തൊണ്ട വേദനിച്ചപ്പോഴും പാട്ടു പാടി, അത് സൂപ്പർഹിറ്റ് ആയി!

gowry-lekshmi-new-image
SHARE

ഗൗരി ലക്ഷ്മി എന്ന ഗായിക മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ആലാപന ശൈലിയിലൂടെ ചെറുപ്രായത്തിൽത്തന്നെ സംഗീത ലോകത്ത് വിസ്മയം സൃഷ്ടിച്ച പ്രതിഭയാണ് ഗൗരി. പതിമൂന്നാമത്തെ വയസ്സിൽ ‘കാസനോവ’ എന്ന ചിത്രത്തിലെ ‘സഖിയേ...’ എന്നു തുടങ്ങുന്ന ഗാനം എഴുതി ചിട്ടപ്പെടുത്തിയാണ് ഗൗരി ചലച്ചിത്ര മേഖലയിൽ ഹരിശ്രീ കുറിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക എന്നതിൽനിന്നു മ്യൂസിക് വിഡിയോകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും ഗൗരിയുടെ സംഗീതം വളർന്നു. പിന്നീട് നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ വലിയ പെരുന്നാൾ, ബിഗ്ബ്രദർ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയും ഗൗരിയുടെ ആലാപന വൈഭവം ആസ്വാദകരിലേക്കെത്തി. സംഗീതജീവിതത്തിലെ വിശേഷങ്ങളുമായി ഗൗരി ലക്ഷ്മി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു. 

ദീപക് ദേവ് എന്ന സുഹൃത്ത്

‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. അദ്ദേഹവുമായി വളരെ നാളുകൾക്കു മുൻപേ പരിചയമുണ്ടെങ്കിലും ഒരുമിച്ചൊരു പാട്ടു ചെയ്യുന്നത് ആദ്യമായാണ്. അടുത്തിടെ ദീപക്കേട്ടൻ എന്നെ വിളിച്ച് ബിഗ് ബ്രദറിലെ ഗാനത്തെ കുറിച്ച് സംസാരിക്കുകയും എപ്പോഴാണ് പാടാൻ വരിക എന്നു ചോദിക്കുകയും ചെയ്തു. ആ സമയത്ത് എന്റെ തൊണ്ടയ്ക്ക് അത്ര സുഖമില്ലായിരുന്നു. അതു കുഴപ്പമില്ല എന്നു പറഞ്ഞ് അദ്ദേഹം എന്നെ പാടാൻ ക്ഷണിച്ചു. ഞാൻ ആദ്യം പാടിയ ട്രാക്ക് ഷൂട്ടിങ്ങിന് ഉപയോഗിച്ചു. അസുഖമൊക്കെ ഭേദമായ ശേഷമാണ് ഫൈനൽ ട്രാക്ക് പാടിയത്.  

ഓരോരുത്തർക്കും ഓരോ ശൈലി

ഓരോ സംഗീത സംവിധായകന്റെയും ശൈലി വ്യത്യസ്തമാണ്. ചിലർ പാട്ടുകൾ മെച്ചപ്പെടുത്താൻ ഗായകർ പറയുന്ന അഭിപ്രായങ്ങൾ അംഗീകരിക്കാൻ തയ്യാറാകും. ഷാൻ റഹ്മാൻ അങ്ങനെയാണ്. റെക്‌സ് വിജയൻ അതിൽനിന്നു വ്യത്യസ്തനാണ്. പാടുന്നയാളുടെ ശൈലികൾ സംയോജിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ദീപക് ദേവിന് മറ്റൊരു രീതിയാണ്. പാട്ടിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ പ്ലാൻ ഉണ്ടാകും. ആ പ്ലാൻ അനുസരിച്ച് പാടിക്കൊടുക്കണം. ഈ ജോലി വളരെ ആസ്വദിക്കപ്പെടുന്നുണ്ട്. ഓരോ പാട്ടു ചെയ്യുമ്പോഴും സംവിധായകനെ സന്തോഷിപ്പിക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.

വ്യത്യസ്ത ഗാനങ്ങളിൽ സംതൃപ്തി

വലിയ പെരുന്നാൾ എന്ന ചിത്രത്തിലെ ‘കണ്ട കണ്ട...’ എന്ന ഗാനം അൽപം വ്യത്യസ്തത നിറഞ്ഞതാണ്. എനിക്ക് ആ പാട്ട് ഒരുപാട് ഇഷ്ടമായി. കാരണം അതിന് വ്യത്യസ്തമായ ഒരു ഭാവമുണ്ട്. റെക്സ് വിജയൻ ആണ് ഗാനം ചിട്ടപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു. പിന്നെ ലവ് ആക‌്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ ‘ആലോലം’ എന്ന ഗാനവും വളരെ സ്പെഷൽ ആയിട്ടു തോന്നി. ഞാൻ പാടിയ പാട്ടുകളെല്ലാം എന്നും എനിക്കു പ്രിയപ്പെട്ടതാണ്. 

എന്നും എപ്പോഴും സംഗീതം

ഇപ്പോഴും ഞാൻ സംഗീതം പഠിച്ചു കൊണ്ടിരിക്കുകയാണ്. അഗസ്റ്റിൻ സാറിന്റെ കീഴില്‍ ചെന്നൈയിലാണ് പഠനം. സംഗീത പഠനത്തിനു തന്നെയാണ് കൂടുതൽ സമയം കണ്ടെത്താറുള്ളത്. എപ്പോഴും സംഗീതത്തിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പല ഭാഷകളിലുളള കലാകാരന്മാരുടെ ഗാനങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട്. ഏതാനും തമിഴ് ചിത്രങ്ങളിലും ഒരു തെലുങ്കു ചിത്രത്തിലും പാടാൻ അവസരം ലഭിച്ചു. വ്യത്യസ്ത ഭാഷകളിൽ പ്രവർത്തിക്കാൻ എനിക്ക് ഇഷ്ടമാണ്. സംഗീത ജീവിതത്തിലെ ഉയർച്ചയ്ക്ക് അത് വളരെയേറെ സഹായകമാകും

കുടുംബം സംഗീതാത്മകം

കുടുംബത്തിൽ നിന്നും പരിപൂർണ പിന്തുണ ലഭിക്കുന്നുണ്ട്. ഭർത്താവ് ഗണേഷ് എന്റെ ഡ്രമ്മറും പ്രേഗ്രാമറും മ്യൂസിക് പ്രൊഡ്യൂസറുമാണ്. അദ്ദേഹം കൂടെയുള്ളത് വലിയ പ്രചോദനമാണ്. അമ്മ ബിന്ദു വൈക്കത്ത് ഒരു സംഗീത, നൃത്ത പഠന സ്ഥാപനം നടത്തുന്നു. അച്ഛൻ ഹരികൃഷ്ണൻ വൈക്കത്ത് റെക്കോർഡിങ് സ്റ്റുഡിയോ നടത്തുന്നു. സംസ്ഥാന നാടക അക്കാദമിയുടെ,‌ മികച്ച ഗായകനുളള പുരസ്‌കാരം രണ്ട് തവണ അദ്ദേഹം നേടി. സഹോദരി വിദ്യ ഡിഗ്രി വിദ്യാർഥിനിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA