ഇങ്ങനെയുണ്ടോ ഒരു മലയാള പ്രണയം?; യേശുദാസിന്റെ കടുത്ത ആരാധകൻ ഈ ബോളിവുഡ് ഗായകൻ

Shahid-Malya
SHARE

സംഗീതത്തെ സ്നേഹിക്കണം.. സംഗീതത്തിൽ ജീവിക്കണം.. പ്രശസ്ത ബോളിവുഡ് ഗായകൻ ഷാഹിദ് മാല്ല്യയുടെ ജീവിത തത്വം ഇതാണ്. ചുരുങ്ങിയ കാലം കൊണ്ടു കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കാൻ ഷാഹിദിനു കരുത്തേകിയത് ഈ നയമാണ്. സ്വകാര്യ സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയ ഷാഹിദ് മനസ്സു തുറന്നതു മഴയുടെ സംഗീതത്തിനു കാതോർത്തു കൊണ്ടാണ്. കേരളത്തോടു പ്രത്യേക ഇഷ്ടമുണ്ടെന്നും പ്രതിസന്ധികളിൽ സഹായ സന്നദ്ധരാകുന്ന കേരളീയരോട് ഏറെ ബഹുമാനമുണ്ടെന്നും ഷാഹിദ് പറയുന്നു. 

മലയാളം പാട്ടുകൾ കേൾക്കാറുണ്ടോ? ആരുടെ പാട്ടുകളാണ് ഇഷ്ടം? മലയാളത്തിൽ പാടുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?

ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ കടുത്ത ആരാധകനാണ് ഞാൻ. രാജ്യം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ പ്രതിഭകളിലൊരാൾ. അദ്ദേഹത്തിന്റെ പാട്ടുകളിൽ ആരും അലിഞ്ഞു പോകും. വിജയ് യേശുദാസിന്റെയും മധു ബാലകൃഷ്ണന്റെയും പാട്ടുകളും കേൾക്കാറുണ്ട്. മലയാളത്തിൽ പാടാനുള്ള ഏത് അവസരവും സന്തോഷത്തോടെ സ്വീകരിക്കും. അതൊരു വലിയ അംഗീകാരമാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, നിവിൻ പോളി, ടൊവീനോ തോമസ് തുടങ്ങി മലയാള സിനിമയിലെ യുവപ്രതിഭകൾക്കു വേണ്ടി പാടണമെന്നാണ് ആഗ്രഹം. 

ഈ മാസം അവസാനത്തോടെ പിന്നണി ഗാനമേഖലയിൽനിന്നു ക്യാമറയ്ക്കു മുന്നിലേക്കും ഷഹീദ് എത്തു കയാണ്? എങ്ങനെയുണ്ട് അഭിനയം?

‘തൂ ഹി മേരാ റബ്’ എന്ന സംഗീത വിഡിയോയ്ക്കായാണു ക്യാമറയ്ക്കു മുന്നിൽ എത്തുന്നത്. പുതുമയുള്ള അനുഭവമായിരുന്നു. വളരെ ആത്മവിശ്വാസത്തോടെയാണു ക്യാമറയ്ക്കു മുന്നിലും പ്രവർത്തിച്ചത്. അഭിനയം നന്നായി എന്നാണ് അണിയറ പ്രവർത്തകരുടെ അഭിപ്രായത്തിൽ നിന്നു മനസ്സിലാകുന്നത്. പ്രശസ്ത നടി സനാ ഷെയ്ഖുമൊത്തായിരുന്നു അഭിനയം. 

‘റബ്ബാ മേം തോ മർഗയാ’ എന്ന ആദ്യ ഗാനത്തിൽ നിന്ന് ‘തൂ ഹി മേരാ റബ്’ വരെ 8 വർഷങ്ങളുടെ ദൂരമുണ്ട്. ഈ കാലഘട്ടത്തെ എങ്ങനെ വിലയിരുത്തുന്നു. സംതൃപ്തനാണോ?

ബോളിവുഡിലെ അതിപ്രശസ്തരും പ്രതിഭാധനരുമായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതു വലിയ ഭാഗ്യമായി കരുതുന്നു. ഒട്ടേറെ നല്ല ഗാനങ്ങൾക്കു ജീവൻ പകരാനായി. സംഗീത ലോകത്ത് ഇനിയും ഏറെ ദൂരം  മുന്നോട്ടു പോകാനുണ്ട്. 

അയത്നലളിതമായ ശൈലിയിലൂടെ സംഗീതത്തിന്റെ വിവിധ വിഭാഗങ്ങളിൽ മികവു തെളിയിച്ചിട്ടുള്ള ഗായകനാണു ഷഹീദ്. എന്നാൽ ബോളിവുഡിൽ ഏറെ ആരാധകരുള്ള, റീ മിക്സുകളോടു പൊതുവെ താൽപര്യക്കുറവു കാട്ടുന്നതായി കേട്ടിട്ടുണ്ട്. എന്താണു കാരണം?

ക്രിയാത്മകതയെ പുനർനിർമിക്കാനാവില്ല എന്നാണു വ്യക്തിപരമായ അഭിപ്രായം. അതു കൊണ്ടു തന്നെ പാടാൻ താൽപര്യവുമില്ല.

ഏറ്റവും സംതൃപ്തി തന്ന സ്വന്തം ഗാനം ഏതാണ്?

എല്ലാ ഗാനങ്ങളും ഇഷ്ടം തന്നെയാണ്. എന്നാൽ മൗസമിലെ ഇക് തൂ ഹി, തൂ ഹി എന്ന ഗാനത്തോട് അൽപം ഇഷ്ടക്കൂടുതൽ ഉണ്ട്.

പുതിയ പദ്ധതികൾ എന്തൊക്കെയാണ്?

പ്രീതം ചക്രബർത്തി, വിശാൽ ദാദ്‌ലാനി, ശേഖർ രാവ്ജിയാനി, അമിത് ത്രിവേദി തുടങ്ങിയ സംഗീത സംവിധായകരോടൊപ്പമുള്ള ഗാനങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA