ആ സ്റ്റൈൽ ഹിറ്റ്‌... പ്രിയനായി പിയാനോ സ്റ്റീഫൻ

ralfin-stephen
SHARE

കവര്‍ വേര്‍ഷനുകളും അണ്‍പ്ലഗ്ഡ്് വിഡിയോകളും പുതിയ കാല സംഗീത ആസ്വാദന രീതികളെ മാറ്റി എഴുതിയവയാണ്. ചില നേരം ഒറിജിനല്‍ ഗാനത്തേക്കാള്‍ ഭംഗി തോന്നും. ചിലപ്പോള്‍ ആ പാട്ടിന് ഇത്രയും ഭംഗിയുണ്ടായിരുന്നോ എന്ന തിരിച്ചറിവാകും നല്‍കുക. മറ്റു ചിലപ്പോഴാകട്ടെ ആ നല്ല പാട്ടിനെ നശിപ്പിച്ചു എന്നാവും മനസ്സില്‍ വരിക. എന്തുതന്നെയായാലും അങ്ങനെ കേള്‍വിയിലേക്കു വന്ന അനേകം പാട്ടുകളിലൂടെയാണ് മുന്‍പെങ്ങുമില്ലാത്തവിധം ഓര്‍ക്കസ്ട്രയേയും കൂടി നമ്മള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അങ്ങനെ പരിചിതനായ ഒരു വാദ്യോപകരണ വിദഗ്ധനാണ് റാള്‍ഫിന്‍ സ്റ്റീഫന്‍. റിയാലിറ്റി ഷോയിലൂടെ ഇപ്പോള്‍ കൂടുതല്‍ സുപരിചിതനായ റാള്‍ഫിൻ മനോരമ ഓൺലൈനിനൊപ്പം.

പിയാനോയുടെ വഴികളിലേക്ക്

ഞാന്‍ ആദ്യം വായിച്ചു തുടങ്ങിയത് കീബോര്‍ഡ് ആയിരുന്നു. ആന്റണി സര്‍ ആയിരുന്നു അധ്യാപകന്‍. അതിനുശേഷം സ്വന്തമായിട്ട് പിയാനോ പഠിക്കുകയായിരുന്നു. പക്ഷേ എന്റെ സ്വയംപഠനത്തില്‍ ഒരുപാട് തെറ്റുകളുണ്ടായിരുന്നു. അതെല്ലാം മായ്ച്ച് ഇന്നു കാണുന്ന പിയാനോ വാദകന്‍ ആക്കിയത് തൃശ്ശൂര്‍ ചേതന അക്കാദമിയിലെ തോമസ് ചക്കാലമുറ്റത്ത് അച്ചനാണ്.  അദ്ദേഹമാണ് ഞാന്‍ വായിക്കുന്ന രീതികളിലെ ഒരുപാട് ടെക്‌നിക്കല്‍ മിസ്റ്റേക്ക് പറഞ്ഞു തന്ന് തിരുത്തി മുന്നോട്ടു കൊണ്ടുപോയത്. രണ്ടാളെയും എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല.

ചെറുപ്പം മുതല്‍ക്കേ മ്യൂസിക് എന്റെ ഒരു ഭാഗമായിരുന്നു എന്ന് തന്നെ പറയാം പക്ഷേ ഇത് ഒരിക്കലും ഒരു പ്രൊഫഷനായി മാറുമെന്ന് കരുതിയിരുന്നില്ല. ചെറുപ്പം മുതല്‍ക്കേ ഒരുപാട് പാട്ടു കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു. പാട്ടിലെ വോയ്‌സിനേക്കാള്‍ കൗതുകം അതിലെ ഓര്‍ക്കസ്ട്രയോടായിരുന്നു. അതില്‍ ഓരോ വാദ്യോപകരണങ്ങളും കൂടിച്ചേരുന്നതും ഒന്നുമാറി മറ്റൊന്നു വരുന്നതുമൊക്കെ വലിയ ആകാംക്ഷയോടെയാണ് കേട്ടിരുന്നത്. ഡാഡിയും മമ്മിയും എനിക്കു സംഗീതത്തോടുള്ള ഇഷ്ടത്തെ എന്നും സ്‌നേഹിച്ചവരായിരുന്നു. വാദ്യോപകരണങ്ങളില്‍ ആദ്യം കൈവച്ചത് തബല പിന്നെ കീബോര്‍ഡ് അങ്ങനെയായിരുന്നു പഠിച്ചു തുടങ്ങിയത്. പതിയെ ഷോകള്‍ ചെയ്തു തുടങ്ങി. പക്ഷേ ഞാന്‍ പറഞ്ഞില്ലേ ഇതൊരു പ്രൊഫഷന്‍ ആക്കി എടുക്കണം എതൊന്നും ആലോചിച്ചിരുന്നില്ല. ഏത് ഫീല്‍ഡില്‍ നിന്നാലും സംഗീതം ഒപ്പം കാണും എന്നേ ചിന്തിച്ചിരുന്നുള്ളൂ. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി എട്ട് വര്‍ഷത്തോളം ജോലി ചെയ്തു. അതോടൊപ്പം തന്നെ കീബോര്‍ഡ് പ്ലെയര്‍ ആയിട്ട് ഓര്‍ക്കസ്ട്രയോടൊപ്പം ഒരുപാട് ഷോകള്‍ ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ വച്ച് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തേ മതിയാവൂ എന്ന ഒരു ഘട്ടം വന്നപ്പോള്‍ വന്നപ്പോള്‍ ഞാന്‍ സംഗീതം തിരഞ്ഞെടുത്തു. കാരണം പിയാനോയും വേദികളുമില്ലാതെ എനിക്ക് ജീവിക്കാനാകില്ല എന്നു തോന്നി. സോഫ്റ്റ്‌വെയറിലെ പണികള്‍ ഇല്ലെങ്കിലും മനസ്സ് എവിടെയും തട്ടിനിന്നു പോകില്ല. പക്ഷേ സംഗീതമില്ലായെങ്കില്‍ ആകെ ഓഫ് ആയ പോലെ തോന്നി. സോഫ്റ്റ്‌വെയർ ഡെവലപ്പര്‍ ആയി പോകുന്നതിന് ബുദ്ധിമുട്ടില്ല. പക്ഷേ സംഗീതം മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പര്‍ ആയി മുന്നോട്ടു പോകാന്‍ പറ്റില്ല എനിക്ക് മനസ്സിലാക്കിയതുകൊണ്ട് ഞാന്‍ മ്യൂസിക് ഒരു ഫുള്‍ടൈം പ്രൊഫഷനമായി തെരഞ്ഞെടുക്കുകയായിരുന്നു.

ആ വാക്കുകള്‍

ജീവിതത്തിലെ വഴിത്തിരിവ് അല്ലെങ്കില്‍ ഒരു ചെയ്ഞ്ചിങ് മൂവ്‌മെന്റ് എന്നൊക്കെ പറയുന്നത് അക്കാര്യമാണ്. പതിവുപോലെ ജോലിയൊക്കെ കഴിഞ്ഞുള്ള വൈകുന്നേരങ്ങളിലെ സംഗീതപരിപാടികളില്‍ ഒരെണ്ണം ഒരു ഹോട്ടലില്‍ ആയിരുന്നു. പരിപാടിയില്‍ മുഖ്യാതിഥി ഉസ്താദ് അംജദ് അലി ഖാന്‍ ആയിരുന്നു. എനിക്ക് അക്കാര്യം അറിവുണ്ടായിരുന്നില്ല. പരിപാടിയൊക്കെ കഴിഞ്ഞതിനുശേഷം ഹോട്ടല്‍ മാനേജര്‍ വന്നു കണ്ടിട്ട് പറഞ്ഞു അദ്ദേഹത്തിന് എന്നെ കാണണം റൂമിലേക്ക് വരാമോ എന്ന്. ഞാന്‍ പേടിച്ചാണ് പോയത്. പക്ഷേ എന്‌റെ പിയാനോ വായന അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. എന്‌റെ കയ്യില്‍ പിടിച്ചിട്ടായിരുന്നു സംസാരിച്ചിരുന്നത്. അല്‍പം പരിഭവത്തിലായിരുന്നു സംസാരം. ഞാന്‍ ഫുള്‍ ടൈം സംഗീതഞ്ജനാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ദൈവത്തിന്റെ അനുഗ്രഹം ഉള്ളവര്‍ക്കേ സംഗീതജ്ഞനാകാനും മാത്രമല്ല, എല്ലാവരുടേയും മനസ്സുനിറയും വരെയും അത് അവതരിപ്പിക്കാനുമാകൂ. അതുകൊണ്ട് പിയാനോ വായിക്കേണ്ട കൈകള്‍ കംപ്യൂട്ടറിനു കൊടുക്കേണ്ട എന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറകാന്‍ ആയിരക്കണക്കിന് ആളുകള്‍ കാണും. പക്ഷേ സംഗീതജ്ഞനാകുക അതില്‍ ഒരാള്‍ മാത്രമാകും എന്ന്. ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പിന്റെ ആവശ്യകത വന്നപ്പോള്‍ എന്നെ സ്വാധീനിച്ചത് ഈ വാക്കുകളാണ്.

സ്വപ്‌നം

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ സംഗീതത്തെയും സംസ്‌കാരത്തെയും സംഗീതത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒരു സംഗീതജ്ഞന്‍ ആവുക എന്നതാണ് സ്വപ്നം. സ്വന്തം സംഗീതത്തോടൊപ്പം സഞ്ചരിച്ച് അവരുടെ രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രദേശത്തിന്‌റെ തന്നെ ശബ്ദമായി മാറിയ മനുഷ്യരുണ്ട്. എനിക്ക് അതുപൊലൊരു സംഗീതജ്ഞനാകണം. ആഗ്രഹങ്ങള്‍ ഒരുപാടുണ്ട്. അത്യാഗ്രഹം ആണോ എന്നറിയില്ല. എങ്കിലും ശ്രേയ ഘോഷാല്‍, ഹരിഹരന്‍ എന്നിവര്‍ക്കായി പിയാനോ വായിക്കണം, എ.ആര്‍.റഹ്മാനൊപ്പം ഒരു അണ്‍പ്ലഗ്ഡ് വിഡിയോ ഇന്ത്യക്ക് പുറത്തുള്ള ജാസ് സംഗീതജ്ഞരുമായുള്ള ജാമിങ് ഇതൊക്കെയാണ്. നടക്കുമോ എന്നറിയില്ല, എങ്കിലും എന്താണ് ആഗ്രഹം എന്നു ചോദിച്ചാല്‍ പറയാന്‍ ഇതൊക്കെയാണുള്ളത്. ഇതൊക്കെ നടന്നാലും ഇല്ലെങ്കിലും ഒരുകാര്യം എനിക്കുറപ്പാണ് ഞാന്‍ എത്രനാള്‍ ഈ പിയാനോയ്‌ക്കൊപ്പം വേദികളില്‍ കയറുമോ അന്നെല്ലാം ഞാന്‍ ഏറ്റവും സന്തോഷത്തോടെയാകും ഉറങ്ങുക എന്ന്.

സോഷ്യല്‍ മീഡിയയും റിയാലിറ്റി ഷോയും

സോഷ്യല്‍ മീഡിയയിലുള്ളവര്‍ എപ്പോഴും എനിക്ക് പിന്തുണ തന്നിട്ടുള്ളവരാണ്. ഇന്നത്തെ കാലത്ത് മീഡിയയുടെ സ്വാധീനം എത്രമാത്രമാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. അവരാണ് ഞാനും കൂടി ഭാഗമായ റിയാലിറ്റി ഷോയിലെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങളുടെ വിഡിയോകളെ പ്രശസ്തമാക്കിയത്. എനിക്ക് എന്നും സോഷ്യല്‍ മീഡിയയോട് നന്ദിയേയുള്ളൂ. ഒരു തരത്തിലുള്ള നെഗറ്റീവ് അനുഭവങ്ങളും എനിക്ക് അതുകൊണ്ട് ഉണ്ടായിട്ടില്ല.

ഇത്രയുംകാലം എന്റേതായ ഒരു സ്‌പേസ് കണ്ടെത്തി അതില്‍ നിന്നുകൊണ്ട് മുന്നോട്ടു പോയിരുന്ന ഒരാളാണ് ഞാന്‍. ഏതെങ്കിലും ഒരു പ്രത്യേക സംഗീതശാഖയില്‍ ഒതുങ്ങി നിന്നുകൊണ്ട് പിയാനോ വായിച്ച ഒരാളല്ല. റിയാലിറ്റി ഷോയില്‍ വരുമ്പോള്‍ അവിടെ പലതരം സംഗീതശാഖകളില്‍ നിന്നുള്ള പാട്ടുകളാണ് കുട്ടികള്‍ പാടുന്നത്. അതിനൊപ്പം വായിക്കാന്‍ പറ്റുമോ എന്നുള്ളത് ഒരു സംശയം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും എന്നെകൊണ്ടിത് പറ്റില്ല ചേട്ടാ...എന്നു സംവിധായകനോട് പറഞ്ഞൊഴിയാന്‍ നോക്കിയിട്ടുണ്ട് ഞാന്‍. പക്ഷേ അദ്ദേഹം വിടാന്‍ തയ്യാറായില്ല...റാള്‍ഫിന്‍ വീട്ടില്‍ പോയി ഹോം വര്‍ക്ക് ചെയ്. എന്നിട്ടു വായിച്ചാല്‍ മതി എന്നു പറഞ്ഞാണ് മുന്നോട്ട് നയിച്ചത്. ആ വാക്കുകള്‍ എന്റെ സംഗീതത്തേയും അറിയുന്നവരുടെ എണ്ണത്തില്‍ പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എന്തു നേടുമോ അത് എന്നെയും എനിക്ക് പത്ത് മാസം കൊണ്ടു സമ്മാനിച്ചു. സോഷ്യല്‍ മീഡിയ ആണ് അതിനു പ്രധാന കാരണം.  

മത്സരങ്ങളുടെ ലോകം

ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യം ഞാനും എനിക്കു ചുറ്റുമുള്ള ലോകം മുഴുവനും വളരെ സമാധാനത്തോടെ മുന്നോട്ടുപോകണമെന്നാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ കോംപറ്റീഷന്‍ എന്നതു മനസ്സിലേക്ക് വരില്ല. മത്സരിക്കുമ്പോള്‍ സമാധാനവും ശാന്തിയും ഉണ്ടാകില്ലല്ലോ. പക്ഷേ ഏത് രംഗത്തായാലും മത്സരം എന്നു പറയുന്നത് ഒരു വസ്തുത തന്നെയാണ.് പക്ഷേ എന്നെ സംബന്ധിച്ച് അത്തരം കാര്യങ്ങളോര്‍ത്ത് ആശങ്കകളോ ടെന്‍ഷനോ ഇല്ല. ഞാന്‍ വിശ്വസിക്കുന്നത് ലോകം മുഴുവനുള്ള സംഗീതജ്ഞര്‍ ഒരുമിച്ച് നിന്ന് പെര്‍ഫോം ചെയ്താലും ഓരോരുത്തരേയും ഓരോ രീതിയില്‍ തന്നെ ആയിരിക്കും പ്രേക്ഷകര്‍ സ്വീകരിക്കുന്നതും അവരുടെ മനസ്സിലേക്ക് അത് ചേക്കേറുന്നതും. ഒരു വ്യക്തിക്കും മറ്റൊരു വ്യക്തിയുടെ കഴിവോ ശൈലിയോ പൂര്‍ണമായും അനുകരിക്കാനാകില്ല. അതുകൊണ്ട് നമ്മുടെ പാട്ടു കേള്‍ക്കേണ്ടവര്‍ നമ്മെ തന്നെ തേടിവരും. അവസരങ്ങളും അതുപോലെ തന്നെ. നമ്മള്‍ മറ്റുള്ളവരുടെ കഴിവിനെ കുറിച്ച് ഓര്‍ത്തോ അവരോട് കോമ്പറ്റീഷന്‍ നടത്തുന്നതിനെ കുറിച്ചോര്‍ത്തോ ആശങ്കപ്പെടാന്‍ നില്‍ക്കാതെ സ്വന്തം രീതിയില്‍ നന്നായി പ്രാക്ടീസ് ചെയ്ത് സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ടു പോയാല്‍ മതി എന്നാണ്. സംഗീതം മനുഷ്യമനസ്സുകളിലെ മുറിവുണക്കാനും പ്രതീക്ഷ നിറയ്ക്കാനുമുള്ളതാണ്. ആ സംഗീതം നല്‍കേണ്ടവര്‍ സ്വയം മുറിപ്പെടേണ്ട കാര്യം ഇല്ലല്ലോ.

പിന്നെ കലാകാരന്‍മാരായാല്‍ പൊതുവെ കേള്‍ക്കേണ്ടൊരു ചോദ്യമാണ് ഒരു സ്ഥിരമായ വരുമാനം ഉണ്ടാവില്ലല്ലോ എന്നത്. ഒരു ദിവസം ഉറങ്ങാന്‍ കിടന്നിട്ടു നമ്മള്‍ പിറ്റേന്ന് ഉണരും എന്നുപോലും ഒരു ഉറപ്പും ഇല്ല എന്ന ഫിലോസഫിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് എന്നെ അത്തരം കമന്റുകള്‍ ഒന്നും ബാധിക്കാറില്ല.

പ്രിയമുള്ളവര്‍

മലയാളത്തിലും അതിനു പുറത്തുമുള്ള ഒരുപാട് സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി. അതെല്ലാം അനുഗ്രഹങ്ങളാണ്. പ്രിയപ്പെട്ടവരായ, സുഹൃത്തുക്കളായ സംഗീതജ്ഞര്‍ ആരാണ് എന്നു ചോദിച്ചാല്‍ വലിയ ലിസ്റ്റ് ആണത്. എങ്കിലും ചില നിമിഷങ്ങള്‍ എന്നും മനസ്സില്‍ കാണുമല്ലോ. അത് ചിത്ര ചേച്ചി, സുജാത ചേച്ചി എന്നിവര്‍ക്കായി ആദ്യമായി പിയാനോ വായിച്ചപ്പോഴായിരുന്നു. ആദ്യമായി സര്‍ക്കസ് കാണുന്ന ഒരു കൊച്ചു കുട്ടിയുടെ മനസ്സില്‍ എത്രമാത്രം ആകാംക്ഷയുണ്ടോ അതുപോലെ ആയിരുന്നു ഞാന്‍. മനസ്സില്‍ വിഗ്രഹങ്ങളായി കൊണ്ടുനടക്കുന്നവരാണിവര്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിട്ടു കാണാനാകും എന്നു പോലും ചിന്തിച്ചതല്ല.

പ്രിയമുള്ള വര്‍ക്കുകള്‍

യാനിക്കായി ഒരുക്കിയ ട്രിബ്യൂട് വിഡിയോ കംപോസ് ചെയ്യുന്ന നേരം മനസ്സില്‍ വലിയ സന്തോഷമായിരുന്നു. അതിലെ വീണയുടെ നോട്‌സുകള്‍ തയ്യാറാക്കുമ്പോള്‍ വെസ്‌റ്റേണ്‍ വാദ്യോപകരണങ്ങള്‍ക്ക് കിട്ടുന്ന അതേ സ്‌പേസ് വീണക്കും കിട്ടണം എന്നു മുന്‍നിശ്ചയിച്ചാണ് ചെയ്തത്. അതുപോലെ ജോണ്‍സണ്‍ മാഷ്, എസ്പി വെങ്കിടേഷ് സര്‍ എന്നിവരുടെ പാട്ടുകള്‍ക്ക് ചെയ്ത ട്രിബ്യൂട് വിഡിയോയ്ക്കും നല്ല പ്രതികരണം കിട്ടി. ചേട്ടാ, ഡ്രൈവ് ചെയ്യുമ്പോള്‍ ഇവ കേള്‍ക്കാനാണ് ഏറെയിഷ്ടം എന്നു ഇന്‍ബോക്‌സില്‍ മെസേജ് അയക്കാറുണ്ട് ഒരുപാടു പേര്‍. അതൊക്കെ വലിയ സന്തോഷങ്ങളാണ്.

ഒറിജിനല്‍ മാറ്റുമ്പോള്‍

കവര്‍ വേര്‍ഷനുകളും അണ്‍പ്ലഗ്ഡ് വിഡിയോകളും ചെയ്യാന്‍ ഏറെ ഇഷ്ടമാണ്. അത് ആസ്വദിച്ചാണ് ചെയ്യാറ്. ഓരോന്നും പാട്ടുകളെ ആശ്രയിച്ചിരിക്കും. ചില ഗാനങ്ങള്‍ പഴയതു പോലെ ഇരിക്കുന്നതു തന്നെയാകും ഭംഗി. അതിന്റെ ഓര്‍ക്കസ്്ട്ര മാറ്റിയാല്‍ അതിന്റെ ഭംഗി പോകും നീതികേടാകും എന്നു തോന്നുന്നവ ചെയ്യാറില്ല. രാജാ സാറിന്റെ പാട്ടുകള്‍ മിക്കതും അങ്ങനെയാണ്. അതുകൊണ്ട് അദ്ദേഹത്തിന്‌റെ പാട്ടുകളില്‍ ഓര്‍ക്കസ്ട്ര മാറ്റി ചെയ്യേണ്ടി വന്നാല്‍ പലപ്പോഴും നോ പറയാറാണ് പതിവ്. ചില പാട്ടുകള്‍ എടുക്കുമ്പോള്‍ ഇന്നത്തെ കാലത്തായിരുന്നുവെങ്കില്‍ അതിന്റെ കംപോസിങ് വേറെ രീതിയിലായിരിക്കും എന്നു തോന്നു,ം ആ കൗതുകത്തില്‍ മാറ്റി ചെയ്യാറുണ്ട്. അത് പലപ്പോഴും വിജയിച്ചിട്ടുമുണ്ട്. എന്ത് ചെയ്യുമ്പോഴും വിമര്‍ശനങ്ങളും കൂടെ കാണും, നല്ല ഭാഷയിലുള്ള വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്.

കുടുംബം

സ്വിറ്റ്‌സര്‍ലന്‍ഡിലാണ് വളര്‍ന്നത്. പിന്നെ ഞങ്ങള്‍, ഡാഡിയും മമ്മിയും ഞാനും പെങ്ങളും തൃശൂരില്‍ സ്ഥിരതാമസമാക്കി. പെങ്ങള്‍ കല്യാണം കഴിഞ്ഞ് സെറ്റില്‍ ആയി. എന്റെ ഭാര്യ അനു. ആറു വയസ്സുകാരന്‍ മകന്‍, ഏഥന്‍. നേരത്തെ പറഞ്ഞപോലെ വലിയ മത്സരബുദ്ധിയും തിരക്കുമുള്ള നിലനില്‍പിനെ കുറിച്ച് ആശങ്കപ്പെടുന്ന ഒരു 24*7 മ്യൂസിഷ്യന്‍ ആകണ്ട എനിക്കെന്ന് പറഞ്ഞതിനു കാരണം എന്റെ കുടുംബമാണ്. ഞാന്‍ അങ്ങനെയായാല്‍ എനിക്ക് അവരോടൊപ്പം ചിലവഴിക്കാനുള്ള സമയം കുറയും. ജീവിതം അത്രയും ചെറുതാണ്, എനിക്ക് മാസത്തില്‍ ഒരു പത്ത് ഷോ ചെയ്യണം എന്നേയുള്ളൂ. ബാക്കി സമയം അവര്‍ക്കൊപ്പം നില്‍ക്കണം, സമാധാനമായി എന്‍ജോയ് ചെയ്ത് റിഹേഴ്‌സല്‍ ചെയ്യണം. അതാണ് മനസ്സില്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA