സര്‍ക്കാർ ജോലി രാജിവച്ച് നെഞ്ചുലച്ച പാട്ടിന്റെ ശിൽപി; പാട്ടിന്റെ നല്ലപ്പൻ!

Leela-L-Gireeshkuttan
SHARE

എറണാകുളം കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിലെ ഗിരീഷ് കുട്ടന് കൂട്ടുകാരന്റെ വീട്ടിൽ ഗിറ്റാർ കണ്ടപ്പോൾ വലിയ പൂതി. അവൻ അതെടുത്ത് വിരലോടിക്കാൻ ശ്രമിച്ചപ്പോൾ കൂട്ടുകാരന്റെ അച്ഛൻ വിലക്കി. വീട്ടിലെത്തി അവൻ അച്ഛനോടു പറഞ്ഞു, ‘എനിക്ക് ഗിറ്റാർ വാങ്ങിത്തരണം.’ കുറച്ചുമാസം കഴിഞ്ഞ് ഒരു ദിവസം അച്ഛൻ ഗിരീഷിനോടു പറഞ്ഞു. ‘നമുക്ക് എറണാകുളം വരെ പോകാം, നിനക്ക് ഒരു ഗിറ്റാർ വാങ്ങാം.’ പതിറ്റാണ്ടുകൾ കഴിഞ്ഞു, അന്നു കയ്യിലെടുത്ത ഗിറ്റാർ ഒരിക്കലും ഗിരീഷ് താഴെവച്ചില്ല. പൂമരം, പോപ്കോൺ, ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, മാങ്ങാണ്ടി, ഒരൊന്നൊന്നര പ്രണയകഥ... ഇപ്പോൾ ഏറ്റവും പുതിയ സിനിമ ‘തൊട്ടപ്പൻ’ വരെയുള്ള സിനിമകളിലെ ഹൃദയഹാരിയായ ഈണങ്ങളെല്ലാം സൃഷ്ടിച്ചതു ഗിറ്റാറിൽനിന്നാണ്. പൂമരത്തിലെ ‘കടവത്തൊരു തോണിയിരിപ്പൂ...’ ആയിരുന്നു ആദ്യ മാസ്ഹിറ്റ്.  പുതിയകാലത്തെ മറ്റു സംഗീതസംവിധായകരിൽനിന്നു വ്യത്യസ്തമായി, വരികൾ എഴുതിയശേഷം ഈണമിടുന്നതാണ് കൂടുതൽ ഇഷ്ടം. ‘ലീല എൽ. ഗിരീഷ് കുട്ടൻ’ എന്ന പേരിലും വ്യത്യസ്തയുണ്ട്. ലീല അമ്മ. കുട്ടൻ അച്ഛൻ. എൽ ഭാര്യ ലിൻസി.

എഴുതിയിട്ട് ഈണം

രണ്ടു രീതിയിലും ചെയ്യാറുണ്ട്. ഒരു പാട്ടിന്റെ 2 വശങ്ങളാണ് ഈണവും സാഹിത്യവും. നമ്മളെ പ്രചോദിപ്പിക്കുന്ന വരികൾ കിട്ടിയാൽ ട്യൂൺ ചെയ്യാൻ ഒട്ടും ആയാസപ്പെടേണ്ട. ‘കടവത്തൊരു തോണിയിരിപ്പൂ...’ എന്ന പാട്ടിന്റെ വരികൾ ഫോണിലൂടെയാണ് അജീഷ് ദാസൻ പറഞ്ഞു തന്നത്. വരികൾ പറഞ്ഞു തീർന്നപ്പോഴേക്കും ഈണവും പിറന്നു കഴിഞ്ഞിരുന്നു. ആ വരികളിലെ ചൂടിൽനിന്ന് ഈണം സ്വാഭാവികമായി പിറക്കുകയായിരുന്നു. തൊട്ടപ്പനിലെ ‘പ്രാന്തൻ കണ്ടൽ’ എഴുതിയത് അൻവർ അലിയാണ്. എത്രതരം കണ്ടലുകൾ, മനുഷ്യരെപ്പോലെ ഓരോ കണ്ടലിനും ഓരോ സ്വഭാവം. വരികളുടെ ശക്തിയാണ് ഈണം പ്രതിഫലിപ്പിക്കുന്നത്. ‘കായലേ കായലേ...’ പല്ലവി ട്യൂണിട്ട് എഴുതി, അനുപല്ലവി എഴുതി ട്യൂണിട്ടു. ഒരു പാട്ടിൽത്തന്നെ രണ്ടു രീതി. ആദ്യം ഈണമിട്ടാലും തെറ്റില്ല. പക്ഷേ, കവിതയ്ക്കുവേണ്ടി തപസ്സ് ചെയ്യുന്നവർ വേണം നമ്മുടെ ട്യൂണിനുവേണ്ടി പേനയെടുക്കേണ്ടത്. അപ്പോഴേ നെഞ്ചുലയ്ക്കുന്ന പാട്ടുണ്ടാവൂ.

പാട്ടും പറച്ചിലും

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമാണ് ഇത്. പാട്ടുകളും അതിന്റെ ചർച്ചയുമായുള്ള സായാഹ്നങ്ങൾ. ഞങ്ങൾ പാടും, വായിക്കും. മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ ഓരോ പാട്ടും വിലയിരുത്തും. പ്രേക്ഷകർക്കും പാടാം. ‘ദി ഈവനിങ്’ എന്ന ഗിറ്റാർ സോളോ ആൽബവും ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിന്ദുസ്ഥാനിയാണ്. ബാൻഡ് രൂപീകരണവും അവസാന ഘട്ടത്തിലാണ്. 

സർക്കാർ ജോലി

ജീവിതത്തിന്റെ ഏറ്റവും മികച്ച സാധ്യതയിലേക്ക് നാം പോവുകയാണു വേണ്ടത്. ജീവിതത്തെ ലാഭത്തിന്റെ കണ്ണിലല്ല കാണേണ്ടത്. ഇപ്പോൾ നമ്മൾ സംസാരിക്കുന്നതുപോലും ഞാൻ സർക്കാർ ജോലി രാജിവച്ചതുകൊണ്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA