ADVERTISEMENT

കഴിഞ്ഞ ഒരു മാസമായി സംഗീതപ്രേമികളുടെ പ്ലേലിസ്റ്റിൽ ആവർത്തിച്ചു വരുന്നൊരു ഗാനമുണ്ട്. 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലെ 'കാമിനി' എന്നു തുടങ്ങുന്ന ഗാനം. അതിലെ 'മുല്ലേ.. മുല്ലേ' എന്നു തുടങ്ങുന്ന ഭാഗം മാത്രമായി റിപ്പീറ്റ് മോഡിൽ ഇട്ടു കേൾക്കുന്നവരും കുറവല്ല. ഈയടുത്ത കാലത്തിറങ്ങിയ ഏറ്റവും പ്രണയാർദ്രമായ ഗാനമെന്ന വിശേഷണമാണ് കാമിനിക്ക് ആരാധകർ നൽകിയത്. 

 

ലക്ഷക്കണക്കിനു പേരെ ഒറ്റയടിക്ക് ആരാധകരാക്കി മാറ്റിയ കാമിനിയുടെ ഈണം പിറന്ന നിമിഷങ്ങളെക്കുറിച്ച് ഇതാദ്യമായി സംഗീതസംവിധായകൻ അരുൺ മുരളീധരൻ മനസു തുറക്കുന്നു. പ്രണയം പോലെ അവിചാരിതമായി സംഭവിച്ച ആ പാട്ടിനെക്കുറിച്ച് അരുൺ മുരളീധരൻ മനോരമ ഓൺലൈനിൽ: 

 

ആ രംഗത്തിനു വേണ്ടി ചെയ്തത് മറ്റൊരു പാട്ട് 

 

ഈ രംഗത്തിനു വേണ്ടി മറ്റൊരു പാട്ടായിരുന്നു കമ്പോസ് ചെയ്തത്. അതു വച്ചു ഷൂട്ടും ചെയ്തു. എന്നാൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ കണ്ടപ്പോൾ കഥ മാറി. മഴയത്ത് സണ്ണി വെയ്നും ഗൗരിയും ഒരുമിച്ചു നടന്നു വരുന്ന വിഷ്വൽസ് അതിമനോഹരമായിരുന്നു. വളരെ തീവ്രമായ പ്രണയം അനുഭവിപ്പിക്കുന്ന ഒരു പാട്ടായിരിക്കും അവിടെ യോജിക്കുക എന്നു തോന്നി. അങ്ങനെയാണ് പുതിയൊരു പാട്ട് എന്ന ചിന്ത വന്നതും അതു ചെയ്യാനിരുന്നതും. അപ്പോഴേക്കും സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞിരുന്നു. പാട്ടിനു വേണ്ടി ഷൂട്ട് ചെയ്തതിൽ മഴ നനഞ്ഞ് നായികയും നായകനും വരുന്ന ഒറ്റ സീക്വൻസ് മാത്രമെ എനിക്കു തന്നുള്ളൂ. അതു വച്ച്, പാട്ട് കമ്പോസ് ചെയ്യുകയായിരുന്നു. ഒരു കഥകളിപദത്തിന്റെ മൂഡിലൊരു പാട്ട് ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. കുറച്ചൊരു കർണാടിക് എലമെന്റ് വച്ചൊരു പരീക്ഷണം. കാമിനി എന്ന ഗാനം അങ്ങനെ സംഭവിച്ചതാണ്. രണ്ടു ദിവസം കൊണ്ട് പാട്ട് സെറ്റായി.   

 

ആ ക്രെഡിറ്റ് മനുവേട്ടന്

 

മനുവേട്ടനാണ് (മനു മഞ്ജിത്) വരികളെഴുതിയത്. ആദ്യം ചെയ്ത പാട്ട് മാറ്റേണ്ടി വന്നപ്പോൾ ഞങ്ങൾക്ക് ഒരുമിച്ചിരുന്ന് വർക്ക് ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം മംഗലാപുരത്തായിരുന്നു. ഞാൻ നാട്ടിലും. ഫോണിലൂടെയായിരുന്നു ഞങ്ങളുടെ ചർച്ചകൾ. 'മുല്ലേ മുല്ലേ...' എന്ന ഭാഗത്ത് ഒരു ഹമ്മിങ് ആണ് ഞാൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, അവിടെ ആവർത്തിച്ചു വരുന്ന ഒരു വാക്കുപയോഗിച്ചുള്ള വരികൾ ചേർക്കാമെന്നത് മനുവേട്ടന്റെ ആശയമായിരുന്നു. പാട്ടിൽ ആ ഭാഗം ആവർത്തിച്ചു വരുമ്പോൾ കേൾക്കുന്നവർക്ക് പെട്ടെന്ന് മനസിൽ പതിയുന്നതിന് അതുപകരിക്കുമെന്ന് മനുവേട്ടൻ പറഞ്ഞു. അങ്ങനെയാണ്, 'മുല്ലേ മുല്ലേ... ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയെ നീയെ' എന്ന വരികൾ ജനിക്കുന്നത്. അതു കൃത്യമായിരുന്നു. അതിനു മുകളിൽ മറ്റൊരു ചിന്തയേ ഉണ്ടായിരുന്നില്ല. 

 

ഹരിശങ്കറിനൊപ്പം പുതിയ ഹിറ്റ്

 

ഈയൊരു രംഗത്തിനു വേണ്ടി കമ്പോസ് ചെയ്ത പാട്ട് മറ്റൊരു ഗായകനാണ് പാടേണ്ടിയിരുന്നത്. ഷൂട്ട് ചെയ്യുന്നതിനായി ഞാൻ തന്നെ ട്രാക്ക് പാടി ഒരു ഓഡിയോ കൊടുക്കുകയായിരുന്നു. എന്നാൽ, അതിനു പകരം കാമിനി എന്ന പാട്ട് വന്നപ്പോൾ ഹരിശങ്കറിനെ അതു പാടാൻ ക്ഷണിച്ചു. ഞാനും ഹരിശങ്കറും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹം നേരെ വന്നു പാടുകയായിരുന്നു. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിനു വേണ്ടി ഞങ്ങൾ ഒരുമിച്ചൊരു പാട്ട് ചെയ്തിരുന്നു. അതിനുശേഷം ചെയ്യുന്ന വർക്കാണ് അനുഗ്രഹീതൻ ആന്റണി. 

 

ലഭിച്ചത് വലിയ സ്വീകാര്യത

 

പ്രതീക്ഷിച്ചതിലും മുകളിലാണ് ലഭിച്ചത്. പാട്ട് റിലീസ് ചെയ്ത് ഒരു മാസത്തിനകമെങ്കിലും യുട്യൂബിൽ ഒരു മില്ല്യണോ രണ്ടു മില്ല്യണോ പേർ പാട്ടു കാണണമെന്നായിരുന്നു ആഗ്രഹിച്ചത്. ഇപ്പോൾ പാട്ടു റിലീസ് ചെയ്ത് ഒരു മാസമായി. അരക്കോടിയിലധികം പേരാണ് പാട്ട് യുട്യൂബിൽ കണ്ടത്. ഇത്രയും വലിയൊരു സ്വീകാര്യത തീർച്ചയായും അദ്ഭുതപ്പെടുത്തുന്നു. വലിയ സന്തോഷമാണ്. അനുഗ്രഹീതൻ ആന്റണിയുടെ പശ്ചാത്തലസംഗീതത്തിന്റെ പണികൾ നടക്കുകയാണ് ഇപ്പോൾ. സിനിമയിലെ നാലു പാട്ടുകൾ കൂടി ഇനിയും വരാനുണ്ട്. ആറു പാട്ടുകളാണ് ചിത്രത്തിൽ ആകെയുള്ളത്. 

 

ഈ ടെക്നിക് കൊള്ളാം

 

ഞാൻ ആദ്യമായിട്ടാണ് വിഷ്വൽ കണ്ട് പാട്ടുണ്ടാക്കുന്നത്. പശ്ചാത്തല സംഗീതം സിനിമ മുഴുവൻ കണ്ടിട്ടാണ് ചെയ്യുക. പക്ഷേ, പാട്ട് അങ്ങനെയല്ല. ഷൂട്ടിനു മുൻപെ പാട്ടുകളുടെ വർക്ക് തീരുമല്ലോ! ഇവിടെ നേരെ തിരിച്ചു സംഭവിച്ചു. ഞങ്ങൾ കമ്പോസ് ചെയ്യുമ്പോഴും വരികളെഴുതുമ്പോഴും പാടുമ്പോഴും ഞങ്ങൾക്കു മുന്നിൽ ആ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. കാരണം, ആ രംഗത്തിന്റെ അതിസൂക്ഷ്മമായ തലങ്ങൾ പോലും ഉൾക്കൊള്ളാൻ കഴിഞ്ഞു. ഇനി, വിഷ്വൽ കണ്ടിട്ട് പാട്ടു ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിപ്പോവുകയാണ്. അപ്പോൾ കൃത്യം മൂഡ് കിട്ടുമല്ലോ, അരുൺ പുഞ്ചിരിയോടെ പങ്കുവച്ചു. 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com