ADVERTISEMENT

സർഗാത്മക മേഖലകളിൽ പ്രത്യേകിച്ച് സിനിമ പോലെ മൽസരം കൂടിയുള്ള രംഗങ്ങളിൽ ഉള്ളവർക്ക് ഇടവേളകൾ നല്ല കാര്യമല്ല. പക്ഷേ രാഹുല്‍ രാജിന് അത്തരമൊരു ഇടവേള കൈകളിലേക്കു വച്ചുകൊടുത്തത് സ്വപ്‌നതുല്യമായൊരു അവസരമായിരുന്നു. സംഗീത സംവിധാനമെന്ന സ്വപ്‌നവുമായി നടക്കുന്ന കാലത്ത് കാണണമെന്ന് ആഗ്രഹിച്ച ഒരു സംവിധായകന്റെ കരിയറിലെ നിര്‍ണായകമായേക്കാവുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കാനായതിന്റെ ത്രില്ലിലാണ് രാഹുല്‍. പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാര്‍ ആണ് ആ ചിത്രം. ആ സംഗീത അനുഭവത്തെ കുറിച്ച് രാഹുല്‍ രാജ് പറയുന്നു

 

ആ സംഗീതം കണ്ടിട്ടാണ്

 

‘ബേര്‍ക്‌ലീ കോളജിലേക്ക് സംഗീതം പഠിക്കാൻ പോകുമ്പോള്‍ ഇങ്ങനെയൊരു ഇടവേള വേണോ എന്നു സംശയം പറഞ്ഞ സുഹൃത്തുക്കളുണ്ട്. പക്ഷേ ഞാന്‍ നേരത്തേ പറഞ്ഞില്ലേ, ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു അത്. ചേച്ചിയുടെ കൂടി സ്വപ്‌നമായിരുന്നു. അതുകൊണ്ട് എനിക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ മലയാളത്തിലേക്കു മടങ്ങിവന്നാല്‍ നമ്മള്‍ ചിന്തിക്കുന്ന പോലെയുള്ള പ്രോജക്ടുകള്‍ കിട്ടുമോയെന്നു സംശയിച്ചിരുന്നു. പക്ഷേ ബേര്‍ക്‌ലീ കോഴ്‌സിന്റെ ഭാഗമായി ചെയ്ത ഫൈനല്‍ പ്രോജക്ട് കണ്ടിട്ടാണ് പ്രിയദര്‍ശന്‍ സര്‍ എന്നെ തിരഞ്ഞെടുത്തത്.

 

ആ ഓര്‍ക്കസ്ട്ര നല്‍കിയ കോള്‍

 

കോഴ്‌സിന്റെ ഭാഗമായി ചെയ്യേണ്ട ഫൈനല്‍ പ്രോജക്ട് ആയ ഓര്‍ക്കസ്ട്രയുടെ വിഡിയോ കണ്ടു സാറിന് ഇഷ്ടമായി. പക്ഷേ എന്റെ നമ്പർ ഇല്ലായിരുന്നു. അങ്ങനെയാണു പരിചയക്കാരോട് പറഞ്ഞത് നിങ്ങളില്‍ ആര്‍ക്കെങ്കിലും രാഹുലിനെ അറിയാമെങ്കില്‍ എന്നെയൊന്ന് ബന്ധപ്പെടാന്‍ പറയണമെന്ന്.  അതിലൊരാള്‍ എന്നോടു പറയുകയും ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയുമായിരുന്നു. സാറിന് അന്നു തന്നെ ഞാന്‍ സംഗീതം ചെയ്തു തുടങ്ങിയാല്‍ കൊള്ളാമെന്നായിരുന്നു. സത്യത്തില്‍ എനിക്കത് വിശ്വസിക്കാനേ സാധിച്ചില്ല. കാരണം കരിയറിന്റെ തുടക്കത്തില്‍, ഛോട്ടാ മുംബൈ ഒക്കെ ചെയ്യുന്നതിനു മുന്‍പ് ഞാന്‍ ചെയ്ത സംഗീതം അദ്ദേഹത്തെ കാണിക്കാന്‍ ഒരുപാടു ശ്രമിച്ചിട്ടുണ്ട്. എങ്ങനെയാണ് അദ്ദേഹത്തെ കാണേണ്ടത് എന്നു പോലും അറിയില്ലായിരുന്നു. അങ്ങനെയൊരു വ്യക്തിയാണ് എന്നെക്കൊണ്ട് സംഗീതം ചെയ്യിക്കാന്‍ തേടിവന്നത്. ദൈവത്തിന്റെ സമ്മാനങ്ങളിലൊന്നായാണ് ഞാന്‍ ഇതിനെ കാണുന്നത്.

 

ഒരുറപ്പും ഇല്ലായിരുന്നു

 

എന്നെ വിളിക്കുമ്പോഴും എനിക്കൊരു ഉറപ്പുമില്ലായിരുന്നു ഈ പ്രോജക്ട് എനിക്കു തന്നെ കിട്ടുമെന്ന്. പക്ഷേ സാറിന്റെ സംസാരത്തില്‍നിന്ന് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതായാണ് എനിക്കു തോന്നിയത്; എന്നെ വിളിച്ചതിന്റെ പിറ്റേന്നു തന്നെ പണി തുടങ്ങിയാലോ എന്ന മട്ടില്‍. ഉടനെ കാണാനാകുമോ എന്നും ചോദിച്ചു. പക്ഷേ എന്റെ കോഴ്‌സ് പൂര്‍ത്തിയായിരുന്നില്ല. കുറച്ചു മാസങ്ങള്‍ കൂടിയുണ്ടായിരുന്നു. അത് ഞാന്‍ പറഞ്ഞപ്പോള്‍ അത് സാരമില്ല വന്നിട്ടു മതി, വന്നാല്‍ ഉടന്‍ തന്നെ വിളിക്കണം എന്നു പറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞില്ലേ എനിക്ക് അദ്ദേഹത്തിന്റെ കോള്‍ വലിയ സന്തോഷം നൽകിയെങ്കിലും അത്രയ്ക്ക് വിശ്വസിക്കാനേ സാധിച്ചില്ല. അതുകൊണ്ട് വന്ന ഉടനേ അദ്ദേഹത്തെ കാണാന്‍ പോയില്ല. പക്ഷേ വീണ്ടും ഞെട്ടിച്ചു കൊണ്ട്, വരുന്നില്ലേ എന്ന ചോദ്യവുമായി അദ്ദേഹത്തിന്റെ കോള്‍ വരികയായിരുന്നു.

 

ആ സന്തോഷവും കയ്യടികളും

 

പശ്ചാത്തല സംഗീതം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമെടുത്തു. പക്ഷേ തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നില്ല. ഇടവേളകൾ എടുത്തു. ഒരാഴ്ച വരെ നീണ്ടിട്ടുണ്ട് അത്. അങ്ങനെയാണ് പൂര്‍ത്തിയായത്. ലോക സിനിമയ്‌ക്കൊരു സുവര്‍ണ കാലഘട്ടമുണ്ടല്ലോ, പ്രത്യേകിച്ച് ചരിത്ര സിനിമകള്‍ക്ക്. ആ സിനിമകള്‍ക്ക് നല്‍കിയിരുന്ന സംഗീതം പോലെ അതിരുകള്‍ ഇടാത്ത ശൈലിയില്‍ സംഗീതം ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സീന്‍ ബൈ സീന്‍ അദ്ദേഹത്തെ കാണിച്ചും തിരുത്തിയുമാണ് എന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്.

 

ബേര്‍ക്‌ലീയിൽനിന്ന് പഠിച്ചിറങ്ങിയ ശേഷം ആദ്യമായി ചെയ്ത പ്രോജക്ട് ആയിരുന്നു ഇത്. ലോകത്തിന്റെ പലയിടങ്ങളില്‍നിന്നു പഠിക്കാനെത്തിയ വിദ്യാര്‍ഥികളും അധ്യാപകരുമായി അവിടെ നിന്നൊരു വലിയ സൗഹൃദവലയം ഇപ്പോഴുണ്ട്. അവര്‍ കൂടി ഈ സംഗീതം വിലയിരുത്തിയാലേ എനിക്ക് സമാധാനമാകുമായിരുന്നുള്ളൂ. അവരും കയ്യടിയാണു നല്‍കിയത്. ഇനി പ്രേക്ഷകര്‍ കൂടി വിലയിരുത്തണം. എല്ലാം പോസിറ്റീവ് ആയി വരും എന്നു പ്രതീക്ഷിക്കുന്നു.’

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com