പാട്ടു കേട്ടു, അഭിനയം കണ്ടു; പക്ഷേ, ഈ രഞ്ജിനിയെ നമുക്കറിയില്ല!

HIGHLIGHTS
  • അഭിനയമോഹമില്ലാത്ത ആളാണ് ഞാൻ
  • മൈക്കിൾ ജാക്സനെ കാണണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു
Ranjini-Jose
SHARE

ആലാപനത്തിലൂടെയും അഭിനയത്തിലൂടെയും മലയാളമനസിൽ സ്ഥാനമുറപ്പിച്ച ഗായിക രഞ്ജിനി ജോസ് ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി ചിട്ടപ്പെടുത്തി  ആലപിക്കുന്നതിന്റെ ത്രില്ലിലാണ്. മലയാളത്തിന്റെ ഇഷ്ടതാരം അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ്ഫിഷ് എന്ന ചിത്രത്തിന്റെ തീം സോങ് രഞ്ജിനിയാണ് ഒരുക്കുന്നത്. ഇംഗ്ലീഷിലുള്ള ഇൗ ഗാനം എഴുതി ഇൗണം കൊടുത്ത് ആലപിച്ചത് തന്റെ സംഗീതജീവിതത്തിലെ മറക്കാനാകാത്ത ഏടാണെന്നു വിശ്വസിക്കുന്ന രഞ്ജിനി ആ അനുഭവത്തെക്കുറിച്ച് മനോരമ ഒാൺലൈനിനോടു മനസു തുറന്നപ്പോൾ. 

നേരത്തേ മുതൽ എഴുതുമായിരുന്നോ? 

സ്കൂളിൽ പഠിക്കുമ്പോൾ കുറച്ചൊക്കെ എഴുതുമായിരുന്നു. ആ പ്രായത്തിലുള്ള ഒരു കൗതുകം. പിന്നെ എന്റെ പഴയ ആൽബങ്ങളൊക്കെ ഞാൻ തന്നെയാണ് എഴുതിയത്. 

Ranjini-new

കിംഗ്ഫിഷ് എന്ന ചിത്രത്തെക്കുറിച്ച്?

ഈ ചിത്രത്തിൽ ഒരു പാട്ട് ചെയ്യുന്നതിനു വേണ്ടി അനൂപേട്ടൻ എന്നെ സമീപിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണിത്. സ്വയം എഴുതി കമ്പോസ് ചെയ്ത്  ആലപിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ധർമ്മ വിഷ് എന്ന  സംഗീതസംവിധായകനാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയത്. അദ്ദേഹവും എന്റെ സുഹൃത്താണ്. ഞാന്‍ എഴുതിയത്  അനൂപേട്ടന് ഒരുപാടിഷ്ടമായി. എങ്കിലും ചെറിയ ചില തിരുത്തലുകൾ വേണ്ടിവന്നു.

ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തിനായി ഞാൻ ഡബ്ബ് ചെയ്യുന്നുമുണ്ട്. ഞാൻ അഭിനയിച്ച സിനിമകളിൽ എനിക്ക് വേണ്ടി ഞാൻ തന്നെയായിരുന്നു ഡബ്ബ് ചെയ്തത്. ഇപ്പോൾ മറ്റൊരാൾക്കു വേണ്ടി ചെയ്തപ്പോൾ അതിൽ ഒരു വ്യത്യസ്തത അനുഭവപ്പെട്ടു. 

‍എന്തു കൊണ്ടാണ് ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ലാത്തത് ?

അഭിനയമോഹമില്ലാത്ത ആളാണ് ഞാൻ. എനിക്ക് അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. മുൻപുള്ള സിനിമകളുടെ അണിയറക്കാർ പറഞ്ഞപ്പോൾ അഭിനയിച്ചു  എന്നുമാത്രം. അതൊക്കെ വളരെ നല്ല അനുഭവങ്ങളായിരുന്നു. പിന്നെ എന്റെ ജോലി ഇതാണ്. അപ്പോൾ ഞാൻ അതുമായി മുന്നോട്ടു പോകുന്നു. എന്റെ അച്ഛൻ സിനിമാ  മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. ഞാൻ ആ മേഖലയിലേക്ക് കടന്നുവരണമെന്ന് ഇതുവരെ അച്ഛൻ നിർബന്ധം പറഞ്ഞിട്ടില്ല. അദ്ദേഹം ഇതുവരെ സിനിമയെ  തള്ളിപ്പറഞ്ഞിട്ടുമില്ല. എന്റെ കുടുംബത്തിൽ നിന്നും സിനിമയിലെത്തുന്ന മൂന്നാം തലമുറയിലെ ആളാണ് ഞാൻ. സിനിമ എന്റെ ജീവിതമാർഗ്ഗമാണ്. 

സംഗീതസംവിധാന രംഗത്ത് ഇപ്പോൾ ഒരുപാട് സ്ത്രീകൾ കടന്നു വരുന്നുണ്ടല്ലോ ?

ഇപ്പോൾ സ്ത്രീകൾ തന്നെ പാട്ടുകൾ എഴുതി ചിട്ടപ്പെടുത്തി ആലപിക്കുന്നു. ഇതിനു മുൻപും കഴിവുള്ള സ്ത്രീകൾ ധാരാളമുണ്ടായിരുന്നെങ്കിലും അതിനുള്ള സാമർഥ്യമോ  സാഹചര്യമോ അവർക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആ സാഹചര്യം മാറിയിരിക്കുന്നു. യൂട്യൂബ് ചാനലുകളിലൂടെയും മറ്റും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച് സ്ത്രീകൾ  ഉൾപ്പെടെ നിരവധി പേർ മുൻപന്തിയിലേക്കെത്തുന്നു. കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം അവസരങ്ങളും കൈവരുന്നു.

സംഗീതജീവിതത്തിലെ ആഗ്രഹങ്ങൾ?

ചിത്രച്ചേച്ചിയുടെ കൂടെ പാടുക എന്നതാണ് എല്ലാവരുടെയും പൊതുവായ ആഗ്രഹം. എന്റെ ആദ്യത്തെ പാട്ടിലൂടെത്തന്നെ എനിക്കതു സാധിച്ചു. അതിൽ ഒരുപാട് സന്തോഷവും  അഭിമാനവും തോന്നുന്നു. പിന്നെ പ്രശസ്തരായ അനേകം ഗായകരുണ്ടല്ലോ അവരുടെയൊക്കെ കൂടെ പാടണമെന്നുണ്ട്. പേരുപറയാനാണെങ്കിൽ ഒരുപാടുണ്ട്. പിന്നെ ഇപ്പോൾ  ഞാൻ കൂടെ പാടുന്നവരൊക്കെ എന്റെ നല്ല സുഹൃത്തുക്കൾ കൂടിയാണ്. എടുത്ത് പറയുന്നത് ശ്വേതയെ മാത്രമാണ്. ശ്വേത വളരെ മികച്ച ഗായികയാണ്. മൈക്കിൾ ജാക്സനെ  കാണണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അതു സാധിച്ചില്ല. അതിൽ ചെറിയൊരു നിരാശയും തോന്നാറുണ്ട്.  

കരിയർ ഇപ്പോൾ ഏതു ദിശയിലാണ് ? 

ഞങ്ങൾ ഏഴുപേർ ചേർന്നു പ്രവർത്തിക്കുന്ന ഒരു മ്യൂസിക് ബാൻഡ് ഉണ്ട്. അത് ആരംഭിച്ചിട്ട് രണ്ടുവർഷത്തോളമായി. പിന്നെ സംഗീതോപകരണങ്ങളോടും താത്പര്യമുണ്ട്. കീബോർഡൊക്കെ വായിക്കാൻ സമയം കണ്ടെത്തണമെന്ന് വിചാരിക്കുന്നു. സമയം കിട്ടാത്തതിനാൽ അതൊന്നും കൃത്യമായി മുന്നോട്ടു പോകുന്നില്ല.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA