'പാട്ടിന്റെ പിന്നണിയിൽ സ്ത്രീകൾ മതിയെന്നു ഞങ്ങൾ തീരുമാനിച്ചു'; 'പെണ്ണാൾ' പിറന്നതിനു പിന്നിൽ

pennal-still
SHARE

സ്ത്രീ ജീവിതത്തിന്‍റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സിരീസ് 'പെണ്ണാളി'ലെ  മൂന്നാമത്തെ ഗാനം പുറത്തിറക്കി. ‘യൗവനം’ എന്ന ഗാനം മോഹൻലാലിന്റെ ഔദ്യാഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പാട്ടിന്റെ പിന്നണിയിൽ സ്ത്രീകൾ മാത്രം ഒന്നിച്ച ആദ്യ മൂസിക് സീരീസ് ആണ് 'പെണ്ണാൾ'. മധുവന്തി നാരായണൻ സംഗീതം പകർന്ന ഗാനം ഡോ.ഷാനി ഹഫീസ് ആലപിച്ചിരിക്കുന്നു. വരികളും ഷാനിയുടേതു തന്നെ. ഷൈല തോമസ് ആണ് ഗാനരംഗങ്ങൾ സംവിധാനം ചെയ്തത്. ബാല്യം, കൗമാരം,യൗവനം, മാതൃത്വം. വാർധക്യം എന്നീ പേരുകളിലായി അഞ്ചു ഗാനങ്ങളാണ് സീരീസിൽ ഒരുക്കിയിരിക്കുന്നത്. അതിൽ ബാല്യവും കൗമാരവും കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു. ഇപ്പോൾ പുറത്തിറക്കിയ യൗവനത്തിനും മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. നാലു ഗാനങ്ങൾക്കു വരികളൊരുക്കിയത് ഷൈലയാണ്. 

അഭിനേത്രി സുരഭി ലക്ഷ്മിയാണ് ഷൈലയുടെ പാട്ടുകളെ സംഗീത വിഡിയോ ആക്കി ചിട്ടപ്പെടുത്തനുള്ള ആശയം മുന്നോട്ടു വച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. സാധാരണയിൽ നിന്നും വ്യത്യസ്തമായി പാട്ടൊരുക്കണം എന്നു മാത്രമായിരുന്നു ചിന്ത. എന്നാൽ, അപ്രതീക്ഷിതമായി സംവിധായികയുടെ വേഷവും ഷൈലയ്ക്ക് അണിയേണ്ടി വന്നു. ‘പെണ്ണാള്‍’ പിറവി കൊണ്ടതിന്റെ അനുഭവങ്ങളെക്കുറിച്ച് ഷൈല തോമസ് മനോരമ ഓൺലൈനിൽ. 

'സ്ത്രീകൾ മാത്രം മതി'

എന്റെ മനസിലുദിച്ച ആശയത്തെക്കുറിച്ച് ഞാൻ ആദ്യം ചർച്ച ചെയ്തത് നടിയും നർത്തകിയുമായ സുരഭിയോടാണ്. അവൾ എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. ‘പെണ്ണാൾ’ എന്ന പേരു തിരഞ്ഞെടുത്തത് ഞാൻ തന്നെയാണ്. എഴുത്തുകാരിയും ഗായികയും അതിലുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഡോ. ഷാനി ഹഫീസിനെക്കൊണ്ട് പാടിപ്പിക്കാം എന്നായിരുന്നു തീരുമാനം. അതിനെക്കുറിച്ച് അവളോടു സംസാരിച്ചപ്പോൾ ഏറെ താത്പര്യത്തോടെയും സന്തോഷത്തോടെയുമാണ് അവൾ ആ അവസരത്തെ സ്വീകരിച്ചത്. സ്ത്രീകേന്ദ്രീകൃതമായ പാട്ടുകളായതിനാൽ തന്നെ പാട്ടിന്റെ അരങ്ങിലും അണിയറയിലുമെല്ലാം സ്ത്രീകൾ മാത്രം മതി എന്നു ഞങ്ങൾ തീരുമാനിച്ചു. 

shyla-shani

പെണ്ണാളിലെ പെണ്ണുങ്ങൾ

സ്ത്രീ സംഗീതസംവിധായകരെ അന്വേഷിച്ചു തുടങ്ങിയ യാത്ര എത്തി നിന്നത് മധുവന്തി, അർച്ചന, ഗായത്രി സുരേഷ് എന്നിവരിലാണ്. നാലു ഗാനങ്ങൾക്കു ഗായത്രി സുരേഷും ഒരെണ്ണത്തിനു മധുവന്തിയും ഈണം പകർന്നു. അഞ്ചു ഗാനങ്ങൾക്കു പുറമേ ഒരു ഗസലും ഉണ്ട്. അർച്ചനയാണ് അതിനു സംഗീതം പകർന്നത്. ഇന്ത്യയിലെ ആദ്യ വനിതാ തബലിസ്റ്റ് രത്നശ്രീ അയ്യരും വയലിനിസ്റ്റ് രൂപ രേവതിയും പെണ്ണാളിന്റെ ഭാഗമായി. നാലു ഗാനങ്ങളും എഴുതിയത് ഞാൻ ആണ്. ആദ്യ ഗാനം ആലപിച്ചത് ശ്രേയ ജയദീപ്. തുടർന്ന് കൗമാരം, യൗവനം, മാതൃത്വം എന്നീ പാട്ടുകൾ ഷാനി പാടി. ഇപ്പോൾ പ്രൊഡക്‌ഷൻ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വാർദ്ധക്യം ലതിക ടീച്ചറാണ് ആലപിക്കുന്നത്. ആദ്യം പുറത്തിറക്കിയ ബാല്യത്തിൽ ശ്രേയ പാടുന്നതിന്റെ ദൃശ്യങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയത്. കൗമാരത്തിന്റെ ഗാനരംഗങ്ങൾ സുരഭി ലക്ഷ്മി സംവിധാനം ചെയ്തു. 'പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിൽ നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച മീനാക്ഷിയാണ് കൗമാരത്തിലെ അഭിനേത്രി. നങ്ങ്യാർകൂത്തുമായി ബന്ധപ്പെടുത്തിയാണ് പാട്ട് ചെയ്തത്. സ്ത്രീകൾ ഏർപ്പെടുന്ന മേഖലകൾ തിരഞ്ഞെടുത്താണ് പാട്ടുകളൊരുക്കിയത്. 

പ്രണയം നിറയുന്ന യൗവനം

ഇപ്പോൾ പുറത്തിറക്കിയ യൗവനത്തിന്റെ പ്രമേയം പ്രണയമാണ്. പുരുഷനെ അവതരിപ്പിക്കാതെ പ്രണയം എങ്ങനെ ആവിഷ്കരിക്കാം എന്നത് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും കൃത്യമായ പ്ലാനിങ്ങും സംഘാംഗങ്ങളുടെ പിന്തുണയും കൂടി ചേർന്നപ്പോൾ മനോഹരമായി ഗാനരംഗങ്ങൾ സംവിധാനം ചെയ്യാൻ എനിക്കു സാധിച്ചു. നെയ്യാറ്റിൻകരയ്ക്കടുത്തുള്ള കൈത്തറി യൂണിറ്റിൽ വച്ചാണ് പാട്ടു ചിത്രീകരിച്ചത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ കോണ്‍സ്റ്റബിൾ ജെസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധന്യയും എന്റെ സുഹൃത്തിന്റെ മകൾ ആമിയും ആണ് ഗാനരംഗത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റുള്ളവരെല്ലാം കൈത്തറി യൂണിറ്റിലെ തൊഴിലാളികളാണ്. 

pennal-team

പിന്തുണച്ച് പ്രേക്ഷകർ

ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഓരോ പാട്ടും ചെയ്തത്. അവയെല്ലാം പ്രതീക്ഷിച്ചതിലധികം വിജയമായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പെൺ ജീവിതം തുറന്നു കാണിച്ച് വ്യത്യസ്തമായി ഇത്തരം പാട്ടുകൾ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. ഇങ്ങനൊരു ആശയം മനസിൽ തോന്നിയപ്പോഴും ഇത്രയും വിപുലമായി ഞാൻ ചിന്തിച്ചിരുന്നില്ല. എന്തായാലും ഞാനും സംഘാംഗങ്ങളും പൂർണ സംതൃപ്തരാണ്. മറ്റു ഗാനങ്ങൾ ഉടന്‍ റിലീസ് ചെയ്യും. പ്രശസ്ത ഛായാഗ്രാഹകൻ പാപ്പിനുവാണ് പെണ്ണാളിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്. ടിജു സിറിയക്കാണ് എഡിറ്റർ.എല്ലാവരും വളരെ സഹകരണത്തോടെയാണ് പെണ്ണാളിനു വേണ്ടി പ്രവർത്തിച്ചത്’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA