നട്ടപ്പാതിരയ്ക്കും ജോജുച്ചേട്ടൻ ഫ്ലാറ്റിൽ വരും, നിലത്തുവീണുരുണ്ട് അഭിനയിക്കും: രഞ്ജിൻ രാജ്

SHARE

പോയ വർഷത്തെ മലയാളികൾ അടയാളപ്പെടുത്തിയത് 'പൂമുത്തോളെ' എന്ന ഗാനത്തിലൂടെയായിരുന്നു. ‘ജോസഫി’ലെ ആ ഗാനത്തോടൊപ്പം രഞ്ജിൻ രാജ് എന്ന സംഗീതസംവിധായകൻ മലയാളികളുടെ ഇഷ്ടങ്ങളിലേക്ക് കൂട്ടുകൂടി.  തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ജോസഫിലെ ഈണങ്ങൾ തന്നിലേക്കെത്തിയതിന് പിന്നിൽ ജോജു ജോർജ് എന്ന നടന്റെ അഭിനയത്തോടുള്ള ആത്മാർപ്പണം കൂടിയുണ്ടെന്നു തുറന്നു പറയുകയാണ് രഞ്ജിൻ. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രഞ്ജിൻ രാജ് മനസു തുറന്നത്. 

ജോജു ചേട്ടൻ സൂപ്പറാ

‘ജോസഫി’ന്റെ പാട്ടുകൾ ചെയ്യുന്ന സമയത്ത് ഇടയ്ക്കിടക്ക് ജോജു ചേട്ടൻ ഫ്ലാറ്റിൽ വരും. ചിലപ്പോൾ നടപ്പാതിരാ നേരത്താകും കയറി വരിക. പുലർച്ചെ തിരികെ പോകുകയും ചെയ്യും. മറ്റു സിനിമകളിൽ തിരക്കിട്ട് അഭിനയിക്കുന്നതിന് ഇടയിലാണ് ജോസഫിനു വേണ്ടി അദ്ദേഹം ഓടി വന്നിരുന്നത്. ആ പാട്ട് അങ്ങനെ ചെയ്യണം, ഇങ്ങനെ വേണമെന്നൊക്കെ പറയും. ഫ്ലാറ്റിൽ വരുമ്പോൾ, ഓരോ സീനിലും താനെങ്ങനെയാണ് അഭിനയിക്കാൻ പോകുന്നതെന്നു കാണിച്ചു തരും. ഭാര്യയുടെ കുഴിമാടത്തിൽ കരയുന്ന രംഗമൊക്കെ സെമിത്തേരിയാണെന്ന് സങ്കൽപിച്ച് വെറും നിലത്ത് വീണു കിടന്നൊക്കെ അഭിനയിക്കുകയായിരുന്നു. സിനിമയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ എനിക്കു മുൻപിൽ അവതരിപ്പിക്കും. അങ്ങനെയൊക്കെയാണ് ‘ജോസഫി’ലെ ഈണങ്ങൾ പിറന്നത്. 

എന്നപ്പോലെയുള്ള ഒരു പുതിയ സംഗീത സംവിധായകനെ എം പദ്മകുമാർ എന്ന മുതിർന്ന സംവിധായകൻ വിശ്വാസത്തിലെടുത്തു എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നില്ല. നീ ചെയ്തോളൂ, അവസാനം ഞാൻ വിലയിരുത്താം, എന്നായിരുന്നു എന്നോടു പറഞ്ഞത്. അത്രയും സ്വാതന്ത്ര്യം അദ്ദേഹം നൽകി. ആ  സ്വതന്ത്ര്യത്തിന് പകരമായി മികച്ച സംഗീതം നൽകുക എന്നതു മാത്രമായിരുന്നു എനിക്കു മുൻപിലുണ്ടായിരുന്നത്. പപ്പേട്ടനോടുള്ള നന്ദി വളരെ വലുതാണ്. 

പാട്ടുകാരനാകാൻ വന്ന് സംഗീത സംവിധായകനായി

ഒരു സംഗീത സംവിധായകനാകണം എന്നായിരുന്നു എക്കാലത്തേയും സ്വപ്നമെങ്കിലും ആദ്യം ഗായകനാകാനാണ് ശ്രമം നടത്തിയതെന്ന് രഞ്ജിൻ പറയുന്നു. റിയാലിറ്റി ഷോയിലായിരുന്നു ആദ്യശ്രമം. ആദ്യ റൗണ്ടുകളിൽ തന്നെ പുറത്തായി. പിന്നെ കുറച്ചുകാലം റോഡിയോ ജോക്കിയായും വീഡിയോ ജോക്കിയായും തുടർന്നു. 2013ലാണ് സംഗീത സംവിധാനമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇറങ്ങി തിരിച്ചത്. "ചെറിയ പരസ്യ ചിത്രങ്ങൾക്കു സംഗീതം നൽകിയാണ് എന്റെ തുടക്കം. അത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോൾ ഒരുപാട് വലിയ കമ്പനികളുടെ പരസ്യം കിട്ടാൻ തുടങ്ങി. മലയാളത്തിലെ പല പ്രമുഖ ചാനലുകൾക്കു വേണ്ടിയും പ്രൊമോ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അവയിൽ പലതും മലയാളികൾ ഏറ്റു പാടുന്നവയാണ്. കഴിഞ്ഞ ഒരു അഞ്ചു വർഷം കൊണ്ട് ഏകദേശം 700 പരസ്യ ചിത്രങ്ങൾക്കു സംഗീതം ഒരുക്കി. ഇപ്പോഴും എനിക്ക് ജിംഗിൾസ് തയ്യാറാക്കാൻ ഇഷ്ടമാണ്," രഞ്ജിൻ പറഞ്ഞു.

മോഹൻലാല്‍ ചിത്രം ഒടിയന്റെ ടീസറുകൾക്കു വേണ്ടി സംഗീതം ചെയ്തതും രഞ്ജിൻ ആയിരുന്നു. ‘ജോസഫി’ന്റെ റിലീസിനു മുൻപായിരുന്നു അത്. മോഹൻലാലിന്റെ ആരാധകർക്കൊക്കെ വലിയ ഇഷ്ടമായ ഈണമായിരുന്നു അവയെന്ന് രഞ്ജിൻ കൂട്ടിച്ചേർത്തു. 

രണ്ടു സിനിമ, പത്തു പാട്ടുകൾ

2018 നവംബർ 16 രഞ്ജിനെ സംബന്ധിച്ച് നിർണായകമായ ദിവസമായിരുന്നു. രഞ്ജിൻ സംഗീത സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ജോസഫ്, നിത്യഹരിത നായകൻ എന്നിവ ഒരേദിവസം റിലീസ് ചെയ്തു. "രണ്ടു സിനിമകളിൽ ഏകദേശം പത്തു ഗാനങ്ങൾ ഉണ്ടായിരുന്നു. എല്ലാ ഗാനങ്ങളും ജനങ്ങൾ സ്വീകരിച്ചു, പ്രത്യേകിച്ച് ജോസഫിലെ ഗാനങ്ങൾ! ജോസഫിലെ ഗാനങ്ങളെല്ലാം യുട്യൂബിവെ മില്ല്യൺസ് ക്ലബിൽ ഇടം നേടി. സംസ്ഥാന പുരസ്കാരവും മറ്റു അംഗീകാരങ്ങളും തേടിയെത്തി," ഭാഗ്യവർഷമായ 2018ലെ ഓർമകൾ രഞ്ജിൻ പങ്കു വച്ചു. 

വെറും മൂന്നു മണിക്കൂറിൽ യാഥാർഥ്യമായ പാട്ട് 

"പൂമുത്തോളെ എന്ന ഗാനം വളരെ ചുരുങ്ങിയ സമയത്തിൽ ചിട്ടപ്പെടുത്തിയ ഗാനമാണ്. ഈ സിനിമയിലെ മറ്റു ഗാനങ്ങൾക്ക് വേണ്ടി ഗവേഷണം നടത്താനും മറ്റും ഒരുപാടു സമയം ചിലവഴിച്ചിരുന്നു. എന്നാൽ, എഡിറ്റിങ് സമയത്താണ് ഒരു പാട്ടു കൂടി വേണമെന്ന അഭിപ്രായം വരുന്നത്. ഫ്ലാഷ് ബാക്ക് കാണിക്കുന്ന രംഗങ്ങൾക്ക് വെറും പശ്ചാത്തല സംഗീതം നൽകി വിടാമെന്ന തീരുമാനം മാറ്റി, അവിടെ ഒരു പാട്ടു ചെയ്യാമെന്ന് സംവിധായകൻ എം. പത്മകുമാറും നടൻ ജോജുവും പറയുകയായിരുന്നു. പഴയ ഇളയരാജ ഗാനങ്ങളുടെ ഈണം അനുസ്മരിപ്പിപ്പിക്കുന്ന ഗാനം ചെയാം എന്ന് തീരുമാനിച്ചു. എഡിറ്റ് ചെയ്തു വച്ച രംഗങ്ങൾ നോക്കി അതിന് പശ്ചാത്തല സംഗീതം ചെയ്യുന്ന പോലെയാണ് ആ ഗാനം ചെയ്തത്. രണ്ടു മണിക്കൂറിൽ ഈണം ശരിയായി. വിജയ് യേശുദാസ് വന്ന് വെറും അരമണിക്കൂറിൽ പാടിപ്പോയി. ചുരുക്കത്തിൽ ആ പാട്ടിന്റെ പ്രൊഡക്ഷന് വെറും മൂന്നു മണിക്കൂറെ ചെലവഴിച്ചിട്ടുള്ളൂ," രഞ്ജിൻ പുഞ്ചിരിയോടെ പറയുന്നു.  

അവർ പാടി ഞെട്ടിച്ചു

സംഗീത സംവിധാനം ചെയ്ത സിനിമകളിൽ അഭിനേതാക്കളെ കൊണ്ടു പാട്ടു പാടിക്കുക എന്ന പരീക്ഷണവും രഞ്ജിൻ നടത്തിയിരുന്നു. ആ പരീക്ഷണങ്ങളൊന്നും പാളിപ്പോയില്ല എന്നതിന് തെളിവാണ് അവയ്ക്കു ലഭിച്ച ജനസ്വീകാര്യത. "എന്റെ രണ്ടു സിനിമകളിൽ അതിലെ നടന്മാരെ കൊണ്ട് പാടിപ്പിക്കാൻ പറ്റി. നിത്യ ഹരിത നായകൻ എന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടിയും വിഷ്ണുവും പാടിയിട്ടുണ്ട്. ധർമജൻ ചേട്ടൻ പാടുമോ, ഇല്ലയോ എന്നറിയില്ലായിരുന്നു. പല കോമഡി പരിപാടികളിലും അദ്ദേഹത്തിൻറെ  ടൈമിങ് പരിചിതമാണ്. ഒരു താള ബോധം ഉണ്ടാവും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം ആദ്യം എന്നെ കൊണ്ട് പാട്ടു പാടിപ്പിച്ചു,  അതു കണ്ണടച്ച് ഇരുന്നു കേൾക്കും. എന്നിട്ട്, റെക്കോർഡിങ് സമയത്തു ഒറ്റ ടേക്കിൽ ശരിയാക്കും," ധർമജനൊപ്പമുള്ള പാട്ടനുഭവം രഞ്ജിൻ പങ്കുവച്ചു. അതേസമയം, ടെൻഷൻ അനുഭവിച്ചത് വിഷ്ണുവിന്റെ കാര്യത്തിലായിരുന്നെന്ന് രഞ്ജിൻ ഓർക്കുന്നു. എന്നാൽ, വിഷ്ണുവും പാട്ടു പാടി ഞെട്ടിച്ചുവെന്ന് രഞ്ജിൻ കൂട്ടിച്ചേർത്തു.   

"ജോജു ചേട്ടന്റെ കാര്യം പറയേണ്ട ആവശ്യം ഇല്ല. കഴിഞ്ഞ വർഷത്തിലെ ഹിറ്റ്‌ പാട്ടുകളിൽ ഒന്നാണ് പാടവരമ്പിലൂടെ എന്ന പാട്ട്. അതിന്റെ പ്രധാന കാരണം ജോജു ചേട്ടന്റെ ശബ്ദം തന്നെയാണ്. ഈ ഗാനം എന്റെയല്ല.  ഇത് ഒരു പഴയ നാടൻപാട്ടാണ്. ഞാൻ അതു റീ–അറേഞ്ച് ചെയ്തു . ജോജു ചേട്ടന് വളരെ ഇഷ്ട്ടപെട്ട ഒരു നാടൻപാട്ടാണ് അത്. ജോജു  ചേട്ടനും ഈ ഗാനം ഒറ്റ ടേക്കിലാണ് അന്ന് പാടിയത്," രഞ്ജിൻ പറഞ്ഞു. 

പുതിയ പ്രൊജക്ടുകൾ

"ഓർമയിൽ ഒരു ശിശിരം എന്ന  ചിത്രമാണ് ഇനി അടുത്ത് റിലീസ് ആവുന്നത്. ഇതിൽ പ്രണയം, സ്കൂൾ, നൊസ്റ്റാൾജിയ തുടങ്ങിയ വിഷയങ്ങളാണ്  ഉള്ളത്. എല്ലാ തരം പാട്ടുകൾ ചെയാനുള്ള സാധ്യത ഈ ചിത്രം നൽകി. കുറച്ചു പാശ്ചാത്യ ശൈലിയിലുള്ള സംഗീതമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഹരിചരൺ, ബെന്നി ദയാൽ, വിജയ് യേശുദാസ് തുടങ്ങിയവരെ കൊണ്ട് പാടിപ്പിക്കാൻ അവസരം കിട്ടി, " രഞ്ജിൻ പറഞ്ഞു നിറുത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA