ADVERTISEMENT

ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി വന്ന്, അതിലെ മത്സരാർത്ഥികളെക്കാൾ പ്രേക്ഷകശ്രദ്ധ നേടുക... സിനിമയിൽ പാടാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ആരാധകർ സംഗീതസംവിധായകർക്ക് തുടർച്ചയായി സന്ദേശങ്ങൾ അയയ്ക്കുക ... ഇതെല്ലാം വളരെ അപൂർവമായി സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ, ഇങ്ങനെയൊക്കെയാണ് കണ്ണൂർ ഷരീഫ് എന്ന പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്റെ ജീവിതത്തിൽ അടുത്തിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

 

മാപ്പിളപ്പാട്ട് ഗായകൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന കണ്ണൂർ ഷരീഫ് ടെലിവിഷൻ പ്രേക്ഷകർക്കു മുന്നിൽ പാടി അവതരിപ്പിച്ച സിനിമാപ്പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത്രയും ഫീലോടു കൂടി ഈ പാട്ടുകൾ പാടാൻ കഴിയുമോ എന്ന അദ്ഭുതമായിരുന്നു ആസ്വാദകരുടെ മനസു നിറയെ! ചങ്കു പറിച്ചെടുക്കും വിധം അപാര ഫീലിൽ കണ്ണൂർ ഷരീഫ് പാടുന്നതു കേൾക്കുമ്പോൾ ആ പാട്ടിനോടും പാട്ടുകാരനോടും അത്രമേൽ ഇഷ്ടം തോന്നിപ്പോകും. ആ ഇഷ്ടമാണ് മലബാറിന്റെ ഈ പാട്ടുകാരനെ സംഗീതപ്രേമികളുടെ ഇടയിൽ പ്രശസ്തനാക്കിയത്. 

kannur-shereef-1

 

കാൽനൂറ്റാണ്ടിലേറെയായി കണ്ണൂർ ഷരീഫ് വേദികളിൽ പാടാൻ തുടങ്ങിയിട്ട്! മാപ്പിളപ്പാട്ടും ലളിതസംഗീതവും ശാസ്ത്രീയ സംഗീതവും അനായാസം പാടുന്ന ഈ ഗായകനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചില്ലെന്നാണ് ആരാധകരുടെ പരിഭവം. എന്നാൽ, അത്തരം പരിഭവങ്ങളൊന്നും തന്നെ ഗായകനില്ല. "എനിക്ക് സിനിമയിൽ പാടാനുള്ള പക്വത ഉണ്ടെന്ന് അറിയില്ലല്ലോ," പുഞ്ചിരിയോടെ കണ്ണൂർ ഷരീഫ് ചോദിക്കുന്നു. 'പാട്ടു പാടി ജീവിക്കാൻ പറ്റുമോ', 'കലാകാരന്മാർ മദ്യപിച്ച് നടക്കുന്നവരല്ലേ' എന്നൊക്കെയുള്ള സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കുമുള്ള മറുപടി സ്വന്തം ജീവിതം കൊണ്ടു നൽകിയ കണ്ണൂർ ഷരീഫ് മനോരമ ഓൺലൈനിൽ തന്റെ ജീവിതത്തെക്കുറിച്ചും പാട്ടുവഴികളെക്കുറിച്ചും സംസാരിക്കുന്നു. 

 

ഉമ്മ നൽകിയ കരുത്ത്

 

വീട്ടിലെപ്പോഴും പാട്ടുണ്ടായിരുന്നു. എന്റെ ചേട്ടൻ പാടുമായിരുന്നു. ഒഴിവുസമയങ്ങളിലൊക്കെ ഉപ്പയും ചേരും. എന്റെ ചെറുപ്പത്തിൽ തന്നെ ഉപ്പ മരിച്ചു. പിന്നെ ഉമ്മയായിരുന്നു എല്ലാം. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് ചെറുപ്പത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചത്. കർണാടക സംഗീതം പഠിക്കുന്നത് ഒരു തെറ്റാണെന്ന ചിന്തയുള്ള കാലഘട്ടമായിരുന്നു. പക്ഷേ, ഉമ്മയുടെ പിന്തുണ വലുതായിരുന്നു. എന്നെ ശാസ്ത്രീയസംഗീതം അഭ്യസിപ്പിച്ചോട്ടെ എന്ന ആവശ്യവുമായി സംഗീത അധ്യാപിക വിശാലാക്ഷി ടീച്ചർ ഉമ്മയുടെ അടുത്തെത്തി. സപ്തസ്വരങ്ങളല്ലാതെ മറ്റൊന്നും പഠിപ്പിക്കില്ലെന്ന് വാക്കു നൽകിയാണ് ടീച്ചർ എനിക്ക് സംഗീതം പറഞ്ഞു തന്നത്. സംഗീതമല്ലേ... അതിൽ മോശമായി ഒന്നുമില്ലല്ലോ എന്നായിരുന്നു എന്റെ ഉമ്മയുടെ നിലപാട്. കുടുംബക്കാർക്കുണ്ടായിരുന്ന ചെറിയ നീരസമൊക്കെ പിന്നീട് മാറി. എന്നോടു ഉമ്മ പറയും, ഉദ്ദേശം നല്ലതാണെങ്കിൽ ഒരിക്കലും പരാജയപ്പെടില്ല എന്ന്. ഈ വാക്കുകളാണ് എന്റെ കരുത്ത്.

 

ജീവിതമായിരുന്നു മറുപടി

kannur-shreef-2

 

പാട്ടു പാടി ജീവിക്കാൻ പറ്റുമോ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. നല്ല ഒരു പെണ്ണിനെപ്പോലും കിട്ടില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഒരു ജോലി വേണമെന്ന നിർബന്ധം കാരണം ഞാൻ കുറച്ചുകാലം ഒരു കൊറിയർ സർവീസിൽ ജോലിക്കു പോയി. പക്ഷേ, അപ്പോഴേക്കും എനിക്കു നിറയെ പ്രോഗ്രാമുകൾ കിട്ടാൻ തുടങ്ങി. അങ്ങനെ ആ ജോലി ഒഴിവാക്കി. എനിക്ക് പറഞ്ഞ പണി പാട്ടാണ് എന്നു ഞാൻ തന്നെ തിരിച്ചറിഞ്ഞു. വീട്ടുകാരൊക്കെ പ്രധാനമായും പറഞ്ഞിരുന്ന കാര്യം, പാട്ടുകാരൊക്കെ ഭയങ്കര മദ്യപാനികളാണ് ... അവർക്ക് ജീവിതമില്ല... എന്നൊക്കെയായിരുന്നു. അന്നു ഞാനൊരു തീരുമാനമെടുത്തു, ഈ ധാരണ തിരുത്തണമെന്ന്! പാട്ടിലൂടെ നന്നായി ജീവിച്ചു കാണിച്ചുകൊടുക്കണമെന്ന്. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയത് ആ വാശിയായിരുന്നു. 

 

ആ തീരുമാനത്തിന് മാറ്റമില്ല

 

ചില പരിപാടികൾക്കു പോയാൽ അതിൽ നിറയെ മദ്യപാനികളാകും. അതിലേക്ക് എന്നെയും വിളിക്കാറുണ്ട്. കുറച്ചു കഴിച്ചാൽ ശബ്ദത്തിന് നല്ലതാണെന്നൊക്കെ പറയും. ഞാൻ ആ കൂട്ടത്തിൽ പോകാറില്ല. അപ്പോൾ അവർ പറയും, ഞാൻ മുസ്ലിം ആയതുകൊണ്ടാണെന്ന്! മതത്തിന്റെ പേരു പറയേണ്ട ആവശ്യമില്ല. എനിക്കു താൽപര്യം ഇല്ലാത്തതുകൊണ്ടാണ്. കാരണം ബോധമില്ലാത്ത ഒരു അവസ്ഥ എനിക്ക് ആവശ്യമില്ല. എന്തു ചെയ്യുന്നതും ബോധത്തോടെ വേണമെന്നൊരു ഉറച്ച തീരുമാനം എനിക്കുണ്ടായിരുന്നു. എന്റെ എതിക്സ് വിട്ട് ഞാൻ ഒന്നും ചെയ്യില്ല. അന്നും ഇന്നുമുള്ള എന്റെ വലിയ തീരുമാനമാണ് ഇത്. 

 

അവസരങ്ങൾ ചോദിക്കാറില്ല

 

അഞ്ചു വർഷം മുൻപാണ് ഞാൻ ആദ്യമായി സിനിമയിൽ പാടിയത്. അഫ്സൽ യൂസഫിന്റെ സംഗീതത്തിൽ ജയവിജയന്മാരിലെ ജയൻ മാഷിനൊപ്പം ഒരു അയ്യപ്പഭക്തിഗാനം. ഗോഡ് ഫോർ സെയിൽ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. 'നീലക്കാടിനു മുകളിലെ' എന്നു തുടങ്ങുന്ന ഗാനം. ഇപ്പോൾ നാദിർഷയുടെ ദീലീപ് ചിത്രം 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിൽ പാടി. വേറെയും രണ്ടു ചിത്രങ്ങളിൽ ഇപ്പോൾ പാടിക്കഴിഞ്ഞു. ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിൽ വിധികർത്താവായി മുൻപും ഇരുന്നിട്ടുണ്ട്. അതുകൊണ്ട് സംഗീതസംവിധായകരുമായി നല്ല അടുപ്പമുണ്ട്. പിന്നെ, മാപ്പിളപ്പാട്ടാണ് എന്റെ മെയ്ൻ എന്നാണ് എല്ലാവരും കരുതുക. ഞാൻ പോയി ആരോടും അവസരം ചോദിച്ചിട്ടില്ല. എനിക്ക് അതിന് ചമ്മലാണ്. 

 

അവർക്ക് അതൊരു വികാരമാണ്

 

പ്രവാസികൾ നൽകുന്നത് വലിയ പിന്തുണയാണ്. മാപ്പിളപ്പാട്ട് ഒരു വികാരമായി കൊണ്ടു നടക്കുന്നവരാണ് അവരിൽ പലരും. കടുത്ത ആരാധകർ! ചിലർ സിനിമാപ്പാട്ടു പോലും കേൾക്കാറില്ല. അവരു പറയും.. ഇങ്ങള് സിനിമാപാട്ടൊന്നും പാടണ്ടാ... അത് പാടാൻ കുറെപ്പേർ ഇണ്ടല്ലോ... ഇങ്ങള് മാപ്പിളപ്പാട്ട് പാടിയാൽ മതി, എന്ന്! അത്രയും ഇഷ്ടം കൊണ്ടാണ്! ഞാൻ അത് മാനിക്കാറുണ്ട്. എല്ലാ തരത്തിലുമുള്ള പാട്ടു പാടാൻ ഏതൊരു ഗായകനും ആഗ്രഹിക്കുന്ന പോലെയുള്ള ആഗ്രഹങ്ങൾ എനിക്കുമുണ്ട്. 

 

നല്ല മനുഷ്യനായാൽ മതി

 

എല്ലാവരും നല്ലതു പറയുമ്പോഴല്ലേ ഒരു കലാകാരൻ അംഗീകരിക്കപ്പെടുന്നത്. ആദ്യം മാപ്പിളപ്പാട്ടിന്റെ ആസ്വാദകർ മാത്രമാണ് എന്നെ തിരിച്ചറിയാറുള്ളത്. പക്ഷേ, ഇപ്പോൾ എല്ലാവരും എന്നെ തിരിച്ചറിയുന്നു. ഒരു പാട്ടുകാരനായാൽ അങ്ങനെ ആവണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ ഹാപ്പിയാണ്. പിന്നെ, പാട്ടു പാടുന്നതിനെക്കാൾ  സന്തോഷം വേറെന്തിനാണുള്ളത്. സന്തോഷം വന്നാലും, സങ്കടം വന്നാലും എന്റെ മനസിൽ പാട്ടുണ്ടാകും. 'നല്ലൊരു പാട്ടുകാരൻ' എന്നു പറയുന്നതിനെക്കാൾ 'നല്ലൊരു മനുഷ്യൻ' എന്നു എന്നെക്കുറിച്ച് പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com