sections
MORE

രഹസ്യങ്ങളുടെ കലവറയായി ആ ബംഗ്ലാവും അവിടത്തെ സംഗീതവും; ജയഹരിയുടെ ‘അതിരൻ’ അനുഭവം

Athiran
SHARE

നിഗൂഢത നിറഞ്ഞൊരു താഴ്‌വരയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ബംഗ്ലാവ്. അവിടെ ചിലജീവിതങ്ങൾ. പകയും പ്രണയവുമുണ്ട് അവിടെ. ആ മനസ്സുകൾക്കെല്ലാം ഓരോ താളവും. ഇത്രയേറെ നിഗൂഢത നിറഞ്ഞൊരു കഥയ്ക്ക് എങ്ങനെ സംഗീതമൊരുക്കും. ആദ്യം ജയഹരി പകച്ചു. പറഞ്ഞു വരുന്നത് ഫഹദ് ഫാസിലും സായ് പല്ലവിയും ഒരുമിക്കുന്ന പുതിയ ചിത്രം അതിരനെ പറ്റിയാണ്. ചിത്രത്തിലേതായി മൂന്നുഗാനവും ആസ്വാദക മനസ്സിൽ എന്തെന്നില്ലാത്ത ആകാംക്ഷയുടെ വിത്തു പാകുന്നുണ്ട്. ചിത്രം തീയറ്ററിലെത്തുമ്പോൾ അതിരനു സംഗീതമൊരുക്കിയ അനുഭവം പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ജയഹരി. 

മനസ്സിന്റെ സഞ്ചാരപഥത്തിൽ ആ മൂന്നുപാട്ടുകൾ

ആട്ടുതൊട്ടിൽ, ഈ താഴ്‌വര, പവിഴമഴയേ എന്നിങ്ങനെ മൂന്നുഗാനങ്ങളുണ്ട് അതിരനിൽ. പി.ജയചന്ദ്രൻ, ഹരിശങ്കർ അമൃത, ഫെജോ എന്നിവരാണു ഗാനങ്ങൾ പാടിയിരിക്കുന്നത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും വിനായക് ശശികുമാറുമാണു വരികൾ എഴുതിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഈണങ്ങളാണ് മൂന്നു ഗാനങ്ങൾക്കുമുള്ളത്. ചിത്രത്തിന്റെ സംവിധായകൻ വിവേക് ദൃശ്യങ്ങൾ അത്രഗംഭീരമായി വിവരിച്ചു നൽകിയതിനാലാണ് ഓരോ ഈണവും ആ ദൃശ്യങ്ങൾക്ക് അത്രയും അടുത്തു നിൽക്കുന്നത്. വ്യത്യസ്തമായ രീതിയിലായിരുന്നു വിവേകിന്റെ അവതരണം. ആദ്യം കംപോസ് ചെയ്തത് ‘ഈ താഴ്‌വര’ എന്ന ഗാനമായിരുന്നു. പിയാനോ തീം മ്യൂസിക് മാത്രമായി ആ ഗാനം ചെയ്യാനായിരുന്നു തുടക്കത്തിലെ ആലോചന. എന്നാൽ പിന്നീട് അതുപാട്ടാക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ആ പാട്ട് ശ്രദ്ധിച്ചാൽ രണ്ടുപാട്ടുകൾ ചേർത്തു വച്ചതു പോലെ തോന്നും. കാരണം പാട്ടു തുടങ്ങി രണ്ടു മിനിട്ടു കഴിയുമ്പോഴേക്കു തന്നെ അതിന്റെ മൂഡ് മാറും. ഒരു ഇലക്ട്രോണിക് ബാന്റ് സ്റ്റൈലിലേക്കാണിതു മാറുന്നത്. റാപ്പിങ് പോലുള്ളതാണു വരികൾ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണു വരികൾ എഴുതിയിരിക്കുന്നത്. ആദ്യം പ്രശസ്തയായ ഒരു ദക്ഷിണേന്ത്യൻ ഗായികയെ കൊണ്ടുപാടിക്കാനാണു തീരുമാനിച്ചതെങ്കിലും പിന്നീട് എന്റെ സുഹൃത്ത് അമൃത ഈ ഗാനം പാടുകയായിരുന്നു. അമൃത പാടിയ ട്രാക്ക് വിവേകിന് ഇഷ്ടമാകുകയും സെലക്ട് ചെയ്യുകയും ചെയ്തു. പലരും ഈ ഗാനത്തിലെ മെയിൽ ഭാഗം പാടി എങ്കിലും എനിക്കിഷ്ടപ്പെട്ടാൽ വിവേകിന് ഇഷ്ടപ്പെടില്ല. വിവേകിനിഷ്ടപ്പെട്ടാൽ ചിലപ്പോൾ എനിക്കും. എന്നാൽ ഫെജോ പാടിയ ട്രാക്ക് ഞങ്ങൾ രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമായി. അതു തിരഞ്ഞെടുത്തു. 

ആട്ടുതൊട്ടിൽ എന്ന ഗാനത്തെ പറ്റി പറയുകയാണെങ്കിൽ ഏറ്റവും കൂടുതൽ ട്യൂൺസ് കമ്പോസ് ചെയ്തത് ഇതിനു വേണ്ടിയായിരുന്നു. അഞ്ചോ ആറോ എണ്ണം കമ്പോസ് ചെയ്തു. ഒരു വരി ട്യൂൺ ചെയ്യും, വരി അപ്പോൾ വിനായക് എഴുതും. അങ്ങനെയാണ് ഈ ഗാനത്തിന്റെ അനുപല്ലവി മുഴുവൻ ട്യൂൺ ചെയ്തത്. ഒരു ഡമ്മി ഇൻസ്ട്രൂമെന്റേഷനാണ് അതിനു ആദ്യം ചെയ്തത്. ട്യൂൺ ചെയ്യുമ്പോൾ തന്നെ ഈ ഗാനം പി. ജയചന്ദ്രൻ തന്നെ പാടണമെന്നായിരുന്നു എല്ലാവരുടെ അഭിപ്രായം. കാരണം ഒരു താരാട്ടുപാട്ട് ആയതിനാൽ തന്നെ അതിനു വേണ്ട എല്ലാ ഭാവങ്ങളും നൽകി അദ്ദേഹം പാടുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. മറ്റൊരു കാര്യം രഞ്ജി പണിക്കറാണ് ഈ ഗാനത്തിൽ എത്തുന്നത്. ഒരു മകളും അച്ഛനും തമ്മിലുള്ള ബന്ധം അതിമനോഹരമായി ഈ പാട്ടിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. 85 ശതമാനവും സിനിമയുടെ  അന്തരീക്ഷത്തിൽ നിന്നും വേറിട്ടുനിൽക്കുന്ന ഗാനമാണ് അത്. കാരണം ഒരു കഥ പറയുകയാണ് ഈ പാട്ടിലൂടെ. ഉണ്ണിവാവാവോ, താമരക്കണ്ണനുറങ്ങേണം ഈ പാട്ടുകളൊക്കെ പോലെ പെട്ടന്ന് ആളുകൾക്കു മൂളാൻ കഴിയുന്ന ഒരുപാട്ടായിരിക്കണം അതെന്നു ചിത്രത്തിന്റെ സംവിധായകൻ വിവേകിനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ട്യൂൺ ചെയ്തതിൽ ഏറ്റവും സിംപിളായതാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 

‘പവിഴമഴയേ’ എന്നഗാനം പറയുന്നത് അതിശക്തമായ പ്രണയമാണ്.  ഈ ഗാനം ആദ്യം ഒരു തമിഴ് ഗായകനെ കൊണ്ടുപാടിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ വരികൾ വന്നപ്പോൾ ‘വെൺപനിമതിയിവളിലെ മലരൊളി’ എന്ന ഭാഗമമൊക്കെ നാക്കുടക്കുംവിധമാണുള്ളത്. അതുകൊണ്ടുതന്നെ നന്നായി മലയാളം അറിയാവുന്ന ഒരാൾ പാടിയാൽ മതിയെന്നു ഞങ്ങൾ തീരുമാനിച്ചു. കാരണം വരിയുടെ ഭംഗി നഷ്ടപ്പെടാനിടയുണ്ട്. എന്നാൽ പിന്നെ ഹരിശങ്കർ തന്നെ പാടിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ശങ്കുവിന്റെ മുത്തശ്ശി ഡോ. കെ. ഓമനക്കുട്ടി ടീച്ചറുടെ സ്റ്റുഡന്റാണു ഞാൻ. അതുകൊണ്ടു തന്നെ ശങ്കു പൊടിക്കുഞ്ഞായിരിക്കുമ്പോൾ മുതൽ എനിക്കറിയാം. അവൻ വളരെ പ്രശസ്ത ഗായകനായപ്പോഴും ഞങ്ങൾ ഒരുമിക്കാൻ വൈകി. സത്യം പറഞ്ഞാൽ ശങ്കു ഈ ഗാനം പാടിയപ്പോഴാണ് ഈ പ്രൊജക്ടിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയത്. ക്ലാസിക്കൽ രാഗ ഷെയ്ഡ്സൊക്കെ വരുന്ന ഗാനമാണത്, അതുകൊണ്ടുതന്നെ ക്ലാസിക്കലി ട്രെയിന്റ് ആയ ഗായകൻ തന്നെ വേണം എന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഹരിശങ്കറിലെത്തിക്കുന്നത്. 

മ്യൂസിക് സെൻസുള്ള സംവിധായകനും, ആ റിസ്കും

വിവേകിനൊപ്പം വർക്ക് ചെയ്യുമ്പോൾ അത്യാവശ്യം റിസ്ക് തന്നെയായിരുന്നു. കാരണം വിവേക് നല്ല മ്യൂസിക് സെൻസുള്ള ആളാണ്. അതുകൊണ്ടുതന്നെ വിവേകിനെ അത്രപെട്ടന്നൊന്നും തൃപ്തിപ്പെടുത്താനാകില്ല. ആ ചലഞ്ച് എനിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞതു കൂടെയുള്ളവർ കട്ടയ്ക്കു നിന്നതുകൊണ്ടാണ്. അങ്ങനെയാണ് ഈ പാട്ടുകളിലേക്കെത്തിയത്. പിന്നെ ഈ സിനിമയിലെ ടൈറ്റിൽ ട്രാക്കിൽ വിവേക് എന്ന സംവിധായകന്റെ സംഭാവനകൾ പറയാതെ വയ്യ. കാരണം, വിവേകിന് അതിനെ പറ്റി വ്യക്തമായ ധാരണയുണ്ടോയിരുന്നു.

ഒരു ഹോണ്ടിങ്ങ് ഹമ്മിങ്ങിലൂടെയാണ് അത് തുടങ്ങുന്നത്. ഒരേ സമയം ലോൺലിനസും, അല്‍പം ഹൊറിഫൈയും ആകണമെന്നു വിവേക് പറഞ്ഞിരുന്നു. കേട്ടപ്പോൾ എന്തുചെയ്യും എന്നു ഞാൻ ആലോചിച്ചിട്ടുണ്ട്. വളരെ സമയമെടുത്താണ് അതുചെയ്തത്. ‘ഈ താഴ്‌വര’ എന്ന പാട്ടില്‍ രണ്ടു വ്യത്യസ്ത തലങ്ങളിലൂടെ ഗാനം പോകണമെന്നു വിവേക് ആവശ്യപ്പെട്ടു. ആദ്യം ഞാൻ എതിർത്തു. വിവേക് അങ്ങനെ ചെയ്താൽ രണ്ടും രണ്ടു പാട്ടുകൾ പോലെയിരിക്കും. എന്നാൽ വിവേകിന് ആ പാട്ടിനെ പറ്റി കൃത്യമായ ഐഡിയയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞതാണു ശരിയെന്ന് എനിക്കും തോന്നി. സത്യത്തിൽ വിവേക് എന്തു പറഞ്ഞോ, അതു ഞാൻ ഇംപ്ലിമെന്റ് ചെയ്യുകമാത്രമായിരുന്നു. അത്രയും മ്യൂസിക് സെൻ‍സുള്ളതിനാലാണ് അതുസാധിച്ചത്. 

നിഗൂഢതകൾ നിറയുന്ന അതിരൻ

ഇതൊരു നിഗൂഢത നിറഞ്ഞ ചിത്രമാണ്. ഒരു സൈക്കോ ത്രില്ലർ മോഡല്‍. അതുകൊണ്ടുതന്നെ തിരക്കഥാകൃത്ത് സി.എഫ്. മാത്യൂസ് സാർ തുടക്കത്തിൽ തന്നെ ഈ ചിത്രത്തെ കുരിച്ച് നല്ല നരേഷൻ നൽകിയിരുന്നു. കഥ നരേറ്റ് ചെയ്യുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഓരോ വിഷ്വലൈസേഷൻ വരും. ചില ഇൻസ്പിരേഷൻസും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളിലൊക്കെ വന്നു ‘ഷട്ടർ ഐലന്റ്’ ആണ് ഈ സിനിമ. ഒരിക്കലും അല്ല. എന്നാൽ കൃത്യമായും ഒരു ഹോളിവുഡ് ടച്ച് കൊണ്ടുവരാൻ ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ കഥകളിയും കളരിപ്പയറ്റുമെല്ലാം ഭാഗമാകുന്നുണ്ട്. ഈ സിനിമയുടെ ടൈറ്റിൽ ട്രാക്ക് ഇത് വിശദമാക്കുന്നുണ്ട്. ഇതിലെ പാട്ടുകളെല്ലാം തന്നെ അത്യാവശ്യം ചിന്തിച്ചു ചെയ്യേണ്ടവയായിരുന്നു. രണ്ടുദിവസം കൊണ്ടു ചെയ്യണം എന്നു പറഞ്ഞാല്‍ ചിലപ്പോൾ സാധിക്കില്ലായികുന്നു. കാരണം ആ മൂഡ് ക്രിയേറ്റ് ചെയ്യാൻ അത്യാവശ്യം ബുദ്ധമുട്ടാണ്. 

അതിരൻ തികച്ചും വ്യത്യസ്തതകൾ നിറഞ്ഞൊരു ചിത്രമാണ്. ഹോററാണോ എന്നു ചോദിച്ചാൽ ഒരു പ്രത്യേകരീതിയിൽ ഹൊറർ ആണ്. ത്രില്ലറുമാണ്. എന്നാല്‍ ഇതിലെല്ലാം ഉപരി മിസ്റ്ററി ആണ് അതിരൻ. മിസ്റ്ററിയിലൂടെ പ്രേക്ഷകനെ കൊണ്ടുപോയി യാഥാർഥ്യ ബോധത്തിൽ എത്തിക്കുന്നതാണ് അതിരൻ. ആ സഞ്ചാരമാണ് ത്രിൽ. ആ നിഗൂഢത മ്യൂസികിൽ കൊണ്ടു വരിക എന്നു പറയുന്നത് ചലഞ്ച് തന്നെയായിരുന്നു. ഭാഗ്യം കൊണ്ടു ഈ ഗാനങ്ങൾ ചെയ്തു തീർക്കാൻ സാധിച്ചു എന്നു തന്നെയാണ് എനിക്കു പറയാനാകുക. കൂടെയുള്ളവരുടെ അകമഴിഞ്ഞ സപ്പോർട്ടും കൂടിയായപ്പോൾ നന്നായി ചെയ്യാൻ കഴിഞ്ഞു എന്നു തന്നെയാണ് എന്റെ വിശ്വാസം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA