ADVERTISEMENT

‘ഒഴുകാൻ ഉള്ളിലെ തേൻനദി

വിടരാൻ ഉള്ളിലെ വെണ്മതി’

കക്ഷി അമ്മിണിപ്പിള്ളയിലെ ഈ മെലഡി ആ സിനിമ പോലെതന്നെ പ്രേക്ഷകർക്കു പ്രിയപ്പെട്ടതായിരുന്നു. പ്രണയത്തിന്റെ നൊമ്പരവും വിങ്ങലും അത്രമേൽ അനുഭവിപ്പിക്കുന്ന സംഗീതവും ഹരിശങ്കറിന്റെ മാസ്മരിക ശബ്ദവും ഈ ഗാനത്തെ മലയാളികളുടെ പ്രിയപ്പെട്ടതാക്കി. എന്തൊരു ഫീലാണ് ഈ പാട്ടിനെന്ന് അവർ പരസ്പരം പറഞ്ഞു. കമ്നറിട്ടു. പ്രണയം അതിമനോഹരമായി അനുഭവിപ്പിക്കുന്ന ഈ ഗാനത്തിന്റെ സംഗീതസംവിധായകനെ പക്ഷേ, അധികമാരും തിരിച്ചറിഞ്ഞില്ല. 

സത്യത്തിൽ, ഒരു പ്രണയനൈരാശ്യമാണ് അങ്കമാലിക്കാരനായ അരുൺ മുരളീധരനെ സംഗീതസംവിധായകനാക്കിയത്. സംഗീതമാണ് തന്റെ ജീവിതമെന്നു തിരച്ചറിയാൻ ആ സംഭവം അരുണിന് നിമിത്തമായെന്നു മാത്രം. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ മുരളീധരൻ എന്ന സംഗീത സംവിധായകൻ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, കക്ഷി അമ്മിണിപ്പിള്ള, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. മിഥുൻ രമേശ് നായകനാകുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയുടെ പശ്ചാത്തലസംഗീതം നിർവഹിച്ചതും അരുൺ ആണ്. തന്റെ സംഗീതവഴികളെക്കുറിച്ച് അരുൺ മുരളീധരൻ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

വഴി തിരിച്ചു വിട്ട കലാലയം‌

എന്റെ നാട് അങ്കമാലിയാണ്. അച്ഛൻ പാടുമായിരുന്നു. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. എന്നെ ആദ്യം സംഗീതം പഠിപ്പിച്ചത് അച്ഛനാണ്. പിന്നീട് ഒരു മാഷിന്റെ കീഴിൽ പാട്ടു പഠിക്കാൻ വിട്ടു. പന്ത്രണ്ടു വർഷത്തോളം അതു തുടർന്നു. സ്കൂളിലെ മെയിൻ പരിപാടി മത്സരങ്ങളിൽ പങ്കെടുക്കുക എന്നതായിരുന്നു. എനിക്ക് സ്കൂളിൽ അഡ്മിഷൻ തന്നിരുന്നതു പോലും യുവജനോത്സവത്തിനു കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. പഠനത്തിൽ വലിയ മിടുക്കനൊന്നുമായിരുന്നില്ല. ഡിഗ്രിക്ക് കാലടി ശ്രീശങ്കര യുണിവേഴ്സിറ്റിയിൽ ചേർന്നു. അതുവരെ ഒരു ഉഴപ്പൻ മട്ടിലായിരുന്നു സംഗീതത്തോടുള്ള എന്റെ സമീപനം. പക്ഷേ, യൂണിവേഴ്സിറ്റിയിലെ അന്തരീക്ഷം സംഗീതത്തെ ഗൗരവമായി സമീപിക്കാൻ നിമിത്തമായി. ദിലീഷ് പോത്തൻ ആ സമയത്ത് കാലടി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. നടി സുരഭി ലക്ഷ്മിയും നടൻ വിജിലേഷും എന്റെ ബാച്ച്മേറ്റ്സ് ആയിരുന്നു. കലയുടെയും സംഗീതത്തിന്റെയും ഒരു വ്യത്യസ്ത ലോകമായിരുന്നു കാലടി യൂണിവേഴ്സിറ്റി. 

ജോലി ഉപേക്ഷിച്ചു സംഗീതത്തിലേക്ക്

യോഗയായിരുന്നു എന്റെ മെയിൻ. യോഗ ഇൻസ്ട്രക്ടറായി ജോലി ലഭിച്ചെത്തിയത് ഡെറാഡൂണിലായിരുന്നു. എനിക്ക് ആ ജോലിയോട് വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. ആ സമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു. അതിനാൽ, ജോലി അത്യാവശ്യമായിരുന്നു. എന്നാൽ, ആ പെൺകുട്ടി വേറെ ഒരാളെ വിവാഹം ചെയ്തു. അതോടെ ഞാൻ ജോലി ഉപേക്ഷിച്ചു. പിന്നെ, പൂർണമായും സംഗീതത്തിലേക്കു തിരി‍ഞ്ഞു. ആദ്യം ഒരു ആൽബമാണ് ചെയ്തത് – നീലാംബരി. ഗായകൻ ശ്രീനിവാസ് അതിൽ പാടിയിട്ടുണ്ട്. സംഗീതത്തിന്റെ വഴിയാണ് എന്റേത് എന്നു കാണിക്കാൻ വേണ്ടിയായിരുന്നു ആ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. കുറച്ചു കാസറ്റുകളൊക്കെ ഇറക്കി. പക്ഷേ തീരെ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് കുറേ ഹ്രസ്വചിത്രങ്ങൾക്കു സംഗീതം ചെയ്തു. പരസ്യങ്ങൾക്കു വേണ്ടി ജിങ്കിൾസ് ചെയ്തു. അതുവഴി, ഈ മേഖലയിൽ കുറച്ചു ബന്ധങ്ങളുണ്ടായി. ഒരു വർഷം ചെന്നൈയിൽ ആയിരുന്നു. 

സൗഹൃദം നൽകിയ അവസരങ്ങൾ

ആദ്യ സിനിമ സത്യത്തിൽ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ആയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയത് ഹാപ്പി വെഡിങ് ആയിരുന്നു. അതിലൂടെയാണ് എനിക്കു സിനിമകൾ കിട്ടിയത്. ഹ്രസ്വചിത്രങ്ങൾ ചെയ്തതിലൂടെ കിട്ടിയ സൗഹൃദങ്ങൾ സിനിമയിലേക്കുള്ള അവസരം തുറന്നു തന്നു. കന്നടയിലും ഒരു സിനിമ ചെയ്തു. അവ്യക്ത എന്നാണ് പേര്. ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതിനുശേഷം ചെയ്ത ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിൽ പശ്ചാത്തലസംഗീതമാണ് ഞാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോ ഗാനവും ചെയ്തു. ഈ സിനിമയുടെ സംവിധായകൻ രാജു ചേട്ടനുമായി എനിക്ക് വളരെ നാളത്തെ സൗഹൃദമുണ്ട്. അങ്ങനെയാണ് അവസരം ലഭിച്ചത്.  

സ്വയം പഠിച്ചെടുത്ത അനുഭവങ്ങൾ

മറ്റു സംഗീതസംവിധായകർക്കൊപ്പം അസിസ്റ്റന്റ് ആയി പ്രവർത്തിച്ച പരിചയമൊന്നും എനിക്കില്ല. ഹ്രസ്വചിത്രങ്ങൾക്കു വേണ്ടി ഓരോന്നും ചെയ്തു പഠിച്ചതാണ്. യുട്യൂബിലും മറ്റും നോക്കി പഠിക്കും. വലിയ സംഗീതജ്ഞർ ചെയ്ത പാട്ടുകളൊക്കെ യഥാർഥത്തിൽ വലിയ പാഠപുസ്തകങ്ങളാണ്. അവയെല്ലാം നോക്കിയും കണ്ടും കേട്ടുമൊക്കെ പഠിച്ചാണ് ഞാനീ രംഗത്തേക്ക് വരുന്നത്. എല്ലാ ടൈപ്പ് പാട്ടുകളും ചെയ്യാൻ ഇഷ്ടമാണ്. കൂടുതലിഷ്ടം ഏതാണെന്നു ചോദിച്ചാൽ മെലഡി എന്നാണ് ഉത്തരം. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിൽ ആറു പാട്ടുകളും മെലഡിയാണ്. അതിൽ ഒരുപാടു പ്രതീക്ഷയുണ്ട്. 

സിനിമയിലാണ് ഫോക്കസ്

ഒരു സംഗീതസംവിധായകനു മേൽ പല തരത്തിലുള്ള സമ്മർദ്ദങ്ങളുണ്ട്. സംവിധായകർക്ക് ഇഷ്ടപ്പെട്ടാൽ പോരാ, പാട്ടുകൾ നിർമാതാവിനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും ബോധ്യപ്പെടണം. അങ്ങനെ കുറെ കാര്യങ്ങളുണ്ട്. അവർക്ക് ഇഷ്ടമുള്ള പാട്ടുകളാണ് നമ്മൾ ഉണ്ടാക്കുന്നത്. നമ്മുടെ ഇഷ്ടത്തിനല്ല പാട്ടുകളുണ്ടാകുന്നത്. സ്വതന്ത്രമായ സംഗീതസംരംഭങ്ങൾ ചെയ്യണമെന്നുണ്ട്. ഇപ്പോൾ അതിനുവേണ്ട സമയം കണ്ടെത്താൻ കഴിയുന്നില്ല. സിനിമകളിലാണ് ഇപ്പോൾ കൂടുതൽ ഫോക്കസ് ചെയ്യുന്നത്. എന്റെ വീട്ടിൽ തന്നെയാണ് സ്റ്റുഡിയോ. കൂടുതലും ഞാൻ വർക്ക് ചെയ്യുന്നത് അവിടെ ഇരുന്നാണ്. പാട്ടിന്റെ റെക്കോർഡിങ് പരിപാടികൾ വേറെ സ്റ്റുഡിയോയിൽ ചെയ്യും. വീട്ടിലിരുന്നു ചെയ്യുമ്പോൾ എന്റെ ഒരു കംഫർട്ട് സോണിൽ ചെയ്യുക എന്ന സൗകര്യമുണ്ട്. എന്തായാലും പാട്ടു തന്നെയാണ് എന്റെ ലോകം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com