അടുക്കളയിൽ ശല്യം ചെയ്ത ഇരട്ടക്കുട്ടികളെ പാട്ടു പഠിക്കാനയച്ചു; പിന്നെ സംഭവിച്ചത്...

twinzchan
SHARE

സംഗീതസംവിധാനത്തിലെ ഇരട്ട വൈവിധ്യം. അതാണ് അരുണ്‍ റംഹാനും അനൂപ് റംഹാനും. ഈ പേരുകൾ ഒരുപക്ഷേ മലയാളികൾക്കു സുപരിചിതമായിരിക്കില്ല. മറിച്ച് ‘ട്വിൻസ്ചാൻ’ എന്നു പറഞ്ഞാൽ ഈ ഇരട്ടസഹോദരങ്ങളെ പെട്ടെന്നു മനസ്സിലാകും. ഇരുവർക്കുമിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ലാത്തതിനാൽ അവരിലൂടെ സംഗീതലോകത്തിന് ഇരട്ടി മധുരവും കിട്ടി. കുട്ടിക്കാലത്ത് അടുക്കളയിൽ പാത്രം തട്ടി ശബ്ദമുണ്ടാക്കിയപ്പോൾ ആ ശല്യം ഒഴിവാക്കാൻ അമ്മ സംഗീത ക്ലാസിലയച്ചു, അങ്ങനെയാണ് പാട്ടുമായുള്ള യാത്ര ആരംഭിച്ചത് എന്ന് അരുണും അനൂപും തമാശ പറയുന്നു. 2004–ൽ പുറത്തിറങ്ങിയ ‘ബോധി’ എന്ന ആൽബത്തിലൂടെയാണ് ട്വിൻസ്ചാൻ ശ്രദ്ധിക്കപ്പെട്ടത്. ‘വൺവേ ടിക്കറ്റ്’, പോപ്കോൺ എന്നീ മലയാള ചിത്രങ്ങൾക്കു വേണ്ടി അവർ സംഗീതമെരുക്കി. ഇപ്പോൾ ‘എ വണ്ടർഫുൾ ഡേ’ എന്ന ചിത്രത്തിലൂടെ  ഹോളിവുഡിൽ എത്തിയിരിക്കുകയാണ് അരുണും അനൂപും. സംഗീത ജീവിതത്തിലെ വിശേഷങ്ങളുമായി ട്വിൻസ്ചാൻ മനോരമ ഓൺലൈനിനൊപ്പം.

സംഗീതസംവിധായകര്‍ ആയത് അച്ഛനു വേണ്ടി 

അച്ഛനും അമ്മയും കൊല്ലം സ്വദേശികളാണെങ്കിലും അവർ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തി. ഞങ്ങൾ ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. അച്ഛനും അമ്മയും സർക്കാർ ജീവനക്കാരായിരുന്നു. എടുത്തു പറയാനുള്ള സംഗീത പശ്ചാത്തലമൊന്നും ഞങ്ങൾക്കില്ല. കുട്ടിക്കാലത്ത് അടുക്കളയിൽ പാത്രത്തിൽ കൊട്ടി ഞങ്ങൾ ശബ്ദമുണ്ടാക്കുമായിരുന്നു. ആ ശല്യം മാറ്റാൻ വീടിനടുത്തുള്ള ഒരു ബാലഭവനിൽ ഞങ്ങളെ പാട്ടു പഠിക്കാനയച്ചു. അങ്ങനെയാണ് സംഗീതജീവിതം ആരംഭിച്ചത് എന്നു പറയാം. 

അച്ഛൻ നന്നായി പാടുമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടു കേട്ടാണ് സംഗീത മേഖലയോട് ഇത്രയധികം താത്പര്യം തോന്നിയത്. അച്ഛന്റെ പാട്ടുകൾ കേട്ടാണ് ഞങ്ങൾ വളർന്നത്. സംഗീതസംവിധായകൻ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ അന്നത്തെ ജീവിത സാഹചര്യവും കുടുംബ പ്രാരാബ്ധങ്ങളും കാരണം അതു സാധിച്ചില്ല. ആ ചിന്ത ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ആ മേഖല തിരഞ്ഞെടുത്തത്. അച്ഛനു സാധിക്കാതെ പോയത് ഞങ്ങളിലൂടെ സാധിക്കണം എന്നു തീരുമാനിച്ചു. മക്കളിലൂടെ അച്ഛൻ സന്തോഷിക്കണം എന്നുറപ്പിച്ച്  പാട്ടിനൊപ്പമുള്ള യാത്ര തുടങ്ങി. 

ആരാകണം എന്ന ചോദ്യത്തിന് സംഗീതസംവിധായകരാകണം എന്ന് വ്യക്തമായ ഉത്തരം ഞങ്ങൾക്കുണ്ടായിരുന്നു. അഞ്ചു വർഷം മുന്‍പ് അച്ഛൻ മരിച്ചു. അദ്ദേഹം മരിക്കുന്നതിനു മുൻപാണ് ഞങ്ങളുടെ പാട്ട് പുറത്തിറങ്ങിയത്. അപ്പോൾ അച്ഛന് പറഞ്ഞറിയിക്കാൻ പറ്റാത്തവിധം സന്തോഷമായിരുന്നു. എപ്പോഴും അദ്ദേഹം ഞങ്ങളുടെ പാട്ടുകൾ കേട്ട് ആസ്വദിക്കുമായിരുന്നു. എങ്കിലും ഞങ്ങളുടെ ഭാവി ഭദ്രമാകാൻ ജോലിക്കു ശ്രമിക്കണമെന്നും അച്ഛൻ പറയുമായിരുന്നു. എല്ലാ മാതാപിതാക്കളിലും ഉള്ള അതേ ആശങ്ക അച്ഛനുമുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ പാട്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നു തിരിച്ചറിഞ്ഞപ്പോൾ അച്ഛന് ഞങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പേടി സാവധാനം മാറി. 

ആ ഓർമകൾ ഇന്നും മധുരിക്കുന്നു

തൃപ്പൂണിത്തുറയിലെ ഒരു സ്റ്റുഡിയോയിൽ വച്ചായിരുന്നു ആദ്യഗാനത്തിന്റെ റെക്കോർഡിങ്. ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഞങ്ങൾക്ക് റെക്കോർഡിങ് നിർത്തി വയ്ക്കേണ്ടി വന്നു. ആ സമയത്ത് അവിടെ ‘വടക്കുംനാഥൻ’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ് നടക്കുന്നുണ്ടായിരുന്നു. പാട്ട് മുടങ്ങിയതിന്റെ വിഷമത്തിലിരിക്കുകയായിരുന്നു ഞങ്ങൾ. അപ്പോൾ സ്റ്റുഡിയോയിലേക്ക് രവീന്ദ്രൻ മാഷ് കടന്നു വന്നു. ഞങ്ങൾ ആദ്യമായിട്ടാണ് അദ്ദേഹത്തെ നേരിട്ടു കണ്ടത്. പെട്ടെന്നു കണ്ടപ്പോൾ വിശ്വസിക്കാൻ സാധിച്ചുമില്ല. അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി വിഷമിച്ചിരിക്കുന്നതിന്റെ കാരണം തിരക്കി. റെക്കോർഡിങ്ങിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഞങ്ങൾ പറഞ്ഞു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ഞങ്ങളുടെ പാട്ട് അദ്ദേഹത്തെ കേൾപ്പിച്ചു. അദ്ദേഹത്തിന് പാട്ട് ഒരുപാട് ഇഷ്ടമായി. മാത്രമല്ല, പാട്ടിനെക്കുറിച്ചോർത്ത് ടെൻഷൻ വേണ്ട എന്നും എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കണ്ട എന്നും പറഞ്ഞു. അന്ന് ആ വാക്കുകൾ വലിയ ആശ്വാസവും ആത്മവിശ്വാസവും പകർന്നു. ആ വിശ്വാസത്തിൽ ഞങ്ങൾ ആദ്യ ഗാനം പൂർത്തീകരിച്ചു. രവീന്ദ്രൻ മാഷ് ഞങ്ങളുടെ പാട്ടു കേട്ടത് വളരെ വലിയ ഭാഗ്യമായി കണക്കാക്കുന്നു. അങ്ങനെ ഞങ്ങൾ സിനിമാ ലോകത്തേക്കു ചുവടു വയ്ക്കാൻ തീരുമാനിച്ചു.

raveendran-master.jpg.image.784.410

സംഗീതപഠനം

ഭാഗ്യരഥി എന്ന സംഗീത അധ്യാപികയുടെ കീഴിലാണ് സംഗീതപഠനം ആരംഭിച്ചത്. പത്താം ക്ലാസ് വരെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മൃദംഗവും ഹാർമോണിയവും പഠിച്ചിട്ടുണ്ട്. അതു കഴിഞ്ഞ് വെസ്റ്റേൺ സംഗീതവും പഠിച്ചു. ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നുണ്ട്. 

ഹോളിവുഡിലേക്ക്

‘എ വണ്ടർഫുൾ ഡെ’ എന്ന ചിത്രത്തിലാണ് ഞങ്ങൾ സംഗീതമൊരുക്കുന്നത്. ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ചിത്രത്തിൽ പറഞ്ഞു വയ്ക്കുന്നത്. ഇതിന്റെ സംവിധായകൻ റോമിയോ കാട്ടൂക്കാരൻ മലയാളിയാണ്. എന്നാൽ ഗാനം ചെയ്യുമ്പോൾ ഇന്ത്യൻ സംഗീതത്തിന്റെ യാതൊരു സ്വാധീനവും ഉണ്ടാകാൻ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു. അഭിനേതാക്കളും അണിയറപ്രവർത്തകരും ഹോളിവുഡിൽ നിന്നുള്ളവരാണ്. ഇങ്ങനൊരു അവസരം ലഭിച്ചത് വളരെ വലിയ ഭാഗ്യമായി കണക്കാക്കുകയാണ്. 

സംഗീതത്തിന് ഭാഷയില്ല

ഞങ്ങളുടെ ആദ്യഗാനം ഹിന്ദിയിൽ ആയിരുന്നു. സംഗീതത്തിനു ഭാഷയില്ല എന്നാണു വിശ്വസിക്കുന്നത്. ഏതു ഭാഷയിൽ ചെയ്താലും നന്നായി ചെയ്യണമെന്നു മാത്രമാണ് ആഗ്രഹം. അന്യഭാഷകളിൽ പാട്ടുകൾ ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ തോന്നാറില്ല. മലയാളത്തിൽ പാട്ടുകൾ ചെയ്യുമ്പോൾ ഭാഷ വളരെ ശ്രദ്ധിക്കണം. വാക്കുകൾ നന്നായി ഉപയോഗിച്ചെങ്കിൽ മാത്രമേ പാട്ടു ശ്രദ്ധിക്കപ്പെടൂ. മലയാളത്തനിമ നഷ്ടപ്പെട്ടാൽ ശ്രോതാക്കൾ പാട്ട് അംഗീകരിക്കില്ല. തമിഴിലാണെങ്കിൽ താളത്തിനാണ് അവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അപ്പോൾ അതനുസരിച്ച് ചെയ്യണം. ഞങ്ങൾ പാട്ടുകൾ ചെയ്യുമ്പോൾ അത് ഹിറ്റ് ആകും എന്ന് പ്രതീക്ഷിക്കുകയല്ല, മറിച്ച് ചെയ്തു തുടങ്ങുമ്പോൾ തന്നെ അത് ഹിറ്റ് ആക്കണം എന്നു വിചാരിച്ചാണ് തുടങ്ങുന്നത്. 

thiruvananthapuram-balabhaskar

ബാലഭാസ്കറുമായി അടുത്ത ബന്ധം

സ്കൂള്‍–കോളജ് വിദ്യാഭ്യാസ കാലത്തും സംഗീതം തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. എങ്കിലും സിനിമയിലേക്ക് എത്തണമെന്ന് വിചാരിച്ചിരുന്നില്ല. ആൽബം ഗാനങ്ങൾ ചെയ്യണം എന്നൊക്കെയായിരുന്നു ആഗ്രഹങ്ങൾ. കലോത്സവങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. അപ്പോഴൊക്കെ ഞങ്ങളുടെ പരിശീലനവും ഒരുമിച്ചു തന്നെ ആയിരുന്നു. കോളജ് കാലത്ത് ഞങ്ങൾക്ക് ഒരു സംഗീത ബാൻഡ് ഉണ്ടായിരുന്നു. സ്കൂളിലും കോളജിലുമൊക്കെ ബാലഭാസ്കര്‍ ഞങ്ങളുടെ സീനിയർ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പലയിടങ്ങളിലായി പരിപാടികൾക്കു പോകുമ്പോൾ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. ബാലു ചേട്ടൻ എപ്പോഴും തിരക്കിലായിരിക്കും. അതുകൊണ്ടുതന്നെ വല്ലപ്പോഴും മാത്രമേ കാണുകയുള്ളു. അദ്ദേഹം മരിക്കുന്നതിന് ഏതാനും മാസം മുൻപ് കണ്ടിരുന്നു. അത് അവസാന കൂടിക്കാഴ്ച ആയിരിക്കുമെന്ന് വിചാരിച്ചില്ല.

കാവ്യദളങ്ങൾ

‘കാവ്യദളങ്ങള്‍’ എന്ന പേരില്‍ കാവ്യാ മാധവൻ എഴുതിയ കവിതകള്‍ കോര്‍ത്തിണക്കി നിര്‍മിച്ച ആല്‍ബത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ഞങ്ങളാണ്. കെ.എസ്. ചിത്ര, സുജാത മോഹൻ, വിധു പ്രതാപ്, ജ്യോത്സ്ന എന്നീ ഗായകർക്കൊപ്പം കാവ്യയും അതിൽ ഗാനങ്ങൾ ആലപിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയും ഒ.എൻ.വി. കുറുപ്പ് സാറുമാണ് കാവ്യദളങ്ങൾ പ്രകാശനം ചെയ്തത്. ഞങ്ങളുടെ ഒരു പാട്ട് ചിത്ര ചേച്ചിയെക്കൊണ്ട് പാടിപ്പിക്കണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. കാവ്യദളങ്ങൾ എന്ന ആൽബത്തിലൂടെ ഞങ്ങൾക്ക് അത് സാധിച്ചു. ആൽബത്തിൽ ‘എന്നെ അറിഞ്ഞുവോ....’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്ര ചേച്ചി പാടിയത്.

k-s-chithra-twinzchan

ഇരട്ടകളിൽ കൗതുകം

ഇരട്ടകളായതു കൊണ്ട് സംഗീത ലോകത്ത് പലരും ഞങ്ങളെ ‌കൗതുകത്തോടെ നോക്കാറുണ്ട്. ആദ്യമായി കാണുന്നവർക്ക് ഞങ്ങളെ തമ്മിൽ മാറിപ്പോകാറുണ്ട്. എന്നാൽ സ്ഥിരമായി കണ്ടു തുടങ്ങിയാൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടെന്ന് മനസ്സിലാകും. റെക്കോർഡിങ്ങിനു പോകുമ്പോൾ പാട്ടിന്റെ കാര്യങ്ങൾ സംസാരിക്കുന്നതിനൊപ്പം വ്യക്തിപരമായ കാര്യങ്ങളും ചോദിക്കാറുണ്ട്. ഒരുപോലെയാണോ ചിന്തിക്കുന്നത്, പ്രവർത്തിക്കുന്നത് എന്നൊക്കെ പലരും ആകാക്ഷയോടെ ചോദിക്കാറുണ്ട്.  ഒരിക്കൽ റെക്കോർഡിങ്ങിനു വന്ന സുജാത ചേച്ചിക്ക് ഞങ്ങളെ തമ്മിൽ മാറിപ്പോയിട്ടുണ്ട്. ‘കാവ്യദളങ്ങൾ’ എന്ന ആൽബം ചെയ്യുന്ന സമയത്താണ് അത്. സ്റ്റുഡിയോയില്‍ വച്ച് ഞങ്ങളെ നേരിട്ടു കണ്ടപ്പോൾ ചേച്ചിക്ക് അദ്ഭുതമായി. ഒരുപാട് പേർക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ട്.

twinzchan-image
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA