ഡിസ്പ്ലേ പോയ ഫോണുമായി പാടാനെത്തിയ പുതുമുഖ ഗായകന് ഷാൻ റഹ്മാന്റെ അപ്രതീക്ഷിത സമ്മാനം!

Shan-sreejish
SHARE

റിയാലിറ്റി ഷോയുടെ ഫ്ലോറിൽ നിന്ന് മറ്റൊരു ഗായകൻ കൂടി മലയാള ചലച്ചിത്ര പിന്നണി ഗാനശാഖയിൽ ഹരിശ്രീ കുറിക്കുന്നു. അവതാരകനും റേഡിയോ ജോക്കിയുമായ ആർ.ജെ. മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെൽദോയിലൂടെയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടഗായകൻ ശ്രീജിഷ് ചോലയിൽ വരവറിയിച്ചിരിക്കുന്നത്. അവതാരക അശ്വതി ശ്രീകാന്തിന്റെ വരികൾക്കു ഷാൻ റഹ്മാൻ ഈണം നൽകി ശ്രീജീഷ് പാടിയ ഫെയർവെൽ സോങ് “ഇടനാഴിയിൽ ഓടിക്കയറണ്” എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം കണ്ടെത്തി കഴിഞ്ഞു. പാട്ടു വിശേഷങ്ങളുമായി ശ്രീജിഷ് മനോരമ ഓൺലൈനൊപ്പം ചേരുന്നു. 

‘വിനീത് ശ്രീനിവാസൻ ട്രാക്ക് പാടിയ പാട്ട്  ഞാൻ പാടാണോ എന്ന ടെൻഷനുണ്ടായിരുന്നു’

കുഞ്ഞെൽദോയിലെ “ഇടനാഴിയിൽ ഓടിക്കയറണ്” എന്ന ഗാനമാണ് ഞാൻ സിനിമക്കു വേണ്ടി ആദ്യമായി പാടുന്ന ഗാനം. എന്നാൽ ഷാൻ റഹ്മാന്റെ തന്നെ സംഗീതത്തിൽ മറ്റൊരു പാട്ടായിരുന്നു ഞാൻ ആദ്യം പാടേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ ആ പാട്ട് റെക്കോർഡ് ചെയ്യേണ്ടിയിരുന്ന സമയത്ത് എനിക്ക് സുഖമില്ലാതെ ആകുകയും പാടാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. എനിക്കും അദ്ദേഹത്തിനും ഒരുപോലെ സങ്കടമാകുകയും ചെയ്തു. പിന്നീട് ഒരു ദിവസം ഞാൻ റിയാലിറ്റി ഷോയുടെ സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ ഷാൻ റഹ്മാൻ  അവിടേക്ക് വന്നു. അദ്ദേഹം എന്നെയും വിളിച്ചുകൊണ്ടു പുറത്തേക്ക് പോയി, കാറിൽ ഇരുത്തി ഈ പാട്ട് കേൾപ്പിച്ചു തന്നു. ഈ പാട്ട് നീ പാടാണമെന്ന് പറഞ്ഞു. കുറച്ചു കാലമായി ഈ പാട്ട് കേൾപ്പിച്ച് തന്നിട്ട്. അന്നു മുതൽ കാത്തിരിക്കുകയായിരുന്നു റെക്കോർഡിങിനു വേണ്ടി. പാട്ടിനു വേണ്ടി ട്രാക്ക് പാടിയത് വിനീത് ശ്രീനിവാസനായിരുന്നു. അദ്ദേഹം പാടി മനോഹരമാക്കിവെച്ചിട്ടുള്ള ഒരു പാട്ട് ഞാൻ പാടണോ എന്നൊരു ചിന്തയൊക്കെ അന്ന് മനസ്സിലൂടെ പോയിരുന്നു. ഇപ്പോൾ പാട്ടിനു മികച്ച പ്രതികരണങ്ങൾ കിട്ടി തുടങ്ങിയപ്പോഴാണ് എനിക്ക് ശരിക്കും ആശ്വാസമായത്. 

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകൻ മാത്തുക്കുട്ടി എന്നെ ടാഗ് ചെയ്തൊരു പോസ്റ്റ് ഇട്ടിരുന്നു. എന്നെ ടാഗ് ചെയ്തിരുന്നെങ്കിലും പോസ്റ്റ് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഷാൻ റഹ്മാൻ ഷെയർ ചെയ്തപ്പോഴാണ് ഞാൻ കാണുന്നത്. പാട്ടിനൊപ്പം പാട്ടുകാരന്റെ വിശേഷങ്ങൾ ഒരുപാട് പേർ ചോദിക്കുന്നുണ്ടെന്ന് ആ കുറിപ്പിൽ പറയുന്നുണ്ട്. അത് വലിയ സന്തോഷം നൽകുന്നു. 

‘നീ ഈ പാട്ട് അടിപൊളിയാക്കിയാൽ നിനക്ക് പുതിയൊരു ഫോൺ ഞാൻ വാങ്ങി തരും’

റിയാലിറ്റി ഷോയിൽ ജഡ്ജാകുമ്പോൾ ഗൗരവക്കാരനാകുമെങ്കിലും സ്റ്റുഡിയോക്കു പുറത്ത് ഷാൻ റഹ്മാൻ സ്വന്തം സഹോദരനെ പോലെയാണ് എനിക്ക്. അദ്ദേഹം വളരെ കൂൾ മനുഷ്യനാണ്. ആദ്യമായിട്ടാണ് സിനിമക്കു വേണ്ടി പാടുന്നതെങ്കിലും അതിന്റെ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. അതിനു കാരണം അദ്ദേഹത്തിന്റെ സൗഹാർദ്ദപരമായ ഇടപെടലാണ്.  പാട്ട് റെക്കോർഡ് ചെയ്യുന്ന ദിവസം ഞാൻ യാത്രയൊക്കെ ചെയ്തു ക്ഷീണിച്ചാണ് വന്നത്. എനിക്ക് സെറ്റാകാനുള്ള സമയമൊക്കെ തന്നിട്ടാണ് അദ്ദേഹം റെക്കോർഡിങ്ങിലേക്ക് കടന്നത്. ശബ്ദം സെറ്റാകാൻ ചൂടുവെള്ളം വേണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം അതും തയ്യാറാക്കി തന്നു. ആ സമയത്ത് എന്റെ ഫോണിന്റെ ഡിസ്പ്ലേയൊക്കെ പോയി ഇരിക്കുകയാണ്. ഞാൻ പാട്ട് നന്നായി പാടുകയാണെങ്കിലും പുതിയ ഫോൺ വാങ്ങി തരുമെന്നൊരു ഓഫറും അദ്ദേഹം തന്നു. അങ്ങനെ വളരെ സന്തോഷത്തോടെ ആസ്വദിച്ച് പാടിയ പാട്ടാണിത്. കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹം ഫ്ലാറ്റിലോട്ട് വിളിച്ചു. ലിബിനെയും കൂട്ടി വരാൻ പറഞ്ഞു. ലിബിനും ഈ സിനിമയിലൊരു പാട്ട് പാടിയിട്ടുണ്ട്. പാട്ടിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താനായിരിക്കും വിളിച്ചതെന്നാണ് ഓർത്തത്. ഫ്ലാറ്റിൽ ചെന്നപ്പോൾ ആദ്യം ഞങ്ങൾ പാടിയതൊക്കെ കേൾപ്പിച്ചു തന്നു. പിന്നെ പുതിയ ഫോൺ നൽകി അദ്ദേഹം വാക്കുപാലിച്ചു. എന്റെ ഫോണിലെ ആദ്യത്തെ സെൽഫി എന്റെയും ലിബിന്റെയും ഷാൻ ഇക്കയുടെയുമാണ്. 

‘ഓർമ്മകളിലേക്കുള്ള പിൻനടത്തമാണീ ഗാനം’

പാട്ടിന്റെ വിഷ്വൽസ് മനോഹരമായിട്ടുണ്ട്. പാട്ടിന്റെ വരികളോട് ചേർന്നു നിൽക്കുന്ന ദൃശ്യങ്ങളാണ് അണിയറപ്രവർത്തകർ ഒരുക്കിയിട്ടുള്ളത്. പാട്ട് കൂടുതൽ ആളുകളിലേക്ക് റീച്ചാകാൻ തീർച്ചയായിട്ടും അതിന്റെ വിഷ്വൽസ് സഹായിച്ചിട്ടുണ്ട്. നമ്മുടെയൊക്കെ സ്കൂൾ ഓർമകളിലേക്ക് അറിയാതെ കൂട്ടി കൊണ്ടു പോകും ആ ഗാനം. എനിക്ക് കൃത്യമായിട്ട് പാട്ടിന്റെ ഫീൽ കിട്ടി, ഞാൻ പഴയകാലത്തിലെക്കൊക്കെ യാത്ര ചെയ്തു. ഞാനിപ്പോൾ പാട്ട് ഇടയ്ക്കിടക്കു എടുത്തുവച്ചു കേൾക്കാറുണ്ട്. 

സാങ്കേതിക തികവ് നൽകിയതും ജീവിതം മാറ്റിയെഴുതിയതും റിയാലിറ്റി ഷോ

റിയാലിറ്റി ഷോയിൽ വരുന്നതിന് മുമ്പ് റെക്കോർഡിങുമായി ബന്ധപ്പെട്ട സാങ്കേതികമായ കാര്യങ്ങളെക്കുറിച്ചൊന്നും കാര്യമായ ധാരണയില്ലായിരുന്നു. ഞാൻ അധികം സ്റ്റേജ് ഷോകളിലോ ഗാനമേളകളിലോ ഒന്നും പാടിയിട്ടുള്ള വ്യക്തിയല്ല. എന്നോടൊപ്പം മത്സരിക്കുന്നവർ പലർക്കും ഷോകളിൽ പാടിയും റെക്കോർഡ് ചെയ്തുമൊക്കെ പരിചയം ഉള്ളവരാണ്. അവരുടെ അനുഭവങ്ങളും ടിപ്പ്സുമൊക്കെ നമ്മളുമായി പങ്കുവെക്കും. പിന്നെ ജൂറിയും ജഡ്ജസും അതുപോലെ അനുഭവ സമ്പത്തുള്ള ലെജന്റ്സാണ്. അവരുടെ സാന്നിധ്യവും ഉപദേശങ്ങളുമൊക്കെ നൽകുന്ന ആത്മവിശ്വാസമൊക്കെ വിലമതിക്കാനാകത്തതാണ്. റിയാലിറ്റി ഷോയുടെ പ്രൊഡ്യൂസർ സർഗ്ഗോ സാറിനോടും വലിയ കടപ്പാടുണ്ട്. സാധാരണഗതിയിൽ നമ്മൾ ഒരു ഷോയുമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ സിനിമയിൽ പാടാനും മറ്റ് ഷോകളിൽ പാടാനുമൊക്കെ അനുവദിക്കാറില്ല. എന്നാൽ അദ്ദേഹം അത്തരത്തിലൊരു നിബന്ധനകളും വെക്കാറില്ല. അവിടെയുള്ള മത്സരാർത്ഥികൾക്കെല്ലാം ഏറ്റവും മികച്ച അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കാറുള്ളത്. 

കുഞ്ഞെൽദോക്കു പുറമെ  ഗോപി സുന്ദറിന്റെ സംഗീതത്തിൽ യുവം എന്ന ചിത്രത്തിലും ശ്രീജിഷ് പാടിയിട്ടുണ്ട്. പാലക്കാട് ചെമ്പെ സ്മാരക സംഗീത കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദ നേടിയ ശ്രീജിഷ് പാട്ടിനെ ഗൗരവമായി എടുത്തു തുടങ്ങിയിരിക്കുന്നു. റിയാലിറ്റി ഷോയും സിനിമയിലേക്കുള്ള എൻട്രിയുമൊക്കെ ശ്രീജിഷിന്റെ വ്യക്തിജീവിതത്തിലും സംഗീത ജീവിതത്തിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സ്വപ്നങ്ങളും കാഴ്ചപ്പാടുകളും തന്നെ അത് മാറ്റി മറിച്ചെന്ന് ഈ യുവഗായകൻ പറയുന്നു. എല്ലാ കാലത്തും ആസ്വാദകരുടെ ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുടെ പിന്നണിയിലെ ശബ്ദ സാന്നിധ്യമാകാണമെന്നാണ് ശ്രീജിഷിന്റെ പ്രാർത്ഥന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA