ADVERTISEMENT

പേരിൽ തന്നെ സംഗീതമുളള പാട്ടുകാരി, ശ്രുതി ശശിധരൻ! സംഗീതത്തെ ജീവിതത്തോടു ചേർത്തുപിടിച്ച കലാകാരിയാണ് ശ്രുതി. മറഡോണയിലെ ‘കാതലേ...’ എന്ന് തുടങ്ങുന്ന പ്രണയാർദ്രമായ ഗാനത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായിക. ക്വീൻ എന്ന ചിത്രത്തിലെ ‘മായില്ല ഞാൻ...’,  ആകാശ മിഠായിയിലെ ‘കിയ കിയ....’ തുടങ്ങിയ നിരവധി മലയാള ഗാനങ്ങള്‍ ശ്രുതിയുടെ ശബ്ദത്തിലൂടെ നാം കേട്ടു. മോഹൻലാൽ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കല്യാണം, അലമാര, മാസ്റ്റർപീസ് എന്നീ ചിത്രങ്ങങ്ങളുടെ പിന്നണിയിലും ഈ ഗായിക ഉണ്ടായിരുന്നു. തമിഴ്, കന്നട, മറാത്തി, തെലുങ്ക് തുടങ്ങിയ അന്യഭാഷകളിസും പാടിയിട്ടുണ്ട് ശ്രുതി. ഇപ്പോൾ ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയ കാലാകാരി കമാൻഡോ 3 എന്ന ചിത്രത്തിലെ ‘അക്കിയ മിലാവാഗാ....’ എന്ന ഗാനത്തിലൂടെയാണ് ശ്രുതി ബോളിവുഡിലെത്തിയത്. സംഗീത ലോകത്തെ വിശേഷങ്ങളുമായി ശ്രുതി മനോരമ ഓൺലൈനിനോപ്പം.

ബോളിവുഡിലേക്കുളള അരങ്ങേറ്റം

കമാൻഡോ ത്രീയുടെ സംഗീത സംവിധായകൻ മന്നൻ ഷായെ എനിക്ക് നേരത്തെ പരിചയമുണ്ട്്. അദ്ദേഹം എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് ബോളിവുഡിലേക്ക് ക്ഷണിച്ചത്. ചിത്രത്തിലെ ഗാനത്തിന്റെ ട്രാക്ക് പാടി അയക്കാമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെ ഞാൻ പാടി അയച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. കൊച്ചിയിൽ വച്ചാണ് റെക്കോർഡ് ചെയ്തത്. അതിൽ തിരുത്തലുകൾ വേണ്ടി വന്നില്ല. അതുകൊണ്ട് ഗാനം റെക്കോർഡ് ചെയ്യാൻ എനിക്ക് പുറത്തു പോകേണ്ടി വന്നില്ല. ബോളിവുഡിലേക്കുളള വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു കാര്യത്തിലും ഒന്നും പ്രതീക്ഷിക്കാറില്ല. എന്ത് വന്നാലും അത് അപ്പോൾ നോക്കാം എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്.

അർജിത് സിങ്ങിനൊപ്പം 

ഞാൻ കൊച്ചിയിൽ നിന്ന് പാട്ട് പാടി റെക്കോർഡ് ചെയ്തു. അർജിത് സിങ് അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ നിന്നും. അതിനാൽ എനിക്ക് അദ്ദേഹത്തെ നേരിൽ കാണാനായില്ല. എങ്കിലും ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. പാട്ട് കേട്ടിട്ട് ശബ്ദം വളരെ നല്ലതാണെന്ന് അർജിത് അഭിപ്രായപ്പെട്ടു. നേരിൽ കണ്ടില്ലെങ്കിലും അദ്ദേഹത്തിനൊപ്പം പാടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

പാട്ട് പുറത്തിറങ്ങിയപ്പോൾ

പല ഭാഷകളിലും ഞാൻ പാടിയിട്ടുണ്ട്. എന്നാൽ ബോളിവുഡിൽ പാടിയത് വ്യത്യസ്ത അനുഭവമായിരുന്നു. ബോളിവുഡിലെ ഗാനം കേട്ടതിന് ശേഷം വളരെ നല്ല പ്രതികരണമാണ് ആസ്വാദകരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള ആളുകൾ എന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നെ അറിയാത്ത പലരും വിളിച്ച് അഭിനന്ദനം അറിയിച്ചു. അത് എത്ര ചെറിയവരാണെങ്കിലും, വലിയവരാണെങ്കിലും വലിയ നേട്ടമായി ഞാൻ കണക്കാക്കുന്നു. ബോളിവുഡിൽ പാടിയതോടെ എന്റെ പാട്ട് ഒരുപാട് പേരിലേക്ക് എത്തുന്നുണ്ട്. അതിൽ എനിക്ക് ഏറെ സന്തോഷവും തോന്നുന്നു.

പുതിയ പദ്ധതികൾ

ഇപ്പോൾ എനിക്ക് ഒരുപാട് പ്രൊജക്ടുകൾ ഉണ്ട്. ഈ മാസം രണ്ടു തെലുങ്കു ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിൽ രണ്ടു മൂന്ന് സിനിമകൾ വരാനിരിക്കുന്നു. ആ ഗാനങ്ങൾ സിനിമയുടെ അണിയറക്കാർ തന്നെ പുറത്തു വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സംഗീതത്തിലേക്കുളള വരവ്

അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് എന്റെ കുടുംബം. മഞ്ചേരിയാണ് സ്വദേശം. പക്ഷേ കൊച്ചിയിലാണ് താമസം. കുടുംബത്തിൽ ആരും തന്നെ സംഗീത വഴി തിരഞ്ഞെടുത്തവരല്ല. അച്ഛൻ പാടുമായിരുന്നു. എങ്കിലും കുടുംബത്തിൽ നിന്ന് ചലച്ചിത്ര സംഗീതത്തിലേക്ക് ആദ്യം വന്നത് ഞാനാണ്. മൂന്നാം വയസു മുതൽ പാട്ട് പഠിക്കാൻ തുടങ്ങി. ഇപ്പോഴും ആ പഠനം തുടരുന്നുണ്ട്. ഞാൻ ഒരു  എഞ്ചിനിയർ ആണ്. കുറച്ചു കാലം ജോലി ചെയ്ത ശേഷം അതുപേക്ഷിച്ച് പൂർണമായും സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ചു. പാട്ടു കൊണ്ട് ജീവിക്കുക എന്നത് ഏതാരു പാട്ടുകാരിയുടെയും ആഗ്രഹമാണ്. അതു തന്നെയാണ് ഞാനും ആഗ്രഹിച്ചത്. എന്റെ വോക്കൽ ഡെമോ കേട്ട് ഇഷ്ടപ്പെട്ടിടാണ് സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ സുമേഷ് പരമേശ്വരൻ മറഡോണയിൽ അവസരം നൽകിയത്. കുടംബത്തിന്റെ പൂർണ പിന്തുണ എനിക്കുണ്ട്. 

അന്യഭാഷ ഗാനങ്ങൾ

അന്യഭാഷ ഗാനങ്ങൾ തുടക്കത്തിൽ വളരെ ബുദ്ധിമുട്ടായിരുന്നു. കന്നഡയിലെ ഫയൽവാനിൽ പാടിയുട്ടുണ്ട്. ഇതു കൂടാതെ നിരവധി കന്നട പാട്ടുകൾ പാടിയിട്ടുണ്ട്. ആദ്യമൊക്കെ ഭാഷ പ്രശ്‌നമായിരുന്നു. പിന്നെ കന്നട മനസ്സിലാക്കാനും പഠിക്കാനും സമയം കണ്ടെത്തി. ഏത് ഭാഷയായാലും അതിനെ മനസ്സിലാക്കാൻ ശ്രമിച്ചു. ഇപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നും തോന്നാറില്ല.

കവർ ഗാനങ്ങൾ

വളരെ കുറച്ച് കവർ ഗാനങ്ങളേ ചെയ്തിട്ടുള്ളു. ചില ഗാനങ്ങൾ കേൾക്കുമ്പോൾ എനിക്ക് കവർ ചെയ്യണമെന്ന് തോന്നും. അങ്ങനെ ചിലതൊക്കെ ചെയ്തു. എല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്ക് വയ്ക്കും. ഇപ്പോൾ ചലച്ചിത്ര ഗാനങ്ങളുടെ തിരക്കിലാണ്. എങ്കിലും ഇനി കുറച്ചു കവർ ഗാനങ്ങൾ ചെയ്യണമെന്നുണ്ട്. ഒരുപാട് നല്ല പാട്ടുകൾ പാടാൻ സാധിക്കണം. ആളുകൾക്കിഷ്ടമാകുന്ന പാട്ടുകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. 

പേരിൽ തന്നെ സംഗീതം

ശ്രുതി എന്ന പേര് അച്ഛമ്മയാണ് തെരഞ്ഞെടുത്തത്. ആദ്യം എനിക്ക്  ഈ പേര് വലിയ ഇഷ്ടമല്ലായിരുന്നു. കാരണം ശ്രുതി എന്ന പേരിൽ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ പ്രശ്‌നമില്ല. ശ്രുതി ശശിധരൻ ഒരാളല്ലേ ഉളളു.

ആസ്വാദകരോട്

ഇനിയും എന്റെ ഒരു പാട് പാട്ടുകൾ വരും. ഈ പാട്ടുകൾ  കേൾക്കുക, എന്നെ പിന്തുണയ്ക്കുക. നിങ്ങളുടെ പ്രാർത്ഥനകൾ എന്നോടൊപ്പം ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com