‘ഹിമമഴയോ ജീവാംശമോ ?’ കൈലാസ് മേനോന് ഇഷ്ടം ഏതിനോട്: അദ്ദേഹം പറയുന്നു

kailas-menon-tovino-samyuktha-img
SHARE

ശ്രോതാക്കളുടെ എണ്ണത്തിൽ റെക്കോർഡിട്ട ഗാനമാണ് തീവണ്ടിയിലെ ‘ജീവാംശമായി’ എന്ന സൂപ്പർഹിറ്റ് ഗാനം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇൗ പാട്ടിന്റെ  അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ തന്നെയാണ് എടക്കാട് ബെറ്റാലിയൻ 06 എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ..’  ഗാനവും മലയാളികൾക്ക് സമ്മാനിച്ചത്. ജീവാംശമായി പോലെ തന്നെ ജനപ്രിയമായി മാറിയിരിക്കുകയാണ് ഇൗ ഗാനവും. ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നത് കൈലാസ് മേനോൻ ആണ്. ഹരിശങ്കറും യുവഗായിക നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചത്. ആരാധകരെ ആഴത്തിൽ സ്പർശിച്ച ഈ ഗാനത്തെക്കുറിച്ച് സംഗീതസംവിധായകൻ കൈലാസ് മേനോൻ മനോരമ ഓൺലൈനിനോട് മനസ് തുറക്കുന്നു. 

മുൻധാരണകൾ തെറ്റിയില്ല

വളരെ വൈകിയാണ് ഞാൻ എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു. ചിത്രത്തിൽ മൂന്ന് ഗാനങ്ങളുണ്ടെന്നും അതിൽ ഒന്ന് പ്രണയഗാനമാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ചിത്രത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നതായിരിക്കണം ആ ഗാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങെനയാണ് ഈ പാട്ട് ചെയ്തത്. സാധാരണ പാട്ടുകൾ ചെയ്യുമ്പോൾ അത് ആളുകൾക്ക് ഇഷ്ടപ്പെടുമോ അവർ അത് ഏത് രീതിയിൽ സ്വീകരിക്കും എന്നതിനെക്കുറിച്ചൊക്കെ ചില ആശങ്കകൾ തോന്നാറുണ്ട്. എന്നാൽ ഈ പാട്ട് ചിട്ടപ്പെടുത്തുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും അവർ അത് സ്വീകരിക്കും എന്നൊരു ആത്മവിശ്വാസം തോന്നിയിരുന്നു. മനസിൽ വിചാരിച്ചതു പോലെ തന്നെ സംഭവിച്ചു. പാട്ടിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. 

നിത്യ എന്ന ഗായിക

തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനം വളരെ ഹിറ്റായിരുന്നല്ലോ, അപ്പോള്‍ ആ ടീമിനെ കൊണ്ട് തന്നെ ഈ ഗാനം ചെയ്യിപ്പിക്കാം എന്നാണ് ഞാൻ മനസിൽ വിചാരിച്ചത്. അങ്ങനെ ഹരിനാരായണൻ വരികളെഴുതി, ഹരിശങ്കറിനെയും ശ്രേയാഘോഷാലിനെയും കൊണ്ട് പാടിപ്പിക്കാം എന്നാണ് തീരുമാനിച്ചത്. പിന്നീടാണ് ആ തീരുമാനം മാറ്റി നിത്യയെക്കൊണ്ട് പാടിപ്പിച്ചത്. നിത്യ എന്ന ഗായികയെ വളരെ യാദൃച്ഛികമായിട്ടാണ് ഈ ഗാനത്തിലേക്ക് കൊണ്ടു വന്നത്. ഇൻസ്റ്റഗ്രാമിൽ നിത്യയുടെ ഒരു ഗാനത്തിന്റെ വിഡിയോ കണ്ടു. അങ്ങനെ ട്രാക്ക് പാടാൻ വേണ്ടി ഞാൻ ആ കുട്ടിയെ ക്ഷണിച്ചു. എന്നാൽ നിത്യ ആദ്യം പാടിയപ്പോൾ തന്നെ എനിക്കൊരുപാടിഷ്ടമായി. അങ്ങനെയാണ് എന്തുകൊണ്ട് ആ കുട്ടിയെ കൊണ്ട് പാടിപ്പിച്ചുകൂടാ എന്ന് ഞാൻ ചിന്തിച്ചത് പിന്നെ പുതിയൊരു ഗായിക വരുന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്. 

ചിത്രീകരണത്തിലും പങ്കെടുത്തു

ഇൗ ഗാനം ലഡാക്കിൽ വച്ചാണ് ചിത്രീകരിച്ചത്. സാധാരണയായി സംഗീതസംവിധായകർ ഗാനത്തിന്റെ ചിത്രീകരണവേളയിൽ പോകാറില്ല. പക്ഷേ ഞാൻ ലഡാക്കിലേക്ക് പോയി. ആ പാട്ടിൽ എനിക്ക് വളരെ പ്രതീക്ഷയുള്ളത് കൊണ്ടാണ് ഞാനും ലൊക്കേഷനിലേക്ക് പോയത്. പിന്നെ ടൊവീനോയും സംയുക്തയും ഒക്കെ എന്റെ അടുത്ത സുഹൃത്തുക്കൾ ആണ്. ഞാൻ അവിടെയുണ്ടെങ്കിൽ പാട്ടിനെ കൂടുതൽ മനസിലാക്കാൻ അവർക്ക് സാധിക്കുമെന്ന് തോന്നി.  സാധാരണ ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോഴാണ് ആ ഗാനം കാണാറുള്ളത്. എന്നാൽ ഞാൻ ലൊക്കേഷനിലേക്ക് പോയത് കൊണ്ട് ഞങ്ങൾക്ക് അഭിപ്രായങ്ങൾ പരസ്പരം പങ്കുവയ്ക്കാനും സാധിച്ചു. 

മഞ്ഞുമല തേടിപ്പോയതല്ല

ചിത്രത്തിലെ ഒരു പ്രധാന രംഗത്തിലാണ് ഈ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ലഡാക്കിൽ സേവനം ചെയ്യുന്ന പട്ടാളക്കാരനായിട്ടാണ് ടൊവിനോ വേഷമിടുന്നത്. അതുകൊണ്ടാണ് ഗാനത്തിന്റെ ചിത്രീകരണം അവിടെ വച്ച് നടത്തിയത്. അല്ലാതെ പാട്ട് ചിത്രീകരിക്കാൻ വേണ്ടി മാത്രമായിട്ടല്ല ലഡാക്കിലേക്ക് പോയത്. ആ ചിത്രവുമായി യോജിച്ചു പോകുന്ന ഒരു സാഹചര്യത്തിനനുസരിച്ച് ഗാനം അവിടെ ചിത്രീകരിച്ചു എന്നുമാത്രം. 

‘സ്റ്റാറിങ് പൗർണമി’യുമായി പാട്ടിന് ബന്ധമുണ്ടോ?

2013–ൽ ഷൂട്ട് ചെയ്ത ചിത്രമാണ് സ്റ്റാറിങ് പൗർണമി. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല. അന്ന് അതിലെ പാട്ട് ചിത്രീകരിച്ചത് മണാലിയിൽ വച്ചായിരുന്നു. അതു കൊണ്ട് ആ ഗാനത്തിന്റെ ദൃശ്യങ്ങളുമായി ഈ എടക്കാട് ബെറ്റാലിയനിലെ ഗാനത്തിന് സാമ്യങ്ങളുണ്ട്. ഈ പാട്ടിറങ്ങിയപ്പോൾ എന്നോട് പലരും ചോദിച്ചു അന്ന് ചിത്രീകരിച്ചതാണോ എന്ന്. യഥാർഥത്തിൽ ഇവ രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല. പിന്നെ ഇവ രണ്ടിന്റെയു ഛായാഗ്രാഹകൻ സിനു സിദ്ധാർഥ് എന്നയാളാണ്. ലൊക്കേഷൻ ഏകദേശം ഒരുപോലെയാണല്ലോ. മാത്രവുമല്ല, രണ്ടും പ്രണയ ഗാനങ്ങളായത് കൊണ്ട് ചില സാമ്യങ്ങള്‍ പ്രേക്ഷകർക്ക് തോന്നിയേക്കാം.  

ജീവാംശമായ് V/S നീ ഹിമ മഴയായ് വരൂ

ജീവാംശമായ് എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ പലരും പറഞ്ഞു ഇത് നിങ്ങളുടെ ഏറ്റവും നല്ല പാട്ടായിരിക്കുമെന്ന്. പക്ഷേ അങ്ങനെ പറയുന്നത് വളരെ വലിയ പോരായ്മയായിട്ടാണ് ‍ഞാൻ കാണുന്നത്. അതു പോലെ അല്ലെങ്കിൽ അതിലും മികച്ച രീതിയിൽ ഗാനങ്ങൾ ചെയ്യണമെന്ന് അന്ന് തീരുമാനിച്ചു. ജീവാംശമായ് എന്ന പാട്ടുമായി താരതമ്യം ചെയ്താൽ എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടത് നീ ഹിമ മഴയായ് വരൂ എന്ന ഗാനമാണ്. എല്ലാവർക്കും ഈ അഭിപ്രായമായിരിക്കണമെന്നില്ല. കുറച്ചുകൂടി റൊമാൻസ് ഈ പാട്ടിലാണ് ഉള്ളതെന്നാണ് എനിക്ക് തോന്നി. പാട്ട് ഇറങ്ങിയ ശേഷം ഒരുപാട് പേർ വിളിക്കുകയും മെസേജ് അയയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചിലർ പറയും ഈ പാട്ടാണ് നല്ലതെന്ന് മറ്റു ചിലർ പറയും ജീവാംശമായ് ആണ് നല്ലതെന്ന്. അങ്ങനെ പ്രേക്ഷകർക്ക് പല അഭിപ്രായങ്ങളാണുള്ളത്. ഈ രണ്ട് പാട്ടിനുമിടയിൽ ഞാൻ വേറെയും പാട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർ എപ്പോഴും താരതമ്യം ചെയ്യുന്നത് ഇവ രണ്ടും തമ്മിലാണ്. 

പാട്ടുകൾ‌ തിരുത്തലുകൾ 

പാട്ടുകൾക്ക് എപ്പോഴും തിരുത്തലുകൾ ആവശ്യമായിവരും. അത് ചിലപ്പോൾ വരികളിലായിരിക്കാം ആലാപനശൈലിയിലായിരിക്കാം അങ്ങനെ പലതരത്തിലുള്ള തിരുത്തലുകൾ നടത്താറുണ്ട്. ഈ പാട്ട് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമൊക്കെയായിരുന്നു. മറ്റ് ചില പാട്ടുകളിലും ഇതുപോലെ പ്രതീക്ഷയുണ്ടെങ്കിലും അത് ചിലപ്പോൾ അത്ര ഹിറ്റാകാറില്ല. ഒരു പാട്ടിന്റെ വിജയത്തിന് പിന്നിൽ ഒരുപാട് ഘടകങ്ങളുണ്ട്. പാട്ട്, വിഡിയോ, അഭിനേതാക്കൾ, ചിത്രീകരണം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒത്തു വന്നെങ്കിൽ മാത്രമേ ആ പാട്ട് വിജയിക്കുകയുള്ളു. 

പ്രതികരണങ്ങൾ

ഗാനത്തിന്റെ ടീസർ ഒരു പരീക്ഷണാർഥം പുറത്തിറക്കിയതാണ്. അതിനു മികച്ച പ്രതികരണം ലഭിച്ചപ്പോൾ തന്നെ വളരെ പ്രതീക്ഷയുണ്ടായിരുന്നു. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ എന്റെ ചില സുഹൃത്തുക്കളെ ഞാൻ ഈ പാട്ട് കേൾപ്പിച്ചിരുന്നു. അത് കേട്ടിട്ട് അവരിൽ ചിലർ വല്ലാതെ അഡിക്റ്റ് ആയി എന്ന് പറയാം. അവർ രാത്രിയിലൊക്കെ എന്നെ വിളിച്ചിട്ട് ചോദിച്ചിരുന്നു വീട്ടിലേക്ക് വന്നോട്ടെ പാട്ട് കേൾപ്പിച്ചു തരാമോ എന്ന്. അവരുടെ പ്രതികരണവും അഭിപ്രായങ്ങളും ഒക്കെ കേട്ടപ്പോൾ എനിക്കുറപ്പായിരുന്നു ഈ ഗാനം ഹിറ്റാകും എന്ന്. കാരണം അവർ പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കുന്നവരാണ്. എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി അവർ ഒരിക്കലും അഭിപ്രായങ്ങൾ മറച്ചുവയ്ക്കുന്നവരല്ല. അങ്ങനെയുള്ള സുഹൃത്തുക്കളുടെ അഭിപ്രായം കേട്ടതോടെ ഞാൻ ഉറപ്പിച്ചു ഈ ഗാനം ഹിറ്റാകും എന്ന്. എന്താണെങ്കിലും അങ്ങനെ തന്നെ നടന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA