‘കൂട്ടുകാരിയുടെ സർപ്രൈസ് എന്നെ പിന്നണിഗായികയാക്കി’

megha-josekutty
SHARE

പുതുമുഖ ഗായകരെക്കൊണ്ട് സമ്പന്നമാണ് ഇപ്പോൾ മലയാള ചലച്ചിത്ര മേഖല. അത്തരത്തിൽ ഉയർന്നുവരുന്ന ഗായികയാണ് മേഘ ജോസ്‌കുട്ടി. റോഷ്നി ദിനകർ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിലെ ‘ആരാണ് നീ....’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് മേഘ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. പിന്നീട് ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലും ഗാനം ആലപിച്ചു. ഇപ്പോൾ തിയറ്ററിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ‘ഹെലൻ’ എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം ആലപിച്ചിരിക്കുന്നതും മേഘയാണ്. ആലാപനശൈലിയിലൂടെയും ശബ്ദമാധുരിയിലൂടെയും ചുരുങ്ങിയ കാലത്തിനുള്ളിൽ സംഗീതപ്രേമികളുടെ ശ്രദ്ധ ആകർഷിക്കാൻ ഈ യുവഗായികയ്ക്ക് സാധിച്ചു. ഹെലൻ എന്ന ത്രില്ലറിനൊപ്പം തന്റെ ഗാനവും ഹിറ്റായതിന്റെ ത്രില്ലില്ലാണ് മേഘ. സംഗീത വിശേഷങ്ങളുമായി മേഘ ജോസ്കുട്ടി മനോരമ ഓണ്‍ലൈനിനൊപ്പം.

അപ്രതീക്ഷിതമായിരുന്നു ആ വരവ്

വളരെ അവിചാരിതമായാണ് ഞാൻ പിന്നണി ഗായികയാകുന്നത്. ചലച്ചിത്ര സംഗീത മേഖലയിലേക്ക് എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. കോളജിൽ പഠിക്കുന്ന സമയത്ത് പാട്ടു പാടി അടുത്ത സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. അതിൽ ഒരു പാട്ട് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി നിമിഷ സംഗീത സംവിധായകർക്ക് അയച്ചു കൊടുത്തു. അത് എന്റെ അറിവോടെ അല്ലായിരുന്നു. എന്റെ പാട്ടു കേട്ട ഷാൻ റഹ്മാന്‍ സാറും മറ്റു ചില സംഗീത സംവിധായകരും പാട്ടിനെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം ഷാൻ ഇക്ക എന്നെ വിളിച്ചു. ആദ്യം എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. സിനിമയിൽ പാടണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നു. അത് ഇത്ര വേഗം സാധിക്കുെമന്നു കരുതിയില്ല. ദൈവാനുഗ്രഹം എന്നു മാത്രമേ പറയാനുള്ളു. കഴിവുള്ള നിരവധി പേർക്കിടയിൽ ഒരു സ്ഥാനം കിട്ടുക എന്നത് വളരെ വലിയ കാര്യമാണ്.  

എന്റെ പ്രിയഗാനം 

ആദ്യ ചിത്രമായ ‘മൈ സ്റ്റോറി’ യിൽ എത്തുന്നതു വരെ സ്റ്റുഡിയോ അനുഭവങ്ങൾ കുറവായിരുന്നു. ഞാൻ വളരെ ആകാംക്ഷയോടെയാണ് റെക്കോർഡിങ്ങിനു പോയത്. ഷാൻ ഇക്ക ആയതു കൊണ്ട് വലിയ പരിഭ്രമമൊന്നും ഇല്ലാതെ റെക്കോർഡിങ് പൂർത്തിയായി. രണ്ടാമതാണ് അരവിന്ദന്റെ അതിഥികൾക്കു വേണ്ടി റെക്കോർഡ് ചെയ്തതെങ്കിലും ആദ്യം പുറത്തിറങ്ങിയത് ആ ചിത്രത്തിലെ ഗാനമാണ്. ഇപ്പോൾ ഹെലൻ എന്ന ചിത്രത്തിനു വേണ്ടിയും പാടാൻ സാധിച്ചു. ഈ മൂന്ന് ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ‘മൈ സ്റ്റോറി’യിലെ യുഗ്മഗാനമാണ്. ആദ്യമായി പാടിയതു കൊണ്ടുമാത്രമല്ല, അതിന്റെ രചന അതിമനോഹരമായിരുന്നു. വളരെ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും ആ പാട്ട്  ചെയ്തത്. എന്നാൽ വിചാരിച്ചതു പോലെ ആ ഗാനം അധികം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ആ പാട്ട് ഇപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. 

ഹെലനു ശേഷം

ഹെലനിലെ ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഞാൻ അതിന്റെ ടൈറ്റിൽ ഗാനമാണ് ആലപിച്ചത്. സിനിമയുടെ ഉള്ളടക്കം ആ പാട്ടിലുണ്ട്. ചെറിയ പാട്ടാണെങ്കിലും അത് ഒരുപാട് ശ്രദ്ധിക്കപ്പെടുന്നുണ്ട്. സിനിമ കാണുമ്പോൾ ആ പാട്ടിനോട് കുറച്ചു കൂടി ഇഷ്ടം തോന്നും. സിനിമയും പാട്ടും അതി മനോഹരമാണെന്നു പറഞ്ഞ് ഒരുപാട് പേർ അഭിനന്ദിച്ചു. അതിൽ ഏറെ സന്തോഷം തോന്നുന്നു. 

കുടുംബം സംഗീതാത്മകം

കോട്ടയം ആണ് സ്വദേശം. ജനിച്ചതും വളർന്നതും അവിടെത്തന്നെ. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് മാറി. അമ്മയും ചേച്ചിയും അനുജത്തിയും അടങ്ങുന്നതാണ് എന്റെ കുടുംബം. വീട്ടിലെല്ലാവരും നന്നായി പാടും. അതുകൊണ്ടുതന്നെ ജന്മസിദ്ധമായി കിട്ടിയ കഴിവാണ് സംഗീതം. വീട്ടിൽ എല്ലാവരും എനിക്ക് പരിപൂർണ പിന്തുണ നൽകുന്നുണ്ട്. 

സംഗീതം പഠിക്കുന്നത് ഇപ്പോഴാണ്

ഞാൻ കുട്ടിക്കാലം മുതൽ സംഗീതം പഠിച്ച ആളല്ല. സ്കൂളിലും കോളജിലുമൊക്കെ പഠിച്ചപ്പോൾ സംഗീതമത്സരങ്ങളിൽ സജീവമായിരുന്നു. ഇപ്പോൾ കൊച്ചിയിലെത്തിയ ശേഷം ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ തുടങ്ങി. സംഗീതസംവിധായകൻ ബേണി സാറാണ് എന്റെ ഗുരു. എനിക്ക് കർണാട്ടിക് സംഗീതവും പഠിക്കണം. ഓരോന്നും പഠിക്കുമ്പോൾ അതിന്റേതായ വളർച്ച എന്റെ സംഗീതത്തിൽ ഉണ്ടാകും. 

എല്ലാ പാട്ടും ഷാൻ റഹ്മാനൊപ്പം

ഷാൻ ഇക്ക വളരെ ശാന്തനായ വ്യക്തിയാണ്. എനിക്ക് മാർഗദർശി ആയിട്ടാണ് തോന്നുന്നത്. ഷാൻ ഇക്ക്യ്ക്കൊപ്പം പ്രവർത്തിക്കുമ്പോൾ ഒരിക്കലും ടെൻഷൻ ഉണ്ടാകില്ല. അദ്ദേഹം വളരെയധികം പിന്തുണ നൽകാറുണ്ട്. ഷാൻ ഇക്കയ്ക്കൊപ്പം പ്രവർത്തിച്ചവർക്കൊക്കെ അത് വളരെ മികച്ച അനുഭവമായിരിക്കും. അദ്ദേഹത്തിൽനിന്ന് വളരെ പ്രചേദനം ഉണ്ടാകും.

പ്രശംസയിൽ സന്തോഷം

എന്റെ പാട്ട്  അയച്ചു കൊടുത്തപ്പോൾ എം ജയചന്ദ്രൻ സാർ പറഞ്ഞ നല്ല വാക്കുകൾ ഒരിക്കലും മറക്കാനാവില്ല. ഒത്തിരി സന്തോഷം തോന്നി. അദ്ദേഹത്തെ പോലുള്ള ഒരു വലിയ വ്യക്തിയുടെ അനുഗ്രവും നല്ല വാക്കുകളും സന്തോഷം നൽകുന്ന കാര്യമാണ്. ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന്റെ 100–ാം ദിനാഘോഷത്തിന് പോയപ്പോൾ  അവിടെ വന്നവരിൽ പലരും അഭിനന്ദിച്ചു. അപ്പോഴൊക്കെ വലിയ സന്തോഷം തോന്നി.

ജോലിയും സംഗീതവും

ഞാൻ സോഫ്റ്റ്്വെയർ എൻജിനീയറാണ്. ഇപ്പോൾ കൊച്ചിയിലെ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു. ജോലിയും സംഗീതവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. സംഗീതം ജീവിതത്തിന്റെ ഭാഗമാക്കണമെന്നാണ് ആഗ്രഹം. അതിന് ജോലി ഒരു തടസ്സമായി തോന്നുന്നില്ല. ദിവസേന പ്രാക്ടീസ് ചെയ്തില്ലെങ്കിൽ അത് പിന്നീട് ബുദ്ധിമുട്ടാകും. അതുകൊണ്ട് പ്രാക്ടീസ് മുടക്കാറില്ല.  സ്റ്റേജ് ഷോകൾ ചെയ്യണമെന്നുണ്ട്. ജോലിയുളളതു കൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.  എങ്കിലും ചില സംഗീതപരിപാടികൾക്ക് പോകാറുണ്ട്.

പ്രിയപ്പെട്ട സംഗീതജ്ഞർ

ഞാൻ സിനിാമ മേഖലയിലേക്ക് എത്തിയിട്ട് ഏകദേശം ഒരു വർഷമേ ആയിട്ടുളളു. എല്ലാ സംഗീതജ്ഞർക്കുമൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ട്. ജേക്സ് ബിജോയ് സാറിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. എ.ആർ. റഹ്മാൻ സാറിനൊപ്പം പ്രവർത്തിക്കണമെന്നാണ് ഏറ്റവും ആഗ്രഹം. ഓരോരുത്തരുടെയും കൂടെയുള്ള അനുഭവങ്ങൾ നമ്മെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കും. 

മറ്റു ഗാനങ്ങൾ

ഒരു വർഷമായി കവർ ഗാനങ്ങൾ ചെയ്യാറുണ്ട്. എനിക്ക് പ്രിയപ്പെട്ട പാട്ടുകൾക്കാണ് ഞാൻ കവർ ഒരുക്കിയത്. പ്രേക്ഷകരെ അലോസരപ്പെടുത്തേണ്ട എന്നു വിചാരിച്ച് വളരെ ചെറിയ ദൈർഘ്യത്തിലാണ് ആ ഗാനങ്ങൾ ചെയ്തത്. അവയ്ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA