ്വരമെന്നാൽ അത് സുന്ദരിയേ എന്ന പാട്ടായി മാറുകയായിരുന്നു. അഞ്ചിലധികം ഭാഷകളിൽ പാടി സിനിമയിലും സമാന്തര സംഗീതത്തിലും തന്റേതായ ഇടം കണ്ടെത്തിയ ഫ്രാങ്കോ ഇന്നും സുന്ദരിയേ വാ എന്ന‌ പാട്ടു പാടിയ ആളാണു പ്രേക്ഷകന്.

ഓരോ പാട്ടിനു പിന്നിലും ഒരു കഥയുണ്ടാകുമല്ലോ. പാട്ട് മനോഹരമാണെങ്കിൽ ആ കഥയും അതുപോലെ കേൾവി സുഖമുള്ളതായിരിക്കും. പാട്ടിനോടിഷ്ടമുള്ള കുറച്ചു സാധാരണക്കാരുടെ സൃഷ്ടിയായിരുന്നു സുന്ദരിയേ വാ...സംഗീതത്തിന്റെ ഗ്ലാമർ ലോകത്തൊന്നും മുൻപരിചയമില്ലാത്ത ആളുകളുടെ. എല്ലാവരും ഇഷ്ടപ്പെടുന്ന ഏറ്റുപാടാൻ തോന്നുന്ന ഗാനമായി അതു മാറിയതും അതുകൊണ്ടാണ്.

കുമാരന്റെ പാട്ട്

കന്നുകാലി വളർത്തൽ ജോലി ചെയ്തിരുന്ന കുമാരൻ എന്ന പാട്ടു പ്രേമിയുടെ മനസിലാണ് ഈ സുന്ദരിപ്പാട്ടിന്റ പിറവി. കുമാരന് പാട്ടുകളാണ് എല്ലാം. നന്നായി പാടുകയും ചെയ്യും. ഒരു സംഗീത ആൽബം ചെയ്യണമെന്നു തോന്നി കുമാരന്. പാട്ടു പാടി നടന്ന് കിട്ടിയ ചങ്ങാതിമാരുടെയടുത്താണ് കാര്യം പറഞ്ഞത്. സംഗീത സംവിധായകൻ ശ്യാം ധർമന്റെ അടുത്തെത്തുന്നത് അങ്ങനെയാണ്. 

പെയിന്റിങ് തൊഴിലാളിയായിരുന്ന രാജു രാഘവ് ആയിരുന്നു സുന്ദരിയേ വാ...എന്ന വരികൾ കുറിച്ചത്. റാം സുന്ദറിന്റേതായിരുന്നു ഓർക്കസ്ട്രേഷൻ. പാട്ട് കുറേയാളുകൾക്കെങ്കിലും ഇഷ്ടമാകണം. അവർ പാടി നടക്കണം. പാട്ടോർമകളിൽ സൂക്ഷിച്ചു വയ്ക്കാനൊരു കൗതുകക്കൂട്ടു വേണം അത്രയൊക്കെയേ ഇവർ ചിന്തിച്ചുളളൂ.

sundariye-vaa-franco

ഇത്രയധികം മറ്റൊരിക്കലുമില്ല

അന്ന് പാടിത്തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ ഫ്രാങ്കോ...പക്ഷേ ജീവിതത്തിൽ ഇതിനോളം മനസറിഞ്ഞു പാടിയ മറ്റൊരു പാട്ടുണ്ടോയെന്ന് ഫ്രാങ്കോയ്ക്കു സംശയമാണ്. പാട്ടിനു വരികളെഴുതുമ്പോഴും ഈണമിടുമ്പോഴും ഓർക്കസ്ട്രേഷൻ ചെയ്യുമ്പോഴുമൊക്കെ ഫ്രാങ്കോയും അടുത്തുണ്ടായിരുന്നു. തനിക്കു വേണ്ടി മാത്രമുളളൊരു പാട്ടാണ് അതെന്ന് അന്നേ തോന്നിയിരുന്നു. പാട്ടിലെ ഓരോ വാക്കുകളും ഈണവഴികളുമെല്ലാം തന്റെ ആലാപന ശൈലിയോടും സ്വരത്തോടും അത്രമേൽ ചേർന്നു നില്‍ക്കുന്നതായിരുന്നുവെന്ന് ഫ്രാങ്കോ ഓർക്കുന്നു. പിന്നീടൊരിക്കലും ഒരു പാട്ടുമായി ഇത്രയേറെ സഹകരിക്കാൻ അവസരം കിട്ടിയിട്ടില്ല. സ്റ്റുഡിയോയിൽ ചെല്ലുന്നു,പാടുന്നു, റെക്കോർഡ് ചെയ്യുന്നു പോകുന്നു. പിന്നീടൊരു ബന്ധവുമുണ്ടാകില്ല ആ പാട്ടിനോട്. അത്രയേയുള്ളൂ ഇപ്പോൾ.

അനിശ്ചിതത്വത്തിന്റെ കാലം

സുന്ദരിയേ പാടി റെക്കോർഡിങൊക്കെ കഴിഞ്ഞെങ്കിലും പാട്ട് വിതരണം ചെയ്യാനും മാർക്കറ്റിങിനുമൊന്നും ആരെയും കിട്ടിയില്ല. ഒരു പാട്ടു മാത്രമായി ഏറ്റെടുക്കാൻ‍ ആളുണ്ടായിരുന്നില്ലെന്നതാണു വാസ്തവം. പിന്നെയും നീണ്ടു ആ ദൗത്യം ഏറ്റെടുക്കാനുള്ള ആളിനെ തേടിയുള്ള അന്വേഷണം. അങ്ങനെയാണ് ബിജോയി എന്നയാളിലേക്കെത്തുന്നത്. കുമാരന്റെയും സംഘത്തിന്റെയും ഓഡിയോ റിലീസ് ചെയ്യാൻ ഒരു കമ്പനി തന്നെ തുടങ്ങി ബിജോയി. ഹിമ ഓഡിയോസ്. സുന്ദരിയേ വാ എന്നതിനു ദൃശ്യങ്ങളൊക്കെ ആകുന്നത് ബിജോയിയുടെ ആശയത്തിലായിരുന്നു. സംവിധായകരെ കൊണ്ടു വന്ന് വിഡിയോ ചെയ്തു. ചെമ്പകമേ എന്ന ഗാനം സാബു ആദിത്യനും സുന്ദരിയേ വായുടെ വിഡിയോ ഉദയചന്ദ്രനുമാണു സംവിധാനം ചെയ്തത്. ചെമ്പകമേ എന്ന് ആൽബത്തിനു പേരിട്ടു. സുന്ദരി പാട്ടിനൊപ്പം വേറെയുമെത്തി ഗാനങ്ങൾ. അക്കാലത്ത് മലയാള സിനിമ സംഗീതത്തിൽ തിളങ്ങി നിന്നിരുന്ന ജ്യോത്സനയും വിധു പ്രതാപും ആശ.ജി.മേനോനും മധു ബാലകൃഷ്ണനുമൊക്കെ നല്ല പാട്ടുകൾ പാടി. ഇവരുടെ ഏറ്റവും മികച്ച ഗാനങ്ങൾ എടുത്താൽ അക്കൂട്ടത്തിൽ ഇവയുമുണ്ടാകും. ആൽബം പുറത്തിറങ്ങിയപ്പോൾ ഏറ്റവും ശ്രദ്ധ നേടിയത് ഫ്രാങ്കോ പാടിയ പാട്ടുകളായിരുന്നു. പാട്ടുകൾ പോലെ തന്നെ ദൃശ്യങ്ങളും അന്നോളമുണ്ടായിരുന്ന പ്രണയചിന്തകളുടെ വിഭിന്നകളിലേക്കു നവ്യാനുഭവം പകർന്നു ലയിച്ചു ചേർന്നു. പാട്ടിന്റെ പകർപ്പവകാശം വർഷങ്ങൾക്കു ശേഷം ബിജോയി മറ്റൊരു കമ്പനിയ്ക്കു വിറ്റു. 

പാടാതെ വിടില്ല

സുന്ദരിയേ വാ...എന്ന പാട്ട് നമുക്കെത്രമാത്രം ഇഷ്ടമാണോ ആ അനുഭൂതി തന്നെയാണു ഫ്രാങ്കോയ്ക്കുമുള്ളത്. പാടി നിൽക്കുമ്പോൾ വേദികളിലെ ആരവം അൽ‌പമൊന്നു തണുത്തുവെന്നു തോന്നിയാൽ സുന്ദരിയേ വാ എന്നു പാടിത്തുടങ്ങും ഫ്രാങ്കോ. ചെമ്പകമേ പിന്നാലെ പാടും....പിന്നെ നോക്കണ്ട... പാടിത്തീർന്ന് കളമൊഴിയുമ്പോൾ ഈണങ്ങൾ കേൾക്കാനെത്തിയ ഓരോരുത്തരുടെയുമുള്ളിൽ ഫ്രാങ്കോ പിന്നെയും പാടിക്കൊണ്ടിരിക്കുകയായിരിക്കും...ഒരു പാട്ടിനെ ഒരു പാട്ടുകാരനെ എത്രമേൽ മനോഹരമായി കേള്‍വിക്കാരനുള്ളിലേക്കു ചേർത്തു വയ്ക്കാൻ സാധിക്കും എന്നതിനുള്ള തെളിവുകൂടിയാണീ പാട്ട്...പിന്നെ കലയോടുള്ള സ്നേഹത്തോടെ ഒരു സൃഷ്ടിയിലേക്കു കടന്നുചെന്നാൽ അതിനെ കാലം ഒരു ചെമ്പകപ്പൂവിന്റെ നൈർമല്യതയോടെ കൈക്കുമ്പിളിലേക്കെടുത്ത് നെഞ്ചോടു ചേർത്ത് സ്വപ്നങ്ങളിലേക്കു സഞ്ചരിക്കുമെന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA