ആ പാട്ടുവസന്തത്തിന് ഇന്ന് പിറന്നാൾ; എസ്.പി വെങ്കടേഷ് അഭിമുഖം

sp-venkatesh
SHARE

മലയാളികളുടെ ജീവിതത്തിലേക്ക് പാട്ടുരൂപത്തില്‍ വന്നൊരു വസന്തമാണ് എസ്.പി വെങ്കടേഷ്. സലില്‍ ചൗധരിയെയും ബോംബെ രവിയെയും പോലെ അന്യനാട്ടില്‍ നിന്നു വന്ന് കാവ്യാത്മക സൗന്ദര്യവും ഭാവതീക്ഷ്ണതയുമുണ്ടായിരുന്ന ഒരുപിടി വരികള്‍ക്ക് ഈണമിട്ട പ്രതിഭാധനന്‍. സിനിമയിലെ ഗാനങ്ങള്‍ സാഹിത്യവും സംഗീതവും ഒരുപോലെ മനോഹരമായി ഇഴചേര്‍ന്നതായിരിക്കണം എന്നു ശഠിച്ച, അങ്ങനെയുള്ള പാട്ടുകളോട് അടങ്ങാത്ത ആവേശമുണ്ടായിരുന്ന സംവിധായകരുടെയും നിര്‍മാതാക്കളുടെയും കാലത്തെ സംഗീത സംവിധായകന്‍. അദ്ദേഹത്തിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. 

പാരമ്പര്യമായി കിട്ടിയ സംഗീതം

എങ്ങനെയായിരുന്നു സിനിമയിലേക്ക് വന്നതെന്ന് എസ്.പി. വെങ്കടേഷിനോടു ചോദിക്കുന്നതില്‍ പ്രസക്തിയില്ല. അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയതായിരുന്നു സംഗീതം. അച്ഛന്റെ മാന്‍ഡലിന്‍ മകന്റെയും ജീവനും ശ്വാസവുമായി. മൂന്ന് വയസ്സു മുതല്‍ക്കേ ജീവിതം അതിനൊപ്പമായിരുന്നു. ഇത്ര മനോഹരമായി മാന്‍ഡലിന്‍ വായിക്കുന്നയാളിനെ എങ്ങനെയാണു സിനിമയ്ക്കു കണ്ടില്ലെന്നു നടിക്കാനാകുക. അധികം വൈകാതെ ഗിത്താറും ബാഞ്ചോയും പഠിച്ചെടുത്തു. 1968 മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കടേഷുമുണ്ടായിരുന്നു. ഓര്‍ക്കസ്ട്രേഷനിലുള്ള അപാരമായ മികവ് അങ്ങനെ നേടിയെടുത്തതാണ്. 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്, ഗിത്താര്‍ വായിച്ചുകൊണ്ട്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 

1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തില്‍. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. അതിനു മുന്‍പേ മലയാളവുമായി വെങ്കടേഷിന് അടുപ്പമുണ്ടായിരുന്നു. രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെയൊക്കെ ഒപ്പം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം. മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായുമൊക്കെ ഓര്‍ക്കസ്ട്രേഷനില്‍ അദ്ദേഹം ഇവര്‍ക്കൊപ്പം പങ്കാളിയായിട്ടുണ്ടായിരുന്നു.

സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് പശ്ചാത്തല സംഗീതമൊരുക്കി അദ്ദേഹം. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും മലയാളത്തിനെ അത്രമേല്‍ ത്രസിപ്പിച്ചു. തൊണ്ണൂറുകളോടെ എസ്.പി വെങ്കടേഷ് മലയാളത്തില്‍ നിറഞ്ഞു. സൂപ്പര്‍ ഹിറ്റല്ലാത്ത അദ്ദേഹത്തിന്റെ സിനിമ ഗാനങ്ങള്‍ കുറവ്. സംഗീതവും സാഹിത്യവും അതിമനോഹരമായി, അര്‍ഥപൂര്‍ണമായി സമന്വയിക്കുകയും അതേസമയം ജനകീയമാകുകയും ചെയ്യുകയെന്ന അപൂര്‍വ്വതയായിരുന്നു എസ്.പി വെങ്കടേഷിനുണ്ടായിരുന്നത്. സിനിമകളുടെ പ്രചരണത്തിനു വേണ്ടി മാത്രമാകരുത് പാട്ടുകളെന്നും, അത് എക്കാലവും കേള്‍വിക്കാരന്റെ മനസില്‍ തങ്ങി നില്‍ക്കുന്നതാവണം എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നു. 

ഹിറ്റുകളുടെ കാലം

രാജാവിന്റെ മകന്‍, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം(പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം അങ്ങനെ എത്രയെത്ര ഹിറ്റുകള്‍. രാത്രിയുടെ സ്വാതന്ത്ര്യത്തില്‍ വിരിഞ്ഞ ശാന്തമീ രാത്രിയില്‍... മന്നാഡിയാരുടെ പ്രണയ തീക്ഷ്ണത പറഞ്ഞ തളിര്‍വെറ്റിലയുണ്ടോ... വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും വീര്‍പ്പുമുട്ടലുകള്‍ ഇഴചേര്‍ന്ന പൈതൃകത്തിലെ, വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍, പ്രണയത്തിന്റെ അഴകില്‍ വിരിഞ്ഞ മിന്നാരത്തിലെ ഗാനങ്ങള്‍, കിലുക്കത്തിലെ കുസൃതിപ്പാട്ടുകള്‍, കെ.എസ് ചിത്രയുടെ അന്നോളം കേട്ടിട്ടില്ലാത്തൊരു ആലാപന ശൈലി അവതരിപ്പിച്ച സ്ഫടികത്തിലെ ഗാനങ്ങള്‍, സ്നേഹം മാത്രം മനസ്സിലുള്ള ചേട്ടന്റെ കഥ പറഞ്ഞ വാല്‍സല്യത്തിലെ ഗാനങ്ങള്‍, ശാസ്ത്രീയ സംഗീതത്തിന്റെ ഭംഗിയറിയിച്ച സോപാനത്തിലെ ഗാനങ്ങള്‍, ബാഗി ജീന്‍സും ഷൂസുമണിഞ്ഞ പെണ്ണിനെ കുറിച്ചു പാടിയ സൈന്യത്തിലെ പാട്ടുകള്‍...അങ്ങനെ എത്രയെത്ര ഗാനങ്ങള്‍. മലയാളികളല്ലാത്ത ഒരുപാട് സംഗീത സംവിധായകര്‍ മലയാളത്തിന് അവിസ്മരണീയമായ ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ഇത്രയേറെ വ്യത്യസ്തമായ ഗാനങ്ങള്‍ മലയാളത്തില്‍ തീര്‍ക്കാനായിട്ടില്ലെന്നതാണു എസ്.പി വെങ്കടേഷിനെ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത്.

'ഈ സ്നേഹമാണെന്റെ സന്തോഷം'

‘ഫെയ്സ്ബുക്കില്‍ മലയാളികള്‍ എന്നെ കുറിച്ച് എഴുതുന്നതൊക്കെ ഇവിടത്തെ മലയാളികളായ സഹപ്രവര്‍ത്തകര്‍ കാണിച്ചു തരാറുണ്ട്. എന്നെ കുറിച്ച് അവര്‍ തിരക്കുന്നുവെന്നറിയുന്നതു തന്നെ വലിയ സന്തോഷം. മലയാളത്തില്‍ എത്രയോ നല്ല പുതിയ സംഗീത സംവിധായകര്‍ വന്നു, എത്രയധികം പാട്ടുകള്‍ വന്നു. എന്നിട്ടും വര്‍ഷങ്ങള്‍ക്കിപ്പുറം എസ്.പി വെങ്കടേഷിനെ മലയാളികൾ ഓർക്കുന്നു. അതാണ് ഏറ്റവും വലിയ സന്തോഷവും പുരസ്‌കാരവും അതിനുമപ്പുറം ഒന്നും തന്നെയില്ല. അവഗണിച്ചെന്നോ അര്‍ഹമായ പരിഗണന തന്നില്ലെന്നോ ഉള്ള പരാതികളൊന്നുമില്ല. തമിഴ്നാട്ടില്‍ നിന്നു വന്ന ഒരു സംഗീത സംവിധായകന് വരികള്‍ ഈണമിടാന്‍ നല്‍കാന്‍ മലയാളത്തിലെ മുന്‍നിര ഗാനരചയിതാക്കള്‍ തയ്യാറായില്ലേ ? സംവിധായകരും നിര്‍മ്മാതാക്കളും വിശ്വസ്തതയോടെ എന്നെ അവരുടെ ചിത്രത്തിലെ പാട്ടുകള്‍ ഏല്‍പ്പിച്ചില്ലേ ? അതൊക്കെ വലിയ ഭാഗ്യമായി കരുതുന്നു.' അദ്ദേഹം പറഞ്ഞു. ഒന്നിനു പുറകേ ഒന്നായി ഹിറ്റുകളെത്തിയ കാലത്തെ കുറിച്ച് ചോദിച്ചാല്‍ അതിനെ കുറച്ച് ഒറ്റ വാക്കില്‍ പറഞ്ഞു നിര്‍ത്തും എസ്.പി.വെങ്കടേഷ്...കടവുള്‍ തുണ...അത്രമാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA