sections
MORE

ഓർത്തു വയ്ക്കാൻ അടുപ്പമേറെയുള്ള ഗാനവുമായി ബേസിൽ സി.ജെ

basil-c-j-image
SHARE

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2014–ൽ പുറത്തിറങ്ങിയ ‘ഒരാൾ പൊക്കം’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്കു ലഭിച്ച സംഗീതസംവിധായകനാണ് ബേസിൽ സി.ജെ. പിന്നീടിങ്ങോട്ട് നിരവധി സിനിമകൾക്ക് സംഗീതം പകർന്ന് ഏറ്റവുമൊടുവിൽ സനൽകുമാർ ശശിധരൻ ഒരുക്കിയ‘ചോല’ എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു ബേസിലിന്റെ സംഗീതജീവിതം. ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈണം പകരുക മാത്രമല്ല, വരികളെഴുതുകയും പാടുകയും ചെയ്യും ബേസിൽ. ചോലയിൽ അത് ഒന്നു കൂടി തെളിയിക്കപ്പെട്ടു. ചോല രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. സംഗീത ജീവിതത്തിലെ വിശേഷങ്ങൾ ബേസിൽ മനോരമ ഓൺലൈനിനോടു പങ്കു വയ്ക്കുന്നു.

ചോലയിലെ രചനയും സംഗീതവും

ചോലയുടെ പ്രമോ ഗാനത്തിൽ ഒരു പഴയകാല സാഹചര്യം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ഗാനം ജനങ്ങൾ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം. എനിക്കു പരിചയമില്ലാത്തവർ പോലും വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പഴയ ഒരു പാട്ടെടുത്ത് ഉപയോഗിക്കുകയല്ല, അത്തരത്തിലൊരു പാട്ട് ചെയ്യുക എന്നതായിരുന്നു സനൽകുമാറിന്റെ ആവശ്യം. പഴയ കാലഘട്ടത്തിലെ തമിഴ് പാട്ടിന്റെ ശൈലിയിലാണ് ആ ഗാനം ചെയ്തിരിക്കുന്നത്. വരികളെഴുതാൻ ഞാൻ കുറച്ച് സമയം എടുത്തെങ്കിലും പഴയ കാലം പാട്ടിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചു. അതിനായി ഹാർമോണിയം, ക്ലാർനെറ്റ്, ഓടക്കുഴൽ തുടങ്ങിയവയാണ് ഉപയോഗിച്ചത്. 

പഴമയുടെ പാട്ടിൽ സിത്താരയും ഹരീഷും

‘ചോല’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം ചേർന്ന് പ്രൊമോ ഗാനം ആരു പാടണമെന്ന് ആലോചിച്ചു. ചർച്ചകൾക്കൊടുവിൽ സിത്താരയും ഹരീഷ് ശിവരാമകൃഷ്ണനും പാടിയാൽ മതി എന്നു തീരുമാനിച്ചു. ശാസ്ത്രീയ സംഗീതം നന്നായി കൈകാര്യം ചെയ്യുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെ അവർക്ക് ഈ ഗാനം പാടാൻ കൂടുതൽ എളുപ്പമായിരിക്കുമെന്ന് എനിക്കു തോന്നി. സിത്താരയെ എനിക്കു നേരത്തെ പരിചയമുണ്ട്. സിത്താര ആ പാട്ടു പാടിയാൽ തീർച്ചയായും നന്നാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. 

ഇഷ്ടം ഈണം പകരാൻ

പാട്ടുകൾ എഴുതുന്നതിനേക്കാൾ സംഗീതം പകരാനാണ് എനിക്കിഷ്ടം. എഴുത്തിനു വേണ്ടി മാത്രം സമയം ചെലവഴിക്കാറില്ല. എന്നാൽ ചില ഗാനങ്ങളോട് ഒരു പ്രത്യേക താത്പര്യം തോന്നും. അപ്പോൾ അതിന് വരികളൊരുക്കും. ഈണവും വരികളും ചേരുമ്പോഴാണല്ലോ പാട്ട് ജനിക്കുന്നത്. അതുകൊണ്ട് ഒരു പാട്ടിനെ രൂപപ്പെടുത്താൻ എനിക്ക് ഇഷ്ടമാണ്. ചില ഗാനങ്ങൾക്ക് ഈണം പകരുമ്പോൾത്തന്നെ അതിന്റെ വരികളും മനസ്സിൽ തെളിഞ്ഞു വരും. സംഗീതത്തിൽ എനിക്ക് എന്റേതായ ശൈലി രൂപപ്പെടുത്താനാണ് ഇഷ്ടം. 

എന്നെപ്പോലെ അവരും ആസ്വദിക്കണം

എല്ലാ രീതിയിലുളള ഗാനങ്ങളും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എങ്കിലും മെലഡികളോട് കുറച്ചധികം താത്പര്യമുണ്ട്. ഓരോ സിനിമയുടെയും സ്വഭാവമനുസരിച്ച് വ്യത്യസ്ത രീതിയിലായിരിക്കും പാട്ടുകൾ ചെയ്യേണ്ടത്. ആവശ്യങ്ങൾ കൃത്യമായി പഠിച്ച് അതിനനുസരിച്ച് പാട്ടുകൾ ചിട്ടപ്പെടുത്തും. പാട്ട് ചെയ്യുന്ന ആൾക്കും പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കണം ഓരോ ഗാനവും. 

സംഗീത വഴി

ചെറുപ്പത്തിൽത്തന്നെ സംഗീതത്തോടായിരുന്നു ഇഷ്ടം. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്തൊക്കെ സ്വന്തമായി വരികളെഴുതി ഈണമിട്ട് വീട്ടിൽ പാടിക്കേൾപ്പിക്കും. മിക്കവാറും അനുജത്തിക്കു മുന്നിലാണ് പാടിയിരുന്നത്. അന്ന് പാട്ടുകൾ റെക്കോർഡ് ചെയ്ത് വയ്ക്കാൻ  വീട്ടിൽ ടേപ്പ് റെക്കോർഡർ ഉണ്ടായിരുന്നില്ല. ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ മറക്കാതിരിക്കാനാണ് അനിയത്തിയെ പാടി കേൾപ്പിച്ചത്. ഞാൻ മറന്നാലും അവൾക്ക് അത് ഓർമയുണ്ടാകും. കോളജിൽ എത്തിയപ്പോൾ അവിടുത്തെ ചെറിയ പരിപാടികൾക്ക് തീം സോങ് ചെയ്യുമായിരുന്നു. കലാലയ ജീവിതം പൂർത്തിയാക്കിയ ശേഷം ഇനിയെന്ത് എന്ന ചോദ്യം മനസ്സിൽ തെളിഞ്ഞു. അങ്ങനെയാണ് സംഗീതമാണെന്റെ ജീവിത വഴി എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. ‍‌‍‍നേരേ ചെന്നെയിലേക്ക് പുറപ്പെട്ടു. പിന്നെ ഏഴു വർഷക്കാലം അവിടെയായിരുന്നു. 

സനൽ ചേട്ടന്റെ വലിയ സൗഹൃദം

ചെന്നൈയിൽ വച്ച് ഞാൻ സൗണ്ട് എൻജീനിയറിങ് പഠിച്ചു. ഫ്രീലാൻസർ ആയി പലർക്കും വേണ്ടി പാട്ടുകളുടെ ഓർക്കസ്ട്രേഷൻ ചെയ്തു. സനൽകുമാർ ശശിധരന്റെ സുഹൃത്തായ സുജിത്ത് അക്കാലത്ത് ഞാൻ ചെയ്തിരുന്ന പ്രോജക്ടിന്റെ ഭാഗമായിരുന്നു. സുജിത്ത് വഴിയാണ് ഞാൻ സനൽ ചേട്ടനെ പരിചയപ്പെട്ടത്. അങ്ങനെ ഞങ്ങൾ അടുത്ത സുഹൃത്തക്കളായി. ആ സൗഹൃദമാണ് എന്നെ ‘ഒരാൾപൊക്കം’ എന്ന ചിത്രത്തിലെത്തിച്ചത്. അതിൽ പശ്ചാത്തല സംഗീതം ഒരുക്കിയും ഞാൻ ആണ്. അങ്ങനെ എന്റെ സിനിമാ ജീവിതത്തിന് ആരംഭമായി. 

പാട്ടിഷ്ടങ്ങൾ മാറി മാറി വന്നു

കുട്ടിക്കാലത്ത് ചിത്രഗീതം എന്ന പരിപാടിയായിരുന്നു പാട്ടു കേൾക്കാനുള്ള മാര്‍ഗം. സ്‌കൂൾ കാലഘട്ടം മുതൽ ഇളയരാജ, ജോൺസൺ മാഷ്, വിദ്യാസാഗർ,  രവീന്ദ്രൻ മാഷ്, മോഹൻ സിത്താര തുടങ്ങിയവരോട് എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ആ കാലഘട്ടത്തിൽ നല്ല ഗാനങ്ങൾ ചെയ്യുന്നതിൽ അവർ തമ്മിൽ ഒരു മത്സരം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അവരുടെ ഗാനങ്ങൾക്കായി കാത്തിരുന്ന കാലഘട്ടമായിരുന്നു അത്. ആ ഗാനങ്ങൾ കേൾക്കുന്നതിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. കോളജ് കാലഘട്ടം എത്തിയപ്പോൾ ഗസലുകളായിരുന്നു കൂടുതൽ ഇഷ്ടം. പിന്നെ വീട്ടിൽ കംപ്യൂട്ടർ വാങ്ങിയപ്പോൾ എന്റെ താത്പര്യം ശാസ്ത്രീയ സംഗീതത്തിലേക്കു തിരിഞ്ഞു. അങ്ങനെ ഓരോ കാലഘട്ടത്തിലും എന്റെ പാട്ടിഷ്ടങ്ങൾ മാറി മാറി വന്നു.

കുറെ നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് എപ്പോഴും ആഗ്രഹം. താളമുള്ള സിനിമയിൽ മാത്രമേ താളമുള്ള ഗാനങ്ങൾ ഉണ്ടാകൂ. അത് ഏതു തരം സിനിമ ആയാലും അങ്ങനെയാണ്.  ഓരോ സിനിമയിലും ഞാൻ എന്റേതായ കയ്യൊപ്പ് ചാർത്താൻ ശ്രമിക്കാറുണ്ട്. സംഗീതത്തിൽ എപ്പോഴും കൂടുതൽ പഠനങ്ങൾ നടത്താറുണ്ട്. സംഗീതോപകരണങ്ങൾ വാങ്ങാനും അതിലൂടെ കൂടുതൽ സംഗീതം പഠിക്കാനും ശ്രമിക്കാറുണ്ട്. സിനിമാ സംഗീതത്തോടൊപ്പം സിനിമയ്ക്ക് പുറത്തുളള സ്വതന്ത്ര സംഗീത രംഗത്തും ശ്രദ്ധിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ചലച്ചിത്ര സംഗീതത്തോടൊപ്പം മറ്റു ഗാനങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA