ADVERTISEMENT

ആദ്യ സെക്കൻഡ് മുതൽ നെഞ്ചിലേക്ക് ഒഴുകുകയാണ് ഇഷ്കിലെ ഗാനം. എംബാർ കണ്ണന്റെ വയലിനിൽ നിന്ന് സിദ് ശ്രീറീമിന്റെ ശബ്ദത്തിലേക്ക് എത്തുമ്പോഴേക്കും ഏതൊരു ആസ്വാദകനും ആ ഗാനത്തിന്റെ മാന്ത്രികവലയത്തിൽ ആയിപ്പോകും. സിദ് ശ്രീറാം, എംബാർ കണ്ണൻ, കമലാകർ എന്നിവർക്കൊപ്പം ജെയ്ക്ക്സ് ബിജോയ് സൃഷ്ടിച്ച ആ മാജിക്കാണ് 'പറയുവാൻ ഇതാദ്യമായ് വരികൾ മായേ' എന്ന ഇഷ്കിലെ ഗാനം. തെന്നിന്ത്യൻ സംഗീതാസ്വാദകരുടെ ഇദയക്കനിയായ സിദ് ശ്രീറാം മലയാളത്തിൽ ആദ്യമായി പാടുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ആ ഉയരത്തിലേക്ക് ഇഷ്കിലെ പാട്ടിനെ എത്തിച്ചതിനു പിന്നിലുള്ള അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സംഗീതസംവിധായകൻ ജെയ്ക്ക്സ് ബിജോയ്.      

 

ഉച്ചാരണമെന്ന വെല്ലുവിളി

 

പാട്ടുപാടാമോ എന്നു ചോദിച്ച സമയത്ത് സിദ് ശ്രീറാം അമേരിക്കയിലായിരുന്നു. അതൊരു വലിയ പ്രശ്നമായിരുന്നു. മലയാളത്തിൽ അദ്ദേഹം പാടിയിട്ടില്ല. 'ര'യും 'ന'യും എല്ലാം പ്രശ്നമാണ്. മലയാളത്തിൽ ഉച്ചാരണം ശരിയായില്ലെങ്കിൽ നല്ലോണം ചീത്ത വിളി കേൾക്കേണ്ടി വരും. ഈ പാട്ടെഴുതിയ ജോപോളും അമേരിക്കയിലാണ്. അദ്ദേഹവും ഒപ്പം നിന്നു. സിദ് ഒരു തവണ ഈ പാട്ട് പാടി അയച്ചു തന്നു. നല്ല ഫീലുണ്ടായിരുന്നു, പക്ഷേ ഉച്ചാരണം മുഴുവൻ പ്രശ്നം! പിന്നെ, ഒരു വട്ടം കൂടി അഭ്യർഥിച്ചു. കാരണം, റെക്കോർഡ് സെഷനിൽ കൂടെ ഇരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അങ്ങനെ വാട്ട്സ്ആപ്പിൽ ഒരു കോൺഫറൻസ് കോൾ ഇട്ടു. ഓരോ വരിയും പാടിപ്പാടി ഉച്ചാരണം ശരിയാക്കി എടുത്തു. ഒരു നാലഞ്ച് മണിക്കൂർ നല്ലോണം കഷ്ടപ്പെട്ടു. സിദ് ശ്രീറാം അതിനു തയ്യാറായിരുന്നു. ഈ പാട്ടുമായി കണക്ട് ചെയ്യാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹവും പറഞ്ഞു. അതുകൊണ്ടാണ് ഉച്ചാരണം ശരിയാക്കാൻ ഇത്രയും അദ്ദേഹം കഷ്ടപ്പെട്ടത്. 

 

എന്തുകൊണ്ട് സിദ് ശ്രീറാം? 

 

ഈ പാട്ടിനു എനിക്കു വേണ്ടിയിരുന്നത് പാശ്ചാത്യ ശൈലിയും ഇന്ത്യൻ ക്ലാസിക്കൽ ശൈലിയും ഒരു പോലെ കൈകാര്യം ചെയ്യാനറിയുന്ന ഒരു ഗായകനെയായിരുന്നു. അതിന് ദക്ഷിണേന്ത്യയിൽ ഒരാളെയുള്ളൂ, അത് സിദ് ശ്രീറാം ആണ്. ക്ലാസിക്കൽ സംഗീത്തിലുള്ള അദ്ദേഹത്തിന്റെ അറിവ് നമുക്കെല്ലാം അനുഭവമുള്ളതാണ്. കൂടാതെ അമേരിക്കയിൽ പഠിച്ചു വളർന്നതുകൊണ്ട് അവിടത്തെ സംഗീതവും നന്നായി അറിയാം. ആളുകളെ മോഹിപ്പിക്കുന്ന ശബ്ദവും അദ്ദേഹത്തിനുണ്ട്. ടാക്സിവാലയിൽ അദ്ദേഹം എനിക്കായി പാടിയ പാട്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ആ പരിചയത്തിന്റെ ബലത്തിലാണ് മലയാളത്തിലേക്ക് ഞാൻ അദ്ദേഹത്തെ ക്ഷണിക്കുന്നത്. 

 

കേട്ടു, ഇഷ്ടപ്പെട്ടു, എംബാർ കണ്ണനെത്തി

 

ഓരോ പാട്ടിനും ഓരോ 'വൈബ്രേഷൻ' ആണ്. കൊച്ചിയിലെ യുവാക്കൾ കേൾക്കുന്ന പാട്ടുകളുടെ ഒരു മൂഡ് ഉണ്ട്. മലയാളം അല്ലെങ്കിൽ തമിഴ് ഗാനങ്ങളെക്കാൾ അവർ ആസ്വദിക്കുന്നത് മറ്റു ശൈലികളിലുള്ള പാട്ടുകളാണ്. അവരുടെ ആസ്വാദനതലം മാറിയിരിക്കുന്നു.

 

പാശ്ചാത്യ ശൈലിയിലുള്ള പാട്ടുകൾ പ്ലേലിസ്റ്റിൽ സൂക്ഷിക്കുന്നവരാണ് അധികവും. അവരുടെ വൈബ്രേഷനിലാണ് ഈ പാട്ടു ചെയ്തിരിക്കുന്നത്. ഈ പാട്ടിനായി ഞാൻ വേറെ വയലിനിസ്റ്റിനെയും ഫ്ലൂട്ടിസ്റ്റിനെയും നോക്കിയിരുന്നു. കാരണം എംബാർ കണ്ണൻ കച്ചേരിയൊക്കെ ചെയ്യുന്ന തിരക്കുള്ള ആർടിസ്റ്റാണ്. സിനിമയിലെ ഒരു പാട്ടിനു വേണ്ടി വന്നു വായിക്കുമോ എന്നു സംശയിച്ചു. പാട്ടിന്റെ ട്രാക്ക് ചെയ്തിട്ട് ആദ്യം വിളിച്ചത് അദ്ദേഹത്തെയാണ്. തെലുങ്കുവിൽ പുറത്തിറങ്ങിയ ടാക്സിവാലയിൽ ഞാൻ ചെയ്ത ഗാനങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് അദ്ദേഹത്തിനു ഇഷ്ടമാകുകയും ചെയ്തിരുന്നു. അങ്ങനെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. 

 

കമലാകർ എന്ന വിസ്മയം

 

വിളിച്ചപ്പോൾ തന്നെ കമലാകർ വരാമെന്നു സമ്മതിച്ചു. അരമണിക്കൂർ പോലും അദ്ദേഹത്തിന് വായിക്കാൻ വേണ്ടി വന്നില്ല. ചരണത്തിലെ ഫ്ലൂട്ട് പീസ് ഒക്കെ കമലാകറിന്റെ സംഭാവനയാണ്. ഒരൊറ്റ പ്രാവശ്യമേ അദ്ദേഹം വായിച്ചുള്ളൂ. ഈ പാട്ട് അദ്ദേഹത്തിനു വച്ചു കൊടുത്തപ്പോൾ സ്വാഭാവികമായി സംഗീതജ്ഞനായ അദ്ദേഹത്തിൽ നിന്നുണ്ടായ പ്രതികരണമാണ് ചരണത്തിലൊക്കെ ഫ്ലൂട്ടിൽ കേൾക്കുന്നത്. അദ്ദേഹത്തിന്റെ മനസിലുള്ള സംഗീതവും പാട്ടിന്റെ വൈബ്രേഷനും ചേർന്നപ്പോഴുണ്ടായ ഒന്നാണ് അത്. പ്രഗത്ഭരായ ഇത്തരം സംഗീതജ്ഞരുടെ കൂട്ടായ്മയുടെ ഫലം കൂടിയാണ് ഈ പാട്ടിനു പിന്നിലെ മാജിക്.

 

കാശുണ്ടാക്കുന്ന പരിപാടിയല്ല സംഗീതം

 

കുറച്ചു ജോലി ചെയ്ത് കാശ് വാങ്ങുന്ന പരിപാടിയല്ലല്ലോ സംഗീതം. ജനങ്ങളിലേക്ക് നമ്മൾ ചെയ്ത സംഗീതം എത്തുക എന്നു പറയുന്നത് നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യമല്ല. അതിൽ ഒരുപാടു ഘടകങ്ങളുണ്ട്. ഒരു നല്ല സംഗീതസംവിധായകനാകാൻ എന്തു ചെയ്യണമെന്ന് ചോദിച്ചാൽ എനിക്കു തരാൻ ഒരു ഉപദേശം പോലുമില്ല. എൻജിനീയറിങ്ങിന് പഠിക്കുമ്പോഴാണ് 'മലയാളി' എന്ന ആൽബം സുഹൃത്തുക്കളുടെ സഹകരണത്തോടെ ഇറക്കുന്നത്. അതു കഴിഞ്ഞ് 12 വർഷങ്ങളായി. 'സംഗീതമാണ് എന്റെ കരിയർ' എന്ന് ആ സമയം മുതൽ എന്റെ മനസിലുണ്ട്. അതിനായി ഒരുപാടു കഷ്ടപ്പെട്ടു. ഒരുപാടു പേരുടെ പിന്തുണ... ത്യാഗങ്ങൾ... പ്രയത്നങ്ങൾ... അതെല്ലാം 2018ൽ ഫലം കണ്ടു. ക്വീൻ, രണം, ടാക്സിവാല... അങ്ങനെ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. 

 

ഭാഷ ഏതായാലും സംഗീതം ഒന്ന്

 

തമിഴ്, തെലുങ്കു, മലയാളം എന്നിങ്ങനെ ഭാഷകളിൽ ഒരു വ്യത്യാസം തോന്നിയിട്ടില്ല. പഠിച്ചു വളർന്നത് സേലത്തായിരുന്നു. തെലുങ്കു പാട്ടുകൾ ഞാനൊരുപാടു കേൾക്കുമായിരുന്നു. മലയാളം എന്റെ രക്തത്തിലുണ്ട്. ഈ മൂന്നു ഭാഷകളിലും ചിത്രങ്ങൾ ചെയ്യാൻ കഴിയുന്നു. അതൊക്കെ വലിയ അനുഗ്രഹമാണ്. ഫിലിം ഇൻഡസ്ട്രിയിൽ നോക്കിയാൽ ആദ്യ പടം ഹിറ്റ് ആവുകയാണെങ്കിൽ പിന്നെ, പലർക്കും തിരിഞ്ഞുനോക്കേണ്ടി വരില്ല. എ.ആർ റഹ്മാൻ, അനിരുദ്ധ്, സന്തോഷ് നാരായണൻ... അങ്ങനെ എല്ലാവരുടെയും കരിയറിൽ ആദ്യചിത്രങ്ങൾ വൻവിജയങ്ങളായിരുന്നു. എന്നാൽ, എന്റെ കരിയറിൽ അങ്ങനെയല്ല സംഭവിച്ചത്. ഓരോ ചിത്രങ്ങളിലെയും എന്റെ വർക്കുകൾ ശ്രദ്ധിച്ച് അതിലൂടെ അവസരങ്ങൾ ലഭിക്കുകയായിരുന്നു. രണം എന്ന ചിത്രമാണ് എനിക്ക് വലിയ അവസരങ്ങൾ തുറന്നു തന്നത്. അതിലെ സൗണ്ട് ട്രാക്കിന്റെ മികവിലാണ് എനിക്ക് പിന്നീട് അവസരങ്ങൾ ലഭിച്ചത്. പല ഭാഷകളിൽ എനിക്ക് ഇപ്പോൾ ചിത്രങ്ങളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com