‘ദാമ്പത്യത്തെ പറ്റി കഥകൾ പടച്ചുവിടുന്നു, ഞാനതു ചെയ്യില്ല’ ഹൃദയം നുറുങ്ങി ലക്ഷ്മി പറയുന്നു

Balabhaskar-New
SHARE

സംഗീതജ്ഞൻ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകട സമയത്തു തങ്ങളുടെ കാറിൽ കുറച്ചേറെ സ്വർണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി. അപകട ശേഷം കാറിലെ വസ്തുക്കൾ നീക്കുന്നതു പൊലീസ് വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ആകെ 25 പവനിൽ താഴെ സ്വർണമേ തനിക്കുള്ളൂ. തീരെ കനംകുറഞ്ഞ ആഭരണങ്ങളേ അണിയാറുള്ളൂ. അതിൽ ചിലതു മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ–അപകടം തളർത്തിയ മനസ്സും ശരീരവുമായി ‘ഹിരൺമയി’ എന്ന വീട്ടിൽ ലക്ഷ്മി വിതുമ്പി.

‘‘സംഗീതം മാത്രമായിരുന്നു ബാലുവിന്റെ വഴി. പാരമ്പര്യമായി കിട്ടിയതും അതാണ്. ഏറെ കഷ്ടപ്പെട്ടാണു ഞങ്ങൾ ഓരോ ചെറിയ സമ്പാദ്യങ്ങളും ഉണ്ടാക്കിയത്. ബാലുവിന്റെ വയലിനുകൾ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്. ബാലുവെന്നാൽ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്. ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു വരെ കഥകൾ പടച്ചുവിടാൻ പലർക്കും ധൈര്യമുണ്ടാവുന്നത്’’.

ബാലുവിന്റെയും മകളുടെയും ഓർമകളുമായി രണ്ടാം ജന്മത്തിലേക്കു ലക്ഷ്മി പിച്ച വയ്ക്കുന്നതേയുള്ളൂ. തുടർച്ചയായ ശസ്ത്രക്രിയകൾ, ഇനിയും പൂർണമായി വഴങ്ങിയിട്ടില്ലാത്ത കാലും കൈവിരലുകളും. നോവു കടിച്ചമർത്തി ലക്ഷ്മി പറയുന്നു:‘അവർക്കു വേണ്ടി സംസാരിക്കാൻ ഞാനേയുള്ളൂ’.

അപകടത്തിലെ ദൂരൂഹത കൂടുന്നു. ലക്ഷ്മിയെക്കൂടി ചേർത്തു വരുന്ന പ്രചാരണങ്ങളോട് എന്താണു പ്രതികരണം?

എനിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത് എന്നതു പോലും പരിഗണിക്കാതെയാണ് ഊഹാപോഹങ്ങൾ പടച്ചു വിടുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു. ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീർന്നിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി, ജീവൻ തിരികെക്കിട്ടാൻ മല്ലിട്ട്, ചികിത്സകൾ തുടർന്നു കൊണ്ടേയിരിക്കുന്ന ഞാൻ എന്തിനങ്ങനെ ചെയ്യണമെന്നതിനു കൂടി അവരെനിക്കു മറുപടി തരണം. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യണമെന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ..

വാഹനമോടിച്ചിരുന്നത് അർജുനാണ് എന്നാണ് അന്നും ഇപ്പോഴും ഞാൻ പറയുന്നത്. അപകടമുണ്ടായതു തന്റെ കൈപ്പിഴ കൊണ്ടാണെന്ന് എന്റെ അമ്മയോടുൾപ്പെടെ ആ ദിവസങ്ങളിൽ ഏറ്റുപറഞ്ഞ അർജുൻ പിന്നീടു മൊഴിമാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.

 പ്രകാശ് തമ്പി നിർണായകമായ മൊഴികൾ ഒതുക്കി എന്നതുൾപ്പെടെ ആരോപണമുണ്ടല്ലോ. തമ്പിയെ എങ്ങനെയാണു പരിചയം?

പ്രകാശ് തമ്പിയെ അറിയില്ല എന്നു ഞാൻ പറഞ്ഞിട്ടേയില്ല. ഫെയ്സ്ബുക്കിലെ കുറിപ്പിലും അങ്ങനെ പറഞ്ഞിട്ടില്ല. ജിം ട്രെയിനർ ആയിരുന്ന തമ്പിയുമായി ബാലുവിന് 7 വർഷത്തെ പരിചയമുണ്ട്. പ്രാദേശിക പരിപാടികളുടെ കോഓർഡിനേഷൻ മറ്റു പലരെയും പോലെ തമ്പിയും ചെയ്തിരുന്നു. അപകടമുണ്ടായ ശേഷം ആശുപത്രിയിൽ സഹായത്തിനും എത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ആളുകൾ ഓടിപ്പോകുന്നതു കണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ മാത്രമാണറിയുന്നത്. അത് അറിഞ്ഞിട്ടും മറച്ചുവച്ചെങ്കിൽ തമ്പിയാണു മറുപടി പറയേണ്ടത്.

സ്വർണക്കടത്തിൽ തമ്പിക്കു പങ്കുള്ളതായി എനിക്കോ ബാലുവിനോ അറിയില്ലായിരുന്നു. എനിക്കു വലിയ ഞെട്ടലായിപ്പോയി ഈ വാർത്ത. ചെറിയ പിരിമുറുക്കങ്ങൾ പോലും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ആളായിരുന്നു ബാലു. എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ആ നിമിഷം തന്നെ പുറത്താക്കിയേനേ.

പാലക്കാട് നിക്ഷേപത്തെക്കുറിച്ച്?

പാലക്കാട് ബിസിനസ് ആവശ്യത്തിനു ബാലു ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നെന്നും അതിൽ ദുരൂഹതയുണ്ട് എന്നുമൊക്കെ ബന്ധുക്കൾ ആരോപിച്ചതായി കേട്ടു. പാലക്കാടുള്ള സുഹൃത്തിനു കടം കൊടുക്കുകയും തിരികെ വാങ്ങുകയുമാണു ചെയ്തത്. അതെങ്ങനെ നിക്ഷേപമാകും.

കേസന്വേഷണത്തെക്കുറിച്ച്?

ദുരൂഹതകൾ മാറണം. എന്റെ കുടുംബം തകർക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ എനിക്കതറിഞ്ഞേ മതിയാവൂ. നീതി കിട്ടാൻ ഏതറ്റം വരെയും പോവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA