ADVERTISEMENT

കുറച്ചു കാലമായി മലയാള സിനിമയിൽ ഈ യുവ സംഗീതസംവിധായകന്റെ പേര് നമ്മൾ കേൾക്കുന്നു–സൂരജ് എസ്.കുറുപ്പ്. കൃത്യമായി പറഞ്ഞാൽ ‘സോളോ’യിലെ ‘സീതാ കല്യാണം...’ മുതൽ ഈ ചെറുപ്പക്കാരൻ നമ്മളിൽ ഒരാളായി നമുക്കിടയിലുണ്ട്. സംഗീത സംവിധായകൻ, ഗായകൻ, അഭിനേതാവ് എന്തിനേറെ പറയുന്നു സഹസംവിധായകൻ വരെയായി സൂരജ്. സർവം സിനിമമയം. അതാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം. ഏറ്റവും ഒടുവിൽ ടൊവീനോ തോമസ് ചിത്രമായ ‘ലൂക്ക’ വരെ എത്തിനിൽക്കുന്നു സിനിമയോടുള്ള അഭിനിവേശം. ചിത്രത്തിൽ സംഗീത സംവിധായകനും നടനും ഗായകനുമായിട്ടാണു പ്രകടനം. ലൂക്കയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സൂരജ്...

TovinoSooraj

 

സൂരജ് എന്ന അഭിനേതാവ്

 

‘സഖാവ്’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സുഹൃത്തായാണ് ആദ്യം വേഷമിടുന്നത്. പിന്നീട് എനിക്ക് താൽപര്യം തോന്നുന്ന കഥാപാത്രങ്ങളൊന്നും വന്നിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ലൂക്കയിലെ ഈ കഥാപാത്രത്തെ പറ്റി ചിത്രത്തിന്റെ സംവിധായകൻ അരുൺ ബോസ് പറഞ്ഞത്. ഒരു മ്യുസിഷ്യന്റെ റോളാണെന്നും നീ ചെയ്താൽ നന്നായിരിക്കുമെന്നും പറഞ്ഞു. കഥാപാത്രത്തെ കുറിച്ചു കേട്ടപ്പോൾ എനിക്ക് ചെയ്യാൻ കഴിയുമെന്നും തോന്നി. ലൂക്കയിൽ അഭിനയിച്ചെന്ന് ഞാൻ ആരോടും പറയാതെ ഇരിക്കുകയായിരുന്നു. അതിനിടെ ട്രെയിലറിൽ എന്റെ തല വന്നു. സൂരജ് എന്നു തന്നെയാണ് ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര്. ടൊവീനോയുടെ സുഹൃത്തായാണു വേഷമിടുന്നത്. ആർടിസ്റ്റായ മ്യുസിഷ്യൻ. നല്ല അനുഭവമായിരുന്നു. സിനിമയിൽ ആദ്യാവസാനം വരെയുള്ള കഥാപാത്രമാണ്. ഓരോ ഷോട്ട് കഴിയുമ്പോഴും ചെയ്തതു ശരിയായോ എന്ന് എനിക്കു വീണ്ടും വീണ്ടും സംശയമായിരുന്നു. അപ്പോൾ അരുൺ പറയും. ‘ഇല്ലടാ...കുഴപ്പമില്ല. ഓകെയാണ്.’ 

കൊള്ളാം, നിനക്കു വേണമെങ്കിൽ അഭിനയത്തിൽ തുടരാമെന്നായിരുന്നു ടൊവീനോയുടെ അഭിപ്രായം. എല്ലാവരും നല്ലതു പറയുമ്പോൾ നമുക്കൊരു സന്തോഷം’– സൂരജ് പറയുന്നു. 

 

പരിചയമുള്ള ടൊവീനോ

 

ടൊവീനോയെ എനിക്കു നേരത്തേ അറിയാം. പുള്ളിക്ക് ‘ക്ലാപ്പ്’ അടിച്ചിട്ടുള്ള ആളാണു ഞാൻ. 2013ൽ ‘ഓഗസ്റ്റ് ക്ലബ്’ എന്ന ചിത്രത്തിനായിരുന്നു അത്. ആ സിനിമയുടെ അസി. ഡയറക്ടറായി ഞാൻ ജോലി ചെയ്തിട്ടുണ്ട്. അന്ന് ആ സിനിമയിൽ വളരെ ചെറിയൊരു കാരക്ടർ ചെയ്യാനായി ടൊവീനോ വന്നിരുന്നു. അതിന്റെ ഇടവേളകളിലാണ് ടൊവീനോയുമായി കൂടുതൽ അടുക്കുന്നത്. എനിക്ക് മ്യൂസിക്കാണ് ഇഷ്ടമെന്നും സംവിധാനം പഠിക്കണമെന്ന ആഗ്രഹത്തിൽ വന്നതാണെന്നും ടൊവീനോയോട് പറഞ്ഞു. അങ്ങനെയാണു പരിചയത്തിന്റെ തുടക്കം. താനും സിനിമയിൽ നല്ല കഥാപാത്രങ്ങളെ കിട്ടുമെന്ന പ്രതീക്ഷയിലാണെന്നായിരുന്നു ടൊവീനോയുടെ മറുപടി. അന്നത്തെ വിശദമായ പരിചയപ്പെടലിനു ശേഷം പിന്നീടു ഞങ്ങൾ കണ്ടതു നാലു കൊല്ലത്തിനു ശേഷമാണ്. എന്റെയും ടൊവീനോയുടെയും അലഞ്ഞു തിരിയൽ സമയമായിരുന്നു അതെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ ഒരുമിച്ച് വർക്ക് ചെയ്യാൻ കഴിഞ്ഞതിലും വളരെ സന്തോഷം. 

 

ലൂക്കയിലെ പാട്ടുകൾ

 

നാലു പാട്ടുകളാണ് ലൂക്കയിൽ ഉള്ളത്. ആദ്യം റിലീസായ ‘ഒരേ കണ്ണാൽ...’ എന്ന ഗാനത്തിനു നല്ല പ്രതികരണമായിരുന്നു. ഞാൻ ചെയ്തതിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം എന്ന യുട്യൂബ് നമ്പറിലേക്ക് എത്തിച്ചേർന്ന ഗാനമാണത്. അതുകഴിഞ്ഞ് ‘വാനില്‍ ചന്ദ്രിക...’ ഇറങ്ങി. ആ പാട്ട് വേണുഗോപാൽ സാറിനെക്കൊണ്ടു പാടിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, നിർഭാഗ്യവശാൽ കഴിഞ്ഞില്ല. അദ്ദേഹം വിശ്രമത്തിലായിരുന്നു. അങ്ങനെയാണ് അരവിന്ദ് വേണുഗാപാലിനെയും സിയ ഉൽഹക്കിനെയും കൊണ്ടു പാടിച്ചത്. ഇതിൽ എന്റെ പ്രിയപ്പെട്ട പാട്ട് ‘നീയില്ലാ നേരം...’ ആണ്. നമ്മുടെ ക്രൂവിലെ മിക്കവരുടെയും പ്രിയപ്പെട്ട പാട്ടും അതുതന്നെ. സിനിമയിൽ ഡ്യുവറ്റായിട്ടാണ് ഈ ഗാനം. ഇപ്പോൾ എത്തിയിരിക്കുന്നത് മെയിൽ വേർഷനാണ്. ഇനിയുള്ളത് ഒരു ഫാൻസ് ടൈപ് ഗാനമാണ്. അതു തിയറ്ററിലായിരിക്കും ആദ്യം കാണാനാവുക. ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്, ശബരീഷ് വർമ, വിനായക് ശശികുമാർ എന്നിവരാണു പാട്ടുകൾ എഴുതിയിരിക്കുന്നത്. 

 

സിനിമയെന്ന സ്വപ്നം

 

കോളജില്‍ പഠിക്കുന്ന കാലത്തു തന്നെ ഞാൻ ഷോട്ട്ഫിലിമുകൾ ചെയ്യുമായിരുന്നു. അങ്ങനെയാണു സിനിമാസ്വപ്നം തലയ്ക്കു പിടിച്ചത്. കോട്ടയത്തെ ചമ്പക്കരയാണ് നാട്. സിനിമയെ കുറിച്ച് ആധികാരികമായി അറിയാനുള്ള അവസരമൊന്നും അവിടെയുണ്ടായിരുന്നില്ല. എനിക്കാണെങ്കിൽ പഠിക്കണമെന്ന് വലിയ ആഗ്രഹവും. കോളജിലായിരുന്നപ്പോൾ ‘പുനർജനി’ എന്ന പേരിൽ ഒരു ഷോട്ട്ഫിലിം ചെയ്തു. അതു കണ്ട എന്റെ അധ്യാപിക സിനി ടീച്ചറാണ് കെ.ബി.വേണു സാറിനോട് എന്നെക്കുറിച്ചു പറയുന്നത്. ആ സമയത്ത് അദ്ദേഹം ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അസിസ്റ്റന്റായി വന്നോളാനും പറഞ്ഞു. അങ്ങനെയാണ് സംവിധാനമൊക്കെ ചെറുതായി പഠിക്കുന്നത്. സിനിമയിൽ ആദ്യം അസി. ഡയറക്ടറായി. അപ്പോഴും ഞാൻ മ്യൂസിക് ചെയ്യുമായിരുന്നു. പക്ഷേ, പ്രഫഷനലായി ചെയ്തിരുന്നില്ല. പിന്നെ മ്യൂസിക് തന്നെയാണ് എന്റെ ഇടമെന്നു പതുക്കെ മനസ്സിലായി. അഭിനേതാവായാലും സംവിധായകനായാലും എന്റെ വഴി സംഗീതം തന്നെയാണ്. സംഗീതത്തിലൂടെ അറിയപ്പെടാനാണ് ആഗ്രഹവും– സൂരജ് പറഞ്ഞു നിർത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com