ADVERTISEMENT

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അമ്പിളിയിലെ ‘ആരാധിേക...’ എന്ന ഗാനം ഒരിക്കലെങ്കിലും കേൾക്കാത്തവരായി ആരെങ്കിലുമുണ്ടോ? പാട്ടിന്റെ ഈണവും താളവും വരികളുമെല്ലാം ആസ്വാദകർക്ക് മന:പാഠം. അതുപോലെ പവിഴ മഴയേ (അതിരൻ), മിന്നി മിന്നി കണ്ണു ചിമ്മി (ജൂൺ), നെഞ്ചകമേ (അമ്പിളി), പൊൻ താരമേ (ഹെലൻ) തുടങ്ങി പ്രേക്ഷക ഹൃദയങ്ങെളെ കീഴ്പ്പെടുത്തിയ പാട്ടുകളെല്ലാം വിനായക് ശശികുമാർ എന്ന യുവ പാട്ടെഴുത്തുകാരന്റെ തൂലികയിൽ വിരിഞ്ഞതാണ്. ഹായ് ഹലോ കാതൽ ഹ്രസ്വ ചിത്രത്തിൽ ‘വെള്ളൈ പൂവേ’ എന്ന പ്രണയാർദ്ര വരികൾ കുറിച്ച് വിനായക്, തമിഴിൽ പാട്ട് പരീക്ഷണം നടത്തി. അത് വിജയിച്ചു എന്നു മാത്രമല്ല തമിഴിൽ കൂടുതൽ പാട്ടുകൾ എഴുതാനുള്ള അവസരവും ഈ പാട്ടെഴുത്തുകാരനെത്തേടിയെത്തി.

 

കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സിനിമാ ഗാനരചനയിൽ ഹരിശ്രീ കുറിച്ച വിനായക്, ഇപ്പോൾ ഗൗതമന്റെ രഥം, ട്രാൻസ് എന്നീ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്നു. ഗൗതമന്റെ രഥത്തിലെ ഉയിരിൽ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരുന്നു. ട്രാൻസിലെ പാട്ട് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആസ്വാദകരെ നേടി ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. ഈ അടുത്ത കാലത്ത് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഗാനങ്ങളിൽ ഭൂരിഭാഗവും ഈ യുവ പാട്ടെഴുത്തുകാരന്റെ രചനയിൽ പിറന്നതാണ്. സംഗീത ജീവിതത്തെക്കുറിച്ച് വിനായക് ശശികുമാർ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു. 

 

ഗൗതമന്റെ രഥത്തിനൊപ്പം

 

ഗൗതമന്റെ രഥത്തിൽ നാലു പാട്ടുകൾ ആണ് ഉളളത്. നവാഗതനായ അങ്കിത് മേനോൻ ആണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. അദ്ദേഹം മലയാളി ആണെങ്കിലും അന്യഭാഷകളിലെ പാട്ടുകളായിരുന്നു ഇതുവരെ ചെയ്തത്. വ്യത്യസ്തമായ ഒരുപാട് ആശയങ്ങൾ ഉള്ള ആളാണ് അദ്ദേഹം. വ്യത്യസ്തമായ ഈണങ്ങള്‍ ഒരുക്കാൻ കഴിവുള്ള ആള്‍. വരികൾ എഴുതുമ്പോൾ അദ്ദേഹം പുതിയ ആശയങ്ങൾ പറഞ്ഞു തന്നിരുന്നു. പക്ഷേ അതൊരിക്കലും എഴുത്തുകാരന്റെ മേൽ അടിച്ചേൽപ്പിക്കുകയില്ല. ഞാൻ വളരെ ആസ്വദിച്ചാണ് ഈ ചിത്രത്തിൽ വർക്ക് ചെയ്തത്. 

 

ഇതുവരെ ഞാന്‍ എഴുതിയ പാട്ടുകളിൽനിന്നും വളരെ വ്യത്യസ്തമാണ് ഗൗതമന്റെ രഥത്തിലേത്. അതിൽ ‘ഉയിരേ’ എന്ന പ്രണയഗാനം സിദ്ദ് ശ്രീറാം ആണ് പാടിയത്. ആകെ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിൽ ഒരെണ്ണം കാത്തിരിപ്പിന്റെ കഥ പറയുന്നു. പിന്നെയുള്ള ഒരെണ്ണം ഡീമോട്ടിവേഷൻ കൊടുക്കുന്ന പാട്ടാണ്. മറ്റേതെങ്കിലും ചിത്രത്തിലായിരുന്നുെവങ്കിൽ അത് മോട്ടിവേഷൻ പാട്ടാക്കി എടുക്കുമായിരുന്നു. അതിൽനിന്നു വ്യത്യസ്തമായി ഇത്തരത്തിൽ പാട്ട് ചെയ്യാനുള്ള ആശയം മുന്നോട്ടു വച്ചത് അങ്കിത് ആണ്. സംവിധായകൻ ആനന്ദും നീരജ് മാധവും തുടങ്ങി എല്ലാവരും സുഹൃത്തുക്കളെപ്പോലെയാണ് ഇടപെട്ടത്. ജൂനിയർ സീനിയർ വ്യത്യാസങ്ങളില്ലാതെയാണ് എല്ലാവരുടെയും പെരുമാറ്റം. എപ്പോഴും ഒരു പോസിറ്റീവ് എനർജി തോന്നിയിരുന്നു. ചിത്രത്തിലെ പാട്ടുകളെല്ലാം പുതുമയുള്ള അനുഭവങ്ങൾ സമ്മാനിച്ചു.  

 

ഹിറ്റിനു പിന്നിൽ

 

അങ്കിത് ഒരു ഗായകൻ കൂടിയാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിന് സിദ്ദ് ശ്രീറാമിന്റെ ശബ്ദവുമായി വളരെ സാമ്യം ഉണ്ട്. പാട്ടെഴുത്തിന്റെ സമയത്ത് ഞാൻ വിചാരിച്ചത് അദ്ദേഹം പാടും എന്നാണ്. അദ്ദേഹം അത് പാടിക്കേട്ടപ്പോഴാണ് സിദ്ദ് അത് പാടിയാൽ എത്രത്തോളം റീച്ച് കിട്ടും എന്നതിനെക്കുറിച്ച് ചിന്തിച്ചത്. പിന്നെ പാട്ടിൽ സിദ്ദിന്റെ കയ്യൊപ്പ് പതിയുമ്പോൾ വലിയ വ്യത്യാസം ഉണ്ടാകുമല്ലോ. അതുകൊണ്ടുതന്നെയായിരിക്കാം ഒരു കോടിയിലധികം ആസ്വാദകരെ നേടാൻ ആ പാട്ടിനു സാധിച്ചത്.   

          

ചെന്നൈയിൽ വച്ചാണ് റെക്കോർഡിങ് നടന്നത്. ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. സിദ്ദ് ശ്രീറാമിന് മലയാളം അറിയില്ല. അതു മാത്രമല്ല അമേരിക്കയിൽ ജനിച്ചു വളർന്ന ആളായതു കൊണ്ട് അമേരിക്കൻ ശൈലിയിലുള്ള ഇംഗ്ലിഷ് ആണ് സംസാരിക്കുന്നത്. സിദ്ദിന് ചില അക്ഷരങ്ങൾ വഴങ്ങിയിരുന്നില്ല. ഉച്ചാരണം ശരിയായില്ലെങ്കിൽ തുറന്നു പറയണമെന്നും അത് തിരുത്തി പാടാം എന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ സമയം കൊണ്ടു തന്നെ സിദ്ദ് ഉച്ചാരണം ശരിയാക്കുകയും വളരെ നന്നായി പാടുകയും ചെയ്തു.

 

സൗഹൃദങ്ങൾ കരുത്തായി

 

ട്രാൻസിന്റേത് വളരെ വലിയ ടീം ആണ്. അൻവർ റഷീദ്, അമൽ നീരദ്, റസൂൽ പൂക്കുട്ടി എന്നിവരോടൊപ്പം ഫഹദ് ഫാസിലിനെപ്പോലുള്ള മുഖ്യധാരാ താരങ്ങളും അണിനിരക്കുന്നു. രണ്ട് വർഷം മുൻപാണ് ട്രാൻസിൽ വർക്ക് ചെയ്യാൻ അവസരം കിട്ടിയത്. ഇത്രയും വലിയ ടീമിനൊപ്പം പ്രവർത്തിക്കുന്നതിന്റെ ആകാംക്ഷ ഉണ്ടായിരുന്നു. ഒപ്പം അൽപം ഭയവും. എന്നാൽ പിന്നെ അത് മാറി. ട്രാൻസിനു വേണ്ടി പാട്ടെഴുതിയ ശേഷമാണ് ‘വരത്തൻ’ എന്ന ചിത്രത്തിനു വേണ്ടി എഴുതിയത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചതോടെ അമൽ നീരദുമായി പരിചയപ്പെട്ടു. വരത്തനിലൂടെ അമൽ ചേട്ടനുമായി കൂടുതൽ അടുത്തു. 

 

അൻവർ റഷീദുമായി എനിക്ക് പരിചയം ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം വളരെ കൂൾ ആണെന്ന് ഒപ്പം പ്രവർത്തിച്ചപ്പോൾ മനസ്സിലായി. അദ്ദേഹം നിർമിച്ച പറവ എന്ന ചിത്രത്തിലെ പാട്ടുകളെഴുതിയത് ഞാൻ ആണ്. ട്രാൻസിനു വേണ്ടി പ്രവർത്തിച്ച രണ്ടു വർഷവും വളരെ സന്തോഷം നിറഞ്ഞതായിരുന്നു. റെക്സ് ചേട്ടനാണ് (റെക്സ് വിജയൻ) ആണ് ഈ ചിത്രത്തിലെ പാട്ടെഴുതാൻ എന്റെ പേര് നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ ജാക്‌സൺ വിജയൻ ആണ് ചിത്രത്തിനു വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത്. 

 

എന്റെ പാട്ടിഷ്ടങ്ങൾ

 

ശ്രോതാവ് എന്ന നിലയിൽ മെലഡി ഗാനങ്ങൾ കേൾക്കാനാണ് കൂടുതൽ ഇഷ്ടം. ആളുകൾക്ക് ആവർത്തിച്ചു കേൾക്കാൻ തോന്നത്തക്ക വിധത്തിലുള്ള പാട്ടുകൾ എഴുതണമെന്നാണ് ആഗ്രഹം. സിനിമ ഇറങ്ങി കുറച്ചു കാലം കഴിഞ്ഞാലും കേൾക്കാൻ തോന്നുന്ന പാട്ടുകളായിരിക്കണം അവ. 

പിന്നെ എല്ലാ പാട്ടുകളും അങ്ങനെയാകണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല. സിനിമയ്ക്ക് വേണ്ടിയാണല്ലോ എഴുതുന്നത്. സിനിമയോടും കഥാപാത്രത്തോടും നീതി പുലർത്തണം. ബാക്കിയൊക്കെ ഭാഗ്യമാണ്.

 

ആരാധികയ്ക്ക് അഭിനന്ദനം

 

അമ്പിളിയിലെ ‘ആരാധികേ’ എന്ന പാട്ട് കേട്ടിട്ട് നടൻ സിദ്ദിഖ് ഇക്ക, വിനീത് ശ്രീനിവാസൻ എന്നിവർ വിളിച്ചിരുന്നു. സിദ്ദിഖ് ഇക്ക നേരിട്ട് കാണമെന്ന് പറയുകയും ചെയ്തു. വിനീതേട്ടനെ നേരിട്ട് കണ്ടു. ഇൻഡസ്ട്രിയിൽ ഉളള ആളാണെങ്കിലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. അതിനു ശേഷം അദ്ദേഹം നിർമിച്ച ഹെലനിൽ പാട്ടെഴുതാൻ അവസരം ലഭിച്ചു. 

 

ഞാനും എന്റെ ആരാധികയും

 

പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കുമ്പോഴാണ് അഞ്ജലിയെ പരിചയപ്പെടുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. എല്ലാ കാര്യത്തിനും പിന്തുണയ്ക്കുന്ന ആളാണ് അഞ്ജലി. ഞാൻ കുറച്ചു കാലം ചെന്നൈയിൽ ജോലി ചെയ്തിരുന്നു. അതുപേക്ഷിച്ചാണ് പാട്ടെഴുത്തിലേക്ക് തിരിഞ്ഞത്. അപ്പോഴും അഞ്ജലിയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. അമ്പിളിയിലെ  ‘ആരാധികേ...’ എന്ന ഗാനം അഞ്ജലിയെ ഓർത്തുതന്നെ എഴുതിയതാണ്. അതിന്റെ വരികൾ അവളെ കേൾപ്പിച്ചിരുന്നില്ല. ഒരു പാട്ട് എഴുതിയിട്ടുണ്ടെന്നും അത് പുറത്തിറങ്ങുമ്പോൾ കേട്ടാൽ മതി എന്നും പറഞ്ഞു. ആൾക്ക് ആ ഗാനം ഒരുപാട് ഇഷ്ടമാണ്. പവിഴമഴയും ആരാധികയും ഒക്കെ ഇടയ്ക്കിടയ്ക്ക് പാടി നടക്കാറുണ്ട്. 

 

അറിയാതിരുന്നപ്പോഴും ആരാധന

 

ചെറുപ്പം മുതൽ വിദ്യാസാഗർ സാറിന്റെ പാട്ടുകൾ ഇഷ്ടമായിരുന്നു. എന്നാൽ അത് അദ്ദേഹത്തിന്റേതാണെന്ന് അറിയില്ലായിരുന്നു എന്നതാണ് സത്യം. പിന്നീടാണ് അക്കാര്യം ഞാൻ തിരിച്ചറിഞ്ഞത്. അതിനു ശേഷം ആ പേരിനോടും അദ്ദേഹത്തിന്റെ പാട്ടുകളോടും ആരാധനയായിരുന്നു. ചെന്നൈയിൽ എത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കാണാനും സാധിച്ചു. അദ്ദേഹത്തിന്റെ എല്ലാ പിറന്നാളിനും നേരിൽ പോയി കണാറുണ്ട്. എപ്പോഴും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നു.  

 

സിനിമയിലെ ഹരിശ്രീ

 

ആദ്യ കാലത്തൊക്കെ ഞാനെഴുതിയ പാട്ട് ആദ്യം കേട്ടിരുന്നത് അമ്മയാണ്. അമ്മയും അച്ഛനും നല്ല പിന്തുണ നൽകിയിരുന്നു. ലയോള കോളജില്‍ നിന്നാണ് ഞാൻ ബിരുദം നേടിയത്. അവിടെ ഒപ്പം പഠിച്ച വിഷ്ണു ശ്യാം സിനിമയിലേക്ക് വരുന്നതിന് എന്നെ ഒത്തിരി സഹായിച്ചു. ഞങ്ങൾ വളരെ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി. അവൻ സംഗീതം ചെയ്യുന്ന ട്യൂണുകൾക്ക് ഞാൻ വരികൾ എഴുതിയിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് സിനിമ സ്വപ്‌നം കണ്ടു. 2013–ൽ കുട്ടീം കോലും എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമയിലേക്കെത്തിയത്. അതിനു വേണ്ടി 2012–ൽ വരികൾ എഴുതി. രണ്ടാമത്തെ ചിത്രം ഷാൻ റഹ്മാൻ ചേട്ടനൊപ്പം ആയിരുന്നു. എല്ലാവരുടെയും പരിപൂർണ പിന്തുണ എനിക്കു ലഭിച്ചു. വിഷ്ണു ഇപ്പോൾ മോഹൻലാൽ ചിത്രം റാമിന് വേണ്ടി പ്രവർത്തിക്കുകയാണ്. 

 

നല്ലപാഠം പകർന്നവർ

 

ഓരോ സംഗീതസംവിധായകരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും. പരിചയസമ്പന്നരായവർക്ക് അവരുടേതായ ചില ചിട്ടകൾ ഉണ്ടാകും. അവർക്ക് ഒരുപാട് ജീവിതാനുഭവങ്ങളും ഉണ്ടാകും. അവയെല്ലാം കേട്ടിരിക്കാൻ എനിക്ക് താത്പര്യമാണ്. അതുപോലെ ചിലരുടെ പാട്ടുകൾ‍ കേട്ട് എനിക്ക് വളരെയധികം ആരാധന തോന്നിയിട്ടുണ്ട്. ആ പാട്ടുകളൊക്കെ പിറന്ന വഴികളെക്കുറിച്ച് അറിയാൻ ഞാൻ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. പുതിയ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോൾ കുറച്ചുകൂടി സ്വാതന്ത്ര്യം തോന്നും. രണ്ടു തരത്തിലുള്ള ആളുകൾക്കൊപ്പവും ജോലി ചെയ്യുന്നത് ഞാൻ ആസ്വദിക്കാറുണ്ട്.  

 

തമിഴ് പാട്ട് പരീക്ഷണം

 

ചെന്നൈയിൽ താമസിച്ചു എന്ന ഒറ്റ ധൈര്യത്തിലാണ് ‘ഹായ് ഹലോ കാതൽ’ എന്ന തമിഴ് ഗാനം ചെയ്തത്. ആ സംഗീത ആൽബത്തിൽ ആദ്യം എ.ആർ. റഹ്മാന്റെ പഴയ ഗാനം ചേർക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് പഴയ രീതിയിൽ ഒരു പുതിയ ഗാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിഷ്ണു ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചത്. തമിഴിൽ ഒരാളെ കൊണ്ട് പാട്ടെഴുതിക്കാനുളള സമയവും സാമ്പത്തിക ശേഷിയും ഇല്ലാത്തതു കൊണ്ട് ഞാൻ തന്നെ എഴുതി തമിഴ് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു. തെറ്റുകൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കമ്പോസ് ചെയ്തത്. അതിനു ശേഷം മലയാളത്തിൽനിന്നു തന്നെ തമിഴ് ഗാനങ്ങൾ എഴുതാൻ അവസരം ലഭിച്ചിരുന്നു.  

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com