ധ്രുവങ്ങൾ‌ 16–ൽ നിന്നും പൊറിഞ്ചുവിലേക്കും കൽക്കിയിലേക്കും: ജേക്സ് ബിജോയ് പറയുന്നു

SHARE

മലയാളിക്ക് എന്നും ആസ്വദിക്കാനും മൂളി നടക്കാനും നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. ഓരോ ഗാനവും ചിട്ടപ്പെടുത്തുന്നതിന് മുൻപ് അതിനെക്കുറിച്ച് മനസ്സിൽ ഒരു ചിത്രം രൂപപ്പെടുത്തുക എന്നതാണ് ഈ സംഗീത സംവിധായകന്റെ ശൈലി. ഇതിലൂടെ ഉരുത്തിരിഞ്ഞ് വന്ന ഗാനങ്ങളെല്ലാം മലയാളത്തിനും മലയാളിക്കും പ്രിയങ്കരമായിത്തന്നെ നിലകൊള്ളുന്നു. ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന പൊറിഞ്ചു മറിയം ജോസിന്റെ വിശേഷങ്ങളുമായി ജേക്സ് ബിജോയ് മനോരമ ഓൺലൈനൊപ്പം.

ഒരിടവേളയ്ക്കു ശേഷം സംവിധായകൻ ജോഷി ഒരുക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ആ ചിത്രത്തിന്റെ സംഗീത സംവിധനം നിർവഹിക്കാനായതിന്റെ സന്തോഷത്തിലാണ് ജേക്സ് ബിജോയ്. തനിക്കൊപ്പം ജോലി ചെയ്യുന്നവരെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന ആളാണ് ജോഷി സാറെന്നും മറ്റുള്ളവരുടെ ആശയങ്ങളെ സ്വീകരിക്കാൻ മടി കാണിക്കാത്ത ആളാണ് അദ്ദേഹമെന്നും ജേക്സ് പറയുന്നു. ജോഷിയുടെ ചിത്രങ്ങളിലെ ഗാനങ്ങളിൽ സാധാരണ കാണാറുള്ളത് പോലെ വൈകാരികത പ്രകടമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൊവീനോ തോമസ് നായകനായെത്തിയ ‌കൽക്കിയിൽ താൻ ചിട്ടപ്പെടുത്തിയ നാസിക് ഡോലിന്റെ സംഗീതം തികച്ചും അവിചാരിതമായി സംഭവിച്ചതാണെന്ന് പറഞ്ഞ ജേക്സ് ബിജോയ് ആ അനുഭവം വിവരിക്കുന്നത് ഇങ്ങനെ:

jakes-bejoy-new

‘‘പൊറിഞ്ചു മറിയം ജോസിന്റെ ചിത്രീകരണാവശ്യങ്ങൾക്കായി ജോഷി സാറിനൊപ്പം ഇരിങ്ങാലക്കുടയിൽ അമ്പ് പെരുന്നാൾ കാണാൻ പോയപ്പോഴാണ് അവിചാരിതമായി നാസിക് ഡോൽ ആസ്വദിക്കുന്നത്. പൊറിഞ്ചു എൺപതുകളിലെ ഒരു സിനിമയാണ്. ആ കാലത്ത് നാസിക് ഡോൽ ഇല്ലല്ലോ. അതുകൊണ്ട് ആ ആശയം കൽക്കി എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. കൽക്കി എന്ന സിനിമയുടെ സ്വഭാവത്തോട് ചേരുന്നതായിരുന്നു നാസിക് ഡോലിന്റെ താളം. അത് ‌ ശ്രദ്ധിക്കപ്പെടുകയും ചെയ്തു’’ 

എൻജിനിയറിങ് പഠിക്കുന്ന സമയത്താണ് വിനീത് ശ്രീനിവാസനുമായിച്ചേർന്ന് ജേക്സ് ബിജോയ് ആദ്യ സംരംഭമായ ‘മലയാളീ’ എന്ന ആൽബം പുറത്തിറക്കുന്നത്. അതിൽ മലയാളിപ്പെണ്ണേ എന്ന ഗാനം ചിട്ടപ്പെടുത്തി ആലപിച്ചതും അദ്ദേഹമാണ്. സംഗീതവുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കണമെന്നാണ് ജേക്സ് ആഗ്രഹിച്ചതെങ്കിലും എൻജിനിയറിങ് പഠനത്തിനു ശേഷമാണ് അദ്ദേഹത്തിന് അത് സാധ്യമായത്. അമേരിക്കയിൽ നിന്നും സംഗീത സംവിധാനപഠനം പൂർത്തിയാക്കിയ ശേഷം ആരുടെയെങ്കിലും കീഴിൽ പ്രവർത്തിക്കണമെന്നാഗ്രഹിച്ചെങ്കിലും അതൊന്നും നടന്നില്ല. 

അമേരിക്കയിലെ ഒരു ഗെയിം കമ്പനിയിൽ ഓഡിയോ ടീമിൽ മൂന്ന് വർഷക്കാലം  അദ്ദഹം ജോലി ചെയ്തു. അപ്പോഴും സ്വന്തമായി ഗാനങ്ങൾ ചിട്ടപ്പെടുത്തണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഇന്ദ്രജിത്ത് നായകനായി അഭിനയിച്ച ഏയ്ഞ്ചൽസിലൂടെയാണ് അദ്ദേഹം സിനിമാസംഗീതസംവിധാനത്തിന് തുടക്കം കുറിച്ചത്. 2016–ൽ പുറത്തിറങ്ങിയ ധ്രുവങ്ങൾ 16 എന്ന തമിഴ് ചിത്രമാണ് തന്റെ കരിയറിൽ വഴിത്തിരവായതെന്ന് അദ്ദേഹം പറഞ്ഞു. ജയസൂര്യ നായകനായെത്തുന്ന അന്വേഷണം എന്ന ചിത്രത്തിലെ ഗാനങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ.

Watch in Youtube

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA