ADVERTISEMENT

‘ലൂസിഫർ’ റിലീസ് ചെയ്ത ദിവസം ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ സംഗീത സംവിധായകൻ ദീപക് ദേവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടു. സിനിമയിൽ ഒരു ഹൈ വോൾട്ടേജ് ഹിന്ദി പാട്ടിനു ശബ്ദം നൽകിയിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടുള്ള ഒരു ചെറിയ കുറിപ്പായിരുന്നു അത്. ഒപ്പം ലൂസിഫർ ടീമിന് ആശംസകളും! ചിത്രം പ്രദർശനത്തിനെത്തി 10 ദിവസം പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ആ ഹൈ വോൾട്ടേജ് പാട്ടിന്റെ ‘ഇഫക്ട്’ ഗായിക യഥാർഥത്തിൽ അനുഭവിച്ചു തുടങ്ങിയത്. യൂട്യൂബിൽ റിലീസ് ചെയ്ത ‘റഫ്താരാ’ എന്ന ഹിന്ദി ഗാനം സംഗീതപ്രേമികൾ ഏറ്റെടുത്തു! യൂട്യൂബ് ട്രെൻഡിങ്ങിൽ ഗാനം ഒന്നാമതെത്തി. ഈ ഹിന്ദി ഗാനം പാടിയത് ഏതെങ്കിലും ബോളിവുഡ് ഗായികയായിരിക്കുമെന്നു കരുതിയവരെ ഞെട്ടിച്ചുകൊണ്ട് ക്രെഡിറ്റിൽ തൃശൂരുകാരിയായ ജ്യോത്സ്നയുടെ പേരു തെളിഞ്ഞപ്പോൾ മലയാളികൾ ഹൃദയം തുറന്നു അഭിനന്ദനങ്ങളുമായെത്തി. അപ്രതീക്ഷിതമായെത്തിയ അഭിനന്ദനപ്രവാഹത്തിൽ ത്രില്ലടിച്ചിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയഗായിക. 

 

‘സുഖമാണീ നിലാവ്...’ പാടി മലയാളികളുടെ മനസ്സിലേക്കു കയറിക്കൂടിയ ജ്യോത്സ്ന, ഒന്നര ദശാബ്ദക്കാലമായി മലയാള പിന്നണിഗാനരംഗത്തുണ്ട്. ഈ കാലയളവിൽ പാട്ടിൽ നിന്ന് ഒരിക്കൽപ്പോലും ഇടവേള എടുത്തിട്ടില്ല. കരിയറിന്റെ തുടക്കത്തിൽ ലഭിച്ച പോലുള്ള ഹിറ്റുകൾ ലഭിക്കുന്നതിൽ മാത്രമായിരുന്നു ഇടവേള സംഭവിച്ചത്. എന്നാൽ, അവയെല്ലാം നിഷ്പ്രഭമാക്കുന്ന വിജയമാണ് ലൂസിഫറിലെ ഗാനം ജ്യോത്സ്നക്കു സമ്മാനിച്ചത്. ‘റഫ്താരാ...’ എന്ന ഗാനത്തിലേക്ക് എത്തിയ വഴികളെക്കുറിച്ചും തന്നെ തേടിയെത്തിയ അഭിനന്ദനങ്ങളെക്കുറിച്ചും ജ്യോത്സ്ന മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനസ്സു തുറന്നു:

 

അഭിനന്ദനങ്ങൾ ഞെട്ടിച്ചു

 

ഞായറാഴ്ച രാത്രിയാണ് ലൂസിഫറിലെ പാട്ട് റിലീസായത്. അതുവരെ എന്റെ കുറച്ചു സുഹൃത്തുക്കളും ലൂസിഫർ ടീമിലെ ആളുകളുമല്ലാതെ ആരും ഈ പാട്ട് പാടിയത് ഞാനാണെന്ന് അറിഞ്ഞിരുന്നില്ല. പാട്ട് റിലീസായതോടെ എനിക്ക് ഫോൺ താഴെ വയ്ക്കാൻ സമയം കിട്ടിയിട്ടില്ല. അത്രയേറെ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമാണ് ഈ അഭിനന്ദനപ്രവാഹം. ഇൻസ്റ്റഗ്രാമിലൊക്കെ ഒരുപാടു ചെറുപ്പക്കാർ അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്റെ പാട്ടുകൾ സ്ഥിരമായി ശ്രദ്ധിക്കുന്ന ചെറിയ വിഭാഗം ആളുകളല്ലാതെ വേറൊരു വലിയ വിഭാഗത്തിന്റെ പ്രതികരണം ലഭിക്കുന്നത് ഇതാദ്യമായാണ്. ചില മെസേജുകളൊക്കെ വായിച്ചപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി. 

 

ആ പാട്ട് ഇങ്ങനെയൊക്കെയാകുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. പടം കാണാൻ പോയപ്പോഴും പാട്ട് ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. റെക്കോർഡ് ചെയ്യുമ്പോൾ തന്നെ പാട്ട് ഇങ്ങനെയാണു വരാൻ പോകുന്നതെന്ന് അറിയാമായിരുന്നു. ക്ലൈമാക്സ് സംഘട്ടനരംഗത്തിനിടയിൽ പല പല ഭാഗങ്ങളായി വരുന്നൊരു പാട്ട്. അത്രയും പ്രാധാന്യമേ ഞാനും നൽകിയിരുന്നുള്ളൂ. ക്ലൈമാക്സ് രംഗത്തിനൊരു പിന്തുണ നൽകുന്ന പാട്ട്! സിനിമ റിലീസായി ഒരാഴ്ച കഴിയും വരെ ഇതൊക്കെ തന്നെയായിരുന്നു സംഭവിച്ചതും. പക്ഷേ, പാട്ടു യൂട്യൂബിൽ വന്നതോടെ കഥ മാറി. 

jyotsna-1

 

ഞാനിവിടെയുണ്ട്!

 

ഒരു ഇടവേളയ്ക്കു ശേഷമല്ല ഞാൻ സിനിമയിൽ പാടുന്നത്. പിന്നണിഗാനരംഗത്തു സജീവമായി ഞാനുണ്ട്. വിവാഹത്തിനു ശേഷം ഞാൻ ബെംഗളൂരുവിലേക്ക് മാറിയെങ്കിലും പാട്ടൊന്നും ഉപേക്ഷിച്ചില്ല. സിനിമകളിൽ പാടുന്നുണ്ടായിരുന്നു. സ്റ്റേജ് ഷോകളിലും സ്വതന്ത്ര സംഗീതസംരംഭങ്ങളിലും സജീവമാണ്. സത്യത്തിൽ സംഗീത പരിപാടികളും പാട്ടുകളുമായി ഞാൻ തിരക്കുകളിൽ തന്നെയായിരുന്നു. പക്ഷേ, ഒരു ഇടവേളയ്ക്കു ശേഷമാണ് ഹിറ്റ് ഗാനം ലഭിക്കുന്നത്. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലെ ‘വെയിൽ ചില്ല...’ എന്നു തുടങ്ങുന്ന ഗാനമാണ് ഏറ്റവും ഒടുവിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു പാട്ടു ഹിറ്റാകണമെങ്കിൽ അതിലൊരുപാടു കാര്യങ്ങൾ ഒത്തുവരണം. ലൂസിഫർ ഒരു ബ്ലോക്ക്ബസ്റ്റർ ആണ്. ഇന്നത്തെ കാലത്ത് ഒരുപാടു പാട്ടുകാരുണ്ട്. അതിനിടയിൽ ശരിക്കും സ്റ്റാൻഡ് ഔട്ട് ആയി നിന്നെങ്കിൽ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂ. 

 

ലൂസിഫറിലേക്ക്...

 

ലൂസിഫറിലെ ഹിന്ദി ഗാനം മുംബൈയിലുള്ള ഒരു ഗായികയെക്കൊണ്ടു പാടിക്കാനായിരുന്നു അവർ ആദ്യം തീരുമാനിച്ചിരുന്നത്. പാട്ടിന്റെ ഈണം ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ, പാടിക്കഴിയുമ്പോൾ ഇതെങ്ങനെയാകും ഉണ്ടാവുക എന്നറിയാനാണ് ദീപക്കേട്ടൻ എന്നെ സമീപിച്ചത്. ചുമ്മാ ഒന്നു പാടി നോക്കാം എന്നൊരു ഫീലിലാണ് ഞാൻ സ്റ്റുഡിയോയിലെത്തിയത്. പാടിയ ‘റഫ് ട്രാക്ക്’ പൃഥ്വിരാജിനും മുരളി ഗോപിക്കും ഇഷ്ടമായി. അങ്ങനെ അവസാനം ഞാൻ തന്നെ പാടിയാൽ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ആദ്യം പാടിയതിൽ നിന്നും വരികൾക്കൊക്കെ പിന്നീടു മാറ്റം വന്നു. പാട്ടിന്റെ വരികൾ പല തവണ മാറ്റിയെഴുതിയിരുന്നു. 

jyotsna-4

 

നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്

 

ഒരു പക്കാ ഹിന്ദി ഗാനം പാടുമ്പോൾ നിരവധി വെല്ലുവിളികളുണ്ട്. ഭാഷയോടും അതിന്റെ ഉച്ചാരണത്തോടും നീതിപുലർത്തുക എന്നത് വലിയ ഉത്തരവാദിത്തമാണ്. നല്ല രീതിയിൽ സമയം എടുത്താണ് ആ പാട്ട് പൂർത്തിയാക്കിയത്. ഈ പാട്ടിന്റെ വരികളെഴുതിയ തനിഷ്ക് നബാറും എന്റെ ഉച്ചാരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ പാട്ടിന്റെ പിന്നിൽ നല്ലോണം പണിതിട്ടുണ്ട് എന്നു പറയുന്നതാകും ശരി.  

 

പാടിയത് ജ്യോത്സ്നയോ?!

 

ഞാനാണ് ഈ പാട്ടു പാടിയതെന്നു തിരിച്ചറിയുമ്പോൾ പലർക്കും അദ്ഭുതമാണ്. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രതികരണങ്ങൾ അങ്ങനെയാണ്. സത്യം പറയൂ, ഈ പാട്ടു ചേച്ചി പാടിയതാണോ, എന്നൊക്കെയുള്ള മെസേജുകളാണ് ലഭിക്കുന്നത്. ലൂസിഫർ എന്ന സിനിമയുടെ ക്ലൈമാക്സിലാണ് ഈ പാട്ട്. അവിടെ പാട്ടിലല്ല, അതിനിടയിൽ നടക്കുന്ന സംഭവങ്ങളിലാണ് ഫോകസ്. ക്ലൈമാക്സ് സീക്വൻസിന് ഒരു പശ്ചാത്തലമാകുകയാണ് ഈ പാട്ട്. എന്നാൽ, പാട്ടു മാത്രമായി റിലീസ് ചെയ്തപ്പോഴാണ് ഇത്രയധികം പോസിറ്റീവ് പ്രതികരണങ്ങൾ ലഭിക്കുന്നത്. 

 

ദീപക് ദേവുമായുള്ള സൗഹൃദം

 

സിംഫണി എന്ന ചിത്രം മുതലുള്ള പരിചയമാണ് എനിക്ക് ദീപക്കേട്ടനുമായുള്ളത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ റിയാലിറ്റി ഷോയിൽ വച്ചാണ് ദീപക്കേട്ടനുമായി സൗഹൃദത്തിലാകുന്നത്. ആ ഷോയുടെ അവതാരകയായിരുന്നു ഞാൻ. അതിനുശേഷം ലയൺ, സാധു മിരണ്ടാൽ, കാറ്റ് തുടങ്ങിയ ചിത്രങ്ങളിൽ പാടി. ഞങ്ങൾ രണ്ടു പേരും ഒരേ സമയത്ത് ചലച്ചിത്രരംഗത്തേക്ക് എത്തിയവരാണ്. ഞങ്ങൾ രണ്ടുപേരും ഒരു ജനറേഷൻ പിറകിലാണ് എന്നാണ് എനിക്കെപ്പോഴും തോന്നുക. നവാഗതർ എന്ന കാറ്റഗറിയിൽ ഞങ്ങൾ ഉൾപ്പെടില്ല. കാരണം 2002ലാണ് ഞങ്ങൾ വന്നത്. അതിനുശേഷം നിരവധി ന്യൂജെൻ പാട്ടുകാർ എത്തി. ആ നിലയിൽ ഞങ്ങൾ ഒരു ജനറേഷൻ പിന്നിലാണ്. ഞങ്ങളൊരുമിച്ചു വീണ്ടും വന്നതുകൊണ്ടാണോ ആളുകൾക്ക് ഇത്ര അദ്ഭുതം തോന്നുന്നതെന്ന് അറിയില്ല. പിന്നെ, ഓരോ പാട്ടിനും ഓരോ യോഗമല്ലേ!   

 

ദുബായ് ബന്ധം 

 

ഞങ്ങൾക്കു രണ്ടുപേർക്കും ഒരു ദുബായ് ബന്ധമുണ്ട്. ദീപക്കേട്ടനും ഞാനും പഠിച്ചതു ദുബായിലാണ്. പുറത്തു പഠിച്ചതുകൊണ്ട് എനിക്ക് നിരവധി ഉത്തരേന്ത്യൻ സുഹൃത്തുക്കളുണ്ട്. അവരോടൊക്കെ ഹിന്ദിയിൽ സംസാരിച്ച് ശീലമുണ്ട്. അതൊക്കെ ദീപക്കേട്ടന് അറിയാം. പിന്നെ, ഞാൻ ഹിന്ദി പാട്ടുകളുടെ കവർ ചെയ്യുമ്പോഴൊക്കെ അദ്ദേഹത്തിന് അയച്ചു കൊടുക്കാറുണ്ട്. ഹിന്ദി സുഗമമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹത്തിന് അറിയാം. അതാണ് പാട്ടിന്റെ ഒരു സ്ട്രക്ചർ ഉണ്ടാക്കിയപ്പോൾ ആദ്യം എന്നെ ഒന്നു വിളിച്ചത്. ചുമ്മാ ഒന്നു പാടി നോക്കാമെന്നു പറഞ്ഞായിരുന്നു ആ ക്ഷണം. 

 

എല്ലാവരോടും നന്ദി

 

ജ്യോത്സ്നയെ മലയാള ചലച്ചിത്ര സംഗീതലോകം വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇപ്പോഴാണ് അർഹിക്കുന്ന പ്രശസ്തി ലഭിക്കുന്നതെന്നുമൊക്കെ ആളുകൾ പ്രതികരിക്കുന്നതു കാണുമ്പോൾ അദ്ഭുതമാണ്. സംഗീതം ഇഷ്ടപ്പെടുന്നവർ എന്നെ ശ്രദ്ധിച്ചിരുന്നു എന്നുള്ള തിരിച്ചറിവ് കൂടുതൽ വിനയാന്വിതയാക്കുന്നു. വളരെ ആത്മാർഥമായാണ് ആളുകൾ ഈ പാട്ടിനോടു പ്രതികരിക്കുന്നത്. ഇത്രയും പോസിറ്റിവിറ്റി പകരുന്ന വാക്കുകൾ തീർച്ചയായും എന്നെ വികാരാധീനയാക്കുന്നു. ഒരു ഹിന്ദി ഗാനം ആധികാരികമായി ചെയ്യണമെന്നു കരുതുകയാണെങ്കിൽ മുംബൈയിലെ ഗായികയെക്കൊണ്ടു പാടിപ്പിക്കാമായിരുന്നു. പക്ഷേ, ഈ അവസരം എനിക്കു തരാനുള്ള മനസ്സു കാണിച്ചതിന് എനിക്ക് ലൂസിഫർ ടീമിനോടും വളരെ നന്ദിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com