ADVERTISEMENT

ഒരേ തൂവൽപക്ഷീ കൂടെ വാ... എന്ന വരികളോടെയാണ് വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ് എന്ന ചിത്രത്തിന്റെ തീം സോങ് ആരംഭിക്കുന്നത്. പാട്ടിന്റെ വരികൾ അന്വർഥമാക്കും വിധം ഒരേ തൂവൽപക്ഷികളാണ് പാട്ടു പാടിയിരിക്കുന്നതും– ഗായിക സയനോരയും അനുജത്തി ശ്രുതിയും! എപ്പോഴും പാട്ടു നിറഞ്ഞു നിൽക്കുന്ന ഒരു വീട്ടിലെ രണ്ടു ഗായകരെ ഒന്നിച്ചൊരു പാട്ടിലാക്കാനുള്ള നിയോഗം കാത്തിരുന്നത് സംഗീതസംവിധായകൻ വർക്കിയെ ആയിരുന്നു. അതിനു നന്ദി പറഞ്ഞുകൊണ്ട് സയനോരയുടെയും ശ്രുതിയുടെയും അമ്മ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ആരാധകരുടെ ഹൃദയത്തിലാണ് തൊട്ടത്. കരിയറിലും ജീവിതത്തിലും ഒരുപാടു സ്പെഷൽ ആയ പുതിയ ഗാനത്തെക്കുറിച്ച് സയനോരയും ശ്രുതിയും സംസാരിക്കുന്നു. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:  

ആശയം വർക്കിയുടേത്

‘സ്റ്റാൻഡ് അപ്പിലെ ഗാനത്തിന് എന്റെയും ശ്രുതിയുടെയും ശബ്ദം ഉപയോഗിക്കാമെന്ന ആശയം ഉദിച്ചത് സംഗീതസംവിധായകൻ വർക്കിയുടെ മനസ്സിലായിരുന്നു. വർക്കി എന്റെ സുഹൃത്താണ്. ഡിൻ ചിക് നേഷൻ എന്ന ബാൻഡിൽ ഞാനും വർക്കിയും ഒരുമിച്ചാണ്. വർക്കി ഈ പാട്ട് കമ്പോസ് ചെയ്യുമ്പോൾ ഞാനുമുണ്ട് കൂടെ. വേറൊരു പാട്ടുകാരിയെക്കൊണ്ടു പാടിക്കാൻ വച്ച പാട്ടായിരുന്നു ഇത്. വർക്കി കമ്പോസ് ചെയ്തതിനു ശേഷം ഞാനാണ് ഈ പാട്ട് ആദ്യം പാടുന്നത്. പാടിക്കഴിഞ്ഞപ്പോൾ എല്ലാവരും ഞാൻ പാടിയാൽ മതിയെന്നു പറയുകയായിരുന്നു. ഈ പാട്ടിൽ ഒരു പാട്ടുകാരി കൂടി വേണമെന്നു വർക്കിക്ക് ഉണ്ടായിരുന്നു. ഒടുവിൽ അദ്ദേഹം തന്നെയാണ് എന്റെ അനുജത്തി ശ്രുതിയെ ഇതിലേക്കു കൊണ്ടുവരുന്നത്.’– സയനോര പറഞ്ഞു. 

ശ്രുതി ആള് പുലിയാ

ശ്രുതിയെക്കുറിച്ചു പറയുമ്പോൾ സയനോരയ്ക്ക് നൂറു നാവാണ്. ‘ശ്രുതി വെസ്റ്റേൺ മ്യൂസിക് പഠിച്ചിട്ടുണ്ട്. പാശ്ചാത്യ ക്ലാസിക്കൽ മ്യൂസിക്കിൽ എയ്റ്റ്ത്ത് ഗ്രേഡ് പൂർത്തിയാക്കിയിട്ടുമുണ്ട്. ഇപ്പോൾ ബെംഗളൂരുവിൽ ഐബിഎമ്മിൽ ജോലി ചെയ്യുന്നു. പിന്നണി ഗാനരംഗത്ത് എന്നെപ്പോലെ ശ്രുതി സജീവമല്ലെന്നേയുള്ളൂ. ഇപ്പോഴും ശ്രുതി സംഗീതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എന്നേക്കാളും സംഗീതത്തെ ഗൗരവമായി കാണുന്നത് ശ്രുതിയാണെന്ന് പറഞ്ഞാലും തെറ്റില്ല. ഈ പാട്ടിൽ ശ്രുതിയുടെ ശബ്ദവും ഉപയോഗിക്കാമെന്നു പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി.’

അന്ന് അതിനു കഴിഞ്ഞില്ല

sayanora family new img

‘ഞാൻ സംഗീതസംവിധാനം നിർവഹിച്ച കുട്ടൻപിള്ളയുടെ ശിവരാത്രികൾ എന്ന സിനിമയിൽ ശ്രുതിയുടെ ശബ്ദം എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ല. അതിൽ അവൾക്കു പാടാവുന്ന ശൈലിയിലുള്ള പാട്ടുകൾ ഉണ്ടായിരുന്നില്ല. പിന്നെ, ഞാൻ സംഗീതസംവിധാനം ചെയ്യുന്ന സിനിമയിൽ അനിയത്തിയെക്കൊണ്ടു പാടിച്ചാൽ അതു ശരിയാവില്ലെന്നും തോന്നി. ശ്രുതിയെക്കൊണ്ട് സിനിമയിൽ പാടിക്കണമെന്ന വലിയൊരു ആഗ്രഹം മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് വർക്കി ഞങ്ങൾ രണ്ടുപേരും ചേർന്ന് ഈ പാട്ടു പാടിയാൽ നന്നാകുമെന്ന് പറയുന്നത്.’ – സയനോര വെളിപ്പെടുത്തി.   

ഡാഡിയുടെ കണ്ണു നിറഞ്ഞു

‘മമ്മിയും ഡാഡിയും കുറെക്കാലമായി ഇങ്ങനെയൊരു പാട്ടു കാത്തിരിക്കുകയായിരുന്നു. അവർ ആഗ്രഹിച്ചിരുന്നത് എന്റെ സംഗീതത്തിൽ ശ്രുതി പാടുന്ന ഒരു പാട്ടാണ്. അപ്രതീക്ഷിതമായി ഒരു പാട്ടിൽ ഞങ്ങൾ രണ്ടു പേരും ഒരുമിച്ചെത്തിയപ്പോഴുള്ള അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. റെക്കോർഡിങ് കഴിഞ്ഞ് ഡാഡിയെയും മമ്മിയെയും പാട്ടു കേൾപ്പിച്ചപ്പോൾ രണ്ടു പേരും ഇമോഷണലായി. ഡാഡിയുടെ കണ്ണൊക്കെ നിറഞ്ഞു. പാട്ടു കേട്ടു കഴിഞ്ഞു കുറച്ചു നിർദേശങ്ങളും തന്നു.’

മമ്മിയുടെ പോസ്റ്റ് ഞാൻ ഷെയർ ചെയ്തു

‘മമ്മി സാധാരണ എന്റെ പോസ്റ്റുകൾ ഷെയർ ചെയ്യാറാണ് പതിവ്. ഈ പാട്ടു വന്നപ്പോൾ ഒരു പോസ്റ്റ് ഇടണമെന്ന് ഞാൻ മമ്മിയോടു പറഞ്ഞിരുന്നു. പാട്ടു കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്ന കാര്യം വെറുതെ എഴുതി ഇടാനായിരുന്നു പറഞ്ഞത്. പക്ഷേ മമ്മി ഞെട്ടിച്ചു കളഞ്ഞു. അത്രയും ഇമോഷനൽ ആയാണ് മമ്മി ആ പാട്ടിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ ആദ്യമായി മമ്മിയുടെ പോസ്റ്റ് ഞാൻ ഷെയർ ചെയ്തു’. 

ശ്രുതി എന്റെ ടുട്ടൂ

‘ഞങ്ങൾ ടുട്ടൂ എന്നാണ് ശ്രുതിയെ വിളിക്കുന്നത്. ഞാനും അവളും തമ്മിൽ എട്ടു വയസ്സിന്റെ വ്യത്യാസമുണ്ട്. ഒരു കുഞ്ഞാവ കൂടി ജനിക്കാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ എന്റെ അനിയന് വലിയ സന്തോഷമായിരുന്നു. എന്നാൽ നേരെ തിരിച്ചായിരുന്നു എന്റെ അവസ്ഥ. കുഞ്ഞാവ എന്തിനാ എന്നൊക്കെ ചോദിച്ച് വലിയ ബഹളമായിരുന്നു ഞാൻ! അവൾ ജനിച്ചു കഴിഞ്ഞതിനു ശേഷവും കുറച്ചു സമയമെടുത്താണ് ഞാൻ ശരിയായത്. വലുതായപ്പോൾ ഞങ്ങൾ ശരിക്കും കൂട്ടായി.’

ഇനി ശ്രുതി പറയും

‘വളരെ അപ്രതീക്ഷിതമായാണ് എനിക്കു വർക്കിയുടെ ക്ഷണം ലഭിക്കുന്നത്. ചേച്ചിയുടെ കൂടെ പാടാൻ കഴിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അങ്ങനെയൊരു അവസരം നഷ്ടപ്പെടരുത് എന്നുണ്ടായിരുന്നു. എല്ലാ തിരക്കുകളും മാറ്റി വച്ച് ഞാൻ ഓടിച്ചെല്ലുകയായിരുന്നു. ഒറ്റ ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് വന്നു. വർക്കിയുടെ വീട്ടിൽ വച്ചായിരുന്നു റെക്കോർഡിങ്. എല്ലാവരെയും പരിചയം ഉള്ളതുകൊണ്ട് ഒട്ടും ടെൻഷൻ ഉണ്ടായിരുന്നില്ല.’

മമ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘മമ്മി ഇടയ്ക്ക് ഇങ്ങനെ ഓരോ പണി ഒപ്പിക്കും. ആ പോസ്റ്റിൽ പറഞ്ഞതൊക്കെ സത്യമാണ്. ഞാനും ചേച്ചിയും തമ്മിൽ ചെറുപ്പത്തിൽ വലിയ അടിയായിരുന്നു. പണ്ടു ഞാൻ ചേച്ചിക്ക് വലിയ പാരയായിരുന്നു. പക്ഷേ ഒരു പ്രായം കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ പ്രത്യേകമായൊരു ആത്മബന്ധം പരുവപ്പെട്ടു. പിന്നെ ഞങ്ങൾ വലിയ കൂട്ടായി.’– ശ്രുതി പറഞ്ഞു. 

ഒരു സ്വപ്നമുണ്ട് മനസ്സിൽ

‘വീട്ടിൽ ഞങ്ങൾ മൂന്നു പേരുണ്ട്– സായേച്ചി, ഏട്ടൻ സ്വരാഗ്, പിന്നെ ഞാൻ. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചൊരു പാട്ട് എന്നത് വലിയൊരു സ്വപ്നമാണ്. ചേട്ടൻ ഇപ്പോൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ എനിക്കും സായേച്ചിക്കും ഒരുമിച്ചു പാടാൻ കഴിഞ്ഞ പോലെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു പാടുന്ന ഒരു പാട്ട് എപ്പോഴെങ്കിലും സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ’– ശ്രുതി പുഞ്ചിരിയോടെ മനസ്സിലെ സ്വപ്നം പങ്കുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com