ഈ പാട്ടിനോട് പ്രത്യേക അടുപ്പം എനിക്കുണ്ട്: രാജലക്ഷ്മി

raja-lakshmy
SHARE

ഒരു പാട്ടിന്റെ വഴിയെ നടക്കുകയാണ് ഗായിക രാജലക്ഷ്മി. മലയാള ചലച്ചിത്രഗാനശാഖയിൽ സ്വർണച്ചാമരം വീശിയെത്തിയ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിന്റെ വഴിയെ... അദ്ദേഹം ഈ ലോകത്തോടു യാത്ര പറഞ്ഞതിന്റെ വാർഷികദിനത്തിൽ... അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിനു കീഴെ നമ്രശിരസ്കയായി നിന്നുകൊണ്ട് രാജലക്ഷ്മി പാടുന്നു... "കാറ്റിൽ... ഇളം കാറ്റിൽ... ഒഴുകി വരും ഗാനം"! 

'ഓടയിൽ നിന്ന്' എന്ന ചിത്രത്തിനു വേണ്ടി വയലാർ–ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഗായിക സുശീല ആലപിച്ച അതിമനോഹരഗാനം മാസ്റ്ററുടെ ഓർമദിനത്തിൽ വീണ്ടും പാടുമ്പോൾ രാജലക്ഷ്മിയുടെ ഓർമകളും കുറച്ചു വർഷങ്ങൾ പിന്നോട്ടു പോകുന്നുണ്ട്. പാട്ടുകാരിയാകണമെന്നു മനസിലുറപ്പിച്ച നാളുകളിലൊന്നിൽ ദേവരാജൻ മാസ്റ്ററെ കണ്ടു അനുഗ്രഹം വാങ്ങാനായി പോയ ദിവസം ഇന്നലെ എന്നതുപോലെ തിളക്കമാർന്നു നിൽക്കുന്നു. ശിരസിൽ തൊട്ട് അനുഗ്രഹിച്ചു കൊണ്ട് അന്ന് മാസ്റ്റർ പറഞ്ഞു–"എപ്പോഴും പാട്ടുകൾ പഠിക്കുമ്പോൾ പി.സുശീലയുടെ പാട്ടുകൾ പഠിക്കണം!" 

തന്റെ സംഗീതജീവിതത്തിൽ നാഴികക്കല്ലായ ആ കൂടിക്കാഴ്ചയെക്കുറിച്ചും പുതിയ പാട്ടുവിശേഷങ്ങളെക്കുറിച്ചും ഗായിക രാജലക്ഷ്മി മനോരമ ഓൺലൈനിൽ.

ആ കൂടിക്കാഴ്ച

മാസ്റ്ററുടെ അനുഗ്രഹം വാങ്ങാനാണ് പോയത്. നേരിൽ കണ്ടപ്പോൾ എന്നെക്കൊണ്ട് ഒരു പാട്ടു പാടിപ്പിച്ചു. സുശീലാമ്മ പാടിയ 'എന്തിനീ ചിലങ്കകൾ... എന്തിനീ കൈവളകൾ' എന്ന പാട്ട് ഞാൻ പാടി. മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട ഗായികമാരിൽ ഒരാൾ സുശീലാമ്മ ആയിരുന്നു. എപ്പോഴും പാട്ടു പഠിക്കുമ്പോൾ സുശീലാമ്മയുടെ പാട്ടുകൾ പഠിക്കണമെന്ന് അന്ന് മാഷ് എന്നോടു പറഞ്ഞു. അന്നൊക്കെ പാട്ടു പാടിക്കുമ്പോൾ അത്രയും ഡീറ്റെയ്ലിങ് ചെയ്യുന്ന ശീലമുണ്ടായിരുന്നില്ല. മാസ്റ്റർ പറഞ്ഞതിനുശേഷം പാട്ടുകൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. സുശീലാമ്മ പാടിയ പാട്ടുകൾ പാടാൻ വളരെ ബുദ്ധിമുട്ടാണെന്ന് അങ്ങനെ തിരിച്ചറിയുകയായിരുന്നു. ഗാനസരസ്വതി എന്നാണ് സുശീലാമ്മയെ വിളിക്കുന്നതു പോലും. 

p-susheela

മാസ്റ്റർക്ക്, വിനയപൂർവം

മാസ്റ്ററുടെ പരിപാടികളിൽ പാടാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മാഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിൽ നടത്തുന്ന മിക്കവാറും എല്ലാ പരിപാടികളിലും പാടാൻ എന്നെ വിളിക്കാറുണ്ട്. മാഷുടെ ഓർമ ദിവസം അദ്ദേഹത്തിന്റെ ഒരു പാട്ട് സംഗീതപ്രേമികൾക്കായി പാടണമെന്നു തോന്നി. അങ്ങനെയാണ് 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിലെ പാട്ട് എടുത്ത് പാടിയത്. ഏകദേശം ഒരു 60 വർഷം പഴക്കമുണ്ട് ഈ പാട്ടിന്. ഇപ്പോഴും ആ പാട്ടിന്റെ ഭംഗിയും പുതുമയും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഞാൻ വളരെ കുട്ടി ആയിരിക്കുമ്പോൾ എന്റെ അമ്മൂമ്മയാണ് ഈ പാട്ട് എന്നെ പഠിപ്പിച്ചത്. പിന്നീട് നിരവധി വേദികളിൽ ഞാൻ ഈ പാട്ട് പാടി. അങ്ങനെയൊരു പ്രത്യേക അടുപ്പം ഈ പാട്ടിനോട് എനിക്കുണ്ട്. എന്റെ തന്നെ യുട്യൂബ് ചാനലിലാണ് ഈ പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. എന്റെ യുട്യൂബ് ചാനലിലെ ആദ്യത്തെ വിഡിയോയും ഇതാണ്. 

devarajan-master

ഒറിജിനലിനെ നോവിക്കാതെ

ആ പാട്ടിനെ കവർ വേർഷൻ എന്നു വിളിക്കാമോ എന്നറിയില്ല. ഞാൻ പഴയ പാട്ടുകൾ പാടുമ്പോൾ ഒറിജിനൽ പാട്ടിന് കോട്ടം തട്ടാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദേവരാജൻ മാസ്റ്റർ വളരെ കർശനക്കാരനായ സംഗീതസംവിധായകനായിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തവർ ഇക്കാര്യം പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ‍ പഠിക്കാനുണ്ട്. മാഷുടെ സംഗീതത്തിന് കോട്ടം വരാത്ത രീതിയിലാണ് ഞാൻ ഈ പാട്ടിനെ സമീപിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ പിയാനോ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ. സംഗീതലോകത്തെ നിത്യഹരിത മാന്ത്രികന് ഒരു എളിയ പാട്ടുകാരിയുടെ പ്രണാമം ആണ് ഈ വിഡിയോ!  

     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA