ADVERTISEMENT

മലയാളത്തിൽ പാടിയ പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ...അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു ഭാഗ്യം യുവഗായകരെ തേടി വന്നുകാണില്ല. എന്നാൽ കെ.എസ്. ഹരിശങ്കർ എന്ന ഗായകനെ ആ ഭാഗ്യം തേടി എത്തി. ചുരുങ്ങിയ കാലംകൊണ്ട് ആസ്വാദക മനസ്സിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ചു ഈ ചെറുപ്പക്കാരൻ. പ്രശസ്ത കർണാടക സംഗീതജ്ഞ കെ. ഓമനക്കുട്ടിയുടെ കൊച്ചുമകൻ. എം.ജി.രാധാകൃഷ്ണനെയും എം.ജി. ശ്രീകുമാറിനെയും പോലുള്ള പ്രഗത്ഭരുടെ വാത്സല്യം ലഭിക്കാൻ ഭാഗ്യം ലഭിച്ച ഹരിശങ്കർ പിച്ചവച്ചു തുടങ്ങുന്നതു തന്നെ സംഗീതലോകത്തിലേക്കാണ്. സർവം സംഗീത മയം. പാട്ടുലോകത്തെ വിശേഷങ്ങള്‍ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് ഹരിശങ്കർ. 

 

ഹിറ്റ്‌ ഗായകൻ എന്ന വിശേഷണം ?

 

നമുക്ക് കിട്ടുന്ന പാട്ടുകൾ അനുസരിച്ചാണു നമ്മുടെ വളർച്ച എന്നു കരുതുന്ന ആളാണ് ഞാൻ. എനിക്ക് കിട്ടിയതെല്ലാം തന്നെ നല്ല പാട്ടുകളായിരുന്നു. കൂടാതെ നല്ല സംഗീത സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യവും ലഭിച്ചു. മാത്രമല്ല, ഒരു പട്ടു ഹിറ്റാവുന്നതിനു പ്രധാന കാരണം ജനങ്ങളുമാണ് . അവർ എന്ത് ഇഷ്ടപ്പെടും, ഇഷ്ടപ്പെടില്ല എന്നൊന്നും നമുക്ക് മുൻകൂട്ടി വിലയിരുത്താൻ കഴിയില്ല. എന്നെ സംബന്ധിച്ചു ഒരു ഗാനം കിട്ടുമ്പോൾ അതിനെ എങ്ങനെ ഭംഗിയാക്കാം എന്നു മാത്രമേ ചിന്തിക്കാറുള്ളു. ഒരിക്കലും അത് ഹിറ്റാവണം എന്ന് കരുതി പാടാറില്ല. എത്രമണിക്കൂറുകൾ എടുത്തിട്ടായാലും കഴിയുന്ന വിധം നന്നാക്കാൻ ശ്രമിക്കും. പാട്ടുകൾക്കെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്. – ഹരിശങ്കർ പറയുന്നു. 

 

വഴികാട്ടിയായ ‘പ്രഗതി’

 

ഞങ്ങൾ അഞ്ചുപേര്‍ ചേർന്ന് ഒരു വർഷമായി പ്രഗതി എന്നൊരു മ്യൂസിക് ബാന്‍ഡ് നടത്തുന്നുണ്ട്. പോസ്റ്റ് റോക്ക് വിഭാഗത്തിലുള്ള സംഗീതമാണ് ചെയ്യുന്നത്. ഈ അടുത്തിടെ ദിൽസെയിലെ ജിയ ചലേ എന്ന ഗാനത്തിനു കവർ ഒരുക്കിയിരുന്നു. ഒരു തുടക്കം എന്ന നിലയിലാണ് ചെയ്തതെങ്കിലും നല്ല പ്രതികരണമായിരുന്നു ആ കവർ വേർഷനു ലഭിച്ചത്.  കൂടുതൽ നല്ല പ്രൊജക്ടുകൾ പ്രഗതിയിൽ നിന്നും പ്രതീക്ഷിക്കാം. 

 

സിനിമയ്ക്കു വേണ്ടി സംഗീതം പഠിച്ചില്ല

 

സിനിമ മാത്രം ലക്ഷ്യം വച്ച് സംഗീതം പഠിച്ച ഒരാളല്ല ഞാൻ. അച്ഛനും അമ്മൂമ്മയുമാണ് എന്റെ ഗുരുക്കൻമാർ. കച്ചേരിയും കീർത്തനവുമെല്ലാമായിരുന്നു എന്റെ സംഗീത പഠനത്തിന്റെ ലക്ഷ്യം. കൃത്യമായി പറഞ്ഞാൽ ഒരു യഥാർഥ കർണാടക സംഗീത വിദ്യാർഥി എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാനും. ശാസ്ത്രീയ സംഗീതത്തിൽ അധിഷ്ഠിതമായിരിക്കണം, കച്ചേരി ചെയ്യണം അതുമാത്രമായിരുന്നു വീട്ടിലെ ഉദ്ദേശം. എന്നാൽ സിനിമയിൽ കയറണമെന്ന അതിയായ ആഗ്രഹം എനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നു പറയാം. അങ്ങനെയാണ് ഇവിടെ എത്തിയത്. ശാസ്ത്രീയ സംഗീതം പഠിച്ചു എന്നു കരുതി അതുമാത്രമേ ചെയ്യൂ എന്നില്ല. എല്ലാ സംഗീതവും പഠിക്കുകയും പരീക്ഷിക്കുകയും വേണമെന്നാണ് എന്റെ അഭിപ്രായം. സിനിമയിൽ എനിക്കു കിട്ടുന്നതു കൂടുതലും മെലഡി ടൈപ് പാട്ടുകളാണ്. എന്നാല്‍ ബാൻഡിൽ തികച്ചും വ്യത്യസ്തമായ സംഗീതമാണ് പരീക്ഷിക്കുന്നത്. 

 

ഈ കുടുംബം എന്റെ ഭാഗ്യം

 

എന്റെ ഭാഗ്യം കൊണ്ടാണ് ഈ കുടുംബത്തിൽ ജനിച്ചത്. അതുകൊണ്ട് സംഗീതത്തിൽ നല്ല അടിത്തറ വീട്ടിൽ നിന്നു തന്നെ കിട്ടി. ഒരുപാടു കാര്യങ്ങൾ പഠിച്ചു. വീട്ടിൽ തന്നെ പഠിക്കാൻ അവസരം കിട്ടിയതിനാൽ അധികം കഷ്ടപ്പെട്ടില്ല. പക്ഷേ, നല്ല വഴക്കു കേട്ടുതന്നെയാണ് സംഗീതം പഠിച്ചത്. തീർച്ചയായും വീട്ടിലുള്ളവർ തന്നെയാണ് പ്രചോദനവും. 

 

ആദ്യ ഗാനം യേശുദാസിനൊപ്പം 

 

അഞ്ചാമത്തെ വയസ്സിലാണ് ആ സംഭവം. ദാസ് സാറുമായി പാടാൻ ഒരു അവസരം ലഭിക്കുന്നത്. ഇപ്പോൾ അതേപറ്റി വ്യക്തമായ ഓർമപോലും എനിക്കില്ല. മാത്രമല്ല, എങ്ങനെ കൈകാര്യം ചെയ്യുമെന്നു പോലും അറിയില്ല. ‘സാഫല്യം’ എന്ന  ചിത്രത്തിലെ 'അമ്പിളി തുമ്പി ആകാശ ത്തുമ്പി ' എന്ന ഗാനത്തിലെ  നാലു വാരിയാണ് ദാസ് സാറിന്റെ കൂടെ പാടിയത്. അതാണ് തുടക്കം. പിന്നീട് ഒരുപാട് ആൽബം ചെയ്‌തു. ആദ്യമായി ചെയ്തത് ചിറ്റപ്പൻ എം.ജി. ശ്രീകുമാറിന്റെ കൂടെയായിരുന്നു. ഒരു അയ്യപ്പ ഗാനമായിരുന്നു അത്. ഞങ്ങൾ ഒരുമിച്ചുള്ള ഒരു ഡ്യൂറ്റായിരുന്നു.

 

ഡോക്ടറാകാൻ പഠിച്ചു പക്ഷേ...!

 

ഡെന്റിസ്റ്റാകാൻ പഠിച്ചെങ്കിലും മൂന്നാം വർഷമെത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി. സംഗീതവും മെഡിക്കൽ പഠനവും ഒരുമിച്ചു പോകില്ല. രണ്ടു വള്ളത്തിൽ കാലുവച്ചതുപോലെയാകും. ഒരു മ്യൂസിഷ്യൻ ആവുക എന്നതു തന്നെയാണ് എന്റെ  പ്രഥമലക്ഷ്യം എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഇനി ഒരു ഡെന്റിസ്റ്റിയായി പ്രാക്ടീസ് ചെയ്യേണ്ടി വരുമോ എന്നറിയില്ല. അന്നും എന്നും ഒരു മ്യൂസിഷ്യനായി അറിയപ്പെടാനാണ് എന്റെ ആഗ്രഹം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com