ADVERTISEMENT
santhosh-keshav-playback-singer-3

പൊറിഞ്ചു മറിയം ജോസിന്റെ ലൊക്കേഷൻ ചിത്രങ്ങളിൽ ഷൂട്ടിങ് സ്ക്രിപ്റ്റുമായി സംവിധായകൻ ജോഷിക്കൊപ്പം നിൽക്കുന്ന താടിക്കാരനെ ശ്രദ്ധിച്ചത് ഫെയ്സ്ബുക്കിലെ ചില സുഹൃത്തുക്കളായിരുന്നു. ‘ഇത് നമ്മുടെ പാട്ടുകാരൻ സന്തോഷ് കേശവ് അല്ലേ’, എന്നായിരുന്നു ഫോട്ടോ കണ്ടവരുടെ സംശയം. ‘ആ താടിക്കാരൻ ഞാൻ തന്നെയാണ്’ എന്നു ചെറുപുഞ്ചിരിയോടെ പറയുകയാണ് ഗായകൻ സന്തോഷ് കേശവ്. തൊണ്ണൂറുകളുടെ അവസാനത്തിൽ ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിൽ ‘പൊന്നിൻ വള കിലുക്കി’ എന്ന സൂപ്പർഹിറ്റ് പാട്ടു പാടി പിന്നണിഗാനരംഗത്തേക്ക് എത്തിയ സന്തോഷ് കേശവ് അക്കാലത്തിറങ്ങിയ രാജസേനൻ ചിത്രങ്ങളിലെ സ്ഥിരം ശബ്ദസാന്നിധ്യമായിരുന്നു. അണിയമ്പൂ മുറ്റത്ത്, പ്രണയസൗഗന്ധികങ്ങൾ (ഡാർലിങ് ഡാർലിങ്), മയിലാടും കുന്നുമ്മേൽ (നാടൻ പെണ്ണും നാട്ടുപ്രമാണിയും), മഴനിലാവിന്റെ ചിറകുകളിൽ (മേഘസന്ദേശം) തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ മാത്രം മതി സന്തോഷ് കേശവ് എന്ന ഗായകനെ അടയാളപ്പെടുത്താൻ! 

ദൂരദർശനിലും മറ്റൊരു സ്വകാര്യ ടെലിവിഷൻ ചാനലിലും അവതരിപ്പിച്ചിരുന്ന സംഗീതപരിപാടികളിലൂടെ സന്തോഷ് കേശവ് എന്ന ഗായകന്റെ മുഖവും പ്രേക്ഷകർക്കു പരിചിതമായി. ഗായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് കേശവ് രണ്ടു പതിറ്റാണ്ടിനിപ്പുറം തന്റെ മേൽവിലാസത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ആ മാറ്റങ്ങളുടെ കഥ മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സന്തോഷ് കേശവ് പങ്കുവച്ചു.

പാട്ടിനോടു പിണക്കമില്ല

പാട്ടിൽനിന്ന് മനഃപൂർവം മാറി നിൽക്കുന്നതല്ല. മലയാള ചലച്ചിത്രഗാനരംഗത്ത് ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞാൻ പാടിത്തുടങ്ങിയത് 1999ലാണ്. എന്റെ തലമുറയിലെ ഗായകരുടെ ആരാധനാപാത്രമായി നിൽക്കുന്നത് ദാസേട്ടനും ജയേട്ടനുമാണ്. അവരുടെ ബാണി അതായത് ശൈലി ഞങ്ങളെ എല്ലാവരെയും സ്വാധീനിച്ചിട്ടുണ്ട്. 2003–2004 ആയപ്പോഴേക്കും സമൂലമായ ഒരു പരിവർത്തനം പിന്നണി ഗാനരംഗത്തു വന്നു. കൂടുതൽ പേരും വ്യത്യസ്തമായ സംഗീതം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പരുക്കൻ അല്ലെങ്കിൽ അധികം കൾച്ചർ ചെയ്യപ്പെടാത്ത (raw) ശബ്ദങ്ങളൊക്കെയാണ് അവർ താൽപര്യപ്പെട്ടത്. ഞാൻ അടക്കം ശാസ്ത്രീയസംഗീതത്തിൽ പരിശീലനം നേടിയ പല ഗായകരും വളരെക്കാലത്തെ സാധകം കൊണ്ടും മറ്റും നമ്മുടെ ശബ്ദത്തെ കൾച്ചർ ചെയ്തെടുത്തതാണ്. അങ്ങനെയുള്ള ശബ്ദത്തിന് പ്രത്യേകതയുള്ളതായി ഒരുപക്ഷേ ഇന്നത്തെ സംഗീതസംവിധായകർക്കു തോന്നുന്നുണ്ടാവില്ല. എന്റെ ശബ്ദത്തിന് അനുയോജ്യമായ പാട്ടുകളും സംഭവിച്ചില്ല. എനിക്കു പറ്റുന്ന പാട്ടുകൾ വരുമ്പോൾ വരട്ടെ എന്ന് ഞാനും ചിന്തിച്ചു. അല്ലാതെ പാട്ടിനോട് എനിക്ക് യാതൊരു പിണക്കവുമില്ല. 

ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു

Santhosh-keshav-playback-singer-4

2014ൽ ‘കൂട്ടത്തിൽ ഒരാൾ’ എന്നൊരു ചിത്രത്തിനു വേണ്ടി ചില പാട്ടുകൾ ചെയ്തിരുന്നു. അതിൽ ‘താലോലം താരാട്ടാം’ എന്നൊരു പാട്ടുണ്ട്. ‘ഉണ്ണീ വാവാവോ’ എന്ന താരാട്ടിനു ശേഷം ദാസേട്ടൻ പാടിയ താരാട്ടു പാട്ടായിരുന്നു അത്. അദ്ദേഹത്തിനും വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. അതോടെ ഈ പാട്ട് മുങ്ങിപ്പോയി. സിനിമയിലെ പാട്ടിന് വ്യക്തിത്വം ഉണ്ടായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ എത്ര കഴിവുള്ള സംഗീതസംവിധായകൻ ആയാലും താരമൂല്യമുള്ള അഭിനേതാക്കളുടെ സിനിമകളുടെ ഭാഗമായാൽ മാത്രമേ പാട്ടുകൾ ശ്രദ്ധിക്കപ്പെടൂ. അല്ലെങ്കിൽ വിജയിക്കുന്ന സിനിമകളുടെ ഭാഗമാകണം.

പാട്ടു കൊണ്ടു മാത്രം ജീവിക്കാമോ?

സംഗീതം കരിയർ ആക്കാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോൾ. പാട്ടു കൊണ്ടു മാത്രം ജീവിക്കാൻ കഴിയില്ല. എണ്ണിയാൽ തീരാത്തത്ര പാട്ടുകാരും സംഗീതസംവിധായകരും ഇപ്പോൾ മലയാള സിനിമയിലുണ്ട്. ഞാൻ സിനിമയിൽ വന്ന കാലഘട്ടത്തിൽ പാട്ടുകളുടെ പകർപ്പാവകാശം 9 ലക്ഷം മുതൽ 11 ലക്ഷം വരെ രൂപയ്ക്കാണ് വിറ്റു പോയിരുന്നത്. ഓഡിയോ കാസറ്റുകളിൽനിന്ന് നല്ല വരുമാനം നിർമാതാവിനു ലഭിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല. പാട്ടുകൾ ഇഷ്ടം പോലെ ആളുകൾ ഫ്രീയായി ഡൗൺലോഡ് ചെയ്തെടുക്കും. എനിക്കു തോന്നുന്നത്, മലയാള സിനിമയിൽ ഇനി പാട്ടുകൾക്കു വലിയ പ്രാധാന്യം ഉണ്ടാകില്ലെന്നാണ്. പാട്ടുകൾ വരും, പശ്ചാത്തല സംഗീതം പോലെ ഒരു സീനിൽ ആവശ്യമായി വരുമ്പോൾ! മുഴുവൻ പാട്ടു പോലും ഇപ്പോൾ സിനിമയിൽ പലപ്പോഴും ഉപയോഗിക്കുന്നില്ല. മലയാള സിനിമയിൽ പാട്ട് ഒരു അവിഭാജ്യഘടകമല്ലാതാകുന്ന കാലഘട്ടത്തിലേക്കാണ് നമ്മൾ പോകുന്നത്. 

പാടുന്നവർക്ക് വലിയ പ്രാധാന്യമില്ല

ഇപ്പോൾ പുറത്തിറങ്ങുന്ന ഒരു പാട്ട് ആരു പാടിയതാണെന്നു ചോദിച്ചാൽ പലർക്കും അറിയുക പോലുമില്ല. പാടുന്നവർക്ക് പ്രസക്തി നഷ്ടപ്പെട്ടു. ഏതു ടോണിൽ പാടുന്ന പാട്ടുകാർ ആയാലും സംഗീതസംവിധായകൻ അവർക്കിഷ്ടമുള്ള ടോണിലേക്ക് ആ ശബ്ദം മാറ്റിയെടുക്കും. റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ച് പല പണികളും ചെയ്തു കഴിഞ്ഞുള്ള പാട്ടുകളാണ് നമ്മൾ കേൾക്കുന്നത്. എന്നാൽ സ്റ്റുഡിയോയിൽ ചെയ്യുന്ന ഇത്തരം ഇഫക്ടുകൾ വേദിയിൽ കൊണ്ടുവരാൻ കഴിയില്ല. സത്യത്തിൽ ഒരു ഗായകന് സിനിമയെക്കാൾ പ്രോത്സാഹനം കിട്ടുന്നത്, സിനിമയിലെ പാട്ടുകൾ വേദികളിൽ പാടുമ്പോഴാണ്. പക്ഷേ ഇപ്പോൾ ഗാനമേളയിൽ പാടാൻ കഴിയുന്ന പാട്ടുകൾ ഉണ്ടാകുന്നില്ല. 

സിനിമ വിട്ടൊരു ചിന്തയില്ല

പാട്ട്, എഴുത്ത്, സംവിധാനം, സംഗീത സംവിധാനം ഇതെല്ലാം എനിക്കു പണ്ടു മുതലെ ഇഷ്ടമായിരുന്നു, ആവേശമായിരുന്നു. പിന്നെ ജോഷി സാറിന്റെ കൂടെ സിനിമ ചെയ്യുക എന്നു പറയുന്നത് എനിക്ക് വലിയ ആഗ്രഹമുള്ള കാര്യമായിരുന്നു. യാദൃച്ഛികമായി എനിക്കതു സാറിനോട് പറയാൻ പറ്റി. അങ്ങനെയാണ് അദ്ദേഹം എന്നെ കൂടെ കൂട്ടുന്നത്.   പൊറിഞ്ചു മറിയം ജോസിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഞാൻ ജോലി ചെയ്തു. വലിയ അനുഭവമായിരുന്നു അത്. ഞാൻ സജീവമായി ഇപ്പോഴും പാടുന്നുണ്ട്. കന്നഡയിൽ ചില ആൽബങ്ങൾക്കു വേണ്ടി പാടുന്നു. പരസ്യങ്ങൾക്കു വേണ്ടി ജിംഗിൾസ് ചെയ്യുന്നു. ശബ്ദവും എഴുത്തും തന്നെയാണ് എന്നെ ഇപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നത്. സിനിമ വിട്ടൊരു ചിന്തയില്ല. സംവിധായകനാവുക എന്നതു തന്നെയാണ്  എപ്പോഴത്തെയും ആഗ്രഹം. പ്രതിഭ തെളിയിക്കാൻ കഴിയുന്ന സിനിമകൾ ചെയ്യാനാണ് താൽപര്യം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന  സിനിമകൾ! അതാണ് ആഗ്രഹവും, സ്വപ്നവും!

അഭിനിവേശം സിനിമയോട്

santhosh-keshav-playback-singer-2

പാട്ടു പാടുന്ന സമയത്ത് നല്ല തണുപ്പുള്ള റെക്കോർഡിങ് സ്റ്റുഡിയോയിലാണ് ഞാൻ നിൽക്കുന്നത്. ആ റെക്കോർഡിങ് സ്റ്റുഡിയോയുടെ തണുപ്പിൽ നിന്ന് ചൂടും പൊടിയുമുള്ള ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഇറങ്ങാൻ എനിക്ക് ഊർജ്ജം നൽകുന്നത് സിനിമയോടുള്ള തീവ്രമായ അഭിനിവേശമാണ്. പൊറിഞ്ചു മറിയം ജോസ് ചെയ്യുന്ന സമയത്ത് എന്നെ വെയിലത്ത് ഇങ്ങനെ നടത്താൻ ജോഷി സാറിന് ഭയങ്കര വിഷമമായിരുന്നു. എന്നിലെ ഗായകനെ അദ്ദേഹത്തിന് വളരെയധികം ഇഷ്ടമാണ്. ശബ്ദമൊന്നും നോക്കാതെ വെയിലത്ത് നിന്നു പണിയെടുക്കുമ്പോൾ അദ്ദേഹം വിളിച്ച് ഗുണദോഷിക്കും. എന്റെ പാട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് സർ അങ്ങനെ പറയുന്നത്. പക്ഷെ, എനിക്കറിയാം എന്റെ പാഷൻ സിനിമയാണ് എന്ന്! സ്വപ്നങ്ങൾക്കു പുറകെയുള്ള യാത്ര ഒരു പക്ഷെ, കല്ലിലും മുള്ളിലും ചേറിലും ചെളിയിലുമൊക്കെ കൂടി ആയിരിക്കും. എങ്കിലും, അത് എനിക്കിഷ്ടമാണ്. 

കുടുംബം

കുടുംബത്തിനൊപ്പം പാലക്കാടാണ് താമസിക്കുന്നത്. ഭാര്യ ബിന്ദു. രണ്ടു മക്കളുണ്ട്. മീനാക്ഷിയും ശ്രാവണും. മീനാക്ഷി ഡിഗ്രി അവസാന വർഷം. ശ്രാവൺ ഒമ്പതിൽ പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com