‘അവസരം ലഭിച്ചത് ആ അമ്മ വഴി’; ‘നീ ഹിമ മഴയായ് വരൂ...’ ഗാനത്തെക്കുറിച്ച് ഗായിക നിത്യ മാമ്മൻ

Imran Khan
SHARE

നവാഗതനായ സ്വപ്നേഷ് കെ.നായർ സംവിധാനം ചെയ്ത ‘എടക്കാട് ബെറ്റാലിയൻ 06’ ലെ ‘നീ ഹിമമഴയായ് വരൂ...ഹൃദയം അണിവിരലാൽ തൊടൂ...’ എന്ന ഗാനം ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഗാനം റിലീസ് ചെയ്ത അന്ന് മുതൽ പലരും ഗായികയെ അന്വേഷിക്കുകയായിരുന്നു. ഈ ഹൃദ്യമായ ഗാനം നാം കേട്ടത് നിത്യ മാമ്മൻ എന്ന പുതിയ ഗായികയിലൂടെയാണ്. സംഗീതസംവിധായകൻ കൈലാസ് മേനോനാണ് നിത്യയെ മലയാളികൾക്കു പരിചയപ്പെടുത്തിയത്. പുതിയ ഗാനം പോലെ പുതിയ ഗായികയെയും ഇരുകൈയും നീട്ടി സ്വീകരിച്ചു സംഗീത പ്രേമികൾ. അവിചാരിതമായി കിട്ടിയ അവസരത്തെക്കുറിച്ച് നിത്യ മാമ്മൻ മനോരമ ഓണ്‍ലൈനിനോട് മനസ്സു തുറക്കുന്നു.

അവസരം ലഭിച്ചത് യാദൃച്ഛികമായി

പിന്നണിഗായികയാകണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. കവർഗാനങ്ങളും ട്രാക്കുകളുമൊക്കെ പാടിയിട്ടുണ്ടെങ്കിലും സിനിമയിൽ പാടുന്നത് ആദ്യമാണ്. ഗോപി സുന്ദർ സാറിനും റോണി റാഫേല്‍ സാറിനും വേണ്ടി ട്രാക്കുകൾ പാടിയിട്ടുണ്ട്. അത് വളരെ വലിയ അവസരങ്ങളായിരുന്നു. അവരോടു നന്ദി പറയുകയാണിപ്പോൾ. എടക്കാട് ബെറ്റാലിയനിൽ പാടാനുള്ള അവസരം ലഭിച്ചത് വളരെ യാദൃച്ഛികമായിട്ടാണ്. ഞാൻ വിവിധ പരിപാടികളിൽ  പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെ എന്റെ ഒരു ലൈവ് പെർഫോമൻസ് കൈലാസ് സറിന്റെ അമ്മ കാണാനിടയായി. അമ്മ പറഞ്ഞ് സാറും കണ്ടു. അങ്ങനെ ട്രാക്ക് പാടാൻ വേണ്ടി അദ്ദേഹം എന്നെ ക്ഷണിക്കുകയായിരുന്നു. 

കൈലാസ് മേനോൻ നൽകിയ പിൻബലം   

ആദ്യം എനിക്കു പേടി തോന്നിയിരുന്നു. എന്നാൽ കൈലാസ് സാറിന്റെ പ്രോത്സാഹനത്തിലൂടെയാണ് പാടാനുള്ള ധൈര്യം കിട്ടിയത്. ആ പാട്ട്  ശ്രേയാ ഘോഷാലിനെക്കൊണ്ടു പാടിക്കാനാണ് അവർ തീരുമാനിച്ചത്. എന്നാൽ എന്റെ പാട്ട് കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് എനിക്ക് അവസരം ലഭിച്ചത്. അപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. നിർദ്ദേശങ്ങൾ നൽകി കൈലാസ് സാർ കൂടെത്തന്നെ ഉണ്ടായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ അമ്മയോടുമാണ്.

സംഗീതമത്സരങ്ങൾ

കുട്ടിക്കാലം മുതൽ പള്ളി ക്വയറുകളിൽ സജീവമായിരുന്നു. റിയാലിറ്റി ഷോകളിൽ ഇതുവരെ പങ്കെടുത്തില്ല. അതിനു വേണ്ടി ശ്രമിച്ചില്ല എന്നു പറയാം. ഞാൻ ബെംഗളൂരുവിലായിരുന്നു പഠിച്ചത്. അവിടെ ‘വോയ്സ് ഓഫ് ബാംഗ്ലൂർ’ എന്ന പേരിൽ ഒരു സംഗീത മത്സരം സംഘടിപ്പിക്കപ്പെട്ടിരുന്നു. കന്നട ഗാനങ്ങളായിരുന്നു പാടേണ്ടത്. പത്ത് റൗണ്ടായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. അതിൽ സെമിഫെനൽവരെ ഞാൻ എത്തിയിരുന്നു.

ആദ്യ പാട്ടിനു ലഭിച്ച അംഗീകാരം

എന്റെ കുടുംബത്തിൽ എല്ലാവർക്കും സംഗീതം ഇഷ്ടമാണ്. എങ്കിലും ആ മേഖലയിൽ പ്രവർത്തിക്കുന്ന ആരുമില്ല. ഈ ഗാനം പാടാൻ അവസരം ലഭിച്ചപ്പോൾ എന്നെപ്പോലെ അവരും ഒരുപാടു സന്തോഷിച്ചു. പാട്ട് റിലീസ് ചെയ്ത ശേഷം അഭിനന്ദനങ്ങളുമായി ഒരുപാടു പേർ വിളിക്കുന്നുണ്ട്. അതൊക്കെ വളരെ വലിയ പ്രോത്സാഹനമാണ്. ഗുരുക്കന്മാരും പഴയ സഹപാഠികളുമൊക്കെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഞാൻ മുൻപു ചെയ്ത കവർ ഗാനങ്ങളും എന്റെ പരിപാടികളുടെ വിഡിയോകളുമെല്ലാം പലരും ഇപ്പോൾ കാണുന്നുണ്ട് എന്നറിഞ്ഞു. അതിനെക്കുറിച്ചുള്ള കമന്റുകൾ കാണുമ്പോൾ വലിയ സന്തോഷമാണ്.

ഭാവി സംഗീത പരിപാടികൾ

എടക്കാട് ബെറ്റാലിയന് ശേഷം വേറെ അവസരങ്ങൾ ലഭിച്ചു. ‘സിക്സ് അവേഴ്സ്’ എന്ന ചിത്രത്തിൽ ഒരു ഗാനം ഞാൻ പാടിയിട്ടുണ്ട്. അതും കൈലാസ് സാർ നൽകിയ അവസരമാണ്. അത് പുറത്തിറങ്ങുന്നതേയുള്ളു. മറ്റു ചില സിനിമകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ട്. അർജിത് സിങിന്റെ കൂടെ പാടണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. ആദ്യ ഗാനം ഇത്ര ഹിറ്റായി എന്നറിയുമ്പോൾ ഒരുപാട് സന്തോഷം. കൈലാസ് സാറിനും ആ ടീമിനുമാണ് ഞാൻ ഏറ്റവുമധികം നന്ദി പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA