ADVERTISEMENT

തെന്നിന്ത്യൻ പൂങ്കുയിൽ എസ്.ജാനകി ദശാബ്ദങ്ങൾക്കു മുൻപേ പാടി, കാലം അനശ്വരമെന്നടയാളപ്പെടുത്തിയ ‘മലർ കൊടി പോലെ വർണത്തൊടി പോലെ...’ എന്ന ഗാനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരുടെയും നാവിൻ തുമ്പിൽ വിരുന്നെത്തുന്നു. ജാനകിയമ്മയുടെ മധുരഗാനം അനായാസം പാടി സംഗീതലോകത്തെ പ്രമുഖരുടെയുൾപ്പെടെ നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയത് സനിഗ സന്തോഷ് എന്ന പതിനൊന്നുകാരിയാണ്. 'ദൈവത്തിന്റെ ഒരു അദ്ഭുത സൃഷ്ടി' എന്നാണ് ഗായകൻ എം.ജി.ശ്രീകുമാർ സനിഗയെ വിശേഷിപ്പിക്കുന്നത്. ആവർത്തിച്ചു കേൾക്കാൻ തോന്നുന്ന സനിഗ എന്ന ശബ്ദവിസ്മയത്തെക്കുറിച്ച് എം.ജി.ശ്രീകുമാർ മനോരമ ഓൺലൈനിനോടു മനസു തുറക്കുന്നു.  

 

ദൈവത്തിന്റെ അദ്ഭുത സൃഷ്ടി

 

ഒരാഴ്ച മുൻപാണ് ഞാൻ സനിഗ എന്ന കൊച്ചു കലാകാരിയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ കണ്ടത്. എന്റെ ഒരു സുഹൃത്ത് ആണ് അത് അയച്ചു തന്നത്. കണ്ടപ്പോൾ ഞാൻ അമ്പരന്നു. ദൈവത്തിന്റെ ഒരു അദ്ഭുത സൃഷ്ടി എന്നാണ് ഞാൻ ആ കുട്ടിയെക്കുറിച്ച് പറയുന്നത്. കാരണം ഈ ചെറു പ്രായത്തിൽ അത്ര അനായാസമായാണ് ആ കുട്ടി പാടുന്നത്. സാധാരണയായി ഒരുപാട് പേർ പാട്ടു പാടി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവയ്ക്കാറുണ്ട്. അതിൽ നന്നായി പാടുന്നവരും ശരാശരി നിലയിൽ നിൽക്കുന്നവരുമൊക്കെയുണ്ട്. അതൊക്കെ ഞാൻ വെറുതെ കണ്ടു പോകുമെന്നേയുള്ള. പക്ഷേ, ഈ കുട്ടിയുടെ വിഡിയോ കണ്ടപ്പോൾ ഞാൻ അറിയാതെ അവിടെ നിന്നു പോയി. പാട്ട് പലതവണ ആവർത്തിച്ചു കേട്ടു. വിഡിയോയ്ക്കു ഞാൻ കമന്റും ചെയ്തു. ഫെയ്സ്ബുക്കിൽ നിന്നു തന്നെ കിട്ടിയ നമ്പർ വച്ച് അവരെ ബന്ധപ്പെടാൻ ശ്രമിച്ചു. ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചെങ്കിലും കോൾ കിട്ടിയില്ല.

 

അവൾ ഉന്നതിയിലെത്തും

 

ആ കുട്ടിയുടെ അച്ഛനും ഗായകനാണെന്നു പിന്നീടു ഞാൻ മനസിലാക്കി. ഗാനമേള വേദികളിൽ പാടിയാണ് അവർ ജീവിക്കുന്നത്. ഈ ലോക്ഡൗൺ കാലത്ത് ആ കുടുംബം സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇങ്ങനൊരു സാഹചര്യത്തിൽ ആ കുട്ടിക്കും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ധന സഹായം ചെയ്യേണ്ടതുണ്ട്. സാമ്പത്തികമായി സഹായിക്കണമെന്ന് ഞാൻ തീരുമാനിച്ചിരിക്കുകയാണ്. ആ കുട്ടിക്ക് ഒരു വലിയ ഭാവിയുണ്ട്. അതിൽ യാതൊരു സംശയവുമില്ല. ഇപ്പോഴത്തെ ഈ പ്രതിസന്ധിയൊക്കെ മാറും. ദൈവം അനുഗ്രഹിച്ചു ആ കുട്ടിക്ക് ആരോഗ്യവും ആയുസും ഒക്കെ കൊടുക്കട്ടെ. കാരണം, നാളെ വലിയ ഉയരങ്ങളിൽ എത്താനുള്ളതാണ് അവൾ. ഞാൻ ഇപ്പോൾ പല ചാനലുകളിലും വിളിച്ച് ആ കുട്ടിയെ റെക്കമന്റ് ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോയിലൊക്കെ പങ്കെടുക്കാൻ അവസരം നൽകിയാൽ ആ കലാകാരിയുടെ ജീവിതം രക്ഷപെടും. എല്ലാവരും ചേർന്ന് ഇനി എന്നാണ് ഒരു സംഗീത പരിപാടി ഉണ്ടാവുക എന്ന് ഇപ്പോൾ ഉറപ്പു പറയാൻ പറ്റില്ല. കാരണം നമ്മുടെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണല്ലോ. അതുകൊണ്ട് ഇനി വരുന്ന ഗാനമേളയിൽ ആ കുട്ടിയെ കൊണ്ടു പഠിപ്പിക്കും എന്നു പറയുന്നതിൽ കാര്യമില്ല. പക്ഷേ അത്തരം ഒരു അവസരം കിട്ടിയാൽ ഞാൻ വിനിയോഗിക്കും.

 

കൈത്താങ്ങായി കൂടെ നിൽക്കണം

 

ഇത്തരത്തിൽ ഒരുപാട് കലാകാരൻമാർ നമ്മുടെ ചുറ്റിലുമുണ്ട്. അവരെയെല്ലാം. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരേണ്ടതാണ്. പ്രത്യേകിച്ച് ഈ സമയത്ത് അവർക്കൊരു കൈ താങ്ങായി സർക്കാർ ഉൾപ്പെടെ എല്ലാവരും കൂടെ നിൽക്കണം. ഞങ്ങൾ പിന്നണി ഗായകർക്ക് ‘സമം’ എന്ന ഒരു സംഘടനയുണ്ട്. അതിലെ ഏതാനും പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം ജീവിക്കാനാവശ്യമായ സാമ്പത്തിക ചുറ്റുപാടുകൾ ഉള്ളവരാണ്. സംഘടനയിൽ ഇല്ലാത്ത വേറെയും കലാകാരന്മാരുണ്ട്. അവരൊക്കെ ഈ സമയത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു. അവർക്കായി ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു തുക സമാഹരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ‘സമം’ ഇപ്പോൾ ഒരു പ്രത്യേക പരിപാടി തുടങ്ങിയിട്ടുണ്ട്. അറുപത് ദിവസങ്ങളിൽ അറുപത് ഗായകർ ഫെയ്സ്ബുക്കിൽ ലൈവിൽ വരുന്നുണ്ട്. ഇന്നാണ് ഞാൻ ലൈവിൽ എത്തുന്നത്. അതിൽ തീർച്ചയായും ഞാൻ സനിഗയുടെ പേര് മുന്നോട്ടു വയ്ക്കും.

 

രക്തത്തിലലിഞ്ഞ സംഗീതം

 

സംഗീതത്തിനു രണ്ടു തലങ്ങളുണ്ട്. ഒന്ന് കുട്ടിക്കു പാടാൻ താത്പര്യമുണ്ടെന്നു മനസിലാകുമ്പോൾ മാതാപിതാക്കൾ പാട്ടു പഠിപ്പിക്കാനയയ്ക്കും. അങ്ങനെ പഠിച്ച് ഉള്ളിലുള്ള കഴിവിനെ വികസിപ്പിച്ചെടുക്കും. രണ്ടാമത്തേത് ജന്മനാൽ ജ്‍ഞാനമാണ്. അതായത് ജനിക്കുമ്പോൾ തന്നെ അവരിൽ സംഗീതമുണ്ടാകും. അവർ പ്രത്യേകിച്ചൊന്നും പഠിക്കേണ്ട ആവശ്യമില്ല. കാരണം, സംഗീതം ആ കുട്ടിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. സനിഗ അങ്ങനെയാണ്. അവളിൽ ജന്മനാൽ ജ്‍‍‍ഞാനമുണ്ട്. സംഗീതം കേട്ടു പഠിക്കുന്നതിലൂടെ തന്നെ അവൾക്ക് പ്രശസ്തയാകാൻ സാധിക്കും. 

 

നാളത്തെ വാനമ്പാടി

 

സനിഗയെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു. അവൾ നാളത്തെ പ്രശസ്തയായ ഗായികയാണ്. വാനമ്പാടി. സംഗീതത്തെ അതിശ്രേഷ്ഠമായി കണ്ടു പൂജിക്കട്ടെ. ‘ഞാൻ’ എന്ന ഭാവം ഒരിക്കലും ആ കുട്ടിയിൽ ഉണ്ടാകാതിരിക്കട്ടെ. വിനയത്തോടെ ഗുരുക്കന്മാരെയെല്ലാം സ്മരിച്ചു മുന്നോട്ടു പോകട്ടെ. ബന്ധപ്പെടാൻ ശ്രമിച്ചിട്ടു കിട്ടിയില്ലെങ്കിലും ആ കലാകാരി എപ്പോഴും എന്റെ മനസിലുണ്ട്. എന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഞാൻ സനിഗയ്ക്കു നേരുന്നു. ദൈവം ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com