sections
MORE

ഏഴു പാട്ടുകൾ, എല്ലാം സൂപ്പർഹിറ്റ്: മിന്നാരം എനിക്ക് മറക്കാനാകില്ല

mg sreekumar-minnaram movie
SHARE

മലയാളിക്ക് എന്നും പ്രിയപ്പെട്ട ചില സിനിമകളുണ്ട്. കാലമെത്രകഴി‍ഞ്ഞാലും പ്രഭ മായാത്ത ചിത്രങ്ങൾ. അതിലൊണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മിന്നാരം’. ഈ ചിത്രം പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ചു വർഷമായി. ഇന്നും സംഗീതപ്രേമികൾ ഓർ‌ക്കുന്ന ഏഴു മനോഹര ഗാനങ്ങളായിരുന്നു മിന്നാരത്തിന്റെ വിജയഘടകങ്ങളിലൊന്ന്. അവയെല്ലാം പാടിയിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്. അദ്ദേഹത്തിനൊപ്പം കെ.എസ്. ചിത്രയും സുജാതയും ആലാപനത്തിൽ പങ്കു ചേർന്നു. വരികളൊരുക്കിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഒരു ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാവുക എന്നത് അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. മിന്നാരത്തിന്റെ ഓർമകൾ ഗായകൻ എം.ജി ശ്രീകുമാർ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

മിന്നാരത്തിലെ ഗാനങ്ങളെക്കുറിച്ച്?

മിന്നാരം ഊട്ടിയിലാണ് ഷൂട്ട് ചെയ്തത്. അവിടുത്തെ തണുപ്പു പോലെ തന്നെ നനുത്ത ഓർമകളാണ് ആ ചിത്രം സമ്മാനിക്കുന്നത്. ആ കാലഘട്ടത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച എല്ലാ സിനിമകളിലും തൊണ്ണൂറ്റിയൊൻപതു ശതമാനം പാട്ടുകളും ഞാനാണ് പാടിയത്. അത് വളരെ വലിയ ഭാഗ്യമായി കണക്കാക്കുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു പാടിയതാണ് മിന്നാരത്തിലെ ചിങ്കാരക്കിന്നാരം, നിലാവേ മായുമോ എന്നീ ഗാനങ്ങൾ. അത് ഹിറ്റായെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ആളുകൾ മറന്നു തുടങ്ങി. എങ്കിലും ഇപ്പോൾ അവ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വരുന്നു. ഈ ഗാനങ്ങളൊക്കെ ബാൻഡുകൾ ഏറ്റെടുക്കുകയും  ഹിറ്റാവുകയും ചെയ്യുന്നതിൽ ഒരുപാട് സന്തോഷം.

ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി?

മിന്നാരത്തിലെ ഗാനങ്ങൾ ചെന്നൈയിൽ വച്ചാണ് ചിട്ടപ്പെടുത്തിയത്. ഈരാളി എന്ന ഗെസ്റ്റ് ഹൗസിലാണ് ഗിരീഷ് സ്ഥിരമായി താമസിച്ചിരുന്നത്. രാവിലെ നാലുമണിക്ക് എഴുന്നേറ്റാണ് അദ്ദേഹം ഗാനങ്ങൾ എഴുതിയിരുന്നത്. ഒരിക്കലും പകൽ എഴുതാറില്ലായിരുന്നു. നാലുമണി മുതൽ ആറുമണി വരെയാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ സമയം. ചിലപ്പോൾ അഞ്ച് ഗാനങ്ങൾ എഴുതും, ചിലപ്പോൾ ഒരു ഗാനമേ എഴുതാൻ സാധിക്കുകയുള്ളു. പിന്നീട് പ്രിയദർശനുമായി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തും. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വന്തം സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്.

മിന്നാരത്തിലെ ഗാനങ്ങൾ മറ്റു വേദികളിൽ പാടുമ്പോഴുണ്ടായ അനുഭവം?

ഒരുപാടു വേദികളിൽ ആ ഗാനങ്ങൾ പാടിയിട്ടുണ്ട്. മിന്നാരത്തിലെ ഗാനം എന്ന് ആരും പറയാറില്ല. ഗാനത്തിന്റെ വരികളാണ് പറയാറുള്ളത്. സാധാരണയായി പാട്ട് പാടിക്കഴിയുമ്പോഴാണ് ആളുകൾ സന്തോഷം പ്രകടിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ഏതു ഗാനമാണ് പാടാൻ പോകുന്നത് എന്നു പറയുമ്പോൾ അവർ കൈയടിക്കുന്നു. അവ നിത്യഹരിത ഗാനങ്ങളായി നിൽക്കുന്നതു കൊണ്ടാണ് ഇത്. ഇത്തരം അംഗീകാരം ഒരു പുത്തൻ ഉണർവ് നൽകുന്നതാണ്.  

‍ചിങ്കാരക്കിന്നാരം, ഡാർലിങ്സ് ഒാഫ് മൈൻ, കുഞ്ഞൂഞ്ഞാൽ, മഞ്ഞക്കുഞ്ഞിക്കാലുള്ള, നിലാവേ മായുമോ, ഒരു വല്ലം പൊന്നും പൂവും, തളിരണിഞ്ഞൊരു എന്നിങ്ങനെ ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിലെ കുഞ്ഞൂഞ്ഞാൽ എന്ന ഗാനത്തിലെ ചെറിയൊരു ഭാഗം ഷിബു ചക്രവർത്തി രചിച്ചു. ഇവയ്ക്കെല്ലാം ഈണം പകർന്നത് എസ്.പി. വെങ്കടേഷ് ആണ്. ചിത്രത്തിലെ ഡാർലിങ്സ് ഓഫ് മൈൻ എന്ന ഇംഗ്ലിഷ് ഗാനം ആലപിച്ചത് കല്യാൺ, അനുപമ എന്നിവർ ചേർന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA