ഷൂട്ടുമായി സഹകരിക്കാൻ പലരും വിസമ്മതിച്ചു; ട്രാൻസ് ആന്‍തം 'മാറ്റൊലി'യെക്കുറിച്ച് ഗായിക

shani-harikrishnan
SHARE

സൂര്യനും ചന്ദ്രനുമല്ലാതെ കത്തുന്ന ഗോളങ്ങൾ വേറെയുമുണ്ട്

ഭൂമിയും വാനവുമല്ലാതെ വേറിട്ടൊരന്തരീക്ഷങ്ങളുമുണ്ട്

ഒന്നല്ല, രണ്ടല്ല മിന്നിത്തിളങ്ങുന്ന മൂന്നാമിടങ്ങളുമുണ്ട്

സമൂഹത്തിൽ ഏറെ വിവേചനം നേരിടുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്കായി ഒരു ആന്‍തം അണിയിച്ചൊരുക്കിയിരിക്കുകയാണ് യുവഗായകനും സംഗീതസംവിധായകനുമായ മിഥുൻ ജയരാജും ഗായിക ഷാനി ഹരികൃഷ്ണനും. സെലിബ്രിറ്റി മെയ്ക്കപ്പ് ആർടിസ്റ്റായ രഞ്ജു രഞ്ജിമാർ, ഡാൻസ് ക്ലാസ് നടത്തുന്ന സത്യ നാരായണൻ, ട്രാൻസ്ജൻഡർ ദമ്പതികളായ തൃപ്തി ഷെട്ടി, ഹൃതിക് എം എന്നിവരെയാണ് ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ പൊരുതി നേടിയ ഇവരുടെ ജീവിതങ്ങളെ സംഗീതത്തിലൂടെ കോർത്തെടുക്കുകയാണ് ഗായിക ഷാനി ഹരികൃഷ്ണൻ. തിളക്കത്തോടെ തലയുയർത്തി നിൽക്കുന്ന ഇവരുടെ പോരാട്ടങ്ങളെ 'മാറ്റൊലി' അടയാളപ്പെടുത്തുന്നു. പാട്ടിനെക്കുറിച്ചും പാട്ടിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഷാനി ഹരികൃഷ്ണനും മിഥുൻ ജയരാജ് സംസാരിക്കുന്നു. 

പലതും ഞാൻ നേരിട്ടു കണ്ടത്: ഷാനി ഹരികൃഷ്ണൻ

ട്രാൻസ് ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന മ്യൂസിക് ആൽബം മറ്റൊരു രീതിയിൽ ദൃശ്യവൽക്കരിക്കാനായിരുന്നു ആഗ്രഹിച്ചത്. ട്രാൻജൻഡറുകൾ നടത്തുന്ന ഡെകെയർ എന്ന ആശയം പങ്കുവച്ചുകൊണ്ടൊരു ശ്രമം. എന്നാൽ, അതിനായി ഡെകെയറുകൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ട്രാൻസ്ഡൻഡറുകൾ അഭിനയിക്കുന്ന ഷൂട്ടുമായി സഹകരിക്കാൻ ഡെകെയർ നടത്തുന്ന പലരും വിസമ്മതിച്ചു. അതിനുശേഷമാണ്, രഞ്ജുവിന്റെ വീട്ടിലും സ്റ്റുഡിയോയിലുമായി ചിത്രീകരിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഏകദേശം 20 വർഷത്തോളമായി എനിക്ക് രഞ്ജുവിനെ അറിയാം. ഈയൊരു വിഡിയോ യഥാർത്ഥ്യമാക്കുന്നതിൽ രഞ്ജുവിന്റെ അകമഴിഞ്ഞ സഹകരണവും സഹായവുമുണ്ട്. രഞ്ജുവിനെപ്പോലെയുള്ളവരുടെ പോരാട്ടങ്ങളോടുള്ള ആദരമാണ് ഈ മ്യൂസിക് ആൽബം, ഷാനി ഹരികൃഷ്ണൻ പറഞ്ഞു. 

പലതും ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്. ഇവരൊന്നു ഒരുങ്ങി പുറത്തിറങ്ങിയാൽ എല്ലാവരും തുറച്ചു നോക്കും. ഒറു അദ്ഭുതജീവിയെ കാണുന്ന പോലെയാണ് ആളുകൾ നോക്കുന്നത്. ഇവർ എന്താണ് ചെയ്യുന്നത്... എങ്ങനെയാണ് നടക്കുന്നത്... എങ്ങോട്ടാണ് പോകുന്നത്... എന്നൊക്കെ സമൂഹം നിരീക്ഷിച്ചു കൊണ്ടിരിക്കും. അവരുടെ സ്വന്തം വീട്ടുകാർ വരെ തള്ളിപ്പറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമൂഹത്തിന്റെ ഇത്തരം നോട്ടങ്ങളെയും ചോദ്യങ്ങളെയും അതിജീവിച്ചു വിജയങ്ങൾ നേടിയ ട്രാൻസ് ജീവിതങ്ങൾ നിരവധിയുണ്ട്. അതിൽ വളരെ കുറച്ചു പേരെ മാത്രമെ ഈ വിഡിയോയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞുള്ളൂ, ഷാനി കൂട്ടിച്ചേർത്തു. 

ആശയത്തിനൊത്ത സംഗീതം, മിഥുൻ പറയുന്നു

വളരെക്കാലമായി സംഗീതരംഗത്തു സജീവമാണ് ഗായിക ഷാനി ഹരികൃഷ്ണൻ. നൃത്തപരിപാടികൾക്കു സ്ഥിരമായി പാടുന്ന ഷാനിക്ക് ട്രാൻസ്ജൻഡർ വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരിട്ടറിയാം. സ്വതന്ത്രമായൊരു സംഗീത സംരംഭം ചെയ്യുന്നതിനെക്കുറിച്ച് അവർ ആലോചിച്ചപ്പോൾ അവർക്കു പരിചിതമായ ട്രാൻസ് ജീവിതങ്ങളെക്കുറിച്ചു ചെയ്യാമെന്ന നിർദേശം വരികയായിരുന്നു. ട്രാൻസ്ജൻഡർ വ്യക്തികളുടെ അതിജീവനത്തെ ദൃശ്യവൽക്കരിക്കുക എന്നതായിരുന്നു മനസിൽ. അവരുടെ ജീവിതങ്ങളെ പോസറ്റീവ് ആയി പങ്കുവയ്ക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ബി.കെ ഹരിനാരായണനാണ് വരികൾ എഴുതിയത്. കരുത്തുള്ള വരികളാണ് അദ്ദേഹത്തിന്റെത്. അതിനു സംഗീതം നൽകുക എന്നതായിരുന്നു ഞാൻ നേരിട്ട വെല്ലുവിളി. വരികളിൽ പറയുന്ന ആശയത്തിന്റെ കരുത്തു ചോരാതെ ആസ്വാദകരിലേക്കു എത്തിക്കുക മാത്രമെ ഞാൻ സംഗീതത്തിലൂടെ ചെയ്തിട്ടുള്ളൂ, മിഥുൻ ജയരാജ് പറഞ്ഞു. 

പുരുഷന്മാർ ശക്തരാണെന്നോ അല്ലെങ്കിൽ സ്ത്രീകൾ ദുർബലരാണെന്നോ പറയുന്ന സമൂഹം ഉള്ളിടത്തോളം, ട്രാൻസ്ജൻഡർ എന്നത് മറ്റൊരു ലിംഗസമൂഹമാണ്. ജൻഡർ ന്യൂട്രൽ ആയ ഒരു സമൂഹം രൂപപ്പെടുന്നതു വരെ നമ്മൾ ഈ വിഷയം സംസാരിക്കേണ്ടി വരും. സ്ത്രീ–പുരുഷൻ എന്നു പറയുന്നതു പോലെ ട്രാൻസ് എന്നത് ഒരു ലിംഗസമൂഹമാണ്. മൂന്നാമിടങ്ങൾ എന്നു പറയുന്നതിനെക്കാളും എളുപ്പം അവരും നമ്മുടെ ഒപ്പം തന്നെയാണ് എന്നു പറയുന്നതാണ്. പക്ഷേ, അതിന് ആദ്യം അവർ നമുക്കിടയിലുണ്ടെന്ന കാര്യം സമൂഹം തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം. ട്രാൻസ്ജെൻഡറുകളായ 95 ശതമാനം പേരും സ്വന്തം വീടുകളിൽ പോലും ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്. മാറ്റം നമ്മുടെ വീടുകളിൽ നിന്നു തുടങ്ങണം. ആളുകളെ മനോഭാവം മാറണം, മിഥുൻ അഭിപ്രായപ്പെട്ടു.      

     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA