‘ഞാൻ ഗായകനാണെന്ന് അവർ അറിഞ്ഞത് പാട്ട് പുറത്തിറങ്ങിയപ്പോൾ’

rithu-vysakh
SHARE

ഋതു വൈശാഖ്! ഈ പേര് അധികമാർക്കും പരിചയമുണ്ടാകില്ല. അടുത്ത കാലത്ത് മലയാള ചലച്ചിത്ര മേഖലയിലേക്ക് ചുവടു വച്ച യുവ ഗായകനാണ് ഋതു. ഗായകൻ എന്നതിലുപരി വയലിനിസ്റ്റ് എന്നു പറയുന്നതായിരിക്കും ശരി. കാരണം ഋതു ഇതുവരെ അറിയപ്പെട്ടിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നതും വയലിൻ വാദകൻ എന്ന പേരിലാണ്. എന്നാൽ ഇപ്പോൾ വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിലെ  ‘മതിവരാതെ....’  എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് പിന്നണി ഗാനരംഗത്തേക്കു ചുവടു വച്ചിരിക്കുകയാണ് ഋതു. ബിലു പദ്മിനി എഴുതിയ പ്രണയാർദരമായ വരികളിൽ ഈ യുവഗായകന്റെ ശബ്ദം കൂടി ചേർന്നപ്പോൾ മലയാളികൾക്ക് എന്നും ഓർത്തിരിക്കാനുള്ള പ്രണയഗാനമായി അത് മാറി. ഋതുവിന്റെ ബാല്യകാല സുഹൃത്ത് വർക്കിയാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. വർഷങ്ങൾ നീണ്ട ആഗ്രഹങ്ങൾക്കും പരിശ്രമത്തിനും ഒടുവിലാണ് ഈ സുഹൃത്തുക്കളുടെ സംഗീത മോഹം പൂവണിഞ്ഞത്. സംഗീത ജീവിതത്തിലെ വിശേഷങ്ങൾ ഋതു വൈശാഖ് മനോരമ ഓൺലൈനിനോട് പങ്കു വയ്ക്കുന്നു.  

ആദ്യ പിന്നണിയെക്കുറിച്ച്

വർക്കിയും ഞാനും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. ഒരുമിച്ചൊരു പാട്ട് ചെയ്യണമെന്ന് കുറേക്കാലമായി വിചാരിക്കുന്നു. പത്തു വർഷത്തോളമായി ഞങ്ങൾ അതിനു വേണ്ടിയുള്ള  പരിശ്രമത്തിലായിരുന്നു. ഇപ്പോഴാണ് അവസരം കിട്ടിയത്. ആദ്യസംരംഭമായതു കൊണ്ട് ഒരു പേടിയുണ്ടായിരുന്നു. ആദ്യം ഈ പാട്ട് ഇങ്ങനെയല്ലായിരുന്നു. ഒരുപാട് മാറ്റങ്ങൾ വരുത്തിയ ശേഷമാണ് പാട്ട് പുറത്തിറക്കിയത്. ഈ പാട്ടിന്റെ ആദ്യം മുതൽ അവസാനം വരെ എല്ലാ ഘട്ടത്തിലും ഞാൻ ഉണ്ടായിരുന്നു. പാട്ടിനെക്കുറിച്ച് ഞാനും വർക്കിയും പരസ്പരം അഭിപ്രായങ്ങൾ പങ്കു വച്ചിരുന്നു. മുൻപ് കവർ ഗാനങ്ങളും ആൽബങ്ങളും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും പിന്നണി ഗാനരംഗത്തേക്ക് എത്തുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. 

പാട്ട് വന്നപ്പോൾ

കാത്തിരുന്ന് ചെയ്ത ഗാനമായതു കൊണ്ട് അതു പുറത്തിറങ്ങിയപ്പോൾ ഒരുപാടു സന്തോഷം തോന്നി. ആദ്യം പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയതോതിൽ പ്രതികരണങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ഒരുപാടു പേർ പാട്ടു കാണുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നു. പലരും മെസേജുകളിലൂടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം. സംഗീതസംവിധായകൻ ജയ്ഹരി ചേട്ടൻ വിളിച്ച് അഭിനന്ദനമറിയിച്ചു. അത് വളരെ വലിയ നേട്ടമായി ഞാൻ കാണുന്നു. സയനോരയുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. സയയുടെ ഡിൻചിക്ക് നേഷൻ എന്ന സംഗീതബാൻഡിൽ ഞാനും അംഗമാണ്. ഈ പാട്ടിൽ സയ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ രാജലക്ഷ്മിയും പാട്ടിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. ആൻ ആമിയുടെ ഒപ്പമാണ് ഞാന്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അത് വളരെ വലിയ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. പാട്ട് പുറത്തിറങ്ങിയപ്പോൾ എന്നെ ആദ്യം വിളിച്ച് അഭിനന്ദനമറിയിച്ചതും ആൻ ആണ്. ഞങ്ങള്‍ രണ്ടു പേരും വ്യത്യസ്ത സ്ഥലങ്ങളിൽ വച്ചായിരുന്നു പാട്ട് റെക്കോർഡ് ചെയ്തത്.

വർക്കിയുമായി വർഷങ്ങൾ നീണ്ട സൗഹൃദം

ഞാനും വർക്കിയും കുട്ടിക്കാലം മുതൽ ഒരുമിച്ചായിരുന്നു. അവന്റെ വീട്ടിൽ ചെറിയ സ്റ്റുഡിയോ ഉണ്ടായിരുന്നു. അപ്പോൾ അന്നു മുതൽ സംഗീതവുമായി ബന്ധപ്പെട്ട് ഓരോ കാര്യങ്ങൾ ഞങ്ങൾ ചെയ്യുമായിരുന്നു. ഞാൻ അന്ന് വയലിനിൽ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നെ ഞങ്ങൾ ചെന്നൈയിൽ ഒരുമിച്ച് പഠിക്കാൻ പോയി. അവൻ റഹ്മാൻ സാറിന്റെ കെ.എം. സംഗീത വിദ്യാലയത്തിലാണ് പഠിച്ചത്. അവിടെ വയലിൻ പഠിപ്പിക്കുന്നില്ലായിരുന്നു. അതു കൊണ്ട് ഞാൻ വേറെ സ്ഥാപനത്തിലായിരുന്നു പഠിച്ചത്. 

സംഗീതപഠനം

കുട്ടിക്കാലത്തു തന്നെ സംഗീതവഴിയിലേക്ക് തിരിഞ്ഞു. പതിനാല് വർഷത്തോളം സംഗീതം പഠിച്ചു. വയലിനോട് വല്ലാത്ത ഇഷ്ടമായിരുന്നു. പന്ത്രണ്ട് വർഷത്തോളം വയലിൻ പഠിച്ചു. പിന്നെ ചെല്ലാനോ വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. 

കുടുംബം

തിരുവനന്തപുരമാണ് സ്വദേശം. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് എന്റെ കുടുംബം. എല്ലാവരും സംഗീതം വളരെ ഇഷ്ടപ്പെടുന്നവരാണ്. കുട്ടിക്കാലത്ത് അമ്മയാണ് എന്നെ സംഗീതം പഠിപ്പിക്കാൻ കൊണ്ടുപോയത്. വീട്ടുകാരുടെ പരിപൂർണ പിന്തുണ എനിക്കുണ്ട്. 

റിയാലിറ്റി ഷോകളോട്

‌റിയാലിറ്റി ഷോകളിൽ ഇതുവരെ പങ്കെടുത്തിട്ടില്ല. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കലോത്സവങ്ങളിലെല്ലാം പങ്കെടുക്കുമായിരുന്നു. അല്ലാതെ സംഗീത മത്സരങ്ങളോട് അധികം താത്പര്യം തോന്നിയിട്ടില്ല. 

അധ്യാപനജീവിതം

ഞാൻ ഡിഗ്രി പഠിച്ചത് ചെന്നൈയിൽ ആയിരുന്നു. അതിനു ശേഷം ഇന്റർനാഷനൽ സ്കൂളിൽ സംഗീതാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെ രണ്ടു വർഷം ജോലി ചെയ്തു. ഒരിക്കലും ആഗ്രഹിച്ചെടുത്ത ഒരു മേഖലയായിരുന്നില്ല അധ്യാപനം. സംഗീതം പഠിപ്പിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ അത് സ്വീകരിച്ചു എന്നു മാത്രം. അതിനിടയിൽ എനിക്ക് ഒരുപാട് പ്രോജക്ടുകൾ വന്നു. എല്ലാം വയലിൻ വായിക്കാനുള്ള അവസരങ്ങളായിരുന്നു. അധ്യാപനവും സംഗീത ജീവിതവും ഒരുമിച്ച് കൊണ്ടു പോകാൻ പ്രയാസം തോന്നിയതു കൊണ്ട് ജോലി ഉപേക്ഷിച്ചു.  

ഗായകനായപ്പോൾ

ഇതുവരെ ഞാൻ വയലിനിസ്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടത്. സ്റ്റാൻഡ് അപ്പിലെ ഈ ഗാനം പുറത്തിറങ്ങിയപ്പോഴാണ് ഞാൻ പാടും എന്നു പോലും പലരും തിരിച്ചറിഞ്ഞത്. ഞാൻ പാടുമെന്ന് എന്റെ സ്കൂൾ കാലത്തെ സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു. എന്നാൽ മറ്റുള്ളവർ അദ്ഭുതത്തോടെയാണ് ഈ പാട്ടിനെ സ്വീകരിച്ചത്. എല്ലാവരും വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ഇപ്പോഴാണ് ഗായകൻ എന്ന പേരിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയത്. ആ പേരിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. 

ഭാവി സംഗീത പദ്ധതികൾ

സംഗീതജീവിതത്തെക്കുറിച്ച് ഒന്നും പ്ലാൻ ചെയ്തിട്ടില്ല. അവസരങ്ങൾ ലഭിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കും. സ്വന്തമായി സംഗീതസംവിധാനം നിർവഹിച്ച് പാടണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതൊക്കെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ആദ്യഗാനം പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA